ചരിത്രം അന്വേഷിച്ചുള്ള യാത്രകള്‍ക്കിടയില്‍ ഫുജൈറയിലെ പുരാതന കോട്ടകളെ പറ്റി കേട്ടിരുന്നു. അതോടൊപ്പം തന്നെ അറിഞ്ഞ മറ്റൊരു ചരിത്രസാക്ഷ്യമാണ് പുരാതന കായിക വിനോദമായ ഫുജൈറയിലെ കാളപ്പോര്. AD1624-1648 കാലഘട്ടങ്ങളില്‍ പോര്‍ചുഗീസ് അധീനതയിലായിരുന്നു ഫുജൈറ. ആ കാലഘട്ടത്തിലാണ് കാളപ്പോര് ഉടലെടുത്തത് എന്ന് വിശ്വസിക്കുന്നു. അതല്ല ഇത് അതിനെക്കാള്‍ മുമ്പുതന്നെ ഉണ്ടായിരുന്നതായി വിശ്വസിക്കുന്ന തദ്ദേശീയരും കുറവല്ല. സംഗതി എന്തായാലും ഫുജൈറയിലെ കാളപ്പോര് രസകരവും ഒപ്പം ആവേശം ജനിപ്പിക്കുന്നതുമാണ്. ഇതര ഗള്‍ഫ് രാജ്യങ്ങളിലില്ലാത്ത, എന്നാല്‍ ഗള്‍ഫിന്‍െറ മാത്രം സവിശേഷതയായ പ്രത്യേക ഇനം കായികവിനോദമാണ് ഈ കാളപ്പോര്.
സ്പെയിനിലെ കാളപ്പോരില്‍ നിന്നും നമ്മുടെ തമിഴ്നാട്ടിലെ ജെല്ലിക്കെട്ടില്‍ നിന്നും വിഭിന്നമായ ഒരിനമാണ് ഫുജൈറയിലെ കാളപ്പോര്. ലാറ്റിനമേരിക്കന്‍ കാളപ്പോര് പ്രത്യേക പരിശീലനം ആവശ്യമുള്ളതാണ്. ഇത് കാളയുടെ മരണത്തില്‍ കലാശിക്കുന്ന വിനോദമാണ്. കാളപ്പോര് നടക്കുന്ന അരീനയിലേക്ക് കാളയെ തുറന്നുവിടുന്നു. ഇറുകിയ അലംകൃതമായ വസ്ത്രങ്ങള്‍ ധരിച്ച മാറ്റഡോര്‍ (കാളപ്പോരില്‍ ഏര്‍പ്പെടുന്ന ആള്‍) ചുവപ്പ് ഷീറ്റ് വീശി കാളയെ വിറളി പിടിപ്പിക്കുന്നു. കാളയുടെ ആക്രമണം മുഴുവന്‍ ചുവപ്പ് ഷീറ്റിലേക്കാണ്. തുടര്‍ന്ന് രണ്ടോ മൂന്നോ മാറ്റഡോര്‍സ് വേറെയും ഇറങ്ങും. കാളപ്പോര് അവസാന ഘട്ടത്തില്‍ എത്തുന്നതോടെ മുതുകില്‍ നിരവധി ചെറിയ അലങ്കരിച്ച അമ്പുകള്‍ കൊണ്ട് കുത്തിയാണ് കാളയെ കീഴ്പ്പെടുത്തുന്നത്. ഹൃദയവും ശ്വാസകോശവും തകരാറിലാകുന്ന കാള രക്തം ഛര്‍ദിച്ച് ചാകുന്നു. കാളപ്പോരിനിടെ പലപ്പോഴും മാറ്റഡോറുകള്‍ മരിച്ചു വീഴുക പതിവാണ്. എന്നാല്‍ ചില പോര്‍ചുഗീസ് കാളപ്പോരുകളില്‍ കൊല്ലുന്നതിന് പകരം കാളകളെ ഏതാനും മാറ്റഡോറുകള്‍ ചേര്‍ന്ന് കൊമ്പിന് പിടിച്ചുകീഴടക്കുന്ന രീതിയും ഉണ്ട്. കാളയെ കൊല്ലാതെയുള്ള വിനോദങ്ങള്‍ വിരളമാണ്. എന്നാല്‍ തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് പഴയ രാജവംശങ്ങളുടെ വിനോദത്തിന്‍െറ പിന്തുടര്‍ച്ചയാണ്. രാജാക്കന്മാര്‍ പെണ്‍മക്കള്‍ക്ക് ഉചിതരായ രാജകുമാരന്മാരെ കണ്ടത്തെുന്നതിന് ജെല്ലിക്കെട്ട് നടത്തിയിരുന്നു. കരുത്തന്മാരായ കാളക്കൂറ്റന്മാരെ തങ്ങളുടെ കായികബലം കൊണ്ടു മാത്രമല്ലാതെ തന്ത്രങ്ങള്‍ കൊണ്ട് കൂടി കീഴ്പ്പെടുത്തുന്ന ചെറുപ്പക്കാരെ പ്രജാപതികള്‍ മക്കള്‍ക്ക് ഭര്‍ത്താവായി സ്വീകരിച്ചിരുന്നു. രാജകുമാരന്മാര്‍ അല്ലാത്തവര്‍ക്കും പങ്കെടുക്കാവുന്ന മത്സരങ്ങളും ചില രാജാക്കന്മാര്‍ നടത്തിയിരുന്നു. പില്‍ക്കാലത്ത് പല ഗ്രാമങ്ങളിലും വിളവെടുപ്പിന് ശേഷമുള്ള ആഘോഷമായും ജെല്ലിക്കെട്ട് അനുവര്‍ത്തിക്കുകയുണ്ടായി. സ്വതന്ത്രമായി തുറന്നു വിട്ട കൂറ്റന്‍ കാളയെ സ്വന്തം കായിക ബലം കൊണ്ടും തന്ത്രങ്ങള്‍ കൊണ്ടും തളക്കുന്നതാണ് ജെല്ലിക്കെട്ട്.
ഫുജൈറയിലെ കാളപ്പോര് കാളകള്‍ തമ്മില്‍ മാത്രം യുദ്ധം കുറിക്കുന്ന വിനോദമാണ്. ഇതില്‍ കാളകള്‍ മരിക്കുന്നില്ല. വിശാലമായ കാളപ്പോരിന്‍െറ റിങ്ങിന് പരിസരത്ത് ചെന്നാല്‍ തന്നെ അല്‍പം പേടിച്ചു പോകും. ജീവിതത്തില്‍ കണ്ടിട്ടില്ലാത്തത്രയും വലിയ കൂറ്റന്‍കാളകള്‍ റിങ്ങിന് ചുറ്റുമായി പരിസരങ്ങളില്‍ മരത്തണലില്‍ കെട്ടിയിടപ്പെട്ടിരിക്കുന്നു. മണലും ചെമ്മണ്ണും കലര്‍ന്ന ഫുജൈറയിലെ മണ്ണില്‍ അവ ചുരമാന്തിക്കൊണ്ടിരിക്കുന്നു. ഇടക്കിടെ പരിസരം വിറപ്പിച്ചുകൊണ്ട് മുക്രയിടുന്നു. കാളകളുടെ വര്‍ണവൈവിധ്യവും വലുപ്പവും പൂഞ്ഞയുടെ ഭംഗിയുമൊക്കെ ആസ്വദിക്കണമെങ്കില്‍ നിങ്ങള്‍ ഫുജൈറയിലെ കാളപ്പോര് സന്ദര്‍ശിക്കണം. കറുപ്പ്, ചുവപ്പ്, ഇളം ചുവപ്പ്, വെള്ള, വെള്ളയില്‍ പുള്ളി, ഇളം മഞ്ഞ, ക്രീം തുടങ്ങി വിവിധ വര്‍ണങ്ങളിലും തൂക്കത്തിലുമുള്ള കാളകള്‍. കൂടുതല്‍ ആക്രമണകാരികള്‍ ചുവപ്പും കറുപ്പുമാണെങ്കിലും വലുപ്പം കൊണ്ട് വെളുത്ത കാളകളാണ് മുന്നില്‍. ഇവയില്‍ പുള്ളിയോട് കൂടിയവയാണ് കൂടുതല്‍ ബലവാന്മാര്‍.
അങ്കത്തിനായുള്ള കാത്തുനില്‍പ്പില്‍ കാളകള്‍ അക്ഷമരാണ്. അക്രമാസക്തരാണെന്നു തന്നെ പറയാം. ഇടക്കിടെ താടയും കൊമ്പും കുലുക്കി ആകാശത്തേക്ക് നോക്കി മുക്രയിടുന്നു.
ബദുക്കളായ അറബികള്‍ കാളകളെ റിങ്ങിനകത്തേക്ക് തള്ളിവിടും. അവയെ കയറ്റിക്കൊണ്ട് വന്ന വാഹനങ്ങള്‍ പുറത്ത് കാത്തുകിടക്കുന്നുണ്ടാകും. ആവേശം മൂത്ത പല പ്രേക്ഷകരും വാഹനത്തിന് മുകളില്‍ കയറി നിലയുറപ്പിച്ചിട്ടുണ്ട്. റിങ്ങിന് പുറത്താണ് കാഴ്ചക്കാര്‍ ഏറെയും. റിങ്ങിനകത്തേക്ക് കടന്നിരിക്കുന്നത് അത്ര സുരക്ഷിതമല്ല. അനൗണ്‍സര്‍മാരും സംഘാടകരില്‍ ചിലരും റിങ്ങിനകത്ത് തന്നെയുണ്ട്. കാളപ്പോര് തുടങ്ങിയിരിക്കുന്നു. കാളകള്‍ പരസ്പരം കൊമ്പുകോര്‍ത്ത് കരുത്തുകാട്ടാന്‍ തുടങ്ങിയിരിക്കുന്നു. ഏറക്കുറെ തുല്യ ശക്തരായ കാളകളെയാണ് ഒരേ സമയം അങ്കത്തിനിറക്കുക. ബലവാന്മാരായ കാളകള്‍ തമ്മില്‍ കൊമ്പ് പിണക്കുന്നതിന്‍െറയും മണ്ണില്‍ ചുര മാന്തുന്നതിന്‍െറയും സീല്‍ക്കാരങ്ങളും ആളുകളുടെ ആര്‍പ്പുവിളികളും കൊണ്ട് അന്തരീക്ഷം ശബ്ദായമാനം.
പരാജിതനായ കാള സ്വമേധയാ പിന്‍വാങ്ങുന്നു. ആക്രമണോത്സുകത വര്‍ധിച്ച് പോരില്‍ നിന്ന് പിന്‍വാങ്ങാത്ത കാളകളെ ചിലപ്പോള്‍ നിരവധി ജോക്കികള്‍ ചേര്‍ന്ന് കയര്‍ കെട്ടി പിടിച്ചു മാറ്റുന്നതും കാണാം. ചെറിയ മുറിവുകളും നേരിയ രക്തച്ചൊരിച്ചിലുകളും ഒഴിച്ചാല്‍ ഫുജൈറയിലെ കാളപ്പോര് വളരെ സുരക്ഷിതമാണ്. കാളകള്‍ തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുമ്പോള്‍ ജോക്കികള്‍ അവയെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കും. അതോടെ അടുത്ത മത്സരക്കാരുടെ ഊഴമായി. മത്സരത്തില്‍ ജയിക്കുന്ന കാളകള്‍ക്ക് പൊന്നും വിലയാണ്. ലക്ഷക്കണക്കിന് ദിര്‍ഹം വിലയ്ക്ക് വിജയിച്ച കാളകളെ ലേലം ചെയ്തെടുക്കാന്‍ ആളുകള്‍ രംഗത്തുണ്ട്.
ഫുജൈറയിലെ കാളപ്പോര് പ്രസിദ്ധമാണ്. അജ്മാന്‍, ഷാര്‍ജ, റാസല്‍ഖൈമ തുടങ്ങി യു. എ.ഇയുടെ വിവിധ എമിറേറ്റുകളില്‍നിന്നും കൂടാതെ ഒമാന്‍, ഖത്തര്‍ തുടങ്ങി വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും മത്സരത്തിന് കാളപ്രേമികള്‍ എത്താറുണ്ട്. ഫുജൈറ കൂടാതെ ഒമാനിലും ഇത്തരം കാളപ്പോര് നടക്കാറുണ്ട്. എന്നാല്‍ മറ്റേതെങ്കിലും ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുള്ളതായി അറിവില്ല. ഇതര ഗള്‍ഫ് നാടുകളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാണ് പര്‍വതങ്ങളും ഉള്‍ക്കടലുകളും കണ്ടല്‍കാടുകളും മനോഹരമായ ബീച്ചുകളും ചരിത്രമുറങ്ങുന്ന കോട്ടകളുമൊക്കെയുള്ള ഈ ചരിത്ര നഗരം. ഈന്തപ്പനകള്‍ കൂടാതെ വാഴ, നാരങ്ങ, മാങ്ങ, സപ്പോട്ട, ക്വാളി ഫ്ളവര്‍, മരച്ചീനി തുടങ്ങി ഒട്ടുമിക്ക കൃഷികളും ഇവിടെ സജീവമാണ്. അറേബ്യന്‍ പുള്ളിപ്പുലി, ചെന്നായ്, ഉടുമ്പ്, ഗസാല്‍ (ഒരിനം മാന്‍), വിവിധയിനം സര്‍പ്പങ്ങള്‍, കുറുക്കന്‍ തുടങ്ങി നിരവധി ജന്തുജാലങ്ങളും ഫുജൈറയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.