ലോകത്തെ കൂടുതൽ ‘നന്നാക്കാൻ’ വിദേശ പൊലീസ് ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കാനൊരുങ്ങി ചൈന

ബീജിങ്: ലോകക്രമം ‘കൂടുതൽ ന്യായവും യുക്തിസഹവും കാര്യക്ഷമവുമായ ദിശയിൽ വികസിപ്പിക്കുന്നത്’ ആയിരക്കണക്കിന് വിദേശ നിയമ നിർവഹണ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുമെന്ന് ചൈനയുടെ പൊതു സുരക്ഷാ മന്ത്രി. നിയമ നിർവഹണ കഴിവുകൾ വേഗത്തിലും ഫലപ്രദമായും മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് പരിശീലനം ആവശ്യമുള്ള രാജ്യങ്ങളിലേക്ക് സ്വന്തം പൊലീസ് കൺസൾട്ടന്‍റുമാരെ ചൈന അയക്കുമെന്നും മന്ത്രി വാങ് സിയോഹോംഗ് വാർഷിക ആഗോള സുരക്ഷാ ഫോറത്തിൽ പറഞ്ഞു.

കിഴക്കൻ നഗരമായ ലിയാൻയുങ്കാങ്ങിൽ നടന്ന ഫോറത്തിൽ 122 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ഇന്‍റർപോൾ പോലുള്ള അന്താരാഷ്‌ട്ര സംഘടനകളിലെയും നിയമ നിർവഹണ പ്രതിനിധികൾക്ക് മുമ്പാകെയാണ് വാങ് സിയോഹോങ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2022 ലാണ് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ് ഗ്ലോബൽ സെക്യൂരിറ്റി ഇനിഷ്യേറ്റീവ് (ജി.എസ്.ഐ) ആരംഭിച്ചത്. ഇത് ‘ആഗോള സുരക്ഷാ ഭരണം മെച്ചപ്പെടുത്തുന്നതിനും ശാശ്വത സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും’ ഒരു ഫെസിലിറ്റേറ്ററായി ചൈനയെ കേന്ദ്രീകരിക്കുമെന്നാണ് അവകാശവാദം.

എന്നാൽ, ആഗോള സുരക്ഷാ നേതാവായി ചൈനയെ സ്ഥാപിക്കാനുള്ള ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഫോറമെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ആഫ്രിക്കൻ പോലീസ് ഉദ്യോഗസ്ഥർക്കുള്ള സമീപകാല പരിശീലന പരിപാടികൾ കമ്യൂണിസ്റ്റ് പാർട്ടി ശൈലിയിലുള്ള ‘സ്വേച്ഛാധിപത്യ തന്ത്രങ്ങൾ’ അവതരിപ്പിക്കുന്നുവെന്നും ആ രാജ്യങ്ങളിലെ ചൈനീസ് വാണിജ്യ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ചില മനുഷ്യാവകാശ ഗ്രൂപ്പുകൾ ആശങ്ക ഉയർത്തി. ഇത് പലപ്പോഴും ചൈനീസ് സർക്കാർ നടത്തുന്ന വിദേശ നിക്ഷേപ പദ്ധതിയായ ‘റോഡ് ബെൽറ്റ് ഇനീഷ്യേറ്റിവുമായി’ ബന്ധപ്പെട്ടുള്ളതാണെന്നും ആക്ഷേപമുണ്ട്.

തിങ്കളാഴ്ചത്തെ പ്രസംഗത്തി​ൽ പരിശീലനം സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെക്കുറിച്ചോ രാജ്യങ്ങളെക്കുറിച്ചോ പരിശീലനം എവിടെയാണ് നടക്കുന്നതെന്നോ സംബന്ധിച്ച് വിശദാംശങ്ങൾ നൽകിയിട്ടില്ല. സൈനിക- പൊലീസ് അക്കാദമികൾക്കിടയിൽ കൂടുതൽ സഹകരണം പ്രോത്സാഹിപ്പിക്കാൻ ജി.എസ്.ഐ ശ്രമിക്കുന്നുവെന്നും ആഗോള സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പ്രൊഫഷണലുകളെ പരിശീലിപ്പിക്കുന്നതിന് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മറ്റ് വികസ്വര രാജ്യങ്ങൾക്ക് 5,000 പരിശീലന അവസരങ്ങൾ നൽകാൻ തയാറാണെന്നും കഴിഞ്ഞ വർഷം ചൈന അറിയിച്ചിരുന്നു. ചൈന ഇതിനകം 2,700 വിദേശ നിയമപാലകർക്ക് പരിശീലനം നൽകിയതായി ഫോറത്തിൽ വാങ് സൂചിപ്പിച്ചു.

Tags:    
News Summary - China to train thousands of overseas law enforcement officers to create ‘more fair’ world order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.