കാളികാവ്: നാട്ടിലെങ്ങും മഞ്ഞപ്പിത്തം പടരുമ്പോഴും ജില്ലയിൽ ഉറവിട പരിശോധന മാർഗം പരിമിതം. സാധാരണ മഴക്കാലത്തേ മഞ്ഞപ്പിത്തം പടർന്നുപിടിക്കാറുള്ളൂവെങ്കിലും ഇക്കുറി മഴ ശമിച്ചിട്ടും മഞ്ഞപ്പിത്തം വിട്ടുമാറാത്ത സ്ഥിതിയാണ്.
പ്രധാനമായും കുടിവെള്ളത്തിലൂടെ പടരുന്ന രോഗത്തിന്റെ സാഹചര്യത്തിൽ കുടിവെള്ളം സുരക്ഷിതമാണോ എന്നറിയാൻ ജില്ലയിൽ സർക്കാർ തലത്തിൽ ആകെയുള്ളത് ഒരു ലബോറട്ടറി മാത്രം. ഇതാകട്ടെ പരിശോധന ഫലം ലഭിക്കാൻ ദിവസങ്ങളോളം കാത്തിരിക്കേണ്ട അവസ്ഥയുമാണ്. ജല പരിശോധനക്കുള്ള സാമ്പിൾ ശേഖരിക്കാൻ അണുമുക്ത കുപ്പി പോലും ആരോഗ്യ വകുപ്പിനില്ല. ആവശ്യമുള്ളവർ കുപ്പിയും പരിശോധന ഫീസുമടക്കം 1300 രൂപ വഹിക്കണം.
ഓരോ കുടുംബത്തിന്റെയും കുടിവെള്ള സ്രോതസ്സിൽ മഞ്ഞപ്പിത്തത്തിന് കാരണമാകുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമുണ്ടോ എന്നറിയാൻ നിലവിൽ യാതൊരു സംവിധാനവുമില്ല. മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത പ്രദേശത്ത് ആരോഗ്യ വകുപ്പ് പ്രവർത്തകരെത്തി ക്ലോറിനേഷൻ നിർദേശിക്കുമെന്നല്ലാതെ വ്യാപനം തടയാനുള്ള ക്രിയാത്മക നടപടികൾക്കൊന്നും മുതിരാറില്ല.
കഴിഞ്ഞ ആറുമാസത്തിനിടെ ജില്ലയിൽ ആറായിരത്തോളം മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പതിനഞ്ചോളം മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഒരു പ്രദേശത്ത് രോഗം റിപ്പോർട്ട് ചെയ്യുമ്പോൾ മാത്രമാണ് ആരോഗ്യ വകുപ്പ് പരിശോധന നടക്കുന്നത്.
മഞ്ഞപ്പിത്തം മുൻകൂട്ടി തടയാനുള്ള ജല പരിശോധന വലിയ ചെലവ് വരുന്നതായതിനാൽ പൊതു ജനം അതിനു മുതിരാറില്ല. ഹോട്ടലുകളുടെ ലൈസൻസ് പുതുക്കാൻ സ്വകാര്യ ലാബുകളെ സമീപിച്ചാണ് ജല പരിശോധന നടത്തുന്നത്.
ജല അതോറിറ്റിക്ക് കീഴിൽ മഞ്ചേരിയിൽ മറ്റൊരു ലാബു കൂടിയുണ്ട്. ഇതും പൊതുജനത്തിന് അപ്രാപ്യമാണ്. ജില്ലയിൽ ജലപരിശോധനക്ക് ഒരു ലബോറട്ടറി കൂടി അനുവദിക്കുകയാണ് മഞ്ഞപ്പിത്തമടക്കം രോഗങ്ങൾ പടരുന്നത് തടയാനുള്ള മാർഗങ്ങളിലൊന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.