വേങ്ങര: പറപ്പൂർ പഞ്ചായത്തിലെ ഗാന്ധിനഗർ 85ാം നമ്പർ അംഗൻവാടിക്ക് സ്വന്തം കെട്ടിടം പണിയാൻ 3.30 സെന്റ് സ്ഥലം സൗജന്യമായി നൽകി അമ്പലവൻ അടുമണ്ണിൽ കുടുംബം നാടിന് മാതൃകയായി. മുണ്ടോത്തുപറമ്പ് ഗവ. യു.പി സ്കൂൾ കെട്ടിടത്തിലാണ് താൽക്കാലികമായി അംഗൻവാടി പ്രവർത്തിച്ചിരുന്നത്.
ഒമ്പതാം വാർഡിലെ ഗാന്ധിനഗറിൽ 2015ൽ ആണ് അംഗൻവാടി ആരംഭിച്ചത്. രണ്ട് വർഷത്തോളം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു. ഈ കെട്ടിടം ഉടമസ്ഥൻ പൊളിച്ച് മാറ്റിയപ്പോൾ മറ്റെവിടെയും സ്ഥലം കിട്ടാതെ വന്നപ്പോൾ താൽക്കാലികമായി പ്രവർത്തിക്കാൻ തൊട്ടടുത്ത ഗവ. യു.പി സ്കൂൾ കെട്ടിടത്തിൽ സൗകര്യമൊരുക്കുകയായിരുന്നു. പിന്നീട് അംഗൻവാടി, പഞ്ചായത്ത് അധികൃതർ സ്കൂൾ കെട്ടിടത്തിൽനിന്നും മാറ്റി സ്ഥാപിക്കാതെ അവിടെ തന്നെ തുടരാനുള്ള ശ്രമം നടത്തിയ സാഹചര്യത്തിൽ പി.ടി.എ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. 600ലധികം കുട്ടികൾ പഠിക്കുന്ന സ്കൂൾ കെട്ടിടത്തിൽനിന്നും അംഗൻവാടി അടിയന്തരമായി മാറ്റി സ്ഥാപിക്കാൻ ഹൈകോടതിയെ സമീപിക്കുകയും ചെയ്തു.
ഉചിതമായ നടപടി സ്വീകരിക്കാൻ രണ്ട് മാസം സമയം അനുവദിച്ച് ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടറെ ഹൈകോടതി ചുമതലപ്പെടുത്തി ഉത്തരവ് ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ. ജില്ല വിദ്യഭ്യാസ ഉപ ഡയറക്ടർ കെ.പി. രമേശ് കുമാർ വിളിച്ച് ചേർത്ത യോഗത്തിൽ വെച്ചാണ് അംഗൻവാടിക്ക് കെട്ടിടം പണിയാനുള്ള സ്ഥലത്തിന്റെ രേഖ അമ്പലവൻ അടുമണ്ണിൽ മുഹമ്മദ് കുട്ടി (കുഞ്ഞിപ്പ) അധികൃതർക്ക് കൈമാറിയത്.
യോഗത്തിൽ പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് (ഇൻ ചാർജ്) ഇ.കെ. സൈദുബിൻ, വാർഡ് അംഗം അംജദാ ജാസ്മിൻ, ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, പഞ്ചായത്ത് എ.ഇ, ഹെഡ്മിസ്ട്രസ് ആർ.എം. ഷാഹിന, പി.ടി.എ പ്രസിഡന്റ് ഇ.കെ. ഉബൈദ്, എസ്.എം.സി ചെയർമാൻ എ.എ. കബീർ, എം.പി. സധു, ഷരീഫ് പൊട്ടിക്കല്ല് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.