ഇത് വാക്സിൻ കണ്ടെത്താനുള്ള മത്സരക്കാലമാണ്. കോവിഡ് രോഗം അടുത്തകാലത്തു നമ്മെ വിട്ടുപോകില്ല എന്നറിവായതുമുതൽ ഫലപ്രദമായ വാക്സിൻ കണ്ടെത്താനുള്ള തീവ്രശ്രമം ലോകമെമ്പാടും നടന്നുവരുന്നു. ഉദ്ദേശം 150 വാക്സിനുകൾ സാധ്യതപട്ടികയിൽ ഉണ്ട്. ഇതെല്ലാം ഗവേഷണത്തിെൻറ പല ഘട്ടങ്ങളിലാണ്.
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടനുസരിച്ച് ഇപ്പോൾ മുൻനിരയിലുള്ളത് ഒമ്പതു വാക്സിനുകളാണ്. ഇതിലേക്ക് ലോക ജനസംഖ്യയുടെ 70 ശതമാനം ജനങ്ങൾ വസിക്കുന്ന രാജ്യങ്ങൾ പിന്തുണ നൽകുന്നു. ഇതെല്ലാം വാക്സിൻ വികസിപ്പിക്കുന്ന ശ്രമങ്ങൾക്ക് ഗുണംചെയ്യുമെങ്കിലും വാക്സിൻ ലഭ്യമാക്കാനുള്ള ആകാംക്ഷ ലോകത്തു വർധിച്ചുവരുന്നതായും നാം കാണണം.
പരിശോധനനിരക്ക് വർധിപ്പിച്ചാൽ ലോകജനസംഖ്യയുടെ മൂന്നിലൊന്നു പേരെയെങ്കിലും ബാധിച്ചതായി കാണാവുന്ന രോഗമാണ് കോവിഡ്. ആ നിലയിൽ വാക്സിൻ കണ്ടെത്തലിന് അടിയന്തര സ്വഭാവമുണ്ട്. അതിനിടയിലാണ് സ്പുട്നിക്-5 എന്നു പേരിട്ട വാക്സിൻ ഉടൻ എന്ന പ്രഖ്യാപനം റഷ്യയിൽനിന്നുണ്ടായത്.
തുടർന്ന് അതേക്കുറിച്ച ആശങ്കകളുമായി വിദഗ്ധർ രംഗത്തെത്തി. പുതിയ വാക്സിൻ വികസിപ്പിക്കാൻ ലോകം മുഴുവൻ ശ്രമം നടന്നുകൊണ്ടിരിക്കുമ്പോൾ ആദ്യവിജയം പ്രഖ്യാപിക്കുന്നവരുടെ അവകാശവാദങ്ങൾ സൂക്ഷ്മമായി പരിശോധിക്കപ്പെടും. കാരണം, ആദ്യ കോവിഡ് വാക്സിൻ ചരിത്രത്തിൽ ഇടംനേടുന്ന സംരംഭമായി മാറും. തുടർന്ന് വരുന്ന വാക്സിനുകൾ ആദ്യ വാക്സിനേക്കാൾ എന്തു മെച്ചമെന്നും ചർച്ചയുണ്ടാകും.
എന്നാൽ, ആശങ്കകൾ അറിയിച്ച ഏജൻസികളുടെ വാദവും ശ്രദ്ധിക്കപ്പെടേണ്ടതാണ്. റഷ്യൻ വാക്സിനെക്കുറിച്ച് പുറത്തു വന്ന പ്രധാന വിമർശനം ഇവയാണ്.
1. വാക്സിൻ വികസനത്തിൽ മനുഷ്യ സുരക്ഷയാണ് സർവപ്രധാന ഘടകം. സുരക്ഷയെക്കുറിച്ചുള്ള േഡറ്റ റഷ്യ പുറത്തുനൽകിയിട്ടില്ല. സുരക്ഷിതമല്ല എന്നല്ല, അതേക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാനുള്ള വിവരങ്ങൾ പൊതുരേഖകളായി ഉണ്ടാകണം. മറ്റുള്ളവർക്ക് പരിശോധിക്കാൻ അവസരം ഉണ്ടാകണം, സമശീർഷരുടെ അംഗീകാരം നേടിയിരിക്കണം.
ഇതെല്ലാം പൊതു പെരുമാറ്റച്ചട്ടങ്ങളാണ്. അതായത്, വാക്സിൻ ഗവേഷണത്തിൽ രീതിശാസ്ത്രം കൃത്യമായി പാലിക്കപ്പെടണം എന്നതിൽ വിട്ടുവീഴ്ച പാടില്ല. ഇതിൽ ശാസ്ത്രത്തിെൻറയും നൈതികതയുടെയും പ്രശ്നങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ വാക്സിൻ വികസിപ്പിക്കുന്നവർ ശ്രദ്ധാലുക്കളായിരിക്കണം.
2. മൂന്നാംഘട്ട പരീക്ഷണങ്ങൾ ഇനിയും കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ട്. ഏതാണ്ട് 2000 പേരിൽ ചെയ്യാനുള്ള പരീക്ഷണം ആഗസ്റ്റ് മധ്യത്തിൽ തുടങ്ങാനിരിക്കുന്നതേയുള്ളൂ എന്നു ചില ജർമൻ റിപ്പോർട്ടുകളിൽ കാണുന്നു. റഷ്യക്കു പുറത്തും നിരവധി രാജ്യങ്ങളിൽ പരീക്ഷണങ്ങൾക്കു സാധ്യതയുണ്ട്. ബ്രസീൽ, സൗദി അറേബ്യ, യു.എ.ഇ, ഫിലിപ്പീൻസ്, ഇന്ത്യ എന്നീ രാജ്യങ്ങൾ പരീക്ഷണങ്ങൾക്ക് റഷ്യ പരിഗണിക്കുന്നു.
ഇങ്ങനെെയാരാവശ്യവുമായി സമീപിച്ചിട്ടില്ലെന്ന് ഇന്ത്യ ഇതിനകം പറഞ്ഞുകഴിഞ്ഞു. മൂന്നാംഘട്ട പരീക്ഷണങ്ങളിൽ മാത്രമേ വാക്സിൻ ഫലപ്രാപ്തി, സമീപകാല പാർശ്വഫലങ്ങൾ എന്നിവ വിലയിരുത്താനാകൂ. പരീക്ഷണങ്ങൾക്കൊപ്പം ഉൽപാദനവും നടത്തും എന്നതാണ് മറ്റൊരു ആശങ്ക. ഇത് വിപണി സ്ഥാപിക്കാനുള്ള ശ്രമവുമായി ബന്ധപ്പെടുകയും ചെയ്യും. ഇപ്പോൾതന്നെ 20 രാജ്യങ്ങൾ സ്പുട്നിക്-5 വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചുവെന്നറിയുന്നു. ഗൾഫ് രാജ്യങ്ങൾ, ഇന്തോനേഷ്യ, ബ്രസീൽ, ഇന്ത്യ, മെക്സികോ, ഫിലിപ്പീൻസ് എന്നിവ അവയിൽപെടുന്നു.
റഷ്യയിലും പുറത്തുമായി വാക്സിൻ നിർമാണസാധ്യതയും അന്വേഷിച്ചുവരുന്നു. ഈ വർഷംതന്നെ മൂന്നുകോടി പേർക്ക് വാക്സിൻ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് സാധ്യമാകണമെങ്കിൽ വാക്സിൻ ഉൽപാദനം മറ്റു രാജ്യങ്ങളിൽകൂടി നടക്കേണ്ടതുണ്ട്. ഓരോ പ്രദേശത്തും ലഭ്യതയുറപ്പിക്കുംവിധം നിർമാണം വികേന്ദ്രീകരിക്കാനും റഷ്യ ശ്രമിക്കുന്നു. 100 കോടിയോളം വാക്സിൻ വാങ്ങാൻ വിവിധ രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.
3. ലോകാരോഗ്യ സംഘടന വാക്സിൻ അനുബന്ധകാര്യങ്ങൾ ശ്രദ്ധാപൂർവം വീക്ഷിക്കുന്നുണ്ട്. അവർ റഷ്യൻ ഗവേഷകരുമായി സമ്പർക്കത്തിലാണ്. പൂർണ അംഗീകാരത്തിന് ഇനിയും സമയം വേണ്ടിവരും എന്നാണ് സംഘടന കരുതുന്നത്. ലോകാരോഗ്യ സംഘടന വക്താവ് താരിഖ് യാസറേവിച് പറഞ്ഞതിങ്ങനെയാണ്: ഒരു വാക്സിൻ അംഗീകരിക്കപ്പെടാൻ അതേക്കുറിച്ചുള്ള സുരക്ഷ, ഫലപ്രാപ്തി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ േഡറ്റയും വിശദമായ പഠനത്തിനു വിധേയമാകണം.
ഇതേ ആശങ്ക മറ്റു പലരും പറഞ്ഞുകഴിഞ്ഞു. ഏതാനും ദിവസങ്ങൾക്കുമുമ്പ് എവൻ കാലവേ എഴുതിയ റിപ്പോർട്ട് 'നേച്വർ' പ്രസിദ്ധീകരിച്ചു. നൈതികതയിലൂന്നിയ ചോദ്യങ്ങളാണ് ഏറെയും. പരീക്ഷണങ്ങളുടെ ആദ്യഘട്ടങ്ങളിൽ ചിലത് ഒഴിവാക്കിയും, ചിലത് വേണ്ടത്ര തോതിൽ പഠിക്കാതെയും വിട്ടുകളഞ്ഞതായി സംശയിക്കുന്നു. അങ്ങനെയെങ്കിൽ പരീക്ഷണങ്ങൾ ദുർബലമാണെന്നർഥം.
ശക്തമായ തെളിവുകളുടെ പിൻബലമില്ലാതെ വാക്സിൻ ലക്ഷക്കണക്കിന് ജനങ്ങൾക്കു നൽകിയാൽ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. വാക്സിന് ജനമനസ്സിൽ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരം നഷ്ടപ്പെടാനും ഫലപ്രദമായ മറ്റു വാക്സിനുകളിൽ വിശ്വാസമില്ലാതാകാനും ഇടവരും. അത്, കോവിഡ് വ്യാപനത്തിന് അനുകൂല സാഹചര്യമൊരുക്കുകയും വ്യാജചികിത്സ വർധിക്കാൻ കാരണമാകുകയും ചെയ്യും.
റഷ്യൻ വാക്സിൻ രണ്ടു ഡോസ് കുത്തിവെപ്പായി ഡിസൈൻ ചെയ്തിരിക്കുന്നു. Ad25, Ad5, എന്നീ രണ്ടു വ്യത്യസ്ത വൈറസുകൾ ഉപയോഗിച്ചാണ് രണ്ടു വാക്സിൻ കുത്തിെവപ്പുകൾ നൽകുന്നത്. ഇത് കൊറോണ വൈറസിെൻറ പ്രോട്ടീൻ ആവരണത്തെ ഇല്ലാതാക്കി വൈറസിനെ നിർവീര്യമാക്കുമെന്നു കരുതപ്പെടുന്നു.
പൂർവഘട്ട പഠനം 78 പേരിൽ മാത്രമാണ് നടന്നത്. ഇതിെൻറ ഫലത്തെക്കുറിച്ചും റിപ്പോർട്ടുകൾ ഇല്ല. മറ്റൊരു പരീക്ഷണം 38 പേരിൽ നടന്നു. ഇതിൽ വേണ്ടത്ര ആൻറിബോഡി ഉൽപാദനം ഉണ്ടായതായി റിപ്പോർട്ടുണ്ട്. എന്നാൽ, വലിയ സംഖ്യയിലേക്ക് പരീക്ഷണം വ്യാപിപ്പിച്ചാൽ മാത്രമേ ഫലം ഉറപ്പാക്കാനാകൂ. വാക്സിൻ ലഭിച്ച വ്യക്തികൾക്ക് കോവിഡ് ബാധയുണ്ടായാൽ ചിലർക്കെങ്കിലും തീവ്രമായ രോഗാവസ്ഥക്കു കാരണമാകുമെന്നും ചില വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ ചില വിമതശബ്ദങ്ങൾ റഷ്യയിൽനിന്നുതന്നെ വന്നു. റഷ്യയിൽ ഔഷധ ഗവേഷണ സംഘടന കൂട്ടായ്മയുടെ അധ്യക്ഷ സ്വെറ്റ്ലാന സവിഡോവ പറയുന്നത്, വാക്സിനു നൽകിയ അംഗീകാരവും ഉൽപാദനത്തിന് എടുത്ത തീരുമാനവും അനവസരത്തിലാണ് എന്നാണ്.
കോവിഡ് പ്രതിരോധിക്കാൻ വാക്സിനു കഴിയുമോ എന്നും പാർശ്വഫലങ്ങൾ ഉണ്ടാകുമോ എന്നും അറിയാനാകുന്നില്ല എന്നും അവർ പറഞ്ഞുവെക്കുന്നു. സുരക്ഷ മോണിറ്ററിങ് സമ്പ്രദായങ്ങൾ റഷ്യയിൽ ദുർബലമാണെന്നും അവർ കരുതുന്നു. മറ്റു കോവിഡ് വാക്സിനുകൾ, മരുന്നുകൾ എന്നിവയുടെ ഗവേഷണത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും അവർ കൂട്ടിച്ചേർത്തു. വാക്സിൻ ഗവേഷണത്തിൽ നൈതികത പ്രശ്നങ്ങൾ പല റഷ്യൻഗവേഷകരെയും അലട്ടുന്നതായി റിപ്പോർട്ടുകൾ ഇതിനകം വന്നുകഴിഞ്ഞു.
വാക്സിൻ ഉദ്യമങ്ങൾ ഭൂരിപക്ഷവും പരാജയപ്പെടാനാണ് സാധ്യത. ആശയരൂപവത്കരണം മുതൽ വിപണിസാന്നിധ്യം വരെ ശരാശരി പത്തര വർഷം വേണ്ടിവരും വാക്സിനുകൾ ഉണ്ടായിവരാൻ. മാത്രമല്ല, 1998 മുതൽ 2009 വരെയുള്ള വാക്സിൻ ചരിത്രം പരിശോധിച്ചാൽ വിപണിയിൽ പിടിച്ചുനിൽക്കാനായത് ആറു ശതമാനം വാക്സിനുകൾക്കു മാത്രമാണ്.
വാക്സിൻ പരാജയത്തിെൻറ വില വളരെ വലുതാണ്; ഇതിനകം കോവിഡ് വാക്സിനുവേണ്ടി 370 കോടി യു.എസ് ഡോളർ കണ്ടെത്തി എന്നതും മറക്കരുത്. പരാജയത്തിെൻറ വില അത്രക്കുണ്ട് എന്നതിനാലാണ് വിജയംപോലും സമ്മർദമാകുന്നത്. ആദ്യം വിപണിയിലെത്തിച്ചു വിജയിക്കാൻ മത്സരമുണ്ടാകുന്നത് അക്കാരണത്താൽതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.