കോവിഡ് ബൂസ്​റ്റർ ഡോസ് രാഷ്​ട്രീയവും വാക്സിൻ ഡിവൈഡും

കോവിഡ് വ്യാപനം പ്രവചിക്കാനാവാത്തവിധം മുന്നേറുന്നു. അതിവേഗം ഏറ്റവുമധികം പേരിൽ വാക്‌സിൻ എത്തിക്കുകയെന്നതാണ് അവശ്യം വേണ്ട പൊതുസമ്മതമായ നയം.വികസിതരാജ്യങ്ങൾക്ക് ഭൂരിപക്ഷം ജനങ്ങളിലും ഇതിനകം വാക്‌സിനെത്തിക്കാൻ കഴിഞ്ഞു. അവരിപ്പോൾ തങ്ങളുടെ സമൂഹത്തെ സുരക്ഷിതമാക്കാൻ ബൂസ്​റ്റർ നൽകാം എന്ന് ചിന്തിക്കുന്നുണ്ട്. അമേരിക്കയുടെ സർജൻ ജനറൽ വിവേക് മൂർത്തി, പ്രസിഡൻറി​െൻറ മുഖ്യ ഉപദേഷ്​ടാവ് ഡോ. ആൻറണി ഫൗചി എന്നിവർ ഈ ആശയത്തെ പിന്തുണക്കുന്നു. ബൈഡൻ ഇത്​ അനുഭാവപൂർവം പരിഗണിക്കുന്നുവെന്നറിയുന്നു. ഇസ്രായേൽ ബൂസ്​റ്റർ വാക്‌സിൻ വിതരണം ആഴ്​ചകൾ മുമ്പുതന്നെ ആരംഭിച്ചു. സമ്പന്നരും ദരിദ്രരും തമ്മിൽ പുതിയൊരു വിടവുകൂടി ഉത്ഭവിക്കുന്നത് ആശങ്കയോടെ കാണുന്നവരാണ് പലരും. ഗ്രെച്ചൻ വോഗൽ ഏതാനും ദിവസംമുമ്പ് 'സയൻസ്' എന്ന പ്രസിദ്ധീകരണത്തിൽ അത്തരം ആശങ്കകൾ പഠനവിധേയമാക്കുന്നു. ഡെൽറ്റ വേരിയൻറ്​ ശക്തിപ്രാപിച്ച ഏപ്രിൽ-ജൂൺ മാസങ്ങളിൽ വാക്‌സിൻ ഫലപ്രാപ്‌തി 92ൽനിന്ന് 80 ശതമാനമായി കുറഞ്ഞു. എന്നാൽ, ആശുപത്രിവാസം, തീവ്രപരിചരണാവശ്യം എന്നിവ 95 ശതമാനം ഫലപ്രദമായി തുടരുകയും ചെയ്‌തു. ഇത്തരം കണക്കുകൾ വിശ്വസിക്കാമെങ്കിൽ ബൂസ്​റ്റർ വാക്‌സിൻ നൽകണമെന്ന തീരുമാനത്തിന് വ്യക്തമായ ശാസ്ത്രീയാടിത്തറയില്ലെന്നു കരുതേണ്ടിവരും.

നാം കോവിഡ് വ്യാപനത്തി​െൻറ അന്ത്യനാളുകളിൽ എത്തിയിട്ടില്ലെന്ന് മനസ്സിലാക്കിയാൽ വാക്‌സിൻ രാഷ്​ട്രീയം നമ്മെ നയിക്കുന്നതെങ്ങോട്ടെന്നു മനസ്സിലാക്കാനെളുപ്പമാകും. വാക്‌സിൻ ലഭ്യത പരിമിതമായിരിക്കെ മൂന്നാം ഡോസ് നൽകാനായി 100 കോടി മാറ്റിവെക്കുന്നതിെൻറ നൈതികത ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. ആഫ്രിക്കയിലെ അനേകം രാജ്യങ്ങളിൽ ജൂലൈ കണക്കനുസരിച്ച്​ ഒരു ഡോസ് വാക്സിനെങ്കിലും കിട്ടിയിരിക്കുന്നത് ജനസംഖ്യയിൽ അഞ്ചു ശതമാനത്തിൽ താഴെ പേർക്കു മാത്രം. ബംഗ്ലാദേശ്, നേപ്പാൾ, ഇറാഖ്​, ഇറാൻ, താജികിസ്താൻ, തായ്‌ലൻഡ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും ജനസംഖ്യയുടെ 10 ശതമാനത്തിനടുത്തു മാത്രമേ വാക്‌സിൻ എത്തിക്കാനായിട്ടുള്ളൂ. ബ്രിട്ടൻ 80 ശതമാനം പേർക്ക് വാക്സിൻ നൽകിക്കഴി​ഞ്ഞെങ്കിലും 11 കോടി വാക്‌സിനുകൾകൂടി അവർ വാങ്ങിക്കൂട്ടിയതായി റിപ്പോർട്ടുകളുണ്ട്. വാക്സിനെത്താത്ത അനേകം രാജ്യങ്ങളുള്ളപ്പോൾ ഇതി​െൻറ ശരിതെറ്റുകൾകൂടി നാം കാണേണ്ടതാണ്. വാക്സിൻ അത്യാവശ്യമുള്ള ജനവിഭാഗങ്ങൾക്ക് പരോക്ഷമായെങ്കിലും വാക്സിൻ നിഷേധിക്കലാവും ഇതുവഴി സംഭവിക്കുക.

അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ വിദഗ്​ധർക്ക് ഈ അഭിപ്രായത്തോട് യോജിപ്പില്ല. ഡെൽറ്റ വേരിയൻറ്​ വാക്‌സിൻ ഫലപ്രാപ്തിയെ പ്രതികൂലമായി ബാധിക്കുമെന്ന് ലഭ്യമായ പഠനങ്ങൾ സൂചിപ്പിക്കുന്നുവെന്ന് അവർ കരുതുന്നു. ഹെപ്പറ്റൈറ്റിസ് തുടങ്ങി മറ്റു ചില വാക്‌സിനുകളും മൂന്നു ഡോസ് വേണം പൂർണ പ്രതിരോധം ലഭിക്കാൻ. ആ നിലക്ക്​ മൂന്നാം ഡോസ് കൂടുതൽ ഫലംചെയ്യുമെന്ന് കരുതണം. ഇസ്രായേലിൽനിന്ന് വരുന്ന കണക്കുകളും ഇതിനെ പിന്താങ്ങുന്നു. അവിടെ മൂന്നാം ഡോസ് ലഭിച്ച മുതിർന്ന പൗരന്മാരിൽ രോഗവ്യാപനം നന്നേ ചുരുങ്ങിയതായി റിപ്പോർട്ടുണ്ട്. ഇമ്യൂണിറ്റി ദീർഘനാൾ നീണ്ടുനിൽക്കാൻ ബൂസ്​റ്റർ സഹായിക്കുമെന്നും അഭിപ്രായം ശക്തമാണ്.

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം ഇതിനോട് ചേർന്നുപോകുന്നില്ല. ആഗസ്​റ്റ്​ പത്താം തീയതി ബൂസ്​റ്റർ വാക്‌സിനെക്കുറിച്ച് നയരേഖ പുറത്തുവിട്ടു. സംഘടനയുടെ വിദഗ്​ധ സമിതിയുടെ അഭിപ്രായത്തിൽ മൂന്നു സാഹചര്യങ്ങളിലാണ്​ ബൂസ്​റ്റർ ഡോസ് വേണ്ടിവരുക: ഒന്ന്, തീവ്രരോഗങ്ങളിൽ വാക്സിൻ ഫലപ്രാപ്‌തി ക്രമമായി കുറഞ്ഞാൽ. രണ്ട്, ആശങ്കാകരമായ വേരിയൻറുകളിൽ (variant(s) of concern) വാക്സിൻ പ്രവർത്തനക്ഷമമല്ലെന്നു വന്നാൽ. മൂന്ന്, മൂന്നാംഘട്ട പരീക്ഷണങ്ങളിൽ കണ്ട പരിരക്ഷ ചില ജനവിഭാഗങ്ങളിൽ ഇല്ലാതാക്കുകയോ പരീക്ഷണഘട്ടത്തിൽ വേണ്ടത്ര ഡേറ്റ സമാഹരിക്കാൻ കഴിയാതെപോകുകയോ ചെയ്​താൽ. ഇപ്പറഞ്ഞ സാഹചര്യങ്ങൾ ഇപ്പോഴില്ലാത്തതിനാൽ ബൂസ്​റ്റർ ഡോസ് ശരിയല്ലെന്നാണ് സംഘടനയുടെ നിലപാട്.

ബൂസ്​റ്റർ വേണമെന്ന തീരുമാനത്തിലെത്താൻ എന്തെല്ലാം തെളിവുകളും ഡേറ്റകളും ഉണ്ടാകണം എന്നതിലും സംഘടനക്ക്​ വ്യക്തതയുണ്ട്. ബ്രേക്ക്​ത്രൂ ഇൻഫെക്​ഷൻ പഠനവിഷയമാക്കുകയെന്നതാണ് അതിൽ പ്രധാനം. എത്രപേരിൽ അതു കാണപ്പെടുന്നു, എത്ര തീവ്രമാണ് ബ്രേക്ക്ത്രൂ രോഗങ്ങൾ, അവയും ഇതര രോഗാവസ്ഥകളുമായുള്ള ബന്ധം തുടങ്ങി പൊതുജനാരോഗ്യ ശാസ്ത്രത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ സമഗ്ര അന്വേഷണം എന്നിവ അതിൽപെടും. അതുപോലെ, ഇമ്യൂണിറ്റി പഠനങ്ങൾ, ആൻറിബോഡി നില തുടങ്ങിയ ഡേറ്റയും ചേർത്ത് പഠനം ഉണ്ടാകണം.

ബൂസ്​റ്റർ വേണമെന്ന് തീരുമാനിക്കുന്നതിനുമുമ്പ് ബൂസ്​റ്റർ വാക്‌സിൻ പ്രവർത്തിക്കുന്നതെങ്ങനെയെന്ന പഠനം നടത്തേണ്ടതില്ലേ? മൂന്നാമത്തെ ഡോസ് എന്തുതരം ഇമ്യൂണിറ്റി ഉൽപാദിപ്പിക്കും, എത്രകണ്ട് ഫലവത്താകും, പുതിയ വേരിയൻറുകളിൽ പ്രവർത്തനക്ഷമമാണോ, സുരക്ഷിതവും പാർശ്വഫലവും എത്രയുണ്ട് എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ഉയർന്നുവരും. മൂന്നാം ഡോസ് എല്ലാവർക്കും നൽകണോ, അതോ ചില വിഭാഗങ്ങളിലേക്ക് പരിമിതപ്പെടുത്താമോ എന്നീ കാര്യങ്ങളും പഠനത്തിലൂടെയല്ലാതെ നിശ്ചയിക്കാനാവില്ലല്ലോ.

സുപ്രധാനമായ മറ്റൊരു കാര്യം ബൂസ്​റ്റർ നൽകുന്നതെപ്പോൾ എന്ന തീരുമാനമാണ്. ബൂസ്​റ്റർ ഇമ്യൂണിറ്റി വർധിപ്പിക്കുന്നതായി തെളിഞ്ഞാൽപോലും രണ്ടാം ഡോസ് കഴിഞ്ഞ്​ എത്ര മാസം കഴിഞ്ഞാണ് മൂന്നാം ഡോസ് നൽകേണ്ടതെന്നത് അതിപ്രധാനമായ പരിഗണനയാണ്. വളരെ നേര​േത്തയായിപ്പോയാൽ കാലക്രമത്തിൽ ബൂസ്​റ്ററുകളുടെ എണ്ണം കൂടുമെന്നുറപ്പ്. വിചാരിക്കുന്നതിലും സങ്കീർണമാണ് വിഷയം എന്നു കാണണം. വാക്സിനുകൾക്കിടെ കോവിഡ്കൂടി ബാധിച്ചവർക്കും ബൂസ്​റ്റർ വേണ്ടിവരുമോ, ബൂസ്​റ്റർ ഡോസ് മറ്റേതെങ്കിലും അല്ലെങ്കിൽ സമാനമായ വേറൊരു വാക്‌സിൻ ആയിരിക്കുമോ മെച്ചം, മൂന്നാം ഡോസ് ലഭിക്കാൻ അധിക റിസ്‌ക്കുള്ളവരെ കണ്ടെത്താൻ എന്തെല്ലാം മാർഗങ്ങൾ സ്വീകരിക്കും എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ പ്രസക്തമായി തുടരുന്നു. ചുരുക്കത്തിൽ, ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ ബൂസ്​റ്റർ നയം പ്രഖ്യാപിക്കുന്നത് അവധാനതയോടെ വേണം എന്നുതന്നെ.

കോവിഡ് പാൻഡെമിക് സ്വഭാവം തുടരുന്നതിനാൽ നീതിപൂർവമായ വാക്‌സിൻ വിതരണം ഉറപ്പാക്കേണ്ടത് ലോകനന്മക്ക്​ അത്യാവശ്യമാണ്. വൈറസ് ഏതെങ്കിലും മേഖലയിൽ സജീവമായി നിലനിന്നാൽ അവിടെനിന്ന് പുതിയ വേരിയൻറ്​ ഉണ്ടാകാനും മറ്റിടങ്ങളിലേക്ക്​ വ്യാപിക്കാനുമുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. എല്ലാവരും സുരക്ഷിതരായാൽ മാത്രമേ ലോകം സുരക്ഷിതമാകൂ എന്നു കരുതുന്നതി​െൻറ കാരണമിതാണ്. സമ്പന്നതയുടെയും ദാരിദ്ര്യത്തി​െൻറയും ഇടയിൽ വാക്‌സിൻ വിടവുകൂടി ഉണ്ടാകാതെ നോക്കേണ്ടതും അത്യാവശ്യമാണ്.

തർക്കങ്ങൾ ശക്തിപ്രാപിക്കുമ്പോൾ വാക്‌സിൻ വിരുദ്ധരും നിലപാട് കർക്കശമാക്കുന്നു. വാക്‌സിൻ അത്യാവശ്യമാണെന്നും അത് അനേക ലക്ഷം മരണങ്ങൾ തടയാൻ കാരണമായിയെന്നും തെളിവുകളുണ്ട്. എന്നാൽ, അപൂർവമായി കണ്ടുവരുന്ന ബ്രേക്ക്ത്രൂ രോഗബാധ, പാർശ്വഫലങ്ങൾ എന്നിവയെക്കുറിച്ച്​ ആവർത്തിച്ച്​ കഥകൾ പ്രചരിപ്പിക്കുകവഴി ഭീതിപടർത്തുന്നതും വർധിക്കുന്നതായി കാണാം. വാക്‌സിൻ പാർശ്വഫലങ്ങളെക്കുറിച്ചും ചികിത്സകളെക്കുറിച്ചും വ്യക്തമായ അറിവ് ജനങ്ങളിൽ എത്തിക്കേണ്ടതും ഇപ്പോൾ അത്യാവശ്യമായി വന്നിരിക്കുന്നു. അമിതമായ ആശങ്കയകറ്റാനും ശാസ്ത്രാവബോധത്തോടെ രോഗപ്രതിരോധമാർഗങ്ങളെ സമീപിക്കാനും ഇതനിവാര്യവുമാണ്.

കോവിഡ് പാൻഡെമിക് സ്വഭാവം തുടരുന്നതിനാൽ നീതിപൂർവമായ വാക്‌സിൻ വിതരണം ഉറപ്പാക്കേണ്ടത് ലോകനന്മക്ക്​ അത്യാവശ്യമാണ്. വൈറസ് ഏതെങ്കിലും മേഖലയിൽ സജീവമായി നിലനിന്നാൽ അവിടെനിന്ന് പുതിയ വേരിയൻറ്​ ഉണ്ടാകാനും മറ്റിടങ്ങളിലേക്ക്​ വ്യാപിക്കാനുമുള്ള സാധ്യത തള്ളിക്കളയാനുമാവില്ല. എല്ലാരും സുരക്ഷിതരായാൽ മാത്രമേ ലോകം സുരക്ഷിതമാകൂ എന്നു കരുതുന്നതിന് ഇതാണു കാരണം. സമ്പന്നതയുടെയും ദാരിദ്ര്യത്തി​െൻറയും ഇടയിൽ വാക്‌സിൻ വിടവുകൂടി ഉണ്ടാകാൻ നാമനുവദിച്ചുകൂടാ.

Tags:    
News Summary - covid Booster Dose Politics and Vaccine Divide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.