ജനുവരി മൂന്നാം തീയതി മാത്രം 54,990 പുതിയ രോഗികളുണ്ടായി; 454 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു. വെറും 678 ലക്ഷം ജനസംഖ്യയുള്ള രാജ്യത്താണ് ഇതെന്ന് സങ്കൽപിക്കുേമ്പാഴാണ് ചിത്രം ഭയപ്പെടുത്തുന്നത്. കേരളത്തിെൻറ ഇരട്ടി ജനസംഖ്യപോലും ഇല്ലാത്ത രാജ്യമെന്നും ഓർക്കാം. ജനിതകവ്യതിയാനം വന്ന പുതിയ സ്ട്രെയിൻ വൈറസാണ് ഇപ്പോൾ പടരുന്ന കോവിഡ് രോഗത്തിന് പിന്നിൽ. ആശങ്കയുളവാക്കുന്ന ജനിതകവ്യതിയാനമാണിതെന്ന് ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ വിഭാഗത്തിലെ വിദഗ്ധ ഡോ. മീര ചന്ദ് കരുതുന്നു. വൈറസിെൻറ ജനിതകഘടന പഠിക്കുന്ന ജീനോമിക്സ് യു.കെ കൂട്ടായ്മയിലെ ഡോ. റംബ്വേ (Rambaut) പുതിയ വൈറസിന് ബി.117 എന്ന് നാമകരണം ചെയ്തു.
ജനിതക പഠനത്തിനായി ശേഖരിക്കപ്പെട്ട സാമ്പിളിൽനിന്ന് സെപ്റ്റംബർ 20 ന് ആകസ്മികമായാണ് ജനിതക മാറ്റം വന്ന പുതിയ വൈറസിെൻറ കഥയാരംഭിക്കുന്നത്. ലോകത്ത് ഏറ്റവും ശക്തമായ ജനിതക ഘടന പഠനങ്ങൾ നടക്കുന്നത് ബ്രിട്ടനിലാണ്. കൃത്യമായ ഇടവേളകളിൽ വൈറസ് സാമ്പിളുകൾ പഠനത്തിന് വിധേയമാക്കുന്ന സംവിധാനം അവിടെയുണ്ട്. കെൻറ് പട്ടണത്തിൽനിന്ന് ലഭിച്ച സാമ്പിളിൽനിന്ന് വൈറസ് ജനിതകഘടന കണ്ടെത്തിയപ്പോഴാണ് ഇതൊരു നവീന ജനിതക വ്യതിയാനമാണെന്നറിഞ്ഞത്. അപ്പോഴേക്ക് നവംബർ മാസമായി. അതിനിടെ, വൈറസ് ബ്രിട്ടനിൽ പലഭാഗങ്ങളിലേക്കും വ്യാപിച്ചു. ഡിസംബർ ആയപ്പോൾ സ്കോട്ട്ലൻഡ്, വെയിൽസ്, ലണ്ടൻ, എസ്സെക്സ് എന്നിവിടങ്ങളിൽ പുതിയ ജനുസ് വ്യാപനം ശക്തമായി. ഇതുവരെ പ്രചരിച്ചിരുന്ന വൈറസ് ഡി 614 ജി പിന്തള്ളപ്പെടുകയും ബി117 വ്യാപനം കീഴടക്കുകയും ചെയ്തതാണ് ആശങ്കയുളവാക്കിയത്. അതോടൊപ്പം ബ്രിട്ടനിൽ കോവിഡ് വ്യാപനവും മരണവും ആശുപത്രി ചികിത്സ വേണ്ടിവരുന്നവരുടെ സംഖ്യയും എല്ലാം അഭൂതപൂർവമായി വർധിച്ചു. മുൻ വൈറസുകളെക്കാൾ വേഗത്തിൽ വ്യാപിക്കുന്ന ഇനമാണ് നവീന കോവിഡ് സ്ട്രെയിൻ എന്നും ഉറപ്പായി.
എന്തൊക്കെയാണ് ബി117 വൈറസിൻറെ സവിശേഷതകൾ? പുറത്തുവരുന്ന വിവരങ്ങൾ ഒട്ടും ശുഭമല്ല. വൈറസിൽ 23 മ്യൂേട്ടഷനുകൾ കണ്ടെത്താനായി; 19 മാറ്റങ്ങളും നാലു ഒഴിവാക്കലും വൈറസ് ഘടനയിൽ കാണുന്നു. ഇതിൽ 501ാം സ്ഥാനത്തുള്ള ആസ്പരാജിൻ തന്മാത്രക്ക് പകരം ടൈറോസിൻ തന്മാത്ര ഘടിപ്പിച്ചത് ആദ്യമേ ശ്രദ്ധിക്കപ്പെട്ടു. മനുഷ്യകോശങ്ങളിലെ പ്രത്യേകസ്വീകരണികളുമായി ബന്ധപ്പെടാനും വൈറസിന് കോശത്തിൽ പ്രവേശിക്കാനും ഈ മാറ്റം എളുപ്പമാക്കും. കുറച്ചുകൂടി ശക്തമായ രോഗലക്ഷണങ്ങൾ ഉണ്ടാക്കാനും രോഗാതുരത വർധിപ്പിക്കാനും ഇതുമൂലം സാധിക്കുന്നു. ഇതും 69/70 സ്ഥാനത്തിൽ കാണുന്ന ഒഴിവാക്കലും (deletion) ചേരുമ്പോൾ വൈറസ് വ്യാപനത്തിൽ വലിയ വർധനക്ക് കാരണമാകാമെന്ന് ഡോ. മീര ചന്ദ് അഭിപ്രായപ്പെടുന്നു. ഇതുതന്നെയാണ് കാണുന്നതും. ഏതാണ്ട് 70 ശതമാനംവരെ വ്യാപനവേഗത വർധിച്ചിരിക്കുന്നതായി സൂചനയുണ്ട്; എന്നാൽ, കൂടുതൽ പേർ മരിക്കുന്നുവെന്നു ഇനിയും പറയാനാവില്ല. മരണനിരക്ക് വർധിക്കുന്നില്ലെങ്കിലും വ്യാപനത്തിലും വ്യാപനവേഗത്തിലും വർധന കണ്ടേക്കാം എന്നുകാണുന്നു.
ഇതിനിടെ ബ്രിട്ടനിലെ വെൽക്കം സാങ്ങർ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞയും ഇന്ത്യൻ വംശജയുമായ ഡോ. ദീപ്തി ഗുർദാസാനി ശ്രദ്ധേയവും ഗൗരവമേറിയതുമായ ചില ശാസ്ത്രീയ നിരീക്ഷണങ്ങൾ പുറത്തുവിട്ടു. കോവിഡ് കണ്ടെത്താനുള്ള പി.സി.ആർ ടെസ്റ്റുകൾ മെച്ചപ്പെട്ടവയാണെന്നും തെറ്റുണ്ടാവില്ലെന്നുമാണ് നമ്മുടെ പൊതുബോധം. എന്നാൽ, പോസിറ്റീവ് ആയ കുറെപ്പേരെ ഈ ടെസ്റ്റ് കണ്ടെത്തുന്നില്ല. ഇത് ജനിതകഘടനയിൽ ഉൾപ്പെട്ട ഒഴിവാക്കൽ (deletion) മൂലമാണെന്നും ബി 117 ഇനം വൈറസ് ബാധയിൽ ഇത് 97 ശതമാനം വരെയുണ്ടാകുമെന്നും അവർ അറിയിക്കുന്നു. സ്പൈക്ക് ഡ്രോപ്ഔട്ട് എന്നറിയപ്പെടുന്ന ഈ പ്രതിഭാസം മൂലം ബ്രിട്ടനിൽ ദക്ഷിണഭാഗത്തെ രോഗവ്യാപനം 80 ശതമാനം വരെയായി. മറ്റുമേഖലകളിൽ ദക്ഷിണമേഖലയിൽ കണ്ടുവരുന്ന വ്യാപനരീതി തന്നെ ഉണ്ടാകുന്നതായി അവർ കണ്ടെത്തുന്നു.
രോഗവ്യാപനരീതിയിൽ വരുന്ന ഈ മാറ്റം രോഗം ആരെയൊക്കെ ബാധിക്കും എന്ന നമ്മുടെ ധാരണകളെയും മാറ്റിമറിക്കും. മുൻ വൈറസുകളെക്കാൾ നിലവിലുള്ള വ്യതിയാനം കുട്ടികളെക്കൂടി ബാധിക്കുന്നു എന്നാണ് ഇംപീരിയൽ കോളജ് പ്രഫസർ വെൻഡി ബാർക്ലെയ് രണ്ടാഴ്ച മുമ്പ് പറഞ്ഞത്. ഇതു ശരിയെങ്കിൽ വ്യാപനമാതൃകയിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം. കുട്ടികളിൽനിന്ന് അധ്യാപകരിലേക്കും വീട്ടിലെ മുതിർന്നവരിലേക്കും വ്യാപന സാധ്യത കൂടും. മറ്റു രോഗങ്ങൾ ഉള്ളവരിൽ കോവിഡ് സങ്കീർണതകളും കൂടുതലായി കണ്ടുതുടങ്ങും.
സ്വതവേയുള്ള വ്യാപനവർധനയും സ്പൈക് ഡ്രോപ്ഔട്ട് മൂലമുള്ള വർധനയും മറ്റു ഘടകങ്ങളും പരിഗണിച്ചാൽ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ അടിയന്തരമായി കോവിഡ് ചികിത്സ സംവിധാനങ്ങളിൽ നയപരമായ ഇടപെടൽ നടത്തേണ്ട സമയമെത്തിയിരിക്കുന്നു എന്നു കരുതാം. ഇതിനകം തന്നെ ബി 117 വ്യതിയാനം യൂറോപ്പിൽ പല രാജ്യങ്ങളിലും കണ്ടെത്തിക്കഴിഞ്ഞു. നെതർലൻഡ്സ്, ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിൽ വ്യാപനം വർധിക്കുന്നുമുണ്ട്. തെക്കൻ കൊറിയ, ജപ്പാൻ, ആസ്ട്രേലിയ തുടങ്ങി മറ്റു വിദൂര രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 30 രാജ്യങ്ങളിൽ ബി 117 വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്നു. സെപ്റ്റംബർ 2020 മുതൽ ഇന്നുവരെ ഇന്ത്യയിലേക്ക് ഉദ്ദേശം 50,000 പേർ യാത്ര ചെയ്തിട്ടുണ്ട്. അവരെയെല്ലാം കണ്ടെത്തി ടെസ്റ്റു ചെയ്യുക പ്രായോഗികമല്ല. ഇന്ത്യയിൽ വൈറസുമായി വന്നവർ മറ്റുള്ളവരിലേക്ക് പുതിയ ഇനം വൈറസിനെ പകർന്നുകൊടുക്കുമെന്നുറപ്പായി. വൈറസ് വ്യാപനം തടയുന്നതിന് ഫലപ്രദമെന്ന് തോന്നുന്ന പൊതുജനാരോഗ്യ മാതൃകകൾ മാത്രം പോരാ, എത്ര പെട്ടെന്ന് നടപടികൾ ഉണ്ടാകുന്നു എന്നതിനും സാംഗത്യമുണ്ട്.
സൈനബ് തുഫെക്കി (Zeynep Tufecki) ഏതാനും നാളുകൾക്ക് മുമ്പ് 'അറ്റ്ലാൻറിക്' മാഗസിനിൽ എഴുതിയ ലേഖനം ഇക്കാര്യം ചർച്ച ചെയ്യുന്നു. യൂറോപ്പിലെ പല പട്ടണങ്ങളിലും വ്യത്യസ്തരീതിയിലാണ് കോവിഡ് വ്യാപനം നടന്നത്. പ്രധാനമായും ഇത് ആദ്യത്തെ ഏതാനും ആഴ്ചകളിൽ തീരുമാനങ്ങൾ കൈക്കൊള്ളാനെടുത്ത കാലവിളംബമായിരുന്നു. ഏതാനും പേർക്ക് മാത്രം കോവിഡ് ബാധിച്ചപ്പോൾ അതിർത്തികൾ അടക്കുകയും നിയന്ത്രണങ്ങൾ നടപ്പാക്കുകയും ചെയ്ത പ്രദേശങ്ങളിൽ മെച്ചപ്പെട്ട ഫലം കാണാനായി. അതുപോലെ വ്യാപനം മാത്രമേ കൂടുന്നുള്ളൂ, മരണനിരക്ക് കൂടുന്നില്ല എന്നതും നമുക്കുണ്ടാകുന്ന ധാരണപ്പിശകായി കാണണം എന്നും സൈനബ് കരുതുന്നു. അതിന് അവർ മുന്നോട്ടു വെക്കുന്നത് പൊതുജനാരോഗ്യ വിദഗ്ധനായ ആദം കുഹർസ്കി കണ്ടെത്തിയ ഗണിതശാസ്ത്രാധിഷ്ഠിത മാതൃകയാണ്.
വ്യാപനം വർധിതക്രമമായും (exponential) മരണം നേർരേഖാരീതിയിലും (linear)ആണ് സംഭവിക്കുന്നത്. വ്യാപനം ഓരോ ഘട്ടത്തിലും ഇരട്ടിയാകുമ്പോൾ മരണം സൂചിപ്പിക്കുന്ന ഗ്രാഫ് മെല്ലെ മാത്രം നീങ്ങുന്നു. ഇതു മനസ്സിലാക്കാൻ കുഹർസ്കി പങ്കുവെക്കുന്ന ആശയമിതാണ്. മൂന്നു പട്ടണങ്ങൾ സങ്കൽപിക്കുക. മൂന്നിലും 10,000 സജീവരോഗികളുണ്ട്. ഒന്നാമത്തെ പട്ടണത്തിൽ കോവിഡ് നിലവിലെ നിരക്കിൽ വ്യാപിക്കുന്നു. രണ്ടാമത്തെ പട്ടണത്തിൽ വ്യാപനത്തിൻറെ വേഗം 50ശതമാനം വർധിച്ചരീതിയിലാണ്. മൂന്നാമത്തെ പട്ടണത്തിൽ മരണനിരക്ക് 50 ശതമാനം അധികമായി നീങ്ങുന്നു. മൂന്നിടത്തും കോവിഡ് വ്യാപന സൂചിക (ആർ സീറോ, R0) 1.1 മാത്രം എന്നും സങ്കൽപിക്കാം. അങ്ങനെയെങ്കിൽ ഒരു മാസത്തിനു ശേഷം ഒന്നാം പട്ടണത്തിൽ 129 പേര് മരിക്കും. മൂന്നാം പട്ടണത്തിൽ മരണം 193 ആയി ഉയരും. എന്നാൽ, രണ്ടാം പട്ടണത്തിൽ 978 പേരാണ് മരണപ്പെടുക. വ്യാപന നിരക്ക് മാത്രം വർധിച്ചാലുണ്ടാകുന്ന മാറ്റം കുഹർസ്കി മാതൃക വ്യക്തമായി നമ്മെ ബോധ്യപ്പെടുത്തുന്നു.
ജനസാന്ദ്രതയേറിയ കേരളം പോലുള്ള പ്രദേശങ്ങളിൽ ഇത്തരം സമ്മർദങ്ങൾ കൂടി പരിഗണിച്ചുവേണം നയം രൂപപ്പെടുത്തേണ്ടത്. ഇപ്പോൾ കണ്ടെത്തിയ കുറച്ചുപേർ മാത്രമല്ല നവീന കോവിഡ് വൈറസ് വാഹകർ. അതിെൻറ അമ്പതോ നൂറോ ഇരട്ടി വ്യക്തികൾ ഇപ്പോൾ വൈറസ് വാഹകരായിക്കാണും എന്ന് കരുതുന്നതാണ് കൂടുതൽ ശരി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.