രണ്ടാഴ്ച മുമ്പ് കണ്ട പത്രവാർത്തയിൽനിന്നാരംഭിക്കാം. ഡിസംബർ 25ന് മധ്യകേരളത്തിലെ ഒരു പട്ടണത്തിൽ നടന്ന വാഹനാപകടത്തിൽ യുവാവ് മരിക്കുന്നു. തിരിച്ചറിയാത്ത മൃതദേഹം എന്ന രീതിയിൽ പരിഗണിച്ച് നടപടികൾ മുന്നോട്ടുപോയി. ഫോട്ടോ കണ്ട ബന്ധുക്കൾ പൊലീസുമായി ബന്ധപ്പെട്ട് ആളെ തിരിച്ചറിഞ്ഞു. ഗൾഫിലായിരുന്ന പരേതെൻറ സഹോദരൻ എത്തിയപ്പോൾ അയാളും മൃതദേഹം കൂടപ്പിറപ്പിേൻറതാണെന്ന് ഉറപ്പാക്കി. മൃതദേഹം ഭർത്താവിേൻറതല്ല എന്ന സംശയം ഭാര്യക്കുണ്ടായെങ്കിലും മറ്റുള്ളവരുടെ ഉറച്ച വിശ്വാസം അവരെ ഭർത്താവിെൻറ മരണവുമായി െപാരുത്തപ്പെടാൻ പ്രേരിപ്പിച്ചു. മൃതദേഹം ശുശ്രൂഷകൾക്കുശേഷം സംസ്കരിക്കുകയും ചെയ്തു.
എന്നാൽ, മരിെച്ചന്ന് കരുതപ്പെട്ടയാളെ ഇക്കഴിഞ്ഞ മാർച്ചിൽ സുഹൃത്ത് കണ്ടെത്തി ബന്ധുക്കളെ അറിയിച്ചപ്പോൾ അവിശ്വസനീയ കഥയുടെ ചുരുളഴിഞ്ഞു. ആരുമായും ബന്ധപ്പെടാതെ മാസങ്ങളായി തിരുവനന്തപുരത്ത് ഒരു കാൻറീനിൽ പണിയെടുക്കുകയായിരുന്നു. കുടുംബവുമായി ബന്ധം നഷ്ടപ്പെട്ടതിന് അയാളുടേതായ കാരണങ്ങളുണ്ടാകാം. നമ്മുടെ വിഷയം ഇന്ത്യൻ പൗരെൻറ തിരിച്ചറിയൽ അഥവാ ഐഡൻറിറ്റി എന്ന അതിസങ്കീർണ പ്രശ്‌നമാണ്. ജീവിച്ചിരിക്കുന്ന ഓരോ വ്യക്തിയെയും വിവിധ തിരിച്ചറിയൽ രേഖകളുമായി ബന്ധിച്ചിരിക്കുന്നതായി നാം കരുതുന്നു. രേഖകളുമായുള്ള നമ്മുടെ ബന്ധം സർക്കാർ ഇതിനായി സ്ഥാപിച്ച കലവറകളിൽ (repository) ഭദ്രമായി സൂക്ഷിക്കപ്പെടുന്നു എന്നും നാം വിശ്വസിക്കുന്നു. ഐഡൻറിറ്റി സംശയത്തിലാകുമ്പോൾ സ്വയം പ്രതിരോധിക്കാൻ വ്യക്തി ജീവനോടെയില്ലെങ്കിൽ നമ്മുടെ നീതിസംവിധാനം നിശ്ചലമാകുന്നതിെൻറ ഉദാഹരണമായി ഇതിനെ കാണാം.
മരിച്ചയാൾ തിരിച്ചെത്തിയല്ലോ എന്ന് ആശ്വസിക്കുംമുമ്പ് ഇപ്പോഴും തിരിച്ചറിയാത്ത മൃതദേഹം ഉയർത്തുന്ന ചോദ്യങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. അജ്ഞാത മൃതശരീരം എന്ന പേരിൽ പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ തീർച്ചയായും തിരിച്ചറിയൽ പഠനങ്ങൾ നടത്തണമല്ലോ. അതിൽ ദന്തഘടന, ത്വക്ക്, രക്തം, കോശം, മുടി എന്നിവയുടെ സാമ്പ്ൾ, ഫോട്ടോ, എക്‌സ്റേ തുടങ്ങി നിരവധി ശരീരദ്രവ്യങ്ങളും, വസ്ത്രം, ചെരിപ്പ്, കണ്ണട തുടങ്ങിയ വ്യക്തിഗത വസ്തുക്കളും ശേഖരിക്കൽ പരമപ്രധാനമാണ്. കാരണം, ഒരാളുടെ മരണവും തിരോധാനവും നിസ്സാരമായി തള്ളിക്കളയേണ്ടതല്ല. മേൽ സംഭവത്തിൽ രക്തസാമ്പിളുകൾ ഉണ്ടെങ്കിലും അതുമായി നടപടികൾ നടന്നില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. മറ്റു സാമ്പിളുകൾക്ക് എന്തുസംഭവിച്ചു എന്നറിയില്ല.
അജ്ഞാത മൃതദേഹം തിരിച്ചറിയാനെത്തിയവരിൽ ഡിസംബർ മാസത്തിൽതന്നെ ഡി.എൻ.എ പരിശോധന നടത്തിയിരുന്നെങ്കിൽ സ്ഥിതി വേറൊന്നാകുമായിരുന്നല്ലോ. അപ്പോൾ മൃതദേഹം ആരുടേതാണെന്ന അന്വേഷണം മാസങ്ങൾക്കുമുമ്പേ നടക്കുമായിരുന്നു. മരിച്ചയാൾ മറ്റൊരു ഇന്ത്യൻ പൗരനാണ്; അയാളുടെ തിരിച്ചറിയലും അതിനാൽ പ്രധാനമാണ്. ജീവിച്ചിരിക്കുന്ന ഇന്ത്യൻ പൗരന്മാരെ നിർവചിക്കാനും കണ്ടെത്താനും ശ്രമം നടക്കുമ്പോൾ മരിച്ചവരുടെ കാര്യത്തിൽ വളരെ ഉദാസീനമായാണ് കാര്യങ്ങൾ നീങ്ങുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിെൻറ കണക്കുകൾ നോക്കാം.
രാജു വാഴക്കാല എന്ന മനുഷ്യാവകാശ പ്രവർത്തകൻ വിവരാവകാശനിയമമനുസരിച്ച് എറണാകുളം ജനറൽ ആശുപത്രിയിലെ കണക്കുകൾ തേടി. അവിടെ 2012-2018 കാലയളവിൽ തിരിച്ചറിയാത്ത 395 മൃതദേഹങ്ങൾ എത്തി. ഇവയിൽ സാധാരണ മരണങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളും ഉണ്ടാകുമല്ലോ. തിരിച്ചറിയൽ മാത്രമല്ല പ്രശ്‌നം, അന്വേഷണവിധേയമാകാത്ത ക്രൈമുകളും ധാരാളമായിരിക്കും. കൊലപാതകം നടത്തിയവർ രക്ഷപ്പെടുകയും അടുത്ത കൊല നടത്താനുള്ള ആത്മവിശ്വാസം നേടുകയും ചെയ്യും. കൊച്ചി, എറണാകുളം, ആലപ്പുഴ പ്രദേശങ്ങൾ പുഴകളും കായലുകളുംകൊണ്ട് നിബിഡമായതിനാൽ ഒരുവേള കൂടുതൽ അജ്ഞാത മൃതദേഹങ്ങൾ എത്തിപ്പെടുന്നുണ്ടാകാം. അങ്ങനെ നോക്കിയാൽ കേരളത്തിൽ പ്രതിവർഷം 400 മുതൽ 500 വരെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ പ്രതീക്ഷിക്കാം. തിരിച്ചറിയപ്പെടാതെ ഇത്രയും പേർ അന്തര്‍ധാനം ചെയ്യുന്നത് ഭാരിച്ച നഷ്ടംതന്നെ. പൗരാവകാശ നിഷേധം, ജീവിക്കാനുള്ള അവകാശം നിഷേധിക്കൽ എന്നിവ മാത്രമല്ല, സ്വതന്ത്ര രാജ്യത്തെ പൗരത്വത്തിൽനിന്നുപോലും പുറന്തള്ളുന്നതിെൻറ പ്രതീതിയുണ്ടാക്കുന്നു.
തിരിച്ചറിയാനാകാത്ത മനുഷ്യാവശിഷ്ടങ്ങൾ ഏതു രാജ്യത്തുമുണ്ടാകാം; അന്വേഷിച്ച് കുരുക്കുകൾ അഴിക്കാൻ പ്രയാസമുള്ള വിഷയവുമാണ്. എന്നാൽ, ഇതിനൊരു സംവിധാനമുണ്ടാകണം. അതിൽ പങ്കാളികളാകുന്നവർ സംവിധാനം കാര്യക്ഷമമാണെന്ന് ഉറപ്പാക്കണം. തിരിച്ചറിയലിലൂടെ പൗരത്വം നിജപ്പെടുത്താൻ ശ്രമിക്കുന്ന നമ്മൾ മരിച്ചവരുടെ തിരിച്ചറിയൽ അസാധ്യമെന്നു പറയുന്നതിൽ യുക്തിഭദ്രതയില്ല. കുറെപ്പേരെ കണ്ടെത്താനാകില്ല എന്ന് സമ്മതിച്ചാൽപോലും.
ഫോറൻസിക് വിദഗ്ധയായ ജോഡീ വാർഡ് മനുഷ്യാവശിഷ്ടങ്ങൾ പരിശോധിച്ച് ശാസ്ത്രീയമായി തിരിച്ചറിയൽ നടത്തുന്നു. വിരലടയാളം, ദന്തഘടന, ഡി.എൻ.എ പഠനം എന്നിവതന്നെ മുഖ്യമായ അന്വേഷണ രീതികൾ. എന്നാൽ, എക്സ്റേകളിലെ സൈനസുകളുടെ സൂക്ഷ്‌മവ്യതിയാനങ്ങൾ, സി.ടി സ്കാനുകൾ നിരീക്ഷിക്കൽ, അസ്ഥികളുടെ സവിശേഷതകൾ എന്നിവ ഇപ്പോൾ ഉപയോഗിച്ചുവരുന്നു. തലയോട് കിട്ടിയാൽ ഡിജിറ്റൽ ടെക്‌നോളജി ഉപയോഗിച്ച് മുഖത്തിെൻറ 3ഡി പ്രതിബിംബം സൃഷ്ടിക്കാനാകും. വികസിത രാജ്യങ്ങളിൽ പല്ല്, അസ്ഥി എന്നിവ റേഡിയോ കാർബൺ കാലനിർണയത്തിനും കെമിക്കൽ പഠനങ്ങൾക്കും വിധേയമാക്കാറുണ്ട്. ജനന, മരണ സമയങ്ങൾ മാത്രമല്ല, യാത്രകൾക്കിടയിൽ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുന്ന ചില രാസതന്മാത്രകൾ കണ്ടെത്തി ഭൂമിശാസ്ത്ര ബന്ധം സ്ഥാപിക്കാനും സാധ്യമാകാം എന്ന നിലയിലേക്ക് നാം പുരോഗമിക്കുന്നു. ഒടിഞ്ഞ അസ്ഥികൾ ശസ്ത്രക്രിയയിലൂടെ യോജിപ്പിക്കാനുപയോഗിക്കുന്ന ലോഹപ്ലേറ്റ് ചീങ്കണ്ണിയുടെ ആമാശയത്തിൽനിന്ന് കിട്ടിയപ്പോൾ അന്വേഷണം ആരംഭിക്കുന്നതിനെക്കുറിച്ച് അവർ പറയുന്നു.
ഐഡൻറിറ്റി ഗൗരവമുള്ള മനുഷ്യാവകാശംകൂടിയാണ്. അത് കണ്ടെത്താനുതകുംവിധം ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ നമ്മുടെ ഫോറൻസിക് മെഡിസിൻ, ഫോറൻസിക് സയൻസ് എന്നീ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവർ അമാന്തിച്ചുകൂടാ. വിശ്വസിക്കാവുന്നതിലും അപ്പുറത്തേക്ക് ശാസ്ത്രം വികസിക്കുന്നുണ്ട്. അതിെൻറ സാധ്യതകൾ സാധാരണക്കാരിലെത്തിക്കണം. അടുത്തകാലത്ത് അജ്ഞാത മൃതദേഹം തിരിച്ചറിയാൻ ഗൾഫിൽ നടത്തിയ ശ്രമം വ്യാപക ശ്രദ്ധ നേടി. മാർച്ച് 2021ൽ ഏതാണ്ട് പൂർണമായി അഴുകിയ മൃതദേഹം ദുബൈ കടൽത്തീരത്ത് വന്നടിഞ്ഞു. ശരീരഘടനയോ വിരലടയാളമോ കിട്ടാനില്ലായിരുന്നു. രാജ്യത്ത് സൂക്ഷിച്ചിരുന്ന ഡി.എൻ.എ ലൈബ്രറിയുമായി ഒത്തുചേരുന്നതായിരുന്നില്ല പരേതെൻറ ജനിതകഘടന. എങ്കിലും സൂക്ഷ്മപഠനങ്ങൾക്കുശേഷം കുറെ കാര്യങ്ങൾ പുറത്തുവന്നു. തൊലിയുടെ നിറം ബ്രൗൺ ആണെന്നും അത് ഏഷ്യൻ അഥവാ ഗൾഫ് സമാനമാണെന്നും മനസ്സിലായി. പ്രായം 35-45നിടയിലും, മൂന്നു സെൻറിമീറ്റർ മുടിനീളവുമുള്ള പുരുഷനാണെന്നും കണ്ടെത്തി. 3ഡി ടെക്‌നോളജി ഉപയോഗിച്ച് പരേതെൻറ മുഖം പുനഃസൃഷ്ടിച്ചു. ഇതോടെ ആളെ കണ്ടെത്താമെന്ന വിശ്വാസം വർധിക്കുന്നു. ദുബൈയിൽ 2007 മുതൽ മൃതദേഹങ്ങളിൽ വിദഗ്‌ധപഠനങ്ങൾ നടത്തി. നമ്മുടെ പോസ്റ്റ്മോർട്ടം പഠനങ്ങൾ അതിവേഗം ഈ നിലയിലെത്തണം; ഇക്കാര്യത്തിൽ മറ്റു ഫോറൻസിക് ശാസ്ത്രങ്ങളുടെ സംഭാവനയും അനിവാര്യമാണ്.
ജീവിച്ചിരിക്കുന്നവരുടെ പൗരത്വം തർക്കവിഷയമാകുന്ന ഇക്കാലത്ത്, മരിച്ചവരുടെ പൗരാവകാശത്തിന് ആർക്കാണ് ഉത്തരവാദിത്തം എന്നതും ഗൗരവമർഹിക്കുന്ന ചോദ്യമാണ്. അജ്ഞാത മൃതദേഹങ്ങളും തെറ്റായ തിരിച്ചറിയലും പൊതുജനാരോഗ്യം, പൗരാവകാശം എന്നിവയുമായി ചേർന്നുനിൽക്കുന്ന പ്രശ്നമായി കാണേണ്ടതാണ്. മറ്റു രാജ്യങ്ങൾ പൗരാവകാശം, തിരിച്ചറിയൽ, കുറ്റാന്വേഷണം എന്നീ മേഖലകളിൽ വൻകുതിപ്പുകൾ നടത്തുമ്പോൾ നാം പിന്നാക്കംപോകുന്നതും നന്നല്ല. അടിസ്ഥാന തലത്തിലെ കണ്ടെത്തലുകൾ പോരാ, കൂടുതൽ ശാസ്ത്രീയവും ശാസ്ത്രനിബദ്ധവുമായ സിസ്റ്റം ഇനിയും വാർത്തെടുക്കാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.