കോവിഡ് കാലം ഒരുകാര്യം ഉറപ്പിച്ച് ബോധ്യപ്പെടുത്തുന്നു, ശക്തമായ പൊതുജനാരോഗ്യ പ്രസ്ഥാനം ഉണ്ടെങ്കിലേ വലിയ പകർച്ചവ്യാധികൾ നിയന്ത്രിക്കാനാകൂ. പൊതുവെ മൃഗങ്ങളിൽ കാണപ്പെടുന്ന കൊറോണ വൈറസുകളിൽ ഇതുവരെ മനുഷ്യനെ ബാധിച്ചത് ഏഴെണ്ണമാണ്. ഈ നൂറ്റാണ്ടിൽ സാർസ്, മെർസ്, കോവിഡ് 19 എന്നീ വൻ ദുരന്തങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. അടുത്ത വൈറസും കാണാമറയത്തുണ്ടെന്ന ചിന്തയോടെവേണം ആസൂത്രണത്തിൽ ആവശ്യമാകുന്നു.
ഈ പശ്ചാത്തലത്തിൽ അധികാരമേറ്റ പുതിയ മന്ത്രിസഭ അടുത്ത അഞ്ചു വർഷം നമ്മുടെ ആരോഗ്യമേഖലയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചർച്ചയാവേണ്ടതുണ്ട്. രണ്ടു രേഖകൾ ഇതിനായി പരിഗണിക്കാം. ഒന്ന്, 2020 ഡിസംബറിൽ പുറത്തുവന്ന സുപ്രീംകോടതി വിധി. രണ്ട്, 2018ൽ ഉണ്ടായ അസ്താന പ്രഖ്യാപനം. രണ്ടും വ്യത്യസ്ത രീതിയിൽ പൊതുജനാരോഗ്യവും ജനാധിപത്യാവകാശവും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ ശ്രദ്ധേയമാണ്.
കോവിഡ് പശ്ചാത്തലത്തിൽ ചികിത്സാലഭ്യതയും ചെലവും അമിതമാകുന്നു എന്ന കാരണത്താലാണ് കോടതിക്ക് മുന്നിൽ വിഷയമെത്തിയത്. ജസ്റ്റിസ് അശോക് ഭൂഷൺ നയിച്ച മൂന്നംഗ െബഞ്ച് ആരോഗ്യം എന്നാൽ രോഗനിവാരണം, ചികിത്സ എന്നതും ഉൾപ്പെടുമെന്ന് വിധിക്കുകയുണ്ടായി. സ്വകാര്യ ആശുപത്രികളിൽപോലും ചികിത്സാചെലവ് അനിയന്ത്രിതമായി പോകാൻ അനുവദിച്ചുകൂടാ എന്ന് ആജ്ഞാപിച്ച കോടതി, ആരോഗ്യം നമ്മുടെ മൗലികാവകാശമാണെന്നും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിൽ അടങ്ങിയ ഘടകമാണെന്നും കണ്ടെത്തി. താങ്ങാവുന്ന ചികിത്സകൾ (affordable treatment) എന്തെല്ലാമെന്ന് നിർവചിക്കപ്പെട്ടിട്ടില്ലെങ്കിലും അടുത്ത വർഷങ്ങളിൽ ഇക്കാര്യത്തിലും വ്യക്തത ഉണ്ടാകും. കൂടുതൽ കോടതി നടപടികൾ പ്രതീക്ഷിക്കാവുന്ന മേഖലയാണ് ഇത്.
രണ്ട്, കസാഖ്സ്താൻ റിപ്പബ്ലിക്കിെൻറ തലസ്ഥാനമായ അസ്താനയിൽ (പുതിയ പേര് നൂർ-സുൽത്താൻ) നടന്ന ഐക്യരാഷ്ട്രസഭ വിദഗ്ധരുടെ സമ്മേളനം 2019ൽ പുറപ്പെടുവിച്ച നയരേഖയാണ് അസ്താന പ്രഖ്യാപനം. ലോകത്തെവിടെയും പ്രാഥമികാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ഒരുക്കിയ ദർശനവും ചട്ടക്കൂടുകളും ഈ രൂപരേഖയിൽ കാണാം. ഇതനുസരിച്ച് പ്രാഥമികാരോഗ്യ രംഗത്ത് പ്രതിരോധം (preventive), അഭിവൃദ്ധിദായകം (promotive), ചികിത്സ (curative), പുനരധിവാസം (rehabilitative), സാന്ത്വനം (palliative) എന്നിങ്ങനെ അഞ്ചു വ്യത്യസ്ഥവും എന്നാൽ, പരസ്പരപൂരകവുമായ വൈദ്യശാസ്ത്ര ടെക്നോളജികൾ ഉൾപ്പെടുന്നു.
ഇത് സാധ്യമാകണമെങ്കിൽ പൊതുജനാരോഗ്യ സംവിധാനം സമയപ്പട്ടിക ക്രമത്തിൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ആരോഗ്യരംഗത്തെ പ്രഫഷനലുകൾക്ക് കൂടുതൽ ഉത്തരവാദിത്തം കൈമാറുകയും അവർക്ക് അടിക്കടിയുള്ള സ്ഥലംമാറ്റം ഇല്ലാതാക്കുകയും ചെയ്യൽ സുപ്രധാനമാണ്. പൊതുജനാരോഗ്യം ആരോഗ്യവകുപ്പിൽനിന്ന് മാറ്റി സ്വതന്ത്ര വിഭാഗമാക്കുകയും അവിടെ പ്രവർത്തിക്കുന്നവർക്ക് മെച്ചപ്പെട്ട സേവന സാധ്യതകൾ ഉറപ്പാക്കുകയും ചെയ്യുന്നത് കാര്യക്ഷമത വർധിപ്പിക്കാൻ സഹായിക്കുമെന്നതിൽ സംശയം വേണ്ട.
പ്രാഥമികാരോഗ്യ സേവനങ്ങൾ കാര്യക്ഷമമാക്കാൻ അത്യാവശ്യമായി വേണ്ട പരിഷ്കാരങ്ങളിൽ ഡിജിറ്റൽ ടെക്നോളജിക്ക് വലിയ സ്ഥാനമുണ്ട്. വ്യക്തികളെയും കുടുംബങ്ങളെയും ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തിക്കഴിഞ്ഞാൽ അസ്താന പ്രോട്ടോകോൾ പ്രകാരമുള്ള അഞ്ചു ഘടകങ്ങളെയും ഉൾപ്പെടുത്താനും മോണിറ്റർ ചെയ്യാനും കഴിയും. ഇപ്പോൾ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാത്ത രണ്ടു വിഷയങ്ങളാണ് അഭിവൃദ്ധിദായകം (promotive), പുനരധിവാസം (rehabilitative) എന്നിവ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഡിജിറ്റൽ നെറ്റ്വർക്ക് വഴി ബന്ധിപ്പിച്ചുകഴിഞ്ഞാൽ സ്പെഷലിസ്റ്റ് സേവനങ്ങൾക്കായി ജില്ല ആശുപത്രി, മെഡിക്കൽ കോളജ് എന്നിവയുമായും റെഫറൽ ബന്ധങ്ങൾ സുഗമമായി സ്ഥാപിക്കാനാകും. തിരിച്ചുള്ള റഫറൽ (return referral) ജില്ല ആശുപത്രിയിൽനിന്ന് ആരോഗ്യകേന്ദ്രത്തിലേക്ക് വരും എന്നതിനാൽ രോഗിയുടെയും കുടുംബത്തിെൻറയും സമ്പൂർണ ഫയലുകൾ അവിടെ ഡിജിറ്റൽ ലോക്കറിൽ സൂക്ഷിക്കാനും തുടർചികിത്സ എളുപ്പമാകുകയും ചെയ്യും. ബ്രിട്ടനിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന എൻ.എച്ച്.എസ് മാതൃകാപഠനത്തിനായി തിരഞ്ഞെടുക്കാവുന്നതുമാണ്.
പുനരധിവാസ ചികിത്സയും സേവനങ്ങളും ഇനിയും കേരളത്തിൽ വികസിച്ചുവന്നിട്ടില്ല എന്ന് കരുതണം. കോവിഡ് രണ്ടാം തരംഗം കഴിയുമ്പോൾ റീഹാബിലിറ്റേഷൻ ചികിത്സ ആവശ്യമുള്ള ധാരാളം പേരുണ്ടാകും. അവരുടെ ആരോഗ്യപ്രശ്നങ്ങൾ പഠിച്ച് ആസൂത്രിതമായ ചികിത്സാപദ്ധതി നിർണയിക്കാനും പുനരധിവാസ ചികിത്സാ സംവിധാനങ്ങൾ അത്യാവശ്യമാണ്. ഇന്നത്തെ നിലയിൽ ജില്ല ആശുപത്രികളിൽ മാത്രമായി ചുരുങ്ങിയിരിക്കുന്ന സ്പെഷാലിറ്റി സേവനം അസ്താന പ്രഖ്യാപനം നിർദേശിക്കുംപോലെ വികസിപ്പിക്കാൻ ശ്രമം തുടങ്ങുമെന്നും ആരോഗ്യപ്രവർത്തകർ പ്രതീക്ഷിക്കുന്നുണ്ടാകാം.
ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും വസിക്കുന്ന വലിയൊരു ഡിസബിലിറ്റി സമൂഹം നമുക്കുണ്ട്. അവർക്കാവശ്യമുള്ള സഹായോപകരണങ്ങൾ, ആരോഗ്യസേവനം, പ്രാപ്യത, സാമൂഹിക പ്രതിബന്ധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഫലപ്രദമായി ഇടപെടാനും പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുമായി ആശയവിനിമയം നടത്താനും പുനരധിവാസ ചികിത്സാസേവനം അത്യന്താപേക്ഷിതവുമാണ്. നിലവിലുള്ള ഡിസബിലിറ്റി നിയമങ്ങൾ സമൂഹത്തിലെ ഘടനാപരമായ പ്രതിബന്ധങ്ങൾ മാറ്റി ഏവർക്കും പ്രാപ്യതയുള്ള നിർമാണങ്ങളും കെട്ടിടങ്ങളും വേണമെന്ന് നിഷ്കർഷിക്കുന്നു. ഘട്ടം ഘട്ടമായെങ്കിലും വലിയ മുന്നേറ്റം നടക്കേണ്ട മേഖലയാണിത്.
കോവിഡാനന്തര കാലത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് ആരോഗ്യമേഖലയിൽ പ്രതീക്ഷിക്കുന്നത്. മിക്കവാറും എല്ലാ മെഡിക്കൽ സ്പെഷാലിറ്റികളിലും അടുത്ത 10 വർഷത്തിനുള്ളിൽ റോബോട്ടിക്സ്, നിർമിത ബുദ്ധി എന്നിവ കടന്നുകയറും.
നമ്മുടെ മെഡിക്കൽ കോളജുകളെങ്കിലും അതിനുതകുന്ന രീതിയിലെത്തിക്കാനുള്ള നിക്ഷേപങ്ങൾ ഇപ്പോൾ മുതൽ നടത്തേണ്ടതല്ലേ? വൈദ്യശാസ്ത്ര വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങൾ എന്നനിലയിൽ ശാസ്ത്രവികസനത്തിെൻറ മുൻനിരയിൽ സർക്കാർ കോളജുകൾ എത്തേണ്ടതാണ് കാലത്തിെൻറ ആവശ്യം. അത്യാധുനിക ടെക്നോളജി പണച്ചെലവുള്ള കാര്യമാണ്; എന്നാൽ, ആദ്യഘട്ടത്തിലെ ചെലവുകഴിഞ്ഞാൽ തുടർചെലവുകൾ പരിമിതപ്പെടുത്താനാകും എന്ന് കരുതാം.
കോവിഡാനന്തര കാലത്ത് മെഡിക്കൽ കോളജുകളിൽ അധ്യാപനം, ഗവേഷണം, നൈപുണ്യ വികസനം എന്നിവയിൽ ഊന്നിയ മാറ്റങ്ങൾക്ക് പ്രാമുഖ്യം നൽകിയാൽ അത് ഭാവിയിലേക്കുള്ള വലിയ നിക്ഷേപമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.