ഏറ്റവും അടിസ്ഥാനമായ ആരോഗ്യപ്രശ്നം ഭക്ഷണമില്ലായ്മ തന്നെ. അതൊരു ആരോഗ്യപ്രശ്നമായി മാത്രം കാണാനുമാവില്ല. വികസനം, സംസ്കാരം, യുദ്ധം, സംഘർഷം, രാഷ്ട്രീയം എന്നിങ്ങനെ നിരവധി ജീവിതാവസ്ഥകളുമായി കെട്ടുപിണഞ്ഞിരിക്കുകയാണ് പട്ടിണിയും വിശപ്പും. ഇതെഴുതുമ്പോൾ 2020ൽ മാത്രം 77,25,000 പേർ പട്ടിണിയും വിശപ്പും മൂലം മരിച്ചുകഴിഞ്ഞു. ഈവർഷം അവസാനിക്കുമ്പോൾ മരണസംഖ്യ 80 ലക്ഷമായാൽ അതിശയിക്കാനില്ല. ഇന്നത്തെ കണക്കുകളനുസരിച്ച്എയ്ഡ്സ്, ക്ഷയം, മലേറിയ എന്നീ രോഗങ്ങൾ മൂലം ആകെ മരണപ്പെടുന്നതു പോലും പട്ടിണിമരണത്തെക്കാൾ ചുരുങ്ങും. രോഗങ്ങളുമായി മറ്റൊരു വ്യത്യാസം കൂടി നാം പരിഗണിക്കേണ്ടതാണ്; ശൈശവത്തിൽ പട്ടിണിയും വിശപ്പും അനുഭവപ്പെടുന്നവരിൽ കാണുന്ന വളർച്ചമുരടിപ്പ്, ചില ദീർഘകാല രോഗങ്ങൾ എന്നിവ പിന്നീട് മാറ്റാവുന്നതല്ല. അവ ജീവിതത്തിെൻറ ഭാഗമായി പരിണമിക്കുന്നു.
1990ൽ 101.1 കോടി ജനങ്ങളെ പട്ടിണിബാധിച്ചിരുന്നു. അക്കാലത്തെ പ്രവർത്തനഫലമായി 2015 ൽ അത് 78.4 കോടിയായി ചുരുങ്ങി. എന്നാൽ അതിനുശേഷം പട്ടിണിബാധ വർധിച്ചുകൊണ്ടിരിക്കുന്നു. 2018 ൽ അത് 82.2 കോടിയായി, ഇക്കൊല്ലം അത് നൂറുകോടിയായാൽ അതിശയിക്കാനില്ല. ഉദ്ദേശം 11 ശതമാനം പേർക്ക് ഭക്ഷണത്തിെൻറയും പോഷകങ്ങളുടെയും കുറവുണ്ട്. അതായത്, വിശപ്പും പട്ടിണിയും അനുഭവിക്കുന്നവർ നമ്മുടെ കണ്മുന്നിൽ തന്നെയുണ്ട് എന്നർഥം. ഈ നൂറ്റാണ്ടിലും ഏറ്റവും തീഷ്ണമായ പൊതുജനാരോഗ്യപ്രശ്നമായി പട്ടിണിയും വിശപ്പും തുടരുന്നു. ഇത്രയധികം പേരെ ബാധിക്കുന്ന പ്രശ്നം നിലനിൽക്കുമ്പോൾ തന്നെ 111 കോടി ടൺ ഭക്ഷ്യവസ്തുക്കൾ പാഴാകുകയോ മാലിന്യവത്കരിക്കുകയോ ചെയ്യുന്നത് കാര്യമാക്കുന്നുമില്ല.
ഗൗരവതരമായ പൊതുജനാരോഗ്യപ്രശ്നമാണെങ്കിലും വിശപ്പും പട്ടിണിയും ദാരിദ്ര്യവും പരിഹരിക്കുന്നതിന് എളുപ്പമാർഗങ്ങളില്ല. ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ലോക ഭക്ഷ്യപദ്ധതി പട്ടിണിയും വിശപ്പും മാറ്റുകയെന്ന ദൗത്യത്തിൽ ശ്രദ്ധ ചെലുത്തുന്നു. രാജ്യങ്ങൾ, സ്വകാര്യദാതാക്കൾ, കോർപറേഷനുകൾ എന്നിവയുടെ സംഭാവനയാണ് പദ്ധതിയുടെ ധനസ്രോതസ്സ്. കഴിഞ്ഞ വർഷം ലഭിച്ച സംഭാവന മികച്ചതായിരുന്നു; ഉദ്ദേശം 800 കോടി അമേരിക്കൻ ഡോളർ. എന്നാൽ, വർധിച്ചുവരുന്ന ഡിമാൻഡ് നേരിടാൻ 400 കോടി ഡോളർ കൂടി വേണമെന്നാണ് അവർ സൂചിപ്പിക്കുന്നത്. പട്ടിണിയും വിശപ്പും മാറ്റുന്നതിൽ സങ്കീർണമായ സാമ്പത്തിക സൂത്രവാക്യങ്ങളുണ്ട് എന്നുവ്യക്തം. അടിയന്തര ഘട്ടങ്ങളിൽ സർക്കാറുകളുമായി ചേർന്ന് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള നടപടികളിൽ പദ്ധതി വ്യാപൃതമാണ്. എന്നാൽ, മറ്റു പ്രവർത്തനങ്ങളാണ് കൂടുതൽ ശ്രദ്ധേയം. ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലെ 20 രാജ്യങ്ങളിൽ കർഷകരുമായി നേരിട്ട് പങ്കാളിത്തം ഉറപ്പാക്കുന്നു. ചെറുകിട കർഷകരെ കേന്ദ്രീകരിച്ചാണ് ഇത്തരം പദ്ധതികൾ നിലനിൽക്കുന്നത്. ഇതുവഴി മെച്ചപ്പെട്ട ഉൽപാദനം, വിളവ് സംരക്ഷിക്കൽ, വിപണി, കടം നൽകൽ എന്നിങ്ങനെ കൃഷിയുടെ പ്രധാനഘട്ടങ്ങളിൽ ഉദാരവും ഗുണമേന്മയുമുള്ള ഇടപെടലുകളാണ് ഭക്ഷ്യപദ്ധതി ലക്ഷ്യമിടുന്നത്.
വിശപ്പിെൻറയും പട്ടിണിയുടെയും കാര്യത്തിൽ ഇന്ത്യ ഇപ്പോഴും വളരെ പിന്നിലാണ്. ഭക്ഷ്യോൽപാദനം ഇല്ലാഞ്ഞിട്ടല്ല, അഭികാമ്യമായ രീതിയിൽ വിതരണം നടക്കാത്തതിനാലാണ് ഈ അവസ്ഥ. മൊത്തത്തിൽ ഉൽപാദനം ഏറക്കുറെ പര്യാപ്തമാണെന്നു പറയാം. എന്നാൽ, ഏറ്റവും താഴെത്തട്ടിൽ കഴിയുന്നവർക്ക് ഭക്ഷണം ലഭിക്കുന്നില്ല, അവർക്ക് അതിലേക്കുള്ള പ്രാപ്യത ഇല്ലാതായതിനാലാണ് അങ്ങനെ. ആൻഡ്രിയ ടോർത്താജഡ, സിസിലിയ ടോർത്താജഡ (ജൂലൈ 2020) എന്നിവർ ചേർന്ന് രചിച്ച പഠനത്തിൽ ഇന്ത്യൻ അവസ്ഥ വിവരിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ഭക്ഷ്യോൽപാദനം നടന്നിട്ടുപോലും വിശപ്പിെൻറ കാര്യത്തിൽ നമ്മുടെ നില പരുങ്ങലിലാണ്. ഏറ്റവുമധികം ഭക്ഷ്യദൗർലഭ്യം നേരിടുന്ന ജനസമൂഹങ്ങളിൽ 102 ാമതാണ് നമ്മുടെ സ്ഥാനം. ഭക്ഷ്യോൽപാദനത്തിെൻറ 40 ശതമാനത്തോളം നഷ്ടപ്പെടുത്തുന്നു എന്ന് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ കൃഷി സംഘടന കണക്കുകൂട്ടിയിട്ടുണ്ട്. ഇതിൽ 20 ശതമാനം നഷ്ടം വിളവെടുപ്പിനും വിപണിക്കുമിടയിൽ സംഭവിക്കുന്നു. ഇത് ഭാരിച്ച ആഘാതമാണ് ഭക്ഷ്യ സുരക്ഷക്കുമേൽ ഏൽപിക്കുന്നത്. മെച്ചപ്പെട്ടതും ഫലപ്രദവുമായ സപ്ലൈ ചെയ്നുകളുടെ അഭാവമാണ് ഇതിനുകാരണം.
കോവിഡ് രോഗവ്യാപനം നമ്മുടെ ഭക്ഷ്യസുരക്ഷയുടെ മേൽ മറ്റു സമ്മർദങ്ങളും സൃഷ്ടിക്കുന്നുണ്ട്. രാജ്യമെമ്പാടുമുള്ള ലോക്ഡൗൺ നിലവിലുള്ള സപ്ലൈ ചെയ്നുകളെ നിർജീവമാക്കി. കർഷകർക്ക് ഭാരിച്ച നഷ്ടമുണ്ടായി; വിൽക്കാനാവാത്ത വിളവ് കേടുവന്നു. വ്യാജവാർത്തകളും തെറ്റായ അവകാശവാദങ്ങളും സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകവഴി മഹാരാഷ്ട്രക്കുണ്ടായ നഷ്ടം ഏകദേശം 300 കോടി ഡോളർവരെയാകാമെന്ന് പറയുന്നു. ഒന്നരക്കോടിയോളം പേർ ഭക്ഷണം ലഭിക്കാനായി ക്യാമ്പുകളിൽ അഭയം തേടേണ്ടിവന്നു.
വിശപ്പളക്കാൻ പ്രധാനമായും നാലു സൂചകങ്ങളാണ് ഉപയോഗിക്കുക. വേണ്ടത്ര ഊർജം ഭക്ഷിക്കാനില്ലാത്തവർ എത്ര, അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ പൊക്കത്തിന് ആനുപാതികമായി ശരീരഭാരമില്ലാത്തവർ എത്ര, പ്രായത്തിനൊത്ത പൊക്കമില്ലാത്ത കുട്ടികളെത്ര, കുട്ടികളുടെ മരണനിരക്കെത്ര എന്നിവയാണ് കണക്കിലെടുക്കുന്ന ഇൻഡെക്സുകൾ. അഞ്ചു ഖണ്ഡങ്ങളായി വിഭജിച്ചിട്ടുള്ള സ്കെയിലിൽ ഗൗരവമുള്ള പ്രശ്നം ഇന്ത്യയിൽ നിലനിൽക്കുന്നതായി 2020 ലെ കണക്കുകൾ സൂചിപ്പിക്കുന്നു.
ലോകഭക്ഷ്യപദ്ധതി ഇന്ത്യയിലും പ്രവർത്തിക്കുന്നുണ്ട്. ഭക്ഷണം എത്തിക്കൽ എന്ന പ്രവർത്തനത്തിൽനിന്നും മാറി, കേന്ദ്രസർക്കാറിന് സാങ്കേതികസഹായം, പ്രാപ്തി പുഷ്ടിപ്പെടുത്തൽ എന്നിവ നൽകുന്നതിലേക്കായി ശ്രദ്ധ. ഭക്ഷ്യവസ്തുക്കൾ ലക്ഷ്യസ്ഥാനത്തെത്തിക്കാനും അതുവഴി സുരക്ഷ ഉറപ്പിക്കാനുമുള്ള പ്രവർത്തനങ്ങളും ശ്രദ്ധയാകർഷിക്കുന്നു. ഭക്ഷ്യ, പോഷകാഹാര സുരക്ഷ, ആദ്യത്തെ ആയിരം നാളുകളിലെ പോഷകാഹാരം ഉറപ്പാക്കൽ, പെൺകുട്ടികൾ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ, മുതിർന്നവർ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങൾ നിരീക്ഷണത്തിൽപെടും. ലോക ഭക്ഷ്യപദ്ധതി 1963 മുതൽ ഇന്ത്യയിൽ പ്രവർത്തനങ്ങൾ നടത്തുന്നു.
വിശപ്പും പോഷകാഹാരക്കുറവും ആരോഗ്യപ്രശ്നം മാത്രമായല്ല, വളർച്ചാ മുരടിപ്പും ശാരീരിക പരിമിതികളും ദുർബലമായ സമൂഹത്തെ സൃഷ്ടിക്കുന്ന വികസനപ്രശ്നം കൂടിയാണ്. ഈ പശ്ചാത്തലത്തിൽ ലോക ഭക്ഷ്യപദ്ധതിക്ക് രാജ്യങ്ങളിൽ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിൽ ഗണ്യമായ പങ്കുണ്ട്. അതിനാൽ , 2020 ലെ സമാധാന നൊേബൽ സമ്മാനം ലോക ഭക്ഷ്യപദ്ധതിക്ക് ലഭിച്ചതിൽ പ്രത്യേക പ്രസക്തി കാണണം. അതിെൻറ എക്സിക്യൂട്ടിവ് ഡയറക്ടർ ഡേവിഡ് ബീസ്ലി സമ്മാനം ലഭിച്ച വാർത്തയോട് പ്രതികരിച്ചത് ഇപ്രകാരമാണ്: 'നമ്മുടെ അയൽക്കാരെ നമുക്ക് മറക്കാതിരിക്കാം. മറ്റുള്ളവരോട് അനുതാപപൂർവം പെരുമാറുന്നതുപോലും എന്ത് മാറ്റമുണ്ടാക്കുന്നു എന്നു കാണുന്നത് നമ്മെ അത്ഭുതപ്പെടുത്തും'. ലോകത്ത് ഇന്നുള്ള സമ്പത്തും ടെക്നോളജിയും സത്യത്തിൽ ലോകത്തിെൻറ വിശപ്പകറ്റാൻ പറ്റും വിധം ശക്തമാണ്. എന്നിട്ടും വിശപ്പിെൻറ തോത് അമിതമായി വർധിക്കുന്നത് ലോക മനഃസാക്ഷിക്കു തന്നെയൊരു വെല്ലുവിളിയായി കാണണം എന്നും ബീസ്ലി അഭിപ്രായപ്പെടുന്നു.
ആരോഗ്യത്തിെൻറ മാത്രമല്ല, ലോകസമാധാനത്തിെൻറയും അടിസ്ഥാനശില ഭക്ഷ്യസുരക്ഷതന്നെയാണ്. സംഘർഷ ഭരിതമായ പ്രദേശങ്ങളിൽ ഭക്ഷണമെത്തിക്കൽ വലിയപ്രശ്നം തന്നെയായി തുടരുന്നു. ആയുധങ്ങൾക്കും സംഘർഷ സന്നാഹങ്ങൾക്കും ചെലവാക്കുന്ന പണം ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിൽനിന്ന് പിൻവലിച്ചുകൊണ്ടാണെന്ന കാര്യവും മറക്കാവുന്നതല്ല. ഇക്കൊല്ലത്തെ സമാധാനത്തിനുള്ള നൊബേൽ പുതിയ ജീവിതസംസ്കാരത്തിന് തുടക്കമാകുമെന്നു കരുതാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.