മികച്ച രീതിയിൽ വാക്സിൻ നൽകാൻ സാധിച്ച രാജ്യങ്ങൾ കോവിഡ് നിയന്ത്രണത്തിെൻറ പാതയിലാണ്. പലരാജ്യങ്ങളും 12 വയസ്സിനുമേൽപ്രായമുള്ള കുട്ടികൾക്കുകൂടി വാക്സിൻ ലഭ്യമാക്കി പ്രതിരോധവലയം ശക്തിപ്പെടുത്തി.അവിടെ സർക്കാറുകൾ ലോക്ഡൗണിൽ അയവുവരുത്തുന്നതിനെകുറിച്ച് ആലോചിച്ചു തുടങ്ങി. എന്നാൽ, മറ്റുപ്രദേശങ്ങളിൽ ഇതല്ലസ്ഥിതി. പ്രത്യേകിച്ചും പല ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ വ്യാപനം ശക്തമാണ്. ഇന്ത്യയിലാവട്ടെ പല സംസ്ഥാനങ്ങളിലും നിയന്ത്രണം നിലനിൽക്കുന്നു. കേരളത്തിൽ പ്രഖ്യാപിച്ച രണ്ടാം ലോക്ഡൗൺ ഇളവുകളോടെ തുടരുകയാണ്. ബംഗാൾ അടുത്ത മാസം പകുതി വരെ നിയന്ത്രണങ്ങൾ ദീർഘിപ്പിച്ചു.
പോസിറ്റിവിറ്റി നിരക്കിൽ കുറവ് കണ്ടുതുടങ്ങിയെങ്കിലും നാം സുരക്ഷിതരല്ലെന്നും മൂന്നാമതൊരു തരംഗം അടുത്തുതന്നെ ഉണ്ടാകാമെന്നും പൊതുധാരണയുണ്ട്. ആശങ്ക പരത്തിക്കൊണ്ട് ഡെൽറ്റ വേരിയൻറിെൻറ സാന്നിധ്യം കേരളത്തിലുൾപ്പെടെ റിപ്പോർട്ട് ചെയ്തു. രണ്ടാംതരംഗം ആദ്യഘട്ടത്തെക്കാൾ ശക്തമായിരുന്നു. കൂടുതൽ വ്യാപനശേഷിയുള്ള വേരിയൻറുകൾ ശക്തമായിരുന്നു. കൂടുതൽ പേരെ രോഗം ബാധിക്കുകയും കൂടുതൽ മരണങ്ങൾ സംഭവിക്കുകയും ചെയ്ത കാലമാണിത്. അടുത്തഘട്ടത്തിലും സമാനസാഹചര്യങ്ങൾ ഉണ്ടാകാനാണ്സാധ്യത.
ബ്രിട്ടനിൽ കണ്ടെത്തിയ അൽഫ വൈറസിനേക്കാൾ പ്രഹരശേഷിയുമുണ്ട് ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വേരിയൻറിന്. ഡെൽറ്റ വൈറസ് മെച്ചപ്പെട്ട ഇമ്യൂൺ എസ്കേപ് കഴിവാർജിച്ചിട്ടുണ്ട്. പൂർണമായി വാക്സിൻ ലഭിച്ചവരിലും രോഗബാധയുണ്ടാകാനുള്ള സാധ്യതയും പ്രകടമാണ്. ബ്രേക്ത്രൂ രോഗബാധ എന്നറിയപ്പെടുന്ന ഇത്തരം വ്യാപനം തികച്ചും വിരളമല്ലെന്നതും ആശങ്കജനകമാണ്.
ചിലി എന്ന ലാറ്റിനമേരിക്കൻ രാജ്യം കഴിഞ്ഞ ഏതാനും ആഴ്ചകളിൽ രോഗവർധന റിപ്പോർട്ട് ചെയ്തു. അവിടെ കൂടുതലും സിനോഫാം വാക്സിനാണ് ഉപയോഗിച്ചിട്ടുള്ളത്. സെയ്ഷെൽ, മംഗോളിയ എന്നിവിടങ്ങളിലും സ്ഥിതിവ്യത്യസ്തമല്ല. സിനോഫാം വാക്സിൻ മോശമെന്നല്ല, മറ്റ് mRNA വാക്സിന് തുല്യമായ പ്രതിരോധശേഷിയില്ലെന്നുമാത്രം. പ്രത്യേകിച്ചും രണ്ടാംതരംഗത്തിൽ പ്രഹരശേഷി വർധിച്ച വേരിയൻറുകൾ വ്യാപിക്കാൻ തുടങ്ങിയപ്പോൾ. ചിലിയുടെ കാര്യത്തിൽ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്ന മറ്റൊരുഘടകം, നിയന്ത്രണങ്ങൾ അഴിക്കുന്നതിെൻറ ലോജിക് ആണ്. വാക്സിൻവിതരണം 50 ശതമാനം കഴിഞ്ഞപ്പോൾതന്നെ സാമൂഹിക ഇടപെടലുകളും ഒത്തുചേരലും അനുവദിക്കുകയും മാസ്ക് ഉപയോഗം ഉദാരമാക്കുകയുംചെയ്തു. ഇതു വേണ്ടത്ര അവധാനതയില്ലാത്ത തീരുമാനമായിപ്പോയെന്ന് പിന്നീടാണറിയുന്നത്.
മൂന്നാംതരംഗം പ്രതിരോധിക്കുന്ന കാര്യങ്ങൾ ആലോചിക്കുമ്പോൾ വാക്സിനേഷൻ പ്രധാനകാരണമാകുന്നു. പുതിയ വേരിയൻറുകൾ പ്രത്യക്ഷപ്പെട്ടാൽ വ്യാപനം ശക്തമാകും; അപ്പോൾ വാക്സിൻ ഫലപ്രാപ്തി ചർച്ചാവിഷയമാകും. നിലവിലുള്ള അറിവുകൾവെച്ച് ഇത്രയും ഉറപ്പിക്കാം. ഇന്ത്യയിൽ വാക്സിൻവിതരണം ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. അതിനാൽ, വലിയൊരു വിഭാഗം ആരോഗ്യപ്രവർത്തകർ വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. അവർ തുടർന്നും കോവിഡ് രോഗപരിചരണത്തിൽ വ്യാപൃതരായതിനാൽ അവർക്കെത്ര രോഗ സാധ്യതയുണ്ടെന്ന കണക്ക് വാക്സിൻ ഫലപ്രാപ്തിയുടെ സൂചനയാണ്. രണ്ടു കോവിഷീൽഡ് വാക്സിൻ ഡോസുകൾ ലഭിച്ച പതിനായിരത്തിലധികം ആരോഗ്യപ്രവർത്തകരിൽ നടത്തിയപഠനത്തിൽ വാക്സിൻ നല്ലയളവിൽ സംരക്ഷണം നൽകുന്നതായിക്കണ്ടു. ഐ.സി.യു ചികിത്സയിൽനിന്ന് 94ശതമാനം സംരക്ഷണവും ആശുപത്രി പ്രവേശനത്തിൽനിന്ന് 77ശതമാനം സംരക്ഷണവും വാക്സിനിൽനിന്ന് ലഭിക്കും. സാമൂഹികതലത്തിൽ കുറെക്കൂടി മെച്ചപ്പെട്ട സുരക്ഷ ലഭിക്കുമെന്ന് കരുതാം.
അതിന് സുഗമമായ വിതരണം ഉറപ്പാക്കുന്ന രീതിയിൽ ലഭ്യതയുറപ്പാക്കലാണ് അവശ്യംവേണ്ടത്. മേയ് മാസത്തിൽ വിതരണംചെയ്തത് 790 ലക്ഷം ഡോസുകൾ മാത്രമാണ്. ഇതത്യാവശ്യമായി ഗണ്യമായി വർധിപ്പിക്കേണ്ടിയിരിക്കുന്നു. ജൂലൈ അന്ത്യം മുതൽ 20 കോടിയിലധികം ഡോസുകൾ പ്രതിമാസം വിതരണത്തിന് തയാറാകും. അതായത്, ദിവസവും ഒരു കോടിയോളം ഡോസുകൾ വിതരണം ചെയ്യാമെന്ന നിലയെത്തും. കോവിഷീൽഡും കോവാക്സിനും ഉൽപാദനം വർധിപ്പിക്കുക വഴിയാണിത് സാധ്യമാകുന്നത്. ഇതോടൊപ്പം സ്പുട്നിക് V വാക്സിൻ ഇന്ത്യയിൽ ഉൽപാദനമാരംഭിക്കും.
പുതിയ വേരിയൻറുകൾ കണ്ടെത്തുന്നതിനുള്ള ശ്രമം കൂടുതൽ ഊർജിതപ്പെടുത്തേണ്ടത് അതിനാൽത്തന്നെ അത്യാവശ്യമാണ്. വിയറ്റ്നാമിൽ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന വൈറസിനും ആൽഫ, ഡെൽറ്റ വേരിയൻറുകളുടെ സ്വഭാവവിശേഷങ്ങൾ പ്രകടമാണ്. മുൻ വൈറസുകളേക്കാൾ വേഗത്തിൽ വ്യാപിക്കാൻ ഇതിന് കഴിയുന്നു. വായുവിൽ നിൽക്കാനും അതിനാൽ, വ്യാപനശേഷി കാര്യക്ഷമമാക്കാനുമുള്ള ശക്തി വൈറസിന് കൈവന്നിട്ടുണ്ടെന്നും കരുതപ്പെടുന്നു. അതായത്, ഈ വേരിയൻറ് ഇന്ത്യയിലെത്തിയാൽ മൂന്നാംതരംഗം ശക്തമാകാനാണിട.
മൂന്നാംതരംഗം വളരെ മൃദുവാകാനുള്ള സാധ്യതയും ചിലരെങ്കിലും തള്ളിക്കളയുന്നില്ല. ഒന്നുംരണ്ടും തരംഗങ്ങളിൽ ധാരാളം പേർക്ക് രോഗബാധയുണ്ടായതിനാലും രോഗലക്ഷണങ്ങൾ ഇല്ലാതെ രോഗംവന്നുപോയവർ തുല്യമായെങ്കിലും ഉണ്ടായിരിക്കും എന്നതിനാലും വലിയവിഭാഗം പേർ ഇതിനകം ഭാഗികമായെങ്കിലും ഇമ്യൂണിറ്റി കരസ്ഥമാക്കിയിട്ടുണ്ട്. പിന്നെ, വാക്സിൻവിതരണം ശക്തിപ്പെടുമ്പോൾ മറ്റുള്ളവരും സുരക്ഷിതരാകാം. ഇത് അസംഭവ്യമല്ലെങ്കിലും മൂന്നാംതരംഗത്തിനെതിരെ പ്രതിരോധം ആസൂത്രണം ചെയ്യുന്നതിൽനിന്ന് പിന്നാക്കം പോകാനാവില്ലല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.