കോവിഡ് വ്യാപനത്തി​െൻറ പ്രച്ഛന്ന വഴികൾ

കോവിഡ് വ്യാപനത്തി​െൻറ പ്രച്ഛന്ന വഴികൾ

വളരെ വിചിത്രമായ രീതിയിലാണ് കോവിഡ് സമൂഹത്തിനുമേൽ സമ്മർദമേൽപിക്കുന്നത്. രോഗം വ്യാപിക്കുകയും അനേകം പേരെ രോഗികളാക്കുകയും ചെയ്യും എന്ന് ലളിതമായി പറഞ്ഞുപോകാനാവാത്തവിധം അതി​െൻറ സ്വാധീനം വളർന്നുകഴിഞ്ഞു. അപ്രതീക്ഷിതമായി അടുത്തകാലത്ത് വികസിച്ചുവന്ന സ്വാധീനങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണ് ഇവിടെ.

കഴിഞ്ഞ രണ്ടാഴ്ചയായി അമേരിക്കയിൽ കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞുവരുന്നു. ആഗസ്‌റ്റ് തുടക്കത്തിൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ 21 ശതമാനം കുറഞ്ഞിരിക്കുന്നു എന്നത് അടുത്ത ഒരു മാസത്തിനുള്ളിൽ നിയന്ത്രണം ഉണ്ടാകും എന്നതി​െൻറ സൂചനയായി കാണാം. കാലിഫോർണിയ സർവകലാശാലയിലെ വിദഗ്​ധ ഡോ. മോണിക്ക ഗാന്ധിയുടെ അഭിപ്രായത്തിൽ മൂന്നു ഘടകങ്ങൾ ഇതിനു കാരണമായിട്ടുണ്ട്. കോവിഡ് രോഗത്തെപ്പറ്റി ശരിയായ അറിവ് ശേഖരിക്കൽ, മാസ്‌ക് വർധിച്ച തോതിൽ ഉപയോഗിക്കൽ, മെച്ചപ്പെട്ട ഇമ്യൂണിറ്റി എന്നിവയാണ് പ്രധാനമായും പരിഗണിക്കുന്നത്. ഓരോ വ്യക്തിയും ശാസ്ത്രീയമായ അറിവുകൾ ഉൾക്കൊള്ളാൻ തയാറാകുന്നത് പകർച്ചവ്യാധി നിയന്ത്രണത്തിന് അത്യാവശ്യമാണ്. ഇതിനു തയാറാകുന്നവർക്ക് പുതുതായി ഉണ്ടാകുന്ന അറിവുകൾ മുൻവിജ്ഞാനവുമായി ചേർത്തുകാണാൻ ബുദ്ധിമുട്ടുണ്ടാവില്ല.

പുതിയ അറിവുകൾ വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ മേയിൽ, കോവിഡ് വ്യാപനത്തിന്​ അടഞ്ഞ സ്ഥലങ്ങൾ കാരണമാകുന്നു എന്ന പഠനം ഡോ. എറിൻ ബ്രോമിജ് പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ലോകാരോഗ്യ സംഘടന ജൂലൈ മാസം വെൻറിലേഷൻ, വായുസഞ്ചാരം, തുറസ്സായ ഇടങ്ങൾ എന്നിവയെക്കുറിച്ചു പറഞ്ഞു. എങ്കിലും നമ്മുടെ പൊതുധാരണ വീടിനു പുറത്തുപോകുമ്പോൾ മാത്രം മാസ്‌ക് ഉണ്ടായാൽ മതിയെന്നാണ്. ലോക്ഡൗൺ ഉദാരമാക്കുമ്പോൾ ചെറുപ്പക്കാർ സമൂഹത്തിൽ അധികമായി ഇടപെടുകയും കോവിഡ് ബാധിതരാകുകയും ചെയ്യും. അവർ വീടുകളിൽ കഴിയുന്ന മറ്റുള്ളവരിലേക്ക് വ്യാപിപ്പിക്കും. ഇക്കാര്യം 'കാപ്സ്യൂൾ കേരള' എന്ന സംഘടന പഠനവിഷയമാക്കി. തിരുവനന്തപുരം നഗരസഭയിൽ കോവിഡ് വ്യാപിച്ച ഒരു വാർഡിലാണ് പഠനം നടന്നത്. ഇവിടെ പകൽസമയം വാതിലുകളും ജനാലകളും തുറന്നിടുന്ന വീടുകളിൽ വ്യാപനം ഏറക്കുറെ നിസ്സാരമായിരുന്നു. അതായത്, കോവിഡ് ബാധിച്ചയാളിൽനിന്ന് മറ്റാരിലേക്കും വ്യാപിച്ചില്ല എന്നർഥം. അടഞ്ഞുകിടന്ന വീടുകളിൽ കുടുംബാംഗങ്ങളിൽ ഏതാണ്ടെല്ലാവരും കോവിഡ് ബാധിതരാകുകതന്നെ ചെയ്തു.

ലോക്ഡൗൺ പിൻവലിക്കുന്ന മുറക്ക്​ ഗാർഹികവ്യാപനം എന്ന പുതിയ രീതി ഗൗരവ സാന്നിധ്യമാകും. തീർച്ചയായും ഇത് നിയന്ത്രിക്കാനുള്ള പദ്ധതി ഇപ്പോൾതന്നെ ആലോചിക്കേണ്ടതാണ്. പ്രായംകൂടിയവർ, മറ്റു രോഗങ്ങൾ ഉള്ളവർ എന്നിവർ വീടകങ്ങളിൽ കഴിയുന്നതാകയാൽ ഗാർഹികവ്യാപനത്തി​െൻറ തിക്താനുഭവങ്ങൾ അവർക്കായിരിക്കും. പുറത്തിറങ്ങുമ്പോൾ മാത്രം മാസ്‌ക് എന്നതിൽ ചില മാറ്റങ്ങൾ ഗാർഹികവ്യാപനം അനിവാര്യമാക്കുന്നു.

മേയ്, ജൂൺ മാസങ്ങളിൽ യൂറോപ്പിൽ കോവിഡ് വ്യാപനം ദുർബലമായി. ഇത് പുത്തൻ ആവേശമുണർത്തി എന്നു കരുതുന്നതിൽ തെറ്റില്ല. ലോക്ഡൗണിൽ ഇളവുവരുത്തുകയും സാമൂഹികജീവിതം, യാത്ര, ടൂറിസം എന്നിവ ക്രമേണ തുറക്കപ്പെടുകയും ചെയ്തു. എന്നാൽ, ജൂലൈ മാസത്തിൽ പുതുതായി വ്യാപനമാരംഭിക്കുകയും രോഗികൾ വീണ്ടും കൂടുകയും ചെയ്തു. ഇത് കോവിഡി​െൻറ രണ്ടാം തരംഗമായി വിദഗ്​ധർ പറയുന്നു. ജനജീവിതം ഉദാരമാക്കുന്നത് നിയന്ത്രിതമായി വേണമെന്ന് പൊതുജനാരോഗ്യ വിദഗ്​ധനായ മാർട്ടിൻ മക്‌ഈ പറയുന്നു. ലോക്ഡൗണി​െൻറ എല്ലാ നിയന്ത്രണങ്ങളും പിൻവലിക്കേണ്ടത് കോവിഡ് കുറഞ്ഞുവരുമ്പോഴല്ല, ഏറ്റവും താഴത്തെ ലെവലിൽ എത്തുമ്പോഴാണ്. ഒന്നും രണ്ടും തരംഗങ്ങൾ തമ്മിൽ മറ്റൊരു വ്യത്യാസവും കാണുന്നു; ആദ്യ തരംഗത്തിൽ മുതിർന്നവരെ കൂടുതൽ ബാധിച്ചെങ്കിൽ ഇക്കുറി ചെറുപ്പക്കാരാണ് കോവിഡി​െൻറ ഇരകൾ. ഇക്കാര്യം ശ്രദ്ധാപൂർവം വിലയിരുത്തപ്പെടേണ്ടതാണ്. ചെറുപ്പക്കാർ ക്രമേണ രോഗത്തെ മുതിർന്നവരിൽ എത്തിക്കും, അപ്പോൾ മരണനിരക്ക് പെട്ടെന്നുയരും.

ഈ അനുഭവം നമുക്കും പ്രധാനപ്പെട്ട ചില വിവരങ്ങൾ നൽകുന്നു. ഇപ്പോൾ നമ്മുടെ പ്രതിദിന വർധന ഉദ്ദേശം 2000 മാത്രമാണ്; ഇത് ആശങ്കയുണ്ടാക്കുന്നത്ര വലിയ സംഖ്യയല്ല. എന്നാൽ, സാമൂഹിക ഇടപെടലുകളുമായി തിരക്കിലാകുന്ന ചെറുപ്പക്കാർ ക്രമേണ രോഗം മുതിർന്നവരിൽ എത്തിക്കും. രോഗലക്ഷണങ്ങൾ പരിമിതമായവർ പരിശോധനക്കോ ചികിത്സക്കോ എത്തിക്കൊള്ളണമെന്നില്ല. അവർ വൈറസ് വാഹകരായി വീണ്ടും വ്യാപനം നടത്താം. യുവാക്കളിൽനിന്നു മുതിർന്നവരിലേക്കുള്ള വ്യാപനത്തി​െൻറ വഴികൾ അടക്കുകയാണ് ഇനി ചിന്തിക്കേണ്ടത്.

വൈറസ് വ്യാപനത്തിലും ചില പ്രത്യേകതകൾ കണ്ടുതുടങ്ങി. ഏതാനും ആഴ്ചകൾക്കുമുമ്പാണ് കോവിഡ് വൈറസി​െൻറ പുതിയ മ്യൂട്ടേഷൻ മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിൽ കണ്ടത്. യൂറോപ്പിൽ വ്യാപിച്ചിരുന്ന ഈ പുതിയ ഇനം വൈറസ് സ്‌ട്രെയിൻ എങ്ങനെ മലേഷ്യയിൽ എത്തി എന്നത് നമ്മെ അതിശയിപ്പിക്കും. മലേഷ്യയിൽ കണ്ടെത്തിയ വൈറസ് രണ്ടിടത്തുനിന്ന് അവിടെയെത്തി. ശിവഗംഗ എന്ന തമിഴ്നാട് പട്ടണത്തിൽനിന്നാണ് ഒരു സ്‌ട്രെയിൻ കണ്ടെത്തിയത്. ഏതാനും നാളുകൾക്കുമുമ്പ് ഇതേ സ്‌ട്രെയിൻ ഇന്തോനേഷ്യയിലും കാണുകയുണ്ടായി. കൂടുതൽ വേഗത്തിൽ വ്യാപനം നടത്താൻ കെൽപുണ്ടെന്നതാണ് ഈ സ്​​​​ട്രെയിനി​െൻറ പ്രത്യേകത; മരണനിരക്ക് അൽപം കുറവായി കാണുന്നു. യൂറോപ്പിൽ ഫെബ്രുവരി മുതൽ വ്യാപിച്ചിരുന്നത് ഇപ്പോൾ അനേക രാജ്യങ്ങൾ താണ്ടി മറ്റൊരു മേഖലയിൽ എത്തിയെന്നത് ഗൗരവത്തോടെ കാണണം. നാം സമ്പർക്കത്തെ എത്രതന്നെ റൂട്ട് മാപ്പിൽ പെടുത്താൻ ശ്രമിച്ചാലും വ്യാപനത്തി​െൻറ പാതകൾ പൂർണമായി കൈയിൽ ഒതുങ്ങുന്നില്ല. വൈറസി​െൻറ വ്യാപനസാധ്യതയിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുമ്പോൾ പുതിയ മ്യൂട്ടേഷൻ ഇനിയും കണ്ടുകൂടായ്കയില്ല.

വ്യാപനത്തെക്കുറിച്ച് നാം ഏറെ പഠിച്ചുകഴിഞ്ഞു. എങ്കിലും വൈറസ് പോകുന്ന വഴികൾ നാം പൂർണമായി തിരിച്ചറിഞ്ഞെന്ന് പറയാനാവില്ല. അന്തമാൻ-നികോബാർ ദ്വീപുകൾ ഏറക്കുറെ അകന്നുകിടക്കുന്ന പ്രദേശമാണ്. അവിടെ ഇതിനകം 3000 രോഗികൾ റിപ്പോർട്ടു ചെയ്യപ്പെട്ടു. എന്നാൽ, ഏതാനും നാളുകൾക്കുമുമ്പ് അവിടത്തെ മഹാ അന്തമാനീസ് ഗോത്രത്തിലെ പത്തു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; മൂന്നു പേർ രോഗമുക്തരായി, മറ്റുള്ളവർ ചികിത്സയിലാണ്. അതിസുരക്ഷ ലഭിക്കുന്ന അഞ്ചു ഗോത്രങ്ങളിൽ ഒന്നാണ് മഹാ അന്തമാനീസ്. സ്ട്രൈറ്റ് ദ്വീപ് എന്ന ഉൾപ്രദേശത്തു താമസിച്ചുവരുന്ന നാലുപേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതാണ് ഏറെ ആശങ്ക. വൈറസ് അവിടെ എത്തുകതന്നെ ചെയ്തു എന്നത് ശ്രദ്ധയർഹിക്കുന്നു. മറ്റു ഗോത്രങ്ങളെ ശ്രദ്ധിക്കണം എന്നതു മാത്രമല്ല പ്രശ്നം. ഗോത്രവിഭാഗങ്ങളിൽപെട്ടവർ പുറംലോകത്തുള്ളവരുടെ രോഗങ്ങളുമായി പരിചിതരല്ലാത്തതിനാൽ വിദേശീയമായ രോഗങ്ങൾ അവരെ പ്രതികൂലമായി ബാധിക്കും. പത്തൊമ്പതാം നൂറ്റാണ്ടിൽ വിദേശികൾ കടന്നുകയറിയപ്പോൾ സിഫിലിസ് പോലെ രോഗങ്ങൾ അവരെ ബാധിക്കുകയും വലിയ ഭാഗം ജനങ്ങൾക്ക് ജീവഹാനിയുണ്ടാകുകയും ചെയ്തു.

ഏറ്റവും ഒഴിഞ്ഞു വസിക്കുന്ന ഗോത്രങ്ങൾക്ക് അവരുടെ ഗ്രാമത്തിൽവെച്ചുതന്നെ കോവിഡ് ബാധിക്കാമെന്നത് നാം പ്രത്യേകം ഓർക്കണം. കേരളത്തിലും അകന്നു താമസിക്കുന്നവരിലും വനാന്തർഭാഗത്തുള്ളവർക്കും കോവിഡ് വരില്ലെന്ന ധാരണക്ക്​ ഇനി പ്രസക്തിയില്ല. ടെസ്​റ്റിങ്​ വിപുലീകരിക്കലും രോഗം കണ്ടെത്തലും അത്യാവശ്യമായി തുടരുന്നു.

കോവിഡ് ചില ആഗോള ധാരണകളെ തിരുത്തിയെഴുതുന്നു. ലോകരാജ്യങ്ങളിൽ അമേരിക്കയുടെ പ്രൗഢമായ സ്ഥാനത്തിന് ഇളക്കംതട്ടി. രണ്ടാം ലോകയുദ്ധശേഷം ലോകശക്തി എന്ന നിലയിൽനിന്ന് ബ്രിട്ടൻ തകർന്നത് 1956ലെ സൂയസ് കനാൽ പ്രശ്നം മൂലമാണെന്ന് ചരിത്രകാരന്മാർ പറയുന്നു. അമേരിക്ക അത്തരം ഒരു നിമിഷത്തെ നേരിടുകയാണോ എന്ന സന്ദേഹം ഇപ്പോൾ കേൾക്കുന്നു. കോവിഡ് നിയന്ത്രിക്കാനാകാത്തതും അതിൽ എടുത്ത ദുർബലമായ നടപടികളും അമേരിക്കയുടെ ശക്തിയെയും പ്രൗഢിയെയും എ​ന്നന്നേക്കുമായി അപകടപ്പെടുത്തും. നഷ്​ടപ്പെടുന്ന മേൽക്കോയ്‌മ തിരികെ പിടിക്കാനും ചൈനയുമായുള്ള സംഘർഷത്തിൽ വിജയിക്കാനും അമേരിക്ക യത്​നിക്കുമെന്നുറപ്പ്. അതിനാൽ ഇനിവരുംകാലത്ത് കൂടുതൽ യുദ്ധസന്നാഹങ്ങളൊരുക്കാനും ആയുധനിർമാണം ശക്തിപ്പെടുത്താനും സാധ്യതയേറെയാണ്. ഇത് ചെറുതും ദുർബലവുമായ മറ്റു രാജ്യങ്ങളെ ബാധിക്കും. അവർക്ക് ലഭിക്കാനിടയുള്ള ധനസഹായം, ആരോഗ്യത്തിലും അടിസ്ഥാന സൗകര്യങ്ങളിലും നിക്ഷേപം എന്നിവ ഗണ്യമായി ചുരുങ്ങും. ഇത് കോവിഡാനന്തര ലോകത്തിൽ എന്തു സംഭവിക്കും എന്നതി​െൻറ സൂചനയായി കാണാം.

തുടർച്ചയായ കോവിഡ് നിയന്ത്രണം മാത്രമല്ല, മാറിവരുന്ന സാമൂഹിക-സാമ്പത്തിക മാറ്റങ്ങളെയും മനസ്സിലാക്കാനും പ്രതികരിക്കാനും മൂന്നാം ലോക രാജ്യങ്ങൾക്ക് സമയമായിരിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.