കോവിഡ് വ്യാപനം വർധിക്കുമ്പോൾ

ജൂലൈ മാസം കോവിഡ് രോഗബാധയിൽവന്ന വർധന, ആശങ്കയുണ്ടാക്കുന്നി​െല്ലങ്കിലും കോവിഡ്പ്രതിരോധത്തിൽ അനുവർത്തിക്കേണ്ട രീതികളെ അത് സ്വാധീനിക്കും. തുടർച്ചയായ പുനരവലോകനം എന്ന സ്ട്രാറ്റജി ഇനി വേണ്ടി വരും. സ്ഥിതിവിവരക്കണക്കുകളിൽ നിന്നു വസ്‍തുതകൾ കണ്ടെത്തിക്കഴിഞ്ഞാൽ അത് നയപരമായ മാറ്റങ്ങളിലേക്ക് തത്സമയം പരിവർത്തിതമാകണം. സുചിന്തിതമായ ആസൂത്രണത്തിന് ഇത്​ അനിവാര്യമാണ്.

രോഗബാധിതരുടെ എണ്ണത്തിൽ ഇപ്പോൾ കാണുന്ന വർധന ശരാശരി ആയിരം എന്ന തോതിൽ മാത്രമാണ്. ഇത് ആശങ്കയുളവാക്കുന്നില്ല. എന്നാൽ സമീപ ഭാവിയിൽ ഇത് വർധിക്കാനാണ് സാധ്യത. ടെസ്​റ്റിങ് തോത് വർധിപ്പിക്കുമ്പോൾ രോഗികളുടെ എണ്ണം വർധിക്കുന്നതായി കാണുന്നു.

കണ്ടെത്താനാവാതെ രോഗികൾ സമൂഹത്തിലുണ്ടെങ്കിൽ അവർ വ്യാപനത്തിൽ പങ്കാളികളാകുമല്ലോ. രോഗബാധിതരെക്കാൾ രോഗമുക്തി നേടിയവർ കൂടുതലാണെന്നതും മരണനിരക്ക് ഇപ്പോഴും വളരെ കുറവാണെന്നതും ശ്രദ്ധേയമായ കാര്യങ്ങൾ തന്നെയാണ്. ആഗസ്​റ്റ്​,സെപ്റ്റംബർ മാസത്തിൽ പ്രതിദിന വർധന 5000 വരെയായാൽ അത്ഭുതപ്പെടേണ്ടതില്ല. അതുകൂടി കണ്ടാൽ നാമെന്തൊ​െക്ക പരിഗണിക്കണമെന്ന് നോക്കാം.

വ്യാപനരീതി നോക്കിയാൽ രോഗസാധ്യതയുള്ളവരുടെ ഇടയിൽ മെല്ലെയെങ്കിലും രോഗം വ്യാപിക്കുന്നുണ്ട്. വളരെ സുരക്ഷിതമായ സാഹചര്യത്തിൽ കഴിയുന്ന മന്ത്രിമാർ, നിയമസഭ സാമാജികർ, അവരുടെ സ്​റ്റാഫ് തുടങ്ങിയവരിൽ കോവിഡ് നിർണയിക്കപ്പെടുന്നത് മറ്റൊന്നല്ല തെളിയിക്കുന്നത്.

ഇന്ത്യയിൽ ഇതുവരെ നാലു സാമാജികർ മരണപ്പെട്ടുകഴിഞ്ഞു. വൈറസ് ഉണ്ടെങ്കിൽ വ്യാപനത്തി​െൻറ മാർഗങ്ങളും വൈറസ് കണ്ടെത്തിക്കൊള്ളും എന്നർഥം. ഡൽഹിയിൽ ഇതിനകം നടത്തിയ രണ്ടു സീറോ പോസിറ്റിവിറ്റി സർവേ പ്രാധാന്യമർഹിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ അവിടെ മരണ നിരക്ക്, പ്രതിദിന രോഗികളിൽ ഉണ്ടാകുന്ന വർധന, രോഗമുക്തിയുടെ തോത് എന്നിവ വളരെ അനുകൂലമായിക്കാണുന്നു.

രോഗമുക്തി വന്നവർ ഇപ്പോൾ ഏതാണ്ട് 90 ശതമാനം വരെ ആയിരിക്കുന്നു. സമൂഹത്തിൽ സീറോ പോസിറ്റിവ് ആയവർ മേയ് മാസത്തിൽ 10 ശതമാനവും, ജൂലൈ മാസത്തിൽ 23 ശതമാനവുമായി. ഏതാണ്ട് നാലിൽ ഒരാൾക്ക് ഇമ്യൂണിറ്റി ഉണ്ടായി എന്ന് കരുതിയാൽ ഇത് രോഗവ്യാപനത്തി​െൻറ വേഗം കുറക്കാൻ കാരണമാകുന്നതെങ്ങനെ എന്ന് മനസ്സിലാക്കാം.

ഹേർഡ് ഇമ്യൂണിറ്റിയുടെ അടുത്തെങ്ങും എത്തിയിട്ടില്ലെങ്കിലും ഇങ്ങനെ പോയാൽ അടുത്ത ഒരുമാസത്തിൽ സാമൂഹികരംഗം മെല്ലെ തുറക്കപ്പെടാം എന്നും കരുതാം. കേരളത്തി​െൻറ സീറോ പോസിറ്റിവിറ്റി നിലവാരത്തെ കുറിച്ചുള്ള നിഗമനങ്ങൾ പുറത്തുവരുന്നതനുസരിച്ച്​ നമ്മുടെ കോവിഡ് സാഹചര്യം എങ്ങനെ പോകുന്നു എന്നറിയാനാകും.

കേരളത്തിൽ വ്യാപനം ഇപ്പോഴും സാവധാനത്തിലാണ്. അതിനാൽ ഭാവി പ്ലാനിങ്​ നടത്താൻ സമയം ലഭിക്കുന്നു. മരണം സംഭവിക്കുന്നത് പ്രമേഹം, രക്തസമ്മർദം, ഉൾ​െപ്പടെ ദീർഘകാല രോഗങ്ങൾ ഉള്ളവരിലും അറുപതിനുമേൽ പ്രായമുള്ളവരിലുമാണെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ആ നിലക്ക്​​ ദീർഘകാല രോഗങ്ങൾക്കുള്ള പരിചരണം ശക്തിപ്പെടുത്തുന്നത് പൊതുജനാരോഗ്യ ദൗത്യമായി കാണണം.

ലോക് ഡൗൺ കാലത്ത് ദീർഘകാല രോഗികൾ തുടർ ചികിത്സക്ക്​ ആശുപത്രിയിൽ പോകുന്നത് പരിമിതപ്പെട്ടിട്ടുണ്ട്. അവർക്ക് ഫലപ്രദവും ശാസ്ത്രീയവുമായ ചികിത്സ ഉറപ്പാക്കുന്നത് കോവിഡ് പരിചരണത്തി​െൻറ ഭാഗമായത് നന്ന്. പൊതുജനാരോഗ്യ വിഭാഗം റെസിഡൻറ്​സ് സംഘടനകൾ വഴി കുറഞ്ഞ ​െചലവിൽ ഇത്തരം പരിചരണം വ്യക്തികളുടെ അയൽപക്കത്തെത്തിക്കാനാകും.

ഇതിനു മറ്റു ഗുണങ്ങളും ഉണ്ട്. രോഗലക്ഷണമില്ലാത്തവരെയും നിസ്സാരമായ ലക്ഷണങ്ങൾ മാത്രമുള്ളവരെയും വീട്ടിൽ തന്നെ ചികിത്സിക്കേണ്ടിവരും എന്നുറപ്പാണ്; സത്യത്തിൽ അതാണ് നല്ലതും. അവരുടെ ആരോഗ്യം മോണിറ്റർ ചെയ്യാനും പൾസ് ഓക്സിമീറ്റർ പരിശോധന നടത്താനും ഇത്തരം പരിചരണ ശൃംഖല സഹായിക്കും എന്ന് തോന്നുന്നു.

കോവിഡ് വ്യാപനത്തിൽ കുട്ടികളുടെ പങ്ക് ഇപ്പോൾ പഠനവിഷയമാണ്. കുട്ടികളിൽ കോവിഡ് കാര്യമായ രോഗം ഉണ്ടാക്കുന്നില്ല; ന്യുമോണിയ ബാധിക്കുന്നതും തീവ്രപരിചരണം വേണ്ടിവരുന്നതും മരണം സംഭവിക്കുന്നതും വളരെ വിരളമാണ്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന പഠനങ്ങൾ മറ്റൊരു പ്രശ്നത്തിലേക്ക് വിരൽ ചൂണ്ടുന്നു.

കുട്ടികളിൽ രോഗബാധ കാര്യമായിട്ടില്ലെങ്കിലും അവർ ഉയർന്ന തോതിൽ രോഗവ്യാപനം നടത്തും. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ സ്രവങ്ങളിൽ വളരെ ഉയർന്ന തോതിൽ വൈറസ് സാന്നിധ്യമുള്ളതായി കാണുന്നു. ആ പ്രായത്തിൽ അവർ മുതിർന്നവരുമായി ഇടപെടാനുള്ള സാധ്യത കൂടുതൽ ആയതിനാൽ ഇക്കാര്യം സമൂഹം ശ്രദ്ധിക്കേണ്ടതാണ്.

സമാനമായ പഠനങ്ങൾ ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നും പുറത്തുവന്നുകഴിഞ്ഞു. കുട്ടികൾക്ക് കോവിഡ് ബാധ പ്രശ്നമുണ്ടാക്കുന്നില്ലെങ്കിലും അവരോടൊത്തു താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് അധിക ശ്രദ്ധ നൽകേണ്ടിവരുന്നു.

ലോകമെമ്പാടുമുള്ള അനുഭവങ്ങൾ വിലയിരുത്തുകയാണെങ്കിൽ കോവിഡ് രോഗത്തിന് വ്യക്തമായ ടാർഗറ്റ് ഉണ്ടെന്നു കാണാം. കോവിഡ് വ്യാപനവും ജനങ്ങളുടെ പ്രതികരണവും പഠിച്ച ഡേവിഡ് കാറ്റ്സ് എഴുതിയ ലേഖനത്തിൽ പരിഗണിക്കേണ്ട ചിലതുണ്ട്. കോവിഡ് നന്നായി നേരിട്ട ദക്ഷിണ കൊറിയയിൽ വ്യാപകമായ ടെസ്​റ്റിങ് പ്രതിരോധപ്രവർത്തനത്തി​െൻറ ഭാഗമായിരുന്നു. അവിടെ 99 ശതമാനം പേരുടെയും രോഗം ആശുപത്രിവാസം ആവശ്യമില്ലാത്തതായിരുന്നെന്ന് അവർ കണ്ടെത്തി.

ഡയമണ്ട് പ്രിൻസസ് എന്ന കപ്പലിൽ പ്രായപൂർത്തിയായവരും മുതിർന്നവരുമായിരുന്നു അധികവും, എങ്കിലും മരണനിരക്ക് ഒരു ശതമാനം ആയിരുന്നു. കോവിഡ് വ്യാപനകാലത്ത് ചെയ്യേണ്ടത് വ്യക്തമായ റിസ്ക് ഉള്ളവരെ സംരക്ഷിക്കുക, പാർശ്വ ക്ഷതം (collateral damage) പരിമിതപ്പെടുത്തുക, കോവിഡ്, കോവിഡിതര ചികിത്സക്കായി ആരോഗ്യസംവിധാനങ്ങൾ കാര്യക്ഷമമായി നിലനിർത്തുക എന്നിവയത്രേ.

ആരോഗ്യപ്രവർത്തകരിൽ ഉണ്ടാകുന്ന രോഗബാധയുമായി ബന്ധപ്പെട്ട ആശങ്ക തുടരുന്നു. ഇപ്പോൾ അറുനൂറോളം പേരിൽ അണുബാധ കണ്ടെത്തി. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം കുറക്കുക എന്നത് ആരോഗ്യപ്രവർത്തകരിൽ ബേൺ ഔട്ട് ഉണ്ടാകാതെ നോക്കാൻ സഹായിക്കും.

മെഷീനുകളെപ്പോലെ മനുഷ്യർക്ക് ഇപ്പോഴും നൂറു ശതമാനം കാര്യക്ഷമതയോടെ പ്രവർത്തിക്കാൻ കഴിയില്ലല്ലോ. ഇക്കാര്യം എല്ലാ വിദഗ്‌ധരും എടുത്ത് പറയുന്ന കാര്യമാകയാൽ ശ്രദ്ധവേണ്ടതുതന്നെ. ഇതും പാർശ്വ ക്ഷതം നിയന്ത്രിക്കാൻ അത്യാവശ്യമാണ്.

പാർശ്വ നഷ്​ടം ശക്തമായി കാണുന്നത് സാമ്പത്തിക മേഖലയിൽ തന്നെ. കേരളത്തിൽ അസംഘടിത മേഖലയിൽ തൊഴിലാളികൾക്കുണ്ടായ നഷ്​ടംമാസത്തിൽ 8,100 ലധികം കോടി രൂപയാണ്. മറ്റുമേഖലകളിലേക്കും ഇതി​െൻറ ആഘാതം വ്യാപിക്കുകതന്നെ ചെയ്യും.

സാമ്പത്തികരംഗം കൂടുതൽ വേഗത്തിൽ ഉദാരമാക്കുന്നത് നാം ചിന്തിച്ചുതുടങ്ങണം. സാമ്പത്തിക പരാധീനതയേറുമ്പോൾ ലോക്ഡൗൺ നിർദേശങ്ങൾ പാലിക്കപ്പെടാതാകുകയും ജനങ്ങൾ നിയമനിഷേധത്തിനൊരുങ്ങുകയും ചെയ്യുന്നതായി ഇന്ത്യയിൽ നിന്നുതന്നെ റിപ്പോർട്ടുകൾ വരുന്നു. ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോൾ കുറ്റകൃത്യങ്ങൾ കുറയുന്നതായും പൊലീസ് സേനക്ക്​ ലോക്ഡൗൺ അനുബന്ധപ്രവർത്തനങ്ങളിൽ ശ്രദ്ധിക്കാനാകുമെന്നും കണ്ടിരുന്നു.

എന്നാൽ അക്കാലത്തും റിപ്പോർട്ട്​ ചെയ്യപ്പെടാത്ത കുറ്റകൃത്യങ്ങളെപ്പറ്റി ധാരണയില്ല. ലോക്ഡൗൺ അയവുണ്ടാകുമ്പോൾ ചെറിയ സംഘർഷങ്ങൾ ഉണ്ടാകുക സാധ്യമാണ്. ലോക് ഡൗണുമായി ബന്ധപ്പെട്ട എന്തും പൊലീസിനെക്കൊണ്ട് പരിഹരിക്കാമെന്ന തോന്നൽ ജനങ്ങളിൽ ശക്തമാണ്. അതുതന്നെ ബലപ്രയോഗത്തെ സാധൂകരിക്കുന്ന മാനസികാവസ്ഥയുടെ പ്രതിഫലനവുമാണ്. തീർച്ചയായും കൂടുതൽ പഠനവിധേയമാകേണ്ട കാര്യമാണിത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.