2024ലും ബി.ജെ.പി തന്നെ. നിയമസഭ തെരഞ്ഞെടുപ്പുകളിൽ അഞ്ചിൽ നാലും ബി.ജെ.പി നേടിയതോടെ പൊതുവായ മുൻവിധി അങ്ങനെയാണ്. ബി.ജെ.പിയുടെ അമിതവിശ്വാസവും പ്രതിയോഗികളുടെ നിരാശയും ഒരുപോലെ അതിൽ പ്രതിഫലിക്കുന്നു. തോൽവി സമ്മതിച്ച മട്ടിലായവരുടെ എണ്ണത്തിൽ വർധന വന്നിട്ടുണ്ടെന്ന കാര്യം ശരിയുമാണ്. പ്രതിപക്ഷ ബലഹീനതകളാണ് അതിന് പ്രേരകം. ബി.ജെ.പിയെ പുറന്തള്ളണമെന്ന് ആഗ്രഹിക്കുന്നവരുടെ ശാപവാക്കുകൾ ചെന്നു പതിക്കുന്നത് പ്രധാനമായും കോൺഗ്രസിലാണ്. ഒളിഞ്ഞോ തെളിഞ്ഞോ ബി.ജെ.പിയെ സഹായിച്ചുപോരുന്ന പാർട്ടികളോടും അങ്ങേയറ്റത്തെ അമർഷം പ്രകടം. വോട്ടുയന്ത്ര തിരിമറി സംശയത്തിൽ കുറെയേറെപ്പേർ മനഃസമാധാനം കണ്ടെത്തുന്നു. മെലിഞ്ഞൊട്ടിയ കോൺഗ്രസും ബി.ജെ.പിക്ക് തുണയാകുന്ന കറുത്ത കുതിരകളും തിരിമറിക്ക് പാകമായ ഇലക്ട്രോണിക് യന്ത്രവും കാവിയജണ്ടയിലേക്ക് വോട്ടർമാരെ ആട്ടിത്തെളിക്കാൻ മോദി-യോഗി-അമിത്ഷാമാരും ഉള്ളകാലം ബി.ജെ.പി അജയ്യമാണെന്ന നിഗമനത്തോടെ അടുത്ത പൊതുതെരഞ്ഞെടുപ്പും ജനം മുൻകൂട്ടി എഴുതിത്തള്ളുന്നുവെന്നോ?
അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള പൊതുവികാരമാണ് ഇപ്പോഴത്തെ നിയമസഭ തെരഞ്ഞെടുപ്പുകളിൽ കണ്ടതെന്നാണ് പ്രസംഗവേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തിയത്. ഈ പൊതുവികാരം ജനസംഖ്യയിൽ നമ്പർ വൺ സംസ്ഥാനമായ യു.പിയിൽ എങ്ങനെ പ്രതിഫലിച്ചു? അവിടെയുള്ള വോട്ടർമാരിൽ 60.6 ശതമാനം പേർ മാത്രമാണ് പോളിങ് ബൂത്തിൽ എത്തിയത്. 40 ശതമാനത്തോളം പേർ വോട്ടു ചെയ്തില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ 61.04നേക്കാൾ കുറവാണിത്. ബി.ജെ.പിക്കെതിരെ വോട്ടുചെയ്യുന്നവരുടെ പ്രദേശങ്ങൾ നിരപ്പാക്കാൻ മണ്ണുമാന്തികൾ വിന്യസിച്ചുവരുകയാണെന്ന ഒരു ബി.ജെ.പി എം.എൽ.എയുടെ വിഡിയോ സന്ദേശത്തിന് ഇതുമായി ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അമർഷമുള്ള ബ്രാഹ്മണരെല്ലാം പോളിങ് ബൂത്തിൽ എത്താതിരുന്നതുകൊണ്ടാണോ എന്നും വ്യക്തമായിട്ടില്ല. തെരഞ്ഞെടുപ്പു കമീഷന്റെ കണക്കുപ്രകാരം പോളിങ് ബൂത്തിൽ എത്തിയവരിൽ 41.29 ശതമാനം പേരാണ് ബി.ജെ.പിയെ പിന്തുണച്ചത്. അഥവാ, 60 ശതമാനത്തോളം വോട്ടർമാർ എതിർത്താണ് വോട്ടുചെയ്തത്. ബി.എസ്.പി വോട്ടു മറിച്ചാലും ഇല്ലെങ്കിലും, യു.പിയിലെ മൂന്നിൽ രണ്ട് വോട്ടർമാരും ഫലത്തിൽ ബി.ജെ.പിയെ പിന്തുണച്ചിട്ടില്ല എന്നാണ് ഈ കണക്കുകൾ കാണിക്കുന്നത്. സീറ്റെണ്ണം കുറയുകയും ചെയ്തു. ജനസ്വീകാര്യതയിൽ വന്ന കുറവാണ്, ഭരണവിരുദ്ധ വികാരമാണ് ഇതിൽ പ്രതിഫലിക്കുന്നത്. പ്രധാന പ്രതിയോഗികളായ സമാജ്‍വാദി പാർട്ടിയുടെ സീറ്റും വോട്ടുശതമാനവും കൂടി. പ്രധാനമന്ത്രി പറഞ്ഞ രാജ്യത്തിന്റെ പൊതുവികാരം ഇങ്ങനെയും വായിക്കാൻ കഴിയും.
ജയം ജയം തന്നെ. ജനാധിപത്യത്തിൽ കൂടുതൽ സീറ്റ് നേടുന്നവർക്കാണ് അധികാരം. എന്നാൽ, കൂടുതൽ സീറ്റ് നേടുന്നതിനെ രാജ്യത്തിന്റെ പൊതുവികാരമായി വ്യാഖ്യാനിക്കാൻ പറ്റില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇതിനകം പറഞ്ഞ കണക്കുകൾ. സീറ്റ് മാത്രമല്ല, സാഹചര്യങ്ങൾകൂടി ചേർന്നതാണ് പൊതുവികാരം. സൗജന്യ റേഷൻ പോലുള്ള 'സുഖാനുഭൂതി'കൾക്കപ്പുറം മറ്റു ചില ശക്തമായ പൊതുവികാരങ്ങൾകൂടി രാജ്യത്ത് നിലനിൽക്കുന്നുണ്ട്. തൊഴിലില്ലായ്മ, കർഷകസമരം, കോവിഡ് കെടുതി, സർക്കാർ-കോർപറേറ്റ് അവിഹിതം, പൗരാവകാശ ധ്വംസനം, ഭരണഘടനക്കും ഭരണഘടന സ്ഥാപനങ്ങൾക്കുമെതിരായ ആക്രമണം, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, അധികാര ദുരുപയോഗം എന്നിങ്ങനെ നീളുന്ന പ്രസക്ത വിഷയങ്ങളിലൂടെ ഉണ്ടായിത്തീർന്നതാണ് ആ പൊതുവികാരം. യു.പിയിലാകട്ടെ, ദേശീയ തലത്തിലാകട്ടെ, ഭരണവിരുദ്ധവികാരം വർധിച്ചുവെന്ന് ബി.ജെ.പിക്കാർപോലും സമ്മതിക്കും. അടിയന്തരാവസ്ഥ അടക്കം ഇത്തരം കുരുക്കുകൾ അടിച്ചേൽപിച്ചവരെ തുരത്താൻപോന്ന ഉയർന്ന ജനാധിപത്യ ബോധവും സംഘാടനശേഷിയും കാലാകാലങ്ങളിലെ പ്രതിപക്ഷ മനസ്സുകൾ കാണിച്ചിട്ടുണ്ട്. എന്നാൽ, ഇന്ന് അതിനു കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം. ആറ്റിക്കുറുക്കിയാൽ അതിന് രണ്ടു കാരണങ്ങളേയുള്ളൂ. ഒന്ന്, വർഗീയ വികാരം ഇളക്കി ജനസാമാന്യത്തെ 80ഉം 20ഉമായി 'വിജയകരമായി' ഭിന്നിപ്പിച്ചുനിർത്താൻ ബി.ജെ.പിയെ നയിക്കുന്നവർക്ക് സാധിക്കുന്നു. അത് ഫലപ്രദമായി ചെറുക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല. രണ്ട്, കോൺഗ്രസ് നേതൃത്വത്തിന്റെ ദൗർബല്യങ്ങളുടെ അകമ്പടിയോടെ ചിതറിനിൽക്കുന്ന പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഐക്യം മരീചികയാണ്. ബി.ജെ.പിക്ക് കൃത്യമായ അജണ്ടയും വ്യക്തമായ നേതാവുമുണ്ട്. പ്രതിപക്ഷം നേതാവിനെയും ബദൽ അജണ്ടയും കണ്ടെടുക്കേണ്ടിയിരിക്കുന്നു. ബി.ജെ.പിയുടെ ചെയ്തികളിലെ തെറ്റും തങ്ങൾ മുന്നോട്ടുവെക്കുന്ന ആശയവും വോട്ടർമാരെ പറഞ്ഞു ബോധ്യപ്പെടുത്താൻ അവർക്ക് കഴിയാതെപോകുന്നു. ഈ സ്ഥിതി തുടർന്നാൽ സംശയം വേണ്ട, 2024ലെ ജയം ബി.ജെ.പിക്കുതന്നെ.
2024 ഇപ്പോഴേ എഴുതിത്തള്ളണമോ എന്ന് തീരുമാനിക്കേണ്ടത് പ്രതിപക്ഷമാണ്. തോൽവി ആവർത്തിക്കപ്പെട്ടാൽ, അതിന് പ്രധാന ഉത്തരവാദി രാഹുൽ ഗാന്ധി പിൻസീറ്റ് ഡ്രൈവിങ് നടത്തിവരുന്ന കോൺഗ്രസ് തന്നെ. പ്രതിപക്ഷനിരയിൽ ദേശീയ പാർട്ടിയുടെ തലക്കനം അവകാശപ്പെടുന്ന കോൺഗ്രസ് അതിന്റെ ഉത്തരവാദിത്തം നിർവഹിക്കുന്നില്ല. അതാണ് ബി.ജെ.പിയുടെ പ്രധാന കരുത്ത്. പൊങ്ങച്ചം എന്തായാലും യഥാർഥത്തിൽ പ്രാദേശിക കക്ഷികളോട് തോറ്റുനിൽക്കുകയാണ് ബി.ജെ.പി. തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ, സി.പി.എം, ശിവസേന, എൻ.സി.പി, ബി.ജെ.ഡി, ടി.ആർ.എസ്, ആം ആദ്മി പാർട്ടി തുടങ്ങിയ പാർട്ടികൾ ശക്തരായി നിൽക്കുന്ന സംസ്ഥാനങ്ങൾ ഉദാഹരണം. സോഷ്യലിസ്റ്റ്, സമാജ് പ്രത്യയശാസ്ത്രങ്ങൾ കലക്കി വിറ്റുനടന്ന പാർട്ടികളുടെ കൈത്താങ്ങും ചിതറിയ പ്രതിപക്ഷവുമാണ് യഥാർഥത്തിൽ ഹിന്ദി ഹൃദയഭൂമിയിൽപെടുന്ന യു.പിയിലും ബിഹാറിലുമൊക്കെ ബി.ജെ.പിയുടെ ശക്തി. എന്നാൽ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിങ്ങനെ ബി.ജെ.പിയുമായി നേർക്കുനേർ ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിൽ സംഘടനാശക്തി ചോർന്നുകൊണ്ടേയിരിക്കുന്ന കോൺഗ്രസാണ് ബി.ജെ.പിയുടെ കരുത്ത്.
ബി.ജെ.പിയുടെ പലവിധ അടവുകൾക്കിടയിൽപോലും അരവിന്ദ് കെജ്രിവാൾ സാധിച്ചെടുക്കുന്നത് രാഹുൽ ഗാന്ധിക്ക് എന്തുകൊണ്ട് കഴിയുന്നില്ല എന്നതാണ് പ്രസക്തമായ ചോദ്യം. ബി.ജെ.പിക്കു മുമ്പേ പതിറ്റാണ്ടുകൾ ഇന്ത്യ അടക്കിഭരിച്ചതിന്റെ ഗർവ് വിടാത്ത കോൺഗ്രസ് ഹൈകമാൻഡിനും അനുചരവൃന്ദത്തിനും അത്തരം ചോദ്യങ്ങൾ അസുഖകരമാണ്. അതു തുടർന്നാൽ സംഭവിക്കുന്നത് രണ്ടിലൊന്നാണ്: രാജ്യത്തിന്റെ പൊതുവികാരം ഏറ്റെടുക്കാൻ കെൽപുള്ളവർ കോൺഗ്രസിനെ തള്ളിമാറ്റി മുന്നോട്ടുനീങ്ങും. അതല്ലെങ്കിൽ, ബി.ജെ.പിക്ക് ഒരിക്കൽക്കൂടി ഭരിക്കാൻ അവസരം കിട്ടിയത് രാജ്യത്തിന്റെ പൊതുവികാരമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.