2002ലെ ഗുജറാത്ത് വംശഹത്യ നേരത്ത് അവിടത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയായിരുന്നു. അന്നത്തെ പ്രധാനമന്ത്രി വാജ്പേയി, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയോട് രാജധർമം ഉപദേശിച്ചു. അന്ന് പ്രധാനമന്ത്രിയേക്കാൾ കരുത്ത് തനിക്കാണെന്ന് എൽ.കെ. അദ്വാനിയുടെ പിന്തുണയോടെ നരേന്ദ്ര മോദി തെളിയിച്ചു. അന്ന് രാജധർമം തോട്ടിലെറിഞ്ഞ മോദിക്ക്, മണിപ്പൂർ കലാപം ഇത്ര രൂക്ഷമാക്കിയതിലെ പങ്ക് എത്രത്തോളമുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനമൊഴിയാൻ ബിരേൻ സിങ്ങിനെ ഉപദേശിക്കുകവയ്യ
അമേരിക്കയിൽ നിന്ന് വന്ന പാടേ പ്രധാനമന്ത്രി നരേന്ദ്ര മോദി വെച്ചുപിടിച്ചത് മധ്യപ്രദേശിനാണ്. ഒന്നല്ല, ഒരാഴ്ചക്കുള്ളിൽ രണ്ടുവട്ടം. നവംബർ-ഡിസംബറിൽ അവിടെ നിയമസഭ തെരഞ്ഞെടുപ്പാണ്. അതുകൊണ്ട് ഇനി അടിക്കടി അങ്ങോട്ട് യാത്ര ഉണ്ടാവും. കർണാടകത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനുമുമ്പ് നാലു മാസത്തിനകം എട്ടു തവണയാണ് പ്രധാനമന്ത്രി പോയത്. അതിനു പുറമെ പ്രചാരണകാലത്ത് നടത്തിയ റാലികൾ 19; റോഡ് ഷോകൾ ആറ്. അനന്തരം സംഭവിച്ചത് പ്രസക്തമല്ല. കർമം ചെയ്യേണ്ടത് മോദിയുടെയും, കർമഫലം നൽകേണ്ടത് വോട്ടറുടെയും ഉത്തരവാദിത്തമാണ്. കർണാടകത്തിൽ ബി.ജെ.പി പയറ്റാത്ത വിഭാഗീയ അജണ്ടകളൊന്നുമില്ലെങ്കിലും ശൗര്യം പണ്ടേപോലെ ഫലിച്ചില്ലെന്നാണ് കണ്ടത്.
ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ അത് ആവർത്തിച്ചുകൂടാ എന്ന ദൃഢനിശ്ചയം മോദിയുടെ മധ്യപ്രദേശ് യാത്രയിൽ മാത്രമല്ല, അവിടെ നടത്തിയ പ്രസ്താവനയിലും തെളിഞ്ഞു. മേൽത്തരം വോട്ട് വിഭജന അജണ്ടയായ ഏക സിവിൽകോഡ് ഏറ്റവും പെട്ടെന്ന് നടപ്പാക്കേണ്ടതിന്റെ പ്രാധാന്യമാണ് അദ്ദേഹം അവിടെ വിളമ്പിയത്. നിയമ കമീഷൻ വീണ്ടും പൊതുജനാഭിപ്രായം സമാഹരിച്ചു വരുന്ന സന്ദർഭത്തിൽ പ്രധാനമന്ത്രി അതേക്കുറിച്ച് പരസ്യപ്രസ്താവന നടത്തുന്നതിൽ അനൗചിത്യമുണ്ട്. സ്വതന്ത്രവും നിഷ്പക്ഷവുമാകേണ്ട നിയമ കമീഷന്റെ നിലപാടിനെത്തന്നെ അത് സ്വാധീനിക്കും. നിയമ കമീഷൻ രണ്ടാമതും ജനാഭിപ്രായം തേടിയത് റിപ്പോർട്ട് മുമ്പേ എഴുതിവെച്ചിട്ടായതുകൊണ്ട്, അനൗചിത്യത്തെക്കുറിച്ചു പറഞ്ഞാൽ ജനത്തിന് ചിരിയെ വരൂ. ഏക സിവിൽകോഡ് നടപ്പാക്കാറായില്ലെന്ന കഴിഞ്ഞ നിയമ കമീഷന്റെ റിപ്പോർട്ട് പൊളിക്കാനാണല്ലോ, വീണ്ടും ജനാഭിപ്രായം തേടുന്ന കോമാളിക്കളി.
ആറു മാസത്തിനകം നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ട മധ്യപ്രദേശിൽ അടിക്കടി പോകേണ്ടതിന്റെ രാഷ്ട്രീയപ്രാധാന്യം പ്രധാനമന്ത്രി തിരിച്ചറിയുന്നുണ്ട്. രണ്ടു മാസമായി കലാപത്തിന്റെ തീയാളുന്ന മണിപ്പൂരിലാണ് അതിനുംമുമ്പേ പോകേണ്ടതെന്ന് അദ്ദേഹത്തിനു തോന്നിയില്ല. അവിടെനിന്ന് പരാതിയുമായി ഡൽഹിയിലെത്തിയ ആരെയും കാണാൻ കൂട്ടാക്കിയതുമില്ല. സർവകക്ഷി യോഗത്തിൽ താൻ നിർബന്ധമായും പങ്കെടുക്കണമെന്ന് തോന്നിയില്ല. ചോരയും കണ്ണീരും കൂടിക്കുഴഞ്ഞ മണ്ണിലേക്കുചെന്ന് അവിടത്തെ ജനങ്ങളെ ചേർത്തുപിടിച്ച് സാന്ത്വനിപ്പിക്കുകയാണ് മറ്റെന്തിനേക്കാൾ മുമ്പേ ഒരു രാഷ്ട്രനായകൻ ചെയ്യേണ്ടതെന്ന സാമാന്യബോധം ഇത്തരത്തിൽ മറഞ്ഞുപോകുന്നത് സ്വാർഥ രാഷ്ട്രീയം ഒന്നുകൊണ്ടു മാത്രമാണ്. വേട്ടക്കാരും ഇരകളുമായി നിൽക്കുന്ന മണിപ്പൂരികളോട് ഒരു വാക്കു പോലും പ്രധാനമന്ത്രി പറയാത്തതും അവിടേക്കു പോകാത്തതും എന്തുകൊണ്ടാവും? റോഡിന്റെയും കെട്ടിടത്തിന്റെയും ഉദ്യാനത്തിന്റെയുമൊക്കെ പേരുമാറ്റാം. എന്നാൽ അതുപോലെ നിഷ്പ്രയാസം ചരിത്ര സംഭവങ്ങളെ മായ്ച്ചുകളയാനാവില്ലെന്നു മാത്രമല്ല, അവ ചിലനേരം തിരിഞ്ഞു കൊത്തിയെന്നും വരാം. കലാപം നിയന്ത്രിക്കുന്നതിൽ തീർത്തും പരാജയപ്പെട്ട, കലാപകാരികളിൽ ഒരു വിഭാഗത്തിനുവേണ്ടി നിലകൊള്ളുന്ന ബിരേൻ സിങ്ങാണ് മണിപ്പൂരിലെ മുഖ്യമന്ത്രിക്കസേരയിലെങ്കിൽ, 2002ലെ ഗുജറാത്ത് വംശഹത്യ നേരത്ത് അവിടത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയായിരുന്നു. അന്നത്തെ പ്രധാനമന്ത്രി വാജ്പേയി, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയോട് രാജധർമം ഉപദേശിച്ചു.
മുഖ്യമന്ത്രി രാജിവെക്കണമെന്ന് ബി.ജെ.പിയിലും പുറത്തും ആവശ്യം ശക്തമായ നേരത്തായിരുന്നു അത്. അന്ന് പ്രധാനമന്ത്രിയേക്കാൾ കരുത്ത് തനിക്കാണെന്ന് എൽ.കെ. അദ്വാനിയുടെ പിന്തുണയോടെ നരേന്ദ്രമോദി തെളിയിച്ചു. അന്ന് രാജധർമം തോട്ടിലെറിഞ്ഞ മോദിക്ക്, മണിപ്പൂർ കലാപം ഇത്ര രൂക്ഷമാക്കിയതിലെ പങ്ക് എത്രത്തോളമുണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനമൊഴിയാൻ ബിരേൻ സിങ്ങിനെ ഉപദേശിക്കുക വയ്യ. അതടക്കമുള്ള സാഹചര്യങ്ങൾക്കിടയിലാണ് ബിരേൻ സിങ്ങിന്റെ രാജിനാടകം കഴിഞ്ഞ ദിവസം അരങ്ങേറിയത്. മുഖ്യമന്ത്രി രാജി വെക്കാൻ ഒരുങ്ങുന്നു. വിവരം പുറത്തറിയുന്നു. ജനം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ തടിച്ചുകൂടുന്നു. മുഖ്യമന്ത്രി ഗവർണറെ കാണാൻ ഇറങ്ങിയപ്പോൾ തടയുന്നു. എഴുതി തയാറാക്കിയ രാജിക്കത്ത് മന്ത്രിമാരിലൊരാൾ പ്രതിഷേധക്കാരെ കാണിക്കുന്നു. അവർ അത് വലിച്ചു കീറിക്കളയുന്നു. അങ്ങനെയെങ്കിൽ രാജിവെക്കുന്നില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നു. തിരിച്ചു വീട്ടിലേക്ക് കയറുന്നു. നാടകം ബലേ ഭേഷ്!
ലക്ഷണമൊത്ത മറ്റൊരു നാടകം അരങ്ങേറിയത് തമിഴ്നാട്ടിലാണ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയാതെ മന്ത്രിസഭയിൽ നിന്ന് വകുപ്പില്ലാ മന്ത്രി സെന്തിൽ ബാലാജിയെ പുറത്താക്കി ഗവർണർ ആർ.എൻ. രവി ഉത്തരവിടുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെട്ടതിനെ തുടർന്നാണത്രേ, തൊട്ടുപിറകെ സ്വന്തം ഉത്തരവ് ഗവർണർ റദ്ദാക്കുന്നു. അത്രമേൽ അപക്വവും അനായാസവുമാണ് ഭരണഘടന പദവികൾ വഹിക്കുന്നവരുടെ ഇടപെടലുകൾ. പ്രധാനമന്ത്രി അറിയാതെ ഒരു കേന്ദ്രമന്ത്രിയെ പുറത്താക്കി രാഷ്ട്രപതി ഉത്തരവിടുന്നതായി സങ്കൽപിക്കാനാവുമോ? സെന്തിൽ ബാലാജി അഴിമതിക്കാരനാണോ എന്നതല്ല ഇവിടെ വിഷയം. പദവിയിൽ താൻ തുടരുന്നത് ഉചിതമാണോ എന്ന് സെന്തിൽ ബാലാജി ചിന്തിക്കണം. അത്തരമൊരു മന്ത്രി തന്റെ മന്ത്രിസഭയിൽ വേണമോ എന്ന് മുഖ്യമന്ത്രി ചിന്തിക്കണം. എന്നല്ലാതെ, ഗവർണർ പുറത്താക്കാനിറങ്ങുന്നത് ഭരണഘടന വിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ അനുമതി കൂടാതെ മന്ത്രിയെ പുറത്താക്കിയ ഗവർണറെ, അതിന്റെ ദൂരവ്യാപക പ്രത്യാഘാതം ബോധ്യപ്പെടുത്താൻ ആഭ്യന്തര മന്ത്രിക്ക് ഇടപെടേണ്ടി വന്നുവെന്ന വ്യാഖ്യാനമാണ് തൊണ്ട തൊടാതെ ജനം വിഴുങ്ങേണ്ടത്. ആഭ്യന്തര മന്ത്രിയുടെ ഉപദേശം അനുസരിച്ചാണോ ഗവർണർ പ്രവർത്തിക്കേണ്ടത്, നിയമോപദേശം തേടാതെ മന്ത്രിയെ പുറത്താക്കാൻ ഗവർണർ ഒരുമ്പെട്ടത് എന്തുകൊണ്ട് തുടങ്ങിയ നിരവധി ചോദ്യങ്ങൾ നിൽക്കട്ടെ. ഇത്രയും വിവേകശൂന്യനാണോ ആർ.എൻ. രവി? മുൻ ഐ.പി.എസ്-ഇന്റലിജൻസ് ഓഫിസർ, രാജ്യസുരക്ഷ മുൻ ഡെപ്യൂട്ടി ഉപദേഷ്ടാവ്, ജമ്മു-കശ്മീരിലും വടക്കു കിഴക്കൻ മേഖലയിലും മാവോവാദി സ്വാധീന മേഖലകളിലും അമർച്ച പ്രക്രിയയിൽ പ്രമുഖ പങ്കാളി എന്നിങ്ങനെ സൂക്ഷ്മവും സങ്കീർണവുമായ പ്രവർത്തനങ്ങളുടെ പശ്ചാത്തലമുള്ളയാൾ. ഗുജറാത്തിൽ മന്ത്രിയായിരിക്കേ, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായി അറസ്റ്റും ഒളിവാസവും വേണ്ടിവന്നിട്ടുള്ളയാളാണ് ഇന്നത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നിട്ടും അക്കാലത്ത് മന്ത്രിസഭയിൽ തുടർന്ന ചരിത്രമുള്ള അമിത് ഷാ, സാഹചര്യങ്ങൾ തമിഴ്നാട് ഗവർണർക്ക് വിശദീകരിച്ചു കൊടുത്തിട്ടുണ്ടാവാം. അപ്പോൾ മാത്രമാണ് ബോധമുദിച്ചതെങ്കിൽ, ഗവർണർ പദവിയിൽ ഇരിക്കാൻ ആർ.എൻ. രവിക്ക് യോഗ്യതയില്ല. രവിയെ പിന്തിരിപ്പിക്കുന്ന വിധം നിഷ്പക്ഷമായാണ് കേന്ദ്രം പ്രവർത്തിക്കുന്നതെങ്കിൽ, ഗവർണറെ തിരിച്ചു വിളിക്കാൻ നിയമിച്ചവർ ബാധ്യസ്ഥരായ സംഭവഗതികളാണ് തമിഴ്നാട്ടിലേത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കളത്തിലിറങ്ങിയതു തൊട്ടുള്ള സെന്തിൽ ബാലാജി കഥയിൽ ബി.ജെ.പിയുടെ തമിഴക രാഷ്ട്രീയ താൽപര്യങ്ങളാണ് തെളിഞ്ഞുകത്തുന്നത്. അതിനൊരു ചട്ടുകമായി ഗവർണർ കളിക്കുന്നത് ഭരണഘടനയെത്തന്നെ വെല്ലുവിളിച്ചാണ്. മണിപ്പൂരിൽ രണ്ടു മാസമായി കത്തുന്ന കലാപത്തെക്കുറിച്ചോ, മുഖ്യമന്ത്രി ബിരേൻ സിങ്ങിനെക്കുറിച്ചോ പരാതിയും അഭിപ്രായവും ഒന്നുമില്ലാതെ അവിടത്തെ ഗവർണർ കഴിഞ്ഞു കൂടുന്നതും ഭരണഘടനയെ വെല്ലുവിളിച്ചു തന്നെ.
ഡൽഹിയിൽ ഉദ്യോഗസ്ഥ നിയമന-സ്ഥലംമാറ്റ അധികാരങ്ങൾ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനാണെന്ന സുപ്രീംകോടതി വിധി കീറിയെറിഞ്ഞ്, ആ അധികാരം ലഫ്. ഗവർണറിൽ നിക്ഷിപ്തമാക്കി ഞൊടിയിടക്കുള്ളിൽ കേന്ദ്രം ഓർഡിനൻസ് കൊണ്ടുവന്നതും ഭരണഘടനയോടുള്ള വെല്ലുവിളി തന്നെ. ഈ കൊഞ്ഞനം കുത്തൽ ഇതിൽ തുടങ്ങുന്നതോ ഒടുങ്ങുന്നതോ അല്ല. ഭരണഘടനയെ വെല്ലുവിളിക്കുന്ന അധികാരത്തിന്റെ ചെങ്കോലാണ് യഥാർഥത്തിൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ നാട്ടിയത്. ഏന്തുന്നവന്റെ ശരികളാണ് ചെങ്കോലിന്റെ നീതിശാസ്ത്രം. ചെങ്കോൽ നാട്ടിയസ്ഥലത്ത് അതിനുപകരം എന്തുകൊണ്ട് ഭരണഘടനാഗ്രന്ഥം വെച്ചില്ലെന്ന സംശയം ഉയരാത്ത രാജ്യത്ത് ജനാധിപത്യ ഭരണഘടനയെ നോക്കുകുത്തിയാക്കി ചെങ്കോൽബലത്തോടെ നടപ്പാവുകയാണ് രാജാവിന്റെ നീതിശാസ്ത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.