നമ്മുടെ ആൺകുട്ടികളെ സ്നേഹമെന്തെന്ന് ആരു പഠിപ്പിക്കും? എങ്ങനെ പഠിപ്പിക്കും? കഴിഞ്ഞ കുറെ കാലങ്ങളായി മനസ്സിനെ അലട്ടുന്ന ചോദ്യങ്ങളാണിത്. ഈ വിചാരത്തെ ഇടക്കിടെ ആളിക്കത്തിച്ചുകൊണ്ട് ഓരോ പെൺകുട്ടികളായി പ്രണയത്തിെൻറ പേരിൽ കൊല ചെയ്യപ്പെടുന്ന വാർത്തകൾ വരുന്നു. ഇന്നലെ മാനസ, ഇന്ന് നിഥിന, നാളെ മറ്റൊരു പെൺകുട്ടി! പെൺമക്കൾ േപ്രമിച്ചാലും ഇല്ലെങ്കിലും കൊലചെയ്യപ്പെടും, ആൺകുട്ടികൾ കൊലപാതകികളായി ജയിലിൽ പോവുകയോ സ്വയം ജീവനൊടുക്കുകയോ ചെയ്യും എന്ന ഭയജനകമായ ഈ സ്ഥിതി വിധിക്ക് വിട്ടുകൊടുത്തുകൂടാത്തതാണ്.
നിഥിനയെ കൊലപ്പെടുത്തിയശേഷം അഭിഷേക് എന്തു നേടി? പ്രതീക്ഷയോടെ വളർത്തിവലുതാക്കിയ അവെൻറ മാതാപിതാക്കളുടെ അവസ്ഥ എന്താണ്! മാതാപിതാക്കൾ ഈ ചോദ്യങ്ങൾ അവരുടെ ആൺമക്കളോട് തുറന്നുസംസാരിക്കുമോ? ഇക്കഴിഞ്ഞ രണ്ടു വർഷത്തിനിടെ സമാനമായ നിരവധി കേസുകൾ കേരളത്തിലുണ്ടായി. റേഡിയോളജി വിദ്യാർഥിനിയായിരുന്ന കവിതയെ ബസ്സ്റ്റോപ്പിൽ പെേട്രാളൊഴിച്ച് കൊലപ്പെടുത്തിയ അജിൻ റെജി മാത്യു, തൃശൂരിൽ ബി.ടെക് വിദ്യാർഥിനിയായിരുന്ന നീതുവിനെ വീട്ടിൽവന്ന് കുത്തിപ്പരിക്കേൽപിച്ചശേഷം പെേട്രാളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ നിധീഷ്, പ്ലസ് ടു വിദ്യാർഥിനി ദേവികയെ വീട്ടിലെത്തി പെേട്രാളൊഴിച്ച് കൊലപ്പെടുത്തിയ മിഥുൻ, പ്ലസ് ടു വിദ്യാർഥിനി ഗോപികയെ കൊലപ്പെടുത്തിയ സഫർഷാ, ഹൗസ് സർജൻസി ചെയ്യുകയായിരുന്ന ഡോ. പി.വി. മാനസയെ വെടിവെച്ചുകൊലപ്പെടുത്തിയ രാഖിൽ തുടങ്ങിയ ആൺകുട്ടികളെല്ലാവരും നമുക്കു മുന്നിൽ സ്നേഹത്തെ/പ്രണയത്തെ സംബന്ധിച്ച് കാണിച്ചുതരുന്ന ഞെട്ടിപ്പിക്കുന്ന ഏറ്റവും വികലമായ ചില സാമൂഹിക വൈകാരിക യാഥാർഥ്യങ്ങളുണ്ട്.
മുതിർന്നവരുടെ ഇടയിലും ഇത്തരം കൊലപാതകങ്ങൾ നിരവധിയായി റിപ്പോർട്ട് ചെയ്യപ്പെടാറുള്ളതുകൂടി ഇതിനോട് ചേർത്തുവെച്ച് കാണണം. മാത്രമല്ല, ആസിഡ് ആക്രമണമുൾപ്പെടെ നിത്യ മാനസിക, ശാരീരിക മർദനങ്ങൾക്കുള്ളിൽ കഴിയേണ്ടിവരുന്ന സമാന ജീവിതങ്ങളും ഈ സമൂഹത്തിൽ വേണ്ടുവോളമുണ്ട്. എന്തായാലും യുവവിദ്യാർഥികൾക്കിടയിൽ പടരുന്ന അക്രമാസക്തതയെ സർക്കാർ ഒരു അടിയന്തര സാമൂഹികപ്രശ്നം എന്ന നിലയിൽത്തന്നെ അഭിസംബോധന ചെയ്യുകയും പരിഹാരനടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്.
ഒരു ആൺകുട്ടി/പുരുഷൻ രൂപംകൊള്ളുന്നതെങ്ങനെ എന്നത് സാമൂഹികശാസ്ത്രപരമായി വിശകലനം ചെയ്യാനും മനുഷ്യസാധ്യമായ ജനാധിപത്യബോധവും സ്നേഹബോധവും വ്യക്തിത്വ രൂപവത്കരണത്തിൽ വികസിപ്പിച്ചെടുക്കുന്നതിൽ ലിംഗനീതിയും തുല്യതയും എന്തെന്നും പാഠ്യപദ്ധതിയിലൂടെ അവതരിപ്പിക്കാനും വിദ്യാർഥികളിൽ വേരുറപ്പിച്ചെടുക്കാനും സർക്കാർതലത്തിൽ തീരുമാനമുണ്ടാകണം. ജെൻഡർ വിഷയമേഖല പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമ്പോൾ അതിൽ ആണത്തപഠനത്തിന് വലിയ പ്രാധാന്യം നൽകേണ്ടതുണ്ട്. ആൺകുട്ടികൾ വീട്ടിലും നാട്ടിലും മാധ്യമങ്ങളിലും പൊലീസ്, രാഷ്ട്രീയ ഭരണരംഗത്തുമെല്ലാം കണ്ടുവളർന്ന് പരിശീലിച്ചെടുക്കുന്നത് ആണത്തത്തിെൻറ അധീശസ്വഭാവങ്ങളും അതിൽത്തന്നെ മുഖ്യമായും അക്രമാസക്തിയുമാണ്. അക്രമപരത പുറമേക്ക് പ്രകടിപ്പിക്കാത്തവരിലും അവരുടെ ആൺവ്യക്തിത്വത്തിെൻറ സർവതലത്തിലും പെൺകുട്ടിയെ/സ്ത്രീയെ അടക്കിനിർത്താനും ഭരിക്കാനും അതല്ലെങ്കിൽ സ്നേഹത്താൽ, രക്ഷാകർതൃത്വത്താൽ അസ്വതന്ത്രയാക്കാനും വിധേയയാക്കാനുമുള്ള പാഠങ്ങൾ ഈ വിശാല ആൺകോയ്മാസഖ്യസാമൂഹ്യപാഠശാലയിൽനിന്ന് പഠിച്ചെടുത്തിട്ടുണ്ട്.
ആ ആണധികാരപാഠങ്ങൾ അനീതിയാണെന്നുപോലും ചിലപ്പോൾ അവൻ മനസ്സിലാക്കിയിട്ടുണ്ടാവുകയില്ല. അധീശ പുരുഷത്വം എന്നത് പുരുഷാധിപത്യ വ്യവസ്ഥയുടെ നിലനിൽപിനുവേണ്ടിയുള്ള ശക്തമായ നിർമിതിയാണെന്നു മനസ്സിലാക്കിയാലും ആൺകുട്ടികൾക്ക് അതിനുള്ളിൽനിന്ന് പുറത്തുകടക്കൽ എളുപ്പമായിരിക്കില്ല. അധീശപുരുഷത്വത്തെ ഉപേക്ഷിക്കണമെന്ന് തീരുമാനിക്കുന്ന ആൺകുട്ടികളെ/പുരുഷന്മാരെ കുടുംബവും സമൂഹവും പെൺകോന്തൻ, നട്ടെല്ലില്ലാത്തവൻ, ആണത്തമില്ലാത്തവൻ എന്നിങ്ങനെ അപമാനിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതിനെ അവൻ ഭയപ്പെടുകയോ അരക്ഷിതമാവുകയോ ചെയ്യുന്നു. ഇവിടെയാണ് പാഠ്യപദ്ധതിയിൽ ആണത്തപഠനങ്ങൾക്കുള്ള പ്രസക്തി. അധീശ ആണത്തനിർമിതികൾ എങ്ങനെയെന്നും എന്താണെന്നും മനസ്സിലാക്കിയാൽ അതിൽനിന്ന് പുറത്തുകടക്കൽ ആൺകുട്ടികൾക്ക് ബൗദ്ധികമായും വൈകാരികമായും എളുപ്പമാകുന്നു. അവരെ ഒറ്റപ്പെടുത്താനോ മനോവീര്യം തകർക്കാനോ സമൂഹത്തിന് എളുപ്പമല്ലാതാകുന്നു.
പ്രണയത്തിൻെറ പേരിൽ ഓരോ പെൺകുട്ടി കൊല്ലപ്പെടുമ്പോഴും കൊലചെയ്യുന്ന ആൺകുട്ടികൾക്കായി സമൂഹമാധ്യമങ്ങളിൽ നിറയുന്ന കൈയടികൾ ശ്രദ്ധിച്ചിട്ടില്ലേ! 'തേച്ചിട്ടുപോകുന്നവൾക്ക്' അതുതന്നെ വേണം എന്നാണ് അവരുടെ ആവേശം. ഇത്തരം വാക്കുകൾതന്നെ എത്ര അർഥരഹിതവും അനായാസവുമായാണ് ഉപയോഗിക്കുന്നത്!
ഒരാളെ ഇഷ്ടപ്പെട്ടുപോയാൽ, അയാളിൽ പൊരുത്തപ്പെടാൻ പറ്റാത്ത കാര്യങ്ങൾ ഉണ്ടെന്ന് പിന്നീട് മനസ്സിലാക്കിയാലും എല്ലാം സഹിച്ച് അയാളെത്തന്നെ പ്രണയിച്ചേ പറ്റൂ എന്ന ശാഠ്യമരുത്. പ്രണയം അത്തരം ഒരു അചേതന വസ്തുവല്ല. രണ്ടു പേരിൽ അതിെൻറ നിലനിൽപിന് ധാരാളം അനുകൂല ഘടകങ്ങൾ വേണം. ആകർഷണം തോന്നുന്ന ആദ്യഘട്ടത്തിൽ ഏതെങ്കിലും ചില ഇഷ്ടഘടകങ്ങൾ- രൂപസൗന്ദര്യമോ മറ്റെന്തെങ്കിലും കാര്യങ്ങളോ മാത്രമായിരിക്കാം പരസ്പരം കാണുന്നത്.
ക്രമേണയാണ് പൊരുത്തപ്പെടാനാവാത്ത, ഇഷ്ടപ്പെടാനാവാത്ത മറ്റു പ്രതികൂലമായ കാര്യങ്ങൾ പ്രകടമാവുക. പൊതുവേ ഇത്തരം ആകർഷണബന്ധങ്ങളിൽ, വിവാഹമെന്നതു ചിന്തിക്കുന്നതിനു മുമ്പുതന്നെ പുരുഷെൻറ ഭാഗത്തുനിന്ന് എേൻറതെന്ന സ്വന്തമാക്കൽ പ്രക്രിയകൾ കടന്നുപോകുമ്പോഴാണ് അക്രമസ്വഭാവങ്ങൾ വെളിപ്പെടുക.
ഇത്രയും വായിക്കുമ്പോൾ ചിലരുടെ മനസ്സിൽ തോന്നിയേക്കാം, പെൺകുട്ടികളും ആൺകുട്ടികളുടെ നേർക്ക് ഇതേ പൊസെസിവ്നെസ് കാണിക്കാറില്ലേ എന്ന്. തീർച്ചയായും ഉണ്ട്. പക്ഷേ , അത് പുരുഷൻ പ്രകടിപ്പിക്കുന്ന ഹിംസാത്മകതയിലേക്ക് സാധാരണ ഗതിയിൽ എത്താറില്ല. മറിച്ച് അവളുടെ വൈകാരിക ഉപാധികൾക്ക് വിരുദ്ധമായി അവൻ പ്രവർത്തിച്ചാൽ ബഹളംവെച്ചേക്കാം, പിന്നെ വിഷാദത്തിലേക്കോ ചിലപ്പോൾ മാത്രം സ്വയംഹത്യയിലേക്കോ പോയേക്കാം, കൂടുതൽ പേരും അതിജീവിച്ചു വരുന്നവരാണ്. എന്തായാലും പ്രണയത്തിെൻറ പേരിലുള്ള ഇത്തരം നാശനഷ്ടങ്ങൾ, സംഹാരങ്ങൾ ഒരു സമൂഹത്തിൽ നിരന്തരം സംഭവിക്കുന്നത് ആ സമൂഹത്തിെൻറ പൊതുവേ രോഗാതുരമായ പ്രണയബന്ധങ്ങളെയാണ് അടയാളപ്പെടുത്തുന്നത്. പ്രണയിക്കുന്നവരെ ശരിയായി മനസ്സിലാക്കണമെങ്കിൽ സമയം ആവശ്യമുണ്ട്.
തുടക്കകാലം വർണാഭമായിരിക്കും. തനിനിറം വെളിപ്പെടുമ്പോൾ പൊരുത്തപ്പെടില്ല എന്നുതോന്നിയാൽ പിരിഞ്ഞുപോകാനുള്ള സാധ്യതകൾ ഉണ്ടായേ പറ്റൂ. സ്ത്രീപുരുഷ വ്യവഹാരങ്ങളിൽ തുറവിയുള്ള, വികസിത ജനാധിപത്യമുള്ള ഒരു സമൂഹത്തിൽ മാത്രമേ ഇത് എളുപ്പത്തിൽ സാധിക്കൂ. അത്തരം തുറവിയുണ്ടാകണമെങ്കിൽ ആണത്തം സംബന്ധിച്ച് നിലനിൽക്കുന്ന വാർപ്പുമാതൃകകളെ പൊളിച്ചുകളയണം. പെൺകുട്ടികൾക്ക് പഴയ സ്ൈത്രണ സങ്കൽപങ്ങളിൽനിന്ന് പുറത്തുകടക്കാൻ സഹായകമാംവിധം ലോകമെങ്ങും, കേരളത്തിലും ശക്തമായ ഫെമിനിസ്റ്റ് വ്യവഹാരങ്ങൾ ദീർഘകാലമായി സജീവമാണ്.
പക്ഷേ, നമ്മുടെ സർവകലാശാലകളിൽ സ്ത്രീപഠന വകുപ്പുകളുടെ ഭാഗമായിപ്പോലും ഇന്നും ആണത്തപഠനങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഈ വലിയ വിടവ് നാം തുടർന്നുകൂടാ. സ്കൂൾതലം മുതൽതന്നെ തുടങ്ങണം കേരളത്തിെൻറ ആണത്തപഠനങ്ങൾ എന്നാണ്, പ്രണയത്തിെൻറ പേരിൽ കൊലചെയ്യപ്പെട്ട ഓരോ പെൺകുട്ടിക്കുംവേണ്ടി ഈ സന്ദർഭത്തിൽ ഉറക്കെ പറയാനുള്ളത്.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.