മഹാത്മാ ഗാന്ധി സർവകലാശാലക്കു മുന്നിൽ ദീപ പി. മോഹനെൻറ 11 ദിവസം നീണ്ട നിരാഹാരസമരം ആശ്വാസകരമായി അവസാനിച്ചത് മുമ്പെങ്ങുമില്ലാത്തവിധമൊരു ശുഭപ്രതീക്ഷ നൽകുന്നു. മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കാതെ സമരത്തിൽനിന്ന് പിന്മാറാൻ ദീപ തയാറല്ലായിരുന്നു എന്നതാണ് ഈ സമരത്തിൽ കണ്ട ഏറ്റവും ശക്തമായ കാര്യം. മറ്റൊന്ന്, ആവശ്യപ്പെട്ട മുഴുവൻ കാര്യങ്ങളും സർവകലാശാല അംഗീകരിച്ച് സമരം അവസാനിച്ചശേഷം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു എഴുതിയ സമൂഹമാധ്യമ പോസ്റ്റിലെ നിലപാടാണ്. സർവകലാശാലകളും കലാലയങ്ങളും ആത്യന്തികമായി വിദ്യാർഥികളുടേതാണ്. അതാരും മറക്കരുത്. പ്രത്യേകിച്ചും അധ്യാപകർ. തങ്ങൾ പറയുന്ന ഓരോ വാക്കും വിദ്യാർഥിയുടെ വ്യക്തിത്വത്തിലും ആത്മവിശ്വാസത്തിലും അന്തസ്സിലും സ്പർശിക്കും എന്ന ഓർമയുണ്ടാകണം.
അധ്യാപനം വലിയ ഉത്തരവാദിത്തമാണ്. വിദ്യാർഥികളെ, അവരുടെ സാമൂഹികാവസ്ഥകളെ മനസ്സിലാക്കേണ്ടത്, സാമൂഹികനീതിയുടെ ഉത്തരവാദിത്തപൂർണമായ തലങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് അധ്യാപകരുടെ ഉദാത്തമായ കടമയാണ്. കേരളത്തിലെ കലാലയങ്ങളിൽ തീർത്തും നിശ്ശബ്ദമായി ജാത്യപമാനങ്ങൾ സഹിച്ചുകഴിയേണ്ടിവരുന്ന നിരവധി കുട്ടികൾക്ക് തങ്ങളുടെ പ്രശ്നങ്ങൾ തുറന്നുപറയാനും ഏവർക്കുമൊപ്പം തുല്യതയോടെ അഭിമാനകരമായി പഠനം നടത്താനുള്ള അവകാശത്തിനുവേണ്ടി സർവകലാശാലകളെ, ഉന്നതവിദ്യാഭ്യാസ മന്ത്രിയെ, സർക്കാറിനെ സമീപിക്കാനുമുള്ള തുറന്ന അന്തരീക്ഷം ദീപയുടെ സമരത്തിലൂടെ രൂപപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് ഈ സമരം ദീപ ഒറ്റക്കല്ല, ദലിത് സമൂഹം ഒന്നിച്ചാണ് ജയിച്ചത് എന്ന് വിലയിരുത്താൻ കഴിയുന്നത്.
പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിലെ വിമൻസ് സ്റ്റഡീസ് സെൻററിൽ െഗസ്റ്റ് ഫാക്കൽറ്റിയായി ജോലിചെയ്തിരുന്ന കുറച്ചു കാലയളവിനുള്ളിൽത്തന്നെ അതേ ഡിപ്പാർട്മെൻറിലെയും മറ്റു പല ഡിപ്പാർട്മെൻറുകളിലെയും നിരവധി ഗവേഷണ വിദ്യാർഥികൾ അവരുടെ റിസർച് ഗൈഡിൽനിന്ന് നേരിടുന്ന ജാതി, ലിംഗാധികാരചൂഷണങ്ങൾ, പീഡനങ്ങൾ എന്നിവയെപ്പറ്റി പറയാൻ എെൻറയടുക്കൽ വരാറുണ്ട്. ഗവേഷണം നിർത്തി പോകാനൊരുങ്ങിയ പല കുട്ടികളെയും പരാതി നൽകാൻ സഹായിക്കുകയും പിടിച്ചുനിർത്താൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ചില കുട്ടികൾ ഗവേഷണം നിർത്തി പോകുന്നതു കാണേണ്ടിവന്നു. സർവകലാശാലകളിൽ ജാതിയുടെ പേരിലുള്ള പീഡനം നടത്തുന്നത് പുരുഷന്മാർ മാത്രമല്ല, സ്ത്രീകളുംകൂടിയാണ്.
കുറെ മനുഷ്യർക്കുനേരെ അനീതി അടിച്ചേൽപിച്ചുകൊണ്ട്, നിർമിതമായ ജാതിവ്യവസ്ഥയുടെ സർവാധികാരവും സ്വന്തമാക്കി സവർണർ ആസ്വദിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക മൂലധനത്തെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഭരണഘടനാപരമായ സംവരണത്തിലൂടെ പഠിക്കാനെത്തുന്ന വിദ്യാർഥികളെ അപമാനിക്കുകയും ഒറ്റപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പതിവാണ്. രോഹിത് വെമുലയുടെ ആത്മഹത്യക്കുറിപ്പാണ്, ജാതീയതയുടെ ഹിംസാശക്തി യൂനിവേഴ്സിറ്റികളിലെ ഗവേഷണരംഗത്ത് എത്ര രൂക്ഷമായാണ് കുട്ടികൾ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് സമീപകാലത്ത് തുറന്നുപറഞ്ഞത്. തുടർന്നും ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് ഏറ്റവും മികച്ച സ്ഥാപനങ്ങളായ ഐ.ഐ.ടികളിലും കേന്ദ്ര സർവകലാശാലകളിലും അധ്യാപകരുടെ ഭാഗത്തുനിന്ന് ജാതി അപമാനങ്ങൾ സഹിക്കാനാവാതെ പഠനം നിർത്തി പോവുകയും ആത്മഹത്യചെയ്ത് ജീവിതംതന്നെ അവസാനിപ്പിച്ച് പോവുകയും ചെയ്യുന്ന കുട്ടികളുടെ കണക്കുകൾ കണ്ട് നടുങ്ങിയിരിക്കുന്ന സമയത്താണ് കേരളത്തിലെ ഒരു പ്രധാനപ്പെട്ട യൂനിവേഴ്സിറ്റിയിലെ അധ്യാപകനെതിരെ ഇതേ ആരോപണം ഉന്നയിച്ചുകൊണ്ട് ദീപ പി. മോഹനൻ തുടർന്നു പഠിക്കാനുള്ള ആവശ്യങ്ങൾ ഉയർത്തി സമരം തുടങ്ങിയത്.
രാജ്യത്തെ സർവകലാശാലകൾക്കുള്ളിൽ ദലിത് വിദ്യാർഥികൾ നേരിടുന്ന വിവേചനത്തിെൻറയും അക്രമത്തിെൻറയും അപമാനങ്ങളുടെയും തീരാത്ത കണക്കുകളുടെ നേരെ മുൻകാല പ്രാബല്യത്തോടെയാണ് കേരളത്തിൽ നിന്നുകൊണ്ട് ദീപ പകരംവീട്ടിയിരിക്കുന്നത്. ദേശീയതലത്തിൽ അടയാളപ്പെടുത്തേണ്ടുന്ന സമരമാണിത്. നാനോസയൻസ് പോലുള്ള ഗവേഷണപഠനരംഗത്തേക്ക് ദലിത് പെൺകുട്ടികൾ മെറിറ്റിൽ എത്തിപ്പെടുക എന്നതുപോലും നമ്മുടെ സമൂഹത്തിൽ എളുപ്പമല്ല.
കാരണം മെറിറ്റ് എന്നത് സങ്കീർണ സ്വഭാവത്തോടെ സാമൂഹിക-സാംസ്കാരിക സാമ്പത്തിക മൂലധനവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന നിർമിത പ്രതിഭാസം കൂടിയാണ്. അവിടെ എത്തിപ്പെട്ടാൽത്തന്നെ ആ ഗവേഷണം മുന്നോട്ടുപോകണമെങ്കിൽ എല്ലാവിധത്തിലുമുള്ള അനുകൂല സാഹചര്യങ്ങൾ ഉണ്ടാകണം. സമരത്തിനുശേഷം, സർവകലാശാല ഉറപ്പുനൽകിയിരിക്കുന്ന അനുകൂല അന്തരീക്ഷത്തിൽ, സമാധാനപരമായി ദീപക്ക് ഗവേഷണം പൂർത്തിയാക്കാനാവട്ടെ.
സയൻസ് വിഷയങ്ങളിൽ പെൺകുട്ടികൾ ഗവേഷണത്തിനെത്തിയാൽ കൊഴിഞ്ഞുപോകുന്നതും പിഎച്ച്.ഡി എടുത്തശേഷംപോലും പിന്നീട് അതിവേഗം ശാസ്ത്രലോകത്തുനിന്ന് അപ്രത്യക്ഷമാകുന്നതും സാധാരണമാണെന്ന ഗവേഷണപഠനങ്ങളും കണ്ടെത്തലുകളും ഫെമിനിസ്റ്റ് ഗവേഷകരുടെ ഭാഗത്തുനിന്ന് നേരത്തേതന്നെ ഉണ്ടായിട്ടുണ്ട്. സയൻസ് സംബന്ധമായ ഗവേഷണത്തിലും തൊഴിലിലും ജാതിയും ജെൻഡറും എങ്ങനെ പ്രവർത്തിക്കുന്നു എന്നതിെൻറ വിവരങ്ങളും വിശകലനങ്ങളും ഒരു സംഘം ഫെമിനിസ്റ്റ് സ്കോളർമാർ- അനിത മേത്ത, ഛായനിക ഷാ, ഗിത ഛദ്ദ, മേരി ഇ. ജോൺ, മിന സ്വാമിനാഥൻ, പ്രജ്വൽ ശാസ്ത്രി, സുമി കൃഷ്ണ എന്നിവർ - ഫെമിനിസ്റ്റ് സയൻസ് സ്റ്റഡി ഇന്ത്യയിൽ (FSS India) 2011 മാർച്ച് 11-16 വരെ നടത്തിയ ഓൺലൈൻ ചർച്ച ഈ കൂട്ടത്തിൽ എടുത്തു പറയണമെന്നു തോന്നുന്നു. ശാസ്ത്രവിജ്ഞാനത്തിെൻറ ഉൽപാദനം, ശാസ്ത്രസ്ഥാപനങ്ങൾ, ദേശീയ സയൻസ് പോളിസി, ശാസ്ത്രപഠനം എന്നിവയിൽ ജാതിപരവും ലിംഗപരവുമായ വിവേചനങ്ങളെ ഈ ചർച്ചയിൽ പങ്കെടുത്ത പലരും തുറന്നുകാണിക്കുന്നുണ്ട്.
മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായി കേരളത്തിൽ അൽപമെങ്കിലും മൂടിവെച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജാതീയത ഇക്കാലത്ത് പ്രകടമായി അതിെൻറ അക്രമാസക്തി മുഴുവനും പുറത്തെടുക്കാൻ തെല്ലും മടികാണിക്കുന്നില്ല എന്ന് ഒട്ടേറെ സംഭവങ്ങൾ കാണിച്ചുതന്നുകഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ അധികാരം കൈയാളുന്ന ജാതി ഹിന്ദുത്വ സർക്കാറും പാർട്ടികളും കേരളത്തിൽ അതിെൻറ സ്ഥലമുറപ്പിക്കാൻ നടത്തുന്ന വലിയ തന്ത്രം മതവിഭാഗീയതക്കൊപ്പം ജാതീയതയെയും പ്രകടമായി വളർത്തിയെടുത്തുകൊണ്ടാണ്. ക്ഷേത്രത്തിന് ജാതിമതിൽ കെട്ടാൻ ശ്രമിച്ചതും ശബരിമല കോടതിവിധി അനുസരിച്ച് സ്ത്രീകൾ ശബരിമലയിൽ കയറുന്നത് നടപ്പാക്കാൻ ശ്രമിച്ച ഇടതുപക്ഷ മുഖ്യമന്ത്രി പിണറായി വിജയനെ പരസ്യമായി ജാതിത്തെറി വിളിക്കാൻ വരെ ധൈര്യപ്പെട്ടതും അതിെൻറ സമീപകാല പ്രത്യക്ഷ ഉദാഹരണങ്ങളാണ്.
മുഖ്യമന്ത്രിയെ ജാതിവിളിച്ച് അപമാനിക്കാൻ ഒരുെമ്പടുന്ന മേൽജാതി അഹന്ത ദലിത് സമുദായത്തിലെ മനുഷ്യരോട് എത്രമാത്രം നൃശംസതയോടെയായിരിക്കും പ്രത്യക്ഷത്തിലും പരോക്ഷത്തിലും പ്രവർത്തിക്കുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതിെൻറ മറ്റൊരു നടുക്കുന്ന വാർത്തയാണ് ഇക്കഴിഞ്ഞ ദിവസം കണ്ടത്. തൃക്കുന്നപ്പുഴ പല്ലനയിലെ ചിത്രയുടെ കുടുംബത്തിന് സർക്കാർ നൽകിയ ഭൂമിയിൽപോലും പട്ടികജാതിയായതിനാൽ വീടുവെക്കാൻ സമ്മതിക്കില്ല എന്ന് ഭീഷണിപ്പെടുത്തിയ അയൽക്കാരുടേതു പോലുള്ള ജാതീയതയും വെറുപ്പും തക്കംകിട്ടിയാൽ തലപൊക്കും എന്ന അവസ്ഥ കേരളത്തിൽ നിലവിലുണ്ട്.
ജാതീയതയുടെ മാരകമായ വിഷപ്പല്ലുകൾ സമൂലം പറിച്ചെടുത്തുകൊണ്ടു മാത്രമേ കേരളത്തെ നവീകരിക്കാനും ജനാധിപത്യസമൂഹത്തെ വികസിപ്പിക്കാനും സാധിക്കൂ. സർവകലാശാലയിലെ അധ്യാപകെൻറ ജാതീയ അപമാനത്തിനെതിരെ ദീപക്ക് സമരം നടത്താനും അത് വിജയിക്കാനുമുള്ള സാധ്യത ഉണ്ടായിരിക്കുന്നു എന്നത് ഈ ജനാധിപത്യപ്രക്രിയകൾക്കായി മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിെൻറ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷത്തിൽ ഭേദപ്പെട്ട സ്ഥിതിയുണ്ട് എന്ന പ്രതീക്ഷയാണ് നൽകുന്നത്. ചിത്രയുടെ വീടുനിർമാണം പഞ്ചായത്തും ജനങ്ങളും ഏറ്റെടുക്കുന്ന കാഴ്ചയും ഇതോടൊപ്പം ചേർത്തുവെച്ചു കാണാൻ ഞാൻ ആഗ്രഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.