സംസ്ഥാന വിദ്യാഭ്യാസമേഖലയിൽ വലിയൊരുമാറ്റം ആവശ്യമാണെന്ന തിരിച്ചറിവ് ഇതിനോടകം ഭരണകർത്താക്കൾക്ക് ഉണ്ടായിക്കഴിഞ്ഞിട്ടുണ്ട് എന്നകാര്യത്തിൽ ആശ്വാസമുണ്ട്. പൊതുവിദ്യാഭ്യാസരംഗത്തും ഉന്നത വിദ്യാഭ്യാസരംഗത്തും വലിയൊരു അഴിച്ചുപണിക്ക് തുടക്കംകുറിക്കുന്നതിെൻറ പ്രഖ്യാപനങ്ങൾ അതിെൻറ ഭാഗമായിട്ടായിരിക്കണം നടക്കുന്നത്. പഴയമട്ടിൽ സാമ്പ്രദായികമായി ഇനി മുന്നോട്ടുപോവുക വിഷമകരമായിരിക്കും. അതേസമയം, കേന്ദ്ര വിദ്യാഭ്യാസനയത്തിലെ ചില ആപൽസാധ്യതകളെ തിരിച്ചറിഞ്ഞും എന്നാൽ, സവിശേഷവും അനിവാര്യവുമായ വലിയ മാറ്റങ്ങൾ കേരളത്തിെൻറ പശ്ചാത്തലത്തിൽ സൃഷ്ടിച്ചും വിദ്യാഭ്യാസരംഗത്തെ നവീകരിക്കേണ്ടിയിരിക്കുന്നു. ചരിത്രപഠനത്തെ കേന്ദ്രസർക്കാർ കാവിവത്കരിക്കുന്ന ഈ ഘട്ടത്തിൽ കേരളപഠനങ്ങൾ എങ്ങനെ കൂടുതൽ സമഗ്രവും കണിശവുമായി നമ്മുടെ വിദ്യാഭ്യാസരംഗത്ത് സംയോജിപ്പിക്കാനാവുമെന്ന് ആലോചിക്കുകയും നടപ്പിലാക്കുകയും വേണം.
ഉന്നത വിദ്യാഭ്യാസരംഗം അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കണമെങ്കിൽ കൈക്കൊള്ളേണ്ടതായ നിരവധി മാറ്റങ്ങൾ സ്വീകരിക്കുകയും അതിവേഗം നടപ്പിലാക്കുകയും വേണം. പ്ലസ് ടു കഴിഞ്ഞ് ബിരുദപഠനത്തിനായി വിദ്യാർഥികൾ ഇഷ്ടപ്പെട്ട കോഴ്സുകൾ തിരഞ്ഞ് നട്ടംതിരിയുന്ന ഘട്ടമാണിത്. ബിരുദതല പ്രവേശനത്തിനായി കുട്ടികൾക്ക് സാമ്പ്രദായികമായ ഏക വിഷയ കോഴ്സുകൾ വിട്ട് മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ തിരഞ്ഞെടുക്കാനുള്ള അവസരങ്ങൾ കേരളത്തിലെ സർവകലാശാലകളിൽ ഉണ്ടാകേണ്ടതുണ്ട്. പഴയകാലത്തെ കുട്ടികളല്ല ഇന്നുള്ളത്. ബിരുദാനന്തര ബിരുദ, ഗവേഷണ പഠനത്തിനായി വിദേശ സർവകലാശാലകളിലേക്ക് പോകാനാഗ്രഹിക്കുന്ന കുട്ടികൾ ഇന്ന് കേരളത്തിന് പുറത്തുപോയി ഡബിൾ, ട്രിപ്പിൾ മെയിൻ ബിരുദ കോഴ്സുകളെയാണ് ആശ്രയിക്കുന്നത്. കേരളത്തിൽ പഠിക്കണമെന്നാഗ്രഹിക്കുമ്പോഴും അക്കാദമിക, സർഗാത്മക അഭിരുചികൾക്കനുസരിച്ച വൈവിധ്യമുള്ള മൾട്ടി ഡിസിപ്ലിനറി ഇൻറഗ്രേറ്റഡ് കോഴ്സുകൾ നമ്മുടെ സർവകലാശാലകൾക്ക് കീഴിലുള്ള കോളജുകളിൽ അതിനാൽ ഇനിയും വൈകാതെ ഉണ്ടാകണം. കാലതാമസത്തിനുള്ള സാങ്കേതികപ്രശ്നങ്ങളുണ്ടെങ്കിൽ കണ്ടെത്തി പരിഹരിക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണം.
അടിസ്ഥാന പൊതുവിദ്യാഭ്യാസരംഗം അടിയന്തരമായി ജാഗ്രതപ്പെടേണ്ടതും പാഠ്യപദ്ധതിയിൽ നിരന്തരമായി ഉൾപ്പെടുത്തേണ്ടതുമായ ഒരു വിഷയമാണ് കുട്ടികളുടെ മാനസിക, വൈകാരിക, ശാരീരിക ആരോഗ്യം. ഇവ പരസ്പരം ബന്ധിതമാണ്. ഇന്ന് കോവിഡിനെ പിടിച്ചുകെട്ടാൻ പ്രയാസപ്പെടുന്നതിൽ കേരളം നേരിടുന്ന എറ്റവും വലിയ വെല്ലുവിളി കൂടിയ ജീവിതശൈലീരോഗങ്ങളാണെന്ന് നമുക്കെല്ലാവർക്കും അറിയാം. യഥാർഥത്തിൽ ജനസാന്ദ്രതയും ജീവിതശൈലീരോഗങ്ങളും കൂടുതലുള്ള ഒരു മരണമുനമ്പാണ് കേരളം. ആരോഗ്യരംഗത്തെ കാര്യക്ഷമമായ സേവനങ്ങൾ കൊണ്ടുമാത്രം വരും കാലങ്ങളിൽ കേരളത്തിന് പിടിച്ചുനിൽക്കാനാവുകയില്ല. മറിച്ച്, ജീവിതശൈലിയിൽ അടിയന്തരമായ തിരുത്തും മാനസികവും വൈകാരികവും അതുവഴി ശാരീരിക ആരോഗ്യവുമുള്ള ജനതയെ നാം വാർത്തെടുക്കണം. ഇന്നത്തെ തലമുറയിലെ കുട്ടികളുടെ വളരെ വൈകിയുള്ള ഉറക്കം, ഭക്ഷണരീതിയിലെ അനാരോഗ്യകരമായ ശീലങ്ങൾ, ശരീരമനങ്ങാതെയുള്ള ജീവിതം, അധികമായ ഓൺലൈൻ ആശ്രിതത്വം, പഠനസംബന്ധവും അല്ലാതെയുമുള്ള അധികരിച്ച സമ്മർദങ്ങൾ, ശാരീരിക, വൈകാരികമാറ്റങ്ങളെക്കുറിച്ചുള്ള ആകുലതകൾ, ഉൽക്കണ്ഠകൾ തുടങ്ങിയവ സൃഷ്ടിക്കാൻപോകുന്ന വിപത്ത് മുൻകൂട്ടി കാണാനാകണം. അമേരിക്കൻ ജനതയുടെ ഇന്നത്തെ ജീവിതശൈലികളോട് സമാനമാണ് കേരളത്തിലെ ഇന്നത്തെ ജീവിതശൈലികളും തൽസംബന്ധമായി ഇനിയും രൂക്ഷമാകാനിരിക്കുന്ന ജീവിതശൈലീരോഗങ്ങളും. അതിൽ ഏറ്റവും അപായകരമായി നാം അനുഭവിക്കാൻപോകുന്നത് വർധിക്കുന്ന ഡിമെൻഷ്യ രോഗികളുടെ എണ്ണമായിരിക്കുമെന്ന് കൊച്ചിൻ യൂനിവേഴ്സിറ്റിയിലെ ന്യൂറോ സയൻസ് വിഭാഗത്തിൽ ഡോ. ചക്രപാണിയുടെ നേതൃത്വത്തിൽ നടക്കുന്ന ഗവേഷണപഠനങ്ങളും പ്രവർത്തനരംഗത്തെ അനുഭവങ്ങളും മുന്നറിയിപ്പ് തരുന്നു. നാൽപതും മുപ്പതും വയസ്സിൽ ഡിമെൻഷ്യ രോഗികൾ ഉണ്ടാകാൻ പോകുന്ന കേരളസമൂഹത്തെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ. ഭരണകർത്താക്കളുടേയും വിദ്യാഭ്യാസ പ്രവർത്തകരുടേയും ആരോഗ്യമേഖലയുടേയും അടിയന്തര ശ്രദ്ധപതിയേണ്ട വിഷയമാണിത്. ജീവിതശൈലിയിൽ വരുന്നമാറ്റം നമ്മുടെ വൈകാരിക, മാനസിക, ശാരീരികതലങ്ങളിൽ വരുന്ന മാരകമായ ഭീഷണികളെ മനസ്സിലാക്കാനും ആരോഗ്യകരമായ വൈകാരിക മനസ്സും ശരീരവും കാത്തുസൂക്ഷിക്കേണ്ടതെങ്ങനെയെന്ന് പഠിക്കാനും നമ്മുടെ പാഠ്യപദ്ധതിയിൽ അടിസ്ഥാനപരവും സവിശേഷവുമായ മനഃശാസ്ത്ര പഠനം ഉൾപ്പെടുത്താൻ വൈകിക്കൂടാ. ഇതര മനുഷ്യരോടും പ്രകൃതിയോടും ജന്തുജീവജാലങ്ങളോടും അക്രമാസക്തിയില്ലാതെ സഹഭാവത്തോടും സഹാനുഭൂതിയോടുംകൂടി സഹവർത്തിക്കാനുള്ള ജീവിതശൈലീ സംസ്കാരംകൂടി ഇതിെൻറ ഭാഗമായി പരിശീലിപ്പിക്കാനും സ്വായത്തമാക്കാനുമാകും.
ലിംഗസമത്വം, ലിംഗനീതി സംബന്ധിച്ച അവബോധം ഉണ്ടാക്കുന്നതിനായുള്ള ആശയങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കിക്കൊണ്ട് നവീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ നടത്തിയ പ്രസ്താവന നൽകുന്ന പ്രതീക്ഷകൾ ജീവിതാനുഭവത്തിൽ യാഥാർഥ്യമാകണമെങ്കിൽ മനഃശാസ്ത്ര പഠനത്തിലൂടെയുള്ള കൃത്യമായ ജീവിതാവബോധം കൂടി കുട്ടികൾക്ക്ലഭിക്കണം. അല്ലാതെ പ്രബലമായ വാർപ്പുമാതൃകകൾ പൊളിക്കുക എളുപ്പമല്ല. ചരിത്രപരവും സാമൂഹികവും സാമ്പത്തികവും മാനസികവും വൈകാരികവും ശാരീരികവുമായ ഘടകങ്ങൾ ലിംഗപദവി ബന്ധങ്ങളെ നിർമിക്കുന്നതെങ്ങനെയെന്നും അധീശത്വ വിധേയത്വപരമായി പ്രവർത്തിക്കുന്നതെങ്ങനെയെന്നും സ്വയം മനസ്സിലാക്കാൻ, ലിംഗനീതിയും സമത്വവും സ്വയം പ്രായോഗികമാക്കാൻ വളർന്നുവരുന്ന കുട്ടികൾക്ക് ൈപ്രമറി സ്കൂൾതലം മുതൽ തിരിച്ചറിവും വ്യക്തതയും ഉണ്ടാകണം.
വിദ്യാഭ്യാസരംഗത്ത് നാം നിക്ഷേപിക്കുന്ന ഏതൊരു മൂലധനവും സമൂഹത്തിെൻറ സമഗ്രവും സുസ്ഥിരവും ആരോഗ്യകരവുമായ ജീവിതത്തിനുമായി തിരിച്ചുകിട്ടണമെങ്കിൽ അടിസ്ഥാനപരവും മൗലികാവകാശപരവുമായ ഈ ഘടകങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ഇനിയും വൈകരുത്. അതിനായി ഈ രംഗങ്ങളിലെ വിദഗ്ധരുടെ സമിതി രൂപവത്കരിക്കുകയും പ്രവർത്തനങ്ങൾ തുടങ്ങുകയും വേണം. പുതിയ അറിവുകളും അവബോധവും കാഴ്ചപ്പാടുകളുമുള്ള അധ്യാപകരെയും വളർത്തിയെടുക്കേണ്ടതുണ്ട്. ടീച്ചേഴ്സ് െട്രയ്നിങ് കോഴ്സിനുള്ള പാഠ്യപദ്ധതിയിലും ഇതെല്ലാം ഭാഗമായിരിക്കണം. നിലവിലെ അധ്യാപകർക്ക് സവിശേഷമായി പരിശീലന പരിപാടികൾ സംഘടിപ്പിക്കേണ്ടതായി വരും. മർമപ്രധാനമായ ഇക്കാര്യങ്ങളിൽ നാം കാലങ്ങളായി തുടർന്നുവന്ന അലംഭാവത്തിനും കാഴ്ചപ്പാടില്ലായ്മക്കും നമ്മുടെ സമൂഹം ഇതിനോടകം വലിയ വില നൽകിക്കഴിഞ്ഞിരിക്കുന്നു. മരണമുനമ്പിൽനിന്ന് എല്ലാ അർഥത്തിലും ഇനിയും വൈകാതെ നാം അതിജീവിച്ചുവന്നേ മതിയാവൂ.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.