സ്ത്രീസൗഹൃദ കേരളം എന്ന ആശയം വാക്കുകൾക്കപ്പുറം പ്രയോഗവത്കരിക്കുന്നതിന് ഇന്ന് കേരള സർക്കാറിനുമേൽ അതി തീവ്രമായ സമ്മർദമുണ്ട്. തുടർച്ചയായി നടന്ന സ്ത്രീധനക്കൊലകൾക്കുശേഷം സ്ത്രീധന വിവാഹങ്ങൾ ബഹിഷ്കരിക്കുമെന്ന് വിവിധ സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്നു. സമൂഹത്തിന്റെ പുരോഗമനപരമായ മാറ്റങ്ങൾക്കായി ആഗ്രഹിക്കുന്ന സംഘടനകളും ഓരോ സ്ത്രീയും പുരുഷനും വ്യക്തി എന്ന നിലയിലും ഈ തീരുമാനം നടപ്പിൽ വരുത്തിയെങ്കിൽ മാത്രമേ സ്ത്രീസൗഹൃദ കേരളത്തിലേക്ക് നമുക്ക് നടന്നടുക്കാനാവൂ.
സ്ത്രീധനത്തിെൻറ പേരിൽ പെൺകുട്ടികൾ കൊലചെയ്യപ്പെടുന്നതും കുടുംബങ്ങളിൽ സ്ത്രീ അപമാനിക്കപ്പെടുന്നതും മർദനമേൽക്കുന്നതും പുറത്തിറങ്ങി തൊഴിലെടുക്കാനോ ഒറ്റക്ക് സഞ്ചരിക്കാനോ ആവാത്ത വിധം നിയന്ത്രിക്കപ്പെടുന്നതും ലൈംഗികാക്രമണങ്ങളുണ്ടാവുന്നതും തീർത്തും ഇല്ലാതാവുന്ന, സ്ത്രീകൾക്ക് സുരക്ഷിതമായും സ്വതന്ത്രമായും ജീവിക്കാനാവുന്ന പുതിയ കേരളത്തെയാണ് നമുക്ക് സ്ത്രീസൗഹൃദമെന്നു പറയാനാവുക. ഇതൊരു വിപ്ലവകരമായ പ്രവർത്തനമാണ്. ആഴത്തിലേക്ക് പടർന്നുറച്ചുകഴിഞ്ഞിട്ടുള്ള പുരുഷാധിപത്യത്തിന്റെ വേരുകൾക്ക് തൊലിപ്പുറമേയുള്ള താൽക്കാലിക ചികിത്സകൊണ്ട് ഒരു ഇളക്കവുമുണ്ടാവില്ല.
ദീർഘകാലമായി സ്ത്രീസംഘടനകൾ ഉന്നയിച്ച ആവശ്യത്തിെൻറ ഫലമായാണ് കഴിഞ്ഞ സർക്കാറിെൻറ കാലത്ത് വനിത ശിശുവകുപ്പു രൂപവത്കരിക്കപ്പെട്ടത്. കേരളം പോലൊരു സംസ്ഥാനത്ത് അത് ഇത്രയും വൈകാൻ പാടില്ലായിരുന്നു. ആ വകുപ്പിനു മാത്രമായി ഒരു മന്ത്രിയുണ്ടാവണം എന്നും സ്ത്രീകൾ തുടക്കംമുതൽ ആഗ്രഹിക്കുന്നുണ്ട്. കേരള ജനസംഖ്യയിലെ അമ്പതു ശതമാനത്തിലധികം വരുന്ന സ്ത്രീകളുടെ ജീവിതവുമായി ബന്ധപ്പെട്ട സമഗ്ര വികസനത്തിന്റെയും സ്ത്രീ-പുരുഷ നീതി, തുല്യത എന്നീ ഭരണഘടനാ തത്ത്വങ്ങളുടെയും നിർവഹണത്തിനുള്ള ഈ വകുപ്പിനു മുന്നിലുള്ളത് സമാനതകളില്ലാത്ത ചരിത്രപരമായ വെല്ലുവിളികളാണ്. അടിമുടി സ്ത്രീ പുരുഷ അസമത്വം നിറഞ്ഞ അതിസങ്കീർണമായ സാമ്പത്തിക, സാമൂഹിക, കുടുംബാധികാര സമവാക്യങ്ങളെയാണ് ഈ വകുപ്പിനും അതിനെ നയിക്കുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃത്വത്തിനും അതുവഴി സംസ്ഥാന സർക്കാറിനും നേരിട്ട് സംബോധന ചെയ്യാനുള്ളത്.
1995 ൽ കേരള വനിത കമീഷൻ രൂപം കൊണ്ട സമയത്തും സ്ത്രീകൾ വലിയ പ്രതീക്ഷയിലായിരുന്നു. ഓടിച്ചെന്ന് പരാതി പറയാനും പരിഹാരംതേടാനും സ്ത്രീകൾക്ക് എളുപ്പം പ്രാപ്യമായ ഇടമൊരുങ്ങിയിരിക്കുന്നു എന്നതായിരുന്നു അവരുടെ ആശ്വാസം. ആദ്യ അധ്യക്ഷയായിരുന്ന സുഗതകുമാരി തേൻറതായ ശൈലിയിൽ കമീഷനെ ജനകീയമാക്കുന്നതിൽ പങ്കുവഹിച്ചിരുന്നു. സുഗതകുമാരിയിൽനിന്നും പിന്നീട് അധ്യക്ഷയായ ജസ്റ്റിസ് ശ്രീദേവിയിൽനിന്നും തീർത്തും സ്ത്രീവിരുദ്ധമായ ഒട്ടനവധി ഉപദേശങ്ങളും പ്രസ്താവനകളും ഉണ്ടായത് മറക്കാനാവില്ല. സ്ത്രീകൾ അടുക്കളയിൽ ഭക്ഷണം പാചകം ചെയ്ത് ഭർത്താക്കന്മാരുടെ സ്നേഹം പിടിച്ചുവാങ്ങിയാൽ ഗാർഹികാതിക്രമം കുറക്കാം എന്ന ജസ്റ്റിസ് ശ്രീദേവിയുടെ പ്രസ്താവനക്കെതിരെ സ്ത്രീപ്രവർത്തകരുടെ ഭാഗത്തുനിന്നുയർന്ന ശക്തമായ പ്രതിഷേധങ്ങൾ അന്ന് സമൂഹം കണ്ടിട്ടുണ്ട്. പക്ഷേ, അവർ രണ്ടുപേരും രാഷ്ട്രീയ പാർട്ടി അംഗങ്ങളോ നേതാക്കളോ ആയിരുന്നില്ല. എന്നാൽ, പിന്നീട് വന്ന എല്ലാ അധ്യക്ഷസ്ഥാനീയരും അതത് സർക്കാറിെൻറ പ്രബല രാഷ്ട്രീയ പാർട്ടി പ്രതിനിധികളാണ്. അതുകൊണ്ട് അവർ വരുത്തുന്ന ഓരോ പിഴവിനും പാർട്ടിയുംസർക്കാരുംതന്നെയാണ് സമാധാനം പറയേണ്ടതായിവരുക. അതാണ് ഇപ്പോൾ, എം.സി. ജോസഫൈെൻറ കാര്യത്തിൽ സംഭവിച്ചത്. പുതിയൊരു അധ്യക്ഷയെ നിയമിക്കാനൊരുങ്ങുന്ന സർക്കാർ,വനിത കമീഷനിലെ ഭൂതകാലം വിലയിരുത്തേണ്ടതുണ്ട്. അതിലേറെ, എന്താണ് വനിത കമീഷന്റെ അധികാരവും പ്രവർത്തനങ്ങളും എന്നതിനും അധ്യക്ഷയുടെയും അംഗങ്ങളുടേയും പങ്കും ഉത്തരവാദിത്തവും സംബന്ധിച്ചും വ്യക്തതകളും കൃത്യമായ കാഴ്ചപ്പാടുകളും നയവുമുണ്ടായിരിക്കണം. ഇവിടെയാണ് വനിത-ശിശുവികസന വകുപ്പിെൻറ വലിയ പ്രസക്തിയും നേതൃത്വപരമായ ചുമതലയും വരുന്നത്.
ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുമ്പ് രൂപവത്കരിപ്പെട്ടപ്പോഴുണ്ടായ അതേ പ്രാഥമിക, പരിമിത അധികാരത്തിലാണ്ഇപ്പോഴും വനിത കമീഷൻ പ്രവർത്തിക്കുന്നത്. ഓരോ അധ്യക്ഷയും അവരുടെ വ്യക്തിപരമായബോധ നിലവാരത്തിലും ശീലിച്ചുവന്ന പ്രവർത്തന രീതികളിലുമാണ് മുന്നിൽ വരുന്ന സ്ത്രീപ്രശ്നങ്ങളിൽ ഇടപെടുന്നതും പ്രതികരിക്കുന്നതും. സ്ത്രീ പ്രശ്നങ്ങളെ സമീപിക്കുന്നതിന് സാമൂഹികശാസ്ത്രപരമായ ഒരു വിശകലന രീതിശാസ്ത്രമുണ്ട്. അത്തരത്തിലുള്ള സമഗ്രമായ അവബോധവും പരിശീലനവും പുതുതായി നിയമിക്കപ്പെടുന്ന ഏതൊരധ്യക്ഷക്കും അംഗങ്ങൾക്കും കമീഷനിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കും ലഭിച്ചിരിക്കണം. നിയമപരമായ ഉത്തരവാദിത്തങ്ങൾ സ്ത്രീപക്ഷത്തുനിന്നുകൊണ്ട് നിർവഹിക്കാൻ പ്രതിജ്ഞാബദ്ധരായ ഉദ്യോഗസ്ഥരായിരിക്കണം കമീഷനിൽ ഉണ്ടായിരിക്കേണ്ടത്. സംസ്ഥാനതലത്തിൽ കേന്ദ്രീകൃത അധികാര സ്വഭാവത്തിൽ മാത്രം പ്രവർത്തിച്ച് വനിത കമീഷന് വിജയകരമായിമുന്നോട്ടു പോകാനാവുകയില്ല. ജില്ലാതലങ്ങളിലും പ്രാദേശിക പഞ്ചായത്ത് തലങ്ങളിലും സ്ത്രീകളുടെ പരാതികൾ സ്വീകരിക്കാനും പരിഹാരപിന്തുണാ സംവിധാനങ്ങളിലെത്തിക്കാനുമുള്ള ജാഗ്രതാസമിതികളെ പ്രവർത്തനക്ഷമമാക്കാൻ സാധിക്കണം.
വനിത കമീഷനിൽ എത്തുന്ന സ്ത്രീകളുടെ പരാതികളുടെ സ്വഭാവമറിഞ്ഞ് അതിനനുസരിച്ച പരിഹാര നടപടികൾക്കുവേണ്ടി ബന്ധപ്പെട്ട വിവിധ അന്വേഷണ അധികാരസംവിധാനങ്ങൾക്ക് നിർദേശംകൊടുക്കാനും ആ അന്വേഷണത്തെ മോണിറ്ററിങ് ചെയ്യാനും സമയബന്ധിതമായി അതിെൻറ നടപടി സംബന്ധിച്ച റിപ്പോർട്ട് വിലയിരുത്തി നീതി നടപ്പാക്കുന്നുവെന്ന് ഉറപ്പു വരുത്താനുമുള്ള സമിതികൾ സ്ഥാപിക്കപ്പെടണം. ഇത്തരം നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകാനും ഉത്തരവ് നൽകാനുമുള്ള സ്വതന്ത്രമായ വലിയ അധികാരം വനിത കമീഷന് ആവശ്യമുണ്ട്. തൊഴിൽ സ്ഥാപനങ്ങളെ, െപാലീസ് സ്റ്റേഷനുകളെയടക്കം സ്ത്രീസൗഹൃദപരമാക്കാനും വനിത സെല്ലുകളെ വിജയകരമായ മാതൃകകളായി വികസിപ്പിക്കാനും വനിത കമീഷനുള്ള റോൾ വ്യക്തമായിരിക്കണം. കൃത്യമായഡോക്യുമെേൻറഷെൻറയും റിപ്പോർട്ടുകളുടേയും നീതിനിർവഹണ അനുഭവങ്ങളുടേയും അടിസ്ഥാനത്തിൽ ആവശ്യമായ സ്ത്രീ വികസന പ്രവർത്തന പഠനങ്ങൾക്ക് വനിത വികസന വകുപ്പിെൻറ കീഴിലെ ജെൻറർപാർക്കും കേരളത്തിലെ യൂനിവേഴ്സിറ്റികളിലെ വിമൻസ് സ്റ്റഡീസ്വകുപ്പുകളുമായിചേർന്ന് സഹകരണമാതൃകയിലുള്ള (Collaborative) പ്രവർത്തനങ്ങൾ നടത്തണം. കാലാനുസൃതമായി പരിഷ്കരിക്കുന്ന വനിതാ നയം സർക്കാറിെൻറ എല്ലാ വകുപ്പുകളും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാവണം. വനിത വികസന വകുപ്പിെൻറ കീഴിലുള്ള സ്ത്രീവികസന സ്ഥാപനങ്ങളുമായി ചേർന്നുകൊണ്ട് മുഴുവൻ സർക്കാർ വകുപ്പുകളുടേയും സ്ത്രീ വികസന പരിപാടികളും പദ്ധതികളും ഏകോപിപ്പിച്ച് സാമൂഹികലിംഗ നീതിനടപ്പാക്കാനുള്ള നിർദേശം നൽകാനും മോണിറ്റർചെയ്യാനും വിലയിരുത്താനും റിപ്പോർട്ട് തയാറാക്കാനും അതിന്മേൽ നടപടിയെടുക്കാൻ സർക്കാറിന് ശിപാർശ നൽകാനും വനിത കമീഷന് അധികാരമുണ്ടായിരിക്കേണ്ടതാണ്.
എന്തായിരിക്കണം വനിത കമീഷൻ എന്നതിനെക്കുറിച്ച് പറയുമ്പോൾ എന്തായിരിക്കണം വനിത-ശിശുവികസന വകുപ്പ് എന്നുകൂടിയാണ് ഞാൻ പറഞ്ഞു വരുന്നത്. ഒരു കോളത്തിൽ എഴുതിത്തീർക്കാനാവുന്നതല്ല എല്ലാ നിർേദശങ്ങളും. നിരന്തര ശ്രദ്ധയും അടിയന്തര പ്രവർത്തനങ്ങളും ആവശ്യമുള്ള മറ്റൊരു പ്രധാന വകുപ്പ് കൈകാര്യംചെയ്യുന്ന ഒരു മന്ത്രിക്ക് വനിത -ശിശുവികസന വകുപ്പിൽ സമ്പൂർണമായി ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുക എന്നത് അപ്രായോഗികവും ബുദ്ധിമുട്ടേറിയതുമായ കാര്യമാണ്. കേരളത്തെ സ്ത്രീസൗഹൃദപരമാക്കി മാറ്റിയെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക്, വനിത നയത്തെയും വനിത- ശിശു വകുപ്പിനെയും അതിനു കീഴിലെ സ്ഥാപനങ്ങളെയും സദാസമയം നോക്കിനടത്താൻ ആ വകുപ്പിനു മാത്രമായി ഒരു മന്ത്രി ഉണ്ടായിരിക്കുക എന്നത് ഏറ്റവും സുപ്രധാനമായ കാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.