പ്രസവിച്ച് മൂന്നുദിവസം കഴിയുമ്പോൾ അകറ്റപ്പെട്ട കുഞ്ഞ് പലയിടങ്ങളിലായി നീണ്ട ഒരുവർഷ ജീവിതം താണ്ടിക്കടന്ന് ആദ്യമായി സ്വന്തം അമ്മയുടെ നെഞ്ചിൽ ചേർന്നുകിടക്കുന്ന സമാധാനപരമായ കാഴ്ചയോടെയാണ്, കുഞ്ഞിനെ തിരിച്ചുകിട്ടാൻ നടത്തിവന്ന അനുപമ സമരത്തിെൻറ വലിയൊരു ഘട്ടം ഇക്കഴിഞ്ഞ ദിവസം സന്തോഷകരമായി തീരുന്നത്.
സ്വന്തം കുടുംബത്തിൽ അച്ഛനിൽനിന്ന് അനുപമ നേരിട്ട മനുഷ്യാവകാശ ലംഘനങ്ങളുടെ വ്യാപ്തി കേസ് നിരീക്ഷിച്ചവർക്കെല്ലാം പ്രഥമദൃഷ്ട്യ മനസ്സിലായിട്ടുണ്ടായിരുന്നു. അനുപമയുടെ പരാതിയിൽ, കുഞ്ഞിനെ ഏറ്റെടുക്കലും ദത്തു നൽകലും സംബന്ധിച്ച് സി.ഡബ്ല്യു.സി, ശിശുക്ഷേമ സമിതി, പൊലീസ് സ്റ്റേഷൻ അടക്കം വീഴ്ചകൾ വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ ഭാഗത്തുനിന്ന് ഇനിയും കാലതാമസം കൂടാതെ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
കേരളത്തിൽ തീർത്തും പുതിയതാണ് ഇത്തരമൊരു സമരം. പുതുതലമുറയിലെ യുവതികളിൽനിന്ന് ഭാവിയിൽ പൊട്ടിപ്പുറപ്പെടാൻ പോകുന്ന പ്രതികരണങ്ങളുടെ, സമരങ്ങളുടെ ഒരാമുഖം എന്ന് ഇതിനെ വിശേഷിപ്പിക്കാമെന്ന് തോന്നുന്നു. ലൈംഗിക, കുടുംബ ജീവിതസ്വാതന്ത്ര്യ തിരഞ്ഞെടുപ്പുകൾ സ്വന്തം വീടുകളിൽ, നാട്ടിൽ സ്ത്രീകൾ തുടങ്ങുമ്പോൾ അതിനെ എങ്ങനെ ജനാധിപത്യപരമായി അഭിമുഖീകരിക്കണം എന്നതിെൻറ പ്രായോഗിക പാഠമാണ് പ്രാഥമികമായി അനുപമയുടെ സമരം നൽകുന്നത്.
അമ്മയുടെ മേൽ സ്വന്തം അവകാശം ചോദിക്കാൻ പറ്റാത്ത തീർത്തും നിസ്സഹായമായ ഒരു കുഞ്ഞുകൂടി അദൃശ്യമായി ഈ സമരത്തിൽ സജീവമായി ഉൾപ്പെട്ടിരുന്നു. സ്വാധീനവും ശക്തിയുമുള്ളവർ നടത്തിയ സംഘടിതമായ ചീത്തവിളികൾകേട്ട് പതറാതെ അനുപമ അചഞ്ചലയായി നിലകൊണ്ടതോടെയാണ്, അടിയന്തരമായി ദത്തുനടപടികൾ കോടതിയിൽ നിർത്തിവെക്കാനും ആന്ധ്രയിലെ ദമ്പതികൾക്ക് ഫോസ്റ്റർ കെയറിനു നൽകിയ കുഞ്ഞിനെ അതിവേഗം തിരിച്ചുകൊണ്ടുവരാനും കുഞ്ഞിെൻറയും മാതാപിതാക്കളുടെയും ഡി.എൻ.എ ടെസ്റ്റ് നടത്താനും പിറ്റേന്നുതന്നെ കോടതിയിൽവെച്ച് കുഞ്ഞിനെ അനുപമയെ ഏൽപിക്കാനും സർക്കാറിെൻറ പക്ഷത്തുനിന്ന് സമയബന്ധിത ശ്രമങ്ങൾ ഉണ്ടായത്.
അനുപമയുടെ സമരത്തിെൻറ തുടക്കത്തിൽ ഈ കോളത്തിൽ നേരത്തേ എഴുതിയിരുന്നു, സമൂഹത്തിെൻറ സദാചാര സമ്മർദങ്ങളെ നേരിടാൻ അനുപമയുടെ അച്ഛൻ മറ്റെന്തു ചെയ്യണമായിരുന്നു എന്ന്. അക്രമരഹിത വഴികൾ എന്തുകൊണ്ട് അദ്ദേഹം തിരഞ്ഞെടുത്തില്ല? ദീർഘകാലത്തെ ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തന നേതൃത്വത്തിലൂടെയും മറ്റും കൈവന്ന സാമൂഹിക മൂലധനമുണ്ടായിട്ടും ജീർണ സദാചാര നിയമസംഹിതകളെ ഭയക്കുകയോ കൂട്ടുപിടിക്കുകയോ ചെയ്തത് എന്തുകൊണ്ട്? അമ്മയുടെ വലിയ ആന്തരിക, ബാഹ്യ സംഘർഷങ്ങൾക്കകത്ത്, അധികാരരാഹിത്യത്തിനുള്ളിൽ പിറന്നുവീണ ഒരു കുഞ്ഞുജീവനോട് കാണിക്കുന്ന മനുഷ്യാവകാശ ലംഘനത്തിെൻറ പേരിൽ സ്വന്തം ജീവിതം ജയിലിലകപ്പെടാനുള്ള സാധ്യതയുണ്ടെന്നുപോലും അറിയാനുള്ള ചിന്താശൂന്യത എന്തുകൊണ്ടുണ്ടായി?
വർത്തമാനകാലത്തെ മനുഷ്യജീവിതങ്ങളുടെ, കുടുംബബന്ധങ്ങളുടെ അതിവൈകാരിക അധികാര സങ്കീർണതകളെ സമഗ്രമായി കാണാൻ കഴിയണം. കാരണം, 18 വയസ്സു തികയുന്നതിന് തലേന്നുവരെയും അച്ഛെൻറയും അമ്മയുടെയും രക്ഷാകർതൃത്വത്തിെൻറ തണലിൽ വളർന്നവൾ/ൻ 18 വയസ്സു തികയുന്ന ദിവസം മുതൽ സാങ്കേതികമായി സർവ അവകാശങ്ങളും സ്വന്തം നിലയിൽ നിയന്ത്രിക്കാൻ അധികാരമുള്ള സ്വതന്ത്ര വ്യക്തിപദവിയിൽ എത്തുകയാണ്. അവരുടെ മുന്നോട്ടുള്ള സ്വതന്ത്ര വ്യക്തിജീവിതത്തിന്, തിരഞ്ഞെടുപ്പുകളുടെ ജീവിതസാധ്യതകൾക്ക് അനുകൂലമായ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക പിന്തുണ ഒരുക്കിയെടുക്കുന്നതിൽ സർക്കാറുകൾക്കുള്ള റോൾ, ഉത്തരവാദിത്തങ്ങൾക്കൂടി പുതിയ കാലത്ത് കൂടുതലായി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. അതായത്, കുടുംബനാഥനായ അച്ഛൻ ശീലിച്ചുവന്ന പാരമ്പര്യ മൂല്യബോധത്തിനനുസരിച്ച അളവുകോലുകളിൽ, തനിക്ക് അംഗീകരിക്കാൻ പറ്റാത്ത ഒരു പ്രവൃത്തി ചെയ്ത മകനെ/മകളെ സ്വന്തം വീട്ടിൽനിന്ന് ഇറക്കിവിടാൻ (പടിയടച്ചു പിണ്ഡം വെക്കുക എന്ന പ്രയോഗം പണ്ടു മുതലേതന്നെ ഭാഷയിലുണ്ട്) തീരുമാനിച്ചാൽ അവൻ/അവൾ നേരെ എവിടെ ചെന്ന് കയറണം? അവരുടെ തുടർവിദ്യാഭ്യാസം, തൊഴിൽ, വരുമാനം, ശാരീരിക മാനസിക സുരക്ഷിതത്വം എന്നിവ ഉറപ്പാക്കാൻ എന്തു സംവിധാനങ്ങളാണ് നമുക്കുള്ളത്?
ഇന്നത്തെ പെൺകുട്ടികളിൽ കുറെപ്പേർ കൂടുതൽ പഠിക്കാനും സ്വന്തമായി വരുമാനമുണ്ടാക്കാനും ആഗ്രഹിക്കുന്നവരാണ്. അതിനിടയിൽ അവർക്ക് േപ്രമബന്ധങ്ങളുണ്ടാവുകയോ ജൈവികമായ ലൈംഗിക മോഹങ്ങളുണ്ടാവുകയോ ചെയ്തേക്കാം. പെൺകുട്ടികളുടെ തിരഞ്ഞെടുപ്പ് അവൾക്ക് നഷ്ടങ്ങളും സഹനങ്ങളും വേദനകളും ആത്മഹത്യയും കൊലപാതകവും വിളിച്ചുവരുത്തുന്നതാകരുതെന്ന സ്വയം കരുതൽ ബോധവും പക്വതയും നൽകുന്നതിൽ കുടുംബങ്ങൾക്ക്, വിദ്യാഭ്യാസ വ്യവസ്ഥക്ക് വലിയ പങ്കുണ്ട്. പെൺകുട്ടികൾക്ക് മാത്രമല്ല, പ്രണയത്തിലാണെങ്കിലും ജീവിതത്തിലാണെങ്കിലും പരസ്പരം ബഹുമാനവും ഉത്തരവാദിത്തവും നിർവഹിക്കുംവിധം ആൺകുട്ടികളെ കരുതലോടെ വളർത്തിയെടുക്കാനും ഈ പുതിയ കാലത്ത് പുതിയ പഠനസഹായങ്ങൾ നൽകിയേ മതിയാവൂ.
കേരളത്തിൽ പ്രണയത്തിെൻറ പേരിലുള്ള ദുരഭിമാനക്കൊലകൾ മാത്രമല്ല, ആൺകുട്ടികൾ പെൺകുട്ടികളെ കൊല്ലുന്നതും ആവർത്തിച്ച് സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
സ്ത്രീകളെ സംബന്ധിച്ച്, അടിമുടി പാട്രിയാർക്കൽ സാമൂഹിക നിർമിത ഇടമായ കുടുംബത്തിനുള്ളിൽ ലൈംഗിക, പ്രത്യുൽപാദന അവകാശങ്ങളടക്കം സ്വന്തം നിയന്ത്രണാധികാരം 18 വയസ്സോടെ നിയമപരമായി അവൾക്ക് സ്വന്തമാവുകയാണ്. ഇന്ത്യ പോലൊരു രാജ്യത്ത് ആ അവകാശവും അധികാരവും സ്വതന്ത്ര വ്യക്തിപദവിയും കൈയാളാൻ സ്ത്രീകൾക്ക് കുടുംബത്തിെൻറയോ സമൂഹത്തിെൻറയോ അനുവാദമില്ല എന്ന യാഥാർഥ്യത്തിൽ സംഭവിച്ച വലിയ അധികാര സംഘർഷത്തിനുള്ളിലാണ് അനുപമയുടെ വിവാഹപൂർവ ലൈംഗികബന്ധവും ഗർഭധാരണവും പ്രസവവും രഹസ്യമായി നടക്കുന്നത്.
രഹസ്യമായി പ്രസവം നടന്നാൽ, ജീവനോടെ ജനിച്ച കുഞ്ഞിനെ കുടുംബത്തിനുള്ളിൽ മറച്ചുവെക്കുക അസാധ്യമാണ്. സമൂഹത്തിൽ നിന്നും ബന്ധുക്കളിൽനിന്നും നേരിടാൻ പോകുന്ന പരിഹാസവും ഒറ്റപ്പെടലും ഭയന്ന് ആ കടുത്ത വെല്ലുവിളിയെ അക്രമാസക്തമായ കുടുംബങ്ങൾ/പിതൃബിംബങ്ങൾ പൊതുവേ കൈകാര്യം ചെയ്തുവരുന്ന രീതിയാണ് അനുപമയുടെ അച്ഛൻ എളുപ്പം സ്വീകരിച്ചത്. ചിലപ്പോൾ അമ്മമാർ തന്നെ ഭയന്നും വേദനിച്ചും സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ചു കളയാറുണ്ട്, കൊന്നുകളയാറുണ്ട്.
എെൻറ 20 വയസ്സിെൻറ തുടക്കത്തിൽ സമത സ്ത്രീനാടക പ്രവർത്തനങ്ങളുടെ ഭാഗമായി ബെർത്തോൾഡ് െബ്രഹ്റ്റിെൻറ, ചോരക്കുഞ്ഞിനെ കൊന്ന മേരി ഫെറാറിെൻറ കഥയിലെ മേരിയായി ഞാൻ അത്തരം ഭയവും വേദനയും ഭാവനയിൽക്കണ്ട് കേരളം മുഴുവനും നിരവധി സ്റ്റേജുകളിൽ േപ്രക്ഷകർക്കുമുന്നിൽ അവതരിപ്പിച്ചിട്ടുള്ളത് സാന്ദർഭികമായി ഓർത്തുപോകുന്നു. അതിനുശേഷം വർഷങ്ങൾ എത്ര കടന്നുപോയിരിക്കുന്നു! എന്നിട്ടും ഇവിടെ മാത്രമല്ല, ഇപ്പോഴും ലോകത്തെല്ലായിടത്തുമുള്ള പാട്രിയാർക്കൽ സമൂഹങ്ങളിൽ ഇതേ നിഷ്ഠൂരതകൾ തുടരുകതന്നെയാണ്. പാട്രിയാർക്കിയെ ക്ഷീണിപ്പിക്കുകയും തകർക്കുകയും ചെയ്യുക എന്ന കൃത്യമാണ് അതിനെതിരെ ചെയ്യാനുള്ളത്. അനുപമയുടെ സമരത്തിന് പാട്രിയാർക്കിയെ ഒട്ടൊന്ന് ക്ഷീണിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.
കുഞ്ഞിെൻറ അച്ഛനായ അജിത്, ജാതിവ്യവസ്ഥയിൽ അനുപമ ജനിച്ച ജാതിയേക്കാൾ താഴ്ന്ന നിലയിലാണ് എന്നതും, കുഞ്ഞ് ജനിക്കുന്ന സമയത്ത് അദ്ദേഹം മറ്റൊരു സ്ത്രീയുടെ ഭർത്താവായിരുന്നു എന്നതും അനുപമയുടെ കുടുംബത്തിെൻറ സാമൂഹിക നിർമിത മാനാഭിമാന പ്രശ്നത്തെ കൂടുതൽ രൂക്ഷമായി വെല്ലുവിളിക്കുന്നതായിരുന്നു. അതിനാൽ, അധികരിച്ച വൈരാഗ്യ വികാരത്തോടുകൂടിയാണ് അനുപമയുടെ അച്ഛൻ മകളെ നേരിട്ടത് എന്നറിയുന്നു.
ഈ കാലത്തെ കുറെ പെൺകുട്ടികളുടെ ചിന്തകൾ ഞാനറിയുന്നത് 18 വയസ്സുള്ള എെൻറ മകളിലൂടെയും അവളുടെ കൂട്ടുകാരിലൂടെയുമാണ്. ഞങ്ങൾ നിരന്തരം സംസാരിക്കുന്നു. അവർ ഭിന്ന ലൈംഗിക അധികാര ലോകത്തെ നിശിതമായി വിമർശിക്കുന്നവരും വൈവിധ്യമാർന്ന ജെൻഡർ ഐഡൻറിറ്റികളുടെ യാഥാർഥ്യങ്ങളെയും ജീവിതസാധ്യതകളെയും കുറിച്ചുകൂടി നല്ല ധാരണയുള്ളവരും സ്വന്തം ശരീരത്തിെൻറ വളർച്ചയെയും തൃഷ്ണകളെയും മാനസിക വികാസത്തെയും കൗതുകത്തോടെ മനസ്സിലാക്കി തുറന്നു സംസാരിക്കുന്നവരുമാണ്.
അനുപമയുടെ ജീവിതത്തിൽ മാത്രമല്ല, ലൈംഗികത സംബന്ധിച്ച കാര്യങ്ങൾ സംസാരിക്കാനോ സംശയങ്ങൾ തീർക്കാനോ സാധ്യതകളില്ലാത്ത അടഞ്ഞ കുടുംബങ്ങളിലാണ് നമ്മുടെ ഭൂരിഭാഗം പെൺകുട്ടികളും വളരുന്നത്. അനുപമക്ക് വീട്ടിനുള്ളിൽ ഏഴുമാസം വരെയും ഗർഭം ഒളിപ്പിച്ചുവെക്കാനായി എന്നത് നമ്മുടെ കുടുംബങ്ങളിൽ മക്കളും അമ്മമാരും തമ്മിലുള്ള ആശയ വിനിമയത്തിലെ അമ്മമാരുടെ ദയനീയമായ അവസ്ഥയെക്കൂടിയാണ് തുറന്നുകാട്ടിത്തരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.