അനുപമ എസ്. ചന്ദ്രൻ എന്ന അമ്മയാണിപ്പോൾ കേരളത്തിെൻറ സംസാരവിഷയം. വിവിധ അധികാര കേന്ദ്രങ്ങളിൽ പരാതി നൽകിയിട്ടും ഫലം കാണാതെ തെൻറ കുഞ്ഞിനെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് അവർ സെക്രട്ടേറിയറ്റിനു മുന്നിൽ വരെ സമരം നടത്തി.
സ്വന്തം ഇഷ്ടപ്രകാരം കണ്ടെത്തിയ േപ്രമബന്ധത്തിൽ, വിവാഹം നടക്കാതെയാണ് അനുപമക്ക് കുഞ്ഞ് ജനിച്ചത് എന്നതാണ് ഈ പ്രശ്നം ഈ വിധം സങ്കീർണമാകാൻ കാരണം എന്ന് ഇപ്പോൾ എല്ലാവർക്കുമറിയാം. അന്ന്, ഇക്കാര്യം നാട്ടുകാരും ബന്ധുക്കളും അറിയാതിരിക്കാനായി, സമൂഹത്തിൽ നിലവിലുള്ള മാനാഭിമാന സങ്കൽപങ്ങൾ സംരക്ഷിക്കാനായി, തെൻറ അച്ഛനമ്മമാരാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയിൽ നൽകാം എന്നു തീരുമാനിച്ചത് എന്ന് അനുപമ പറയുന്നു. സഹോദരിയുടെ വിവാഹം നിശ്ചയിച്ച വേളയിൽ, കുടുംബത്തിന് വലിയ തളർച്ച ഉണ്ടാക്കും എന്ന മാനസിക സമ്മർദം അന്ന് ഈ തീരുമാനത്തോടൊപ്പം നിൽക്കാൻ അവരെ േപ്രരിപ്പിച്ചിട്ടുണ്ടാകാം എന്ന് കുഞ്ഞിനെ നൽകാൻ അനുപമ സമ്മതിച്ചിരുന്നു എന്ന കുടുംബത്തിെൻറ വാക്കുകളിൽനിന്ന് അനുമാനിക്കാനും ഒരിടം ഞാൻ കാണുന്നുണ്ട്. അത് അന്നത്തെ നിസ്സഹായതകൊണ്ടോ ഭീഷണികളോ സമ്മർദംകൊണ്ടോ സമ്മതിച്ചതാണ് എന്ന് അനുപമ പറഞ്ഞാൽ, നമ്മുടെ പിതൃമേധാവിത്വ കുടുംബങ്ങളുടെ പൊതുസ്വഭാവം വെച്ചു നോക്കിയാൽ അതിനാണ് വിശ്വാസ്യതയും മുൻതൂക്കവുമുള്ളത്. എന്തായാലും, നമ്മുടെ സമൂഹത്തിൽ ഇത്രയധികം ഉപേക്ഷിക്കപ്പെടുന്ന അനാഥക്കുട്ടികളുണ്ടാകുന്നത് ഈ പൊതുസമൂഹത്തിെൻറ സദാചാര ശാസനനിയമങ്ങൾ തീർത്തും അക്രമാസക്തവും നിഷ്കരുണവും കർക്കശവുമായതുകൊണ്ടു മാത്രമാണ്.
അതിനാൽ മാനാഭിമാനത്തെയും മകളുടെ സുരക്ഷയെയും കരുതി അനുപമയുടെ അച്ഛനമ്മമാർ ചെയ്ത കൃത്യത്തിെൻറ ഉത്തരവാദിത്തത്തിൽനിന്ന് പൊതുസമൂഹത്തിന് മാറിനിന്ന് അഭിപ്രായം പറയാൻ വലിയ അവകാശമൊന്നുമില്ല എന്ന് പറയാതിരിക്കാനാവില്ല. ആ കുടുംബത്തിന് മുന്നിൽ മറ്റെന്തായിരുന്നു വഴി എന്ന് ഞാനാലോചിക്കുകയാണ്. കാരണം, അനുപമ ഗർഭിണിയായ സമയത്തും പ്രസവസമയത്തും കുഞ്ഞിെൻറ അച്ഛനായ അജിത്ത് വിവാഹം കഴിക്കാനോ കുഞ്ഞിനെ ഏറ്റെടുക്കാനോ തയാറുള്ള അവസ്ഥയിലായിരുന്നില്ല എന്നാണ് ഈ കേസ് നിരീക്ഷിക്കുമ്പോൾ മനസ്സിലാകുന്നത്. എന്തായാലും, ഏതൊന്നാണോ അച്ഛനമ്മമാർ ഭയന്നത്, അക്കാര്യം അശനിപാതംപോലെ ഇന്ന് തലയിൽ തിരിച്ചു പതിക്കുകയുംചെയ്ത കൃത്യത്തിെൻറ പേരിൽ സമൂഹസദാചാരത്തിെൻറ മാത്രമല്ല, നിയമപരമായ നടപടികളെക്കൂടി അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നു. സ്വന്തം മകളെ മാത്രം രക്ഷപ്പെടുത്താനാഗ്രഹിച്ച് അവർ മകളുടെ കുഞ്ഞിനെ ഉപേക്ഷിക്കാനാണ് ശ്രമിച്ചത്. മകൾക്ക് അവളുടെ കുഞ്ഞ് പ്രിയപ്പെട്ടതാണെന്ന യാഥാർഥ്യം ആ അച്ഛനും അമ്മയും വിസ്മരിച്ചുപോയി. എന്തായാലും ഇപ്പോൾ അനുപമക്ക് സർക്കാർ നൽകാമെന്നേറ്റ പിന്തുണയും കുഞ്ഞിെൻറ ദത്തുകൊടുക്കൽ നടപടി സ്റ്റേ ചെയ്ത കോടതി ഉത്തരവും ആശ്വാസകരമാണ്. ശിശുക്ഷേമ സമിതിക്ക് വീഴ്ചകൾ പറ്റിയിട്ടുണ്ടെങ്കിൽ അത് കോടതി കണ്ടെത്തട്ടെ.
മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തതോടുകൂടി ഈ കേസിൽ ആരോടൊപ്പം നിൽക്കണം എന്ന കാര്യത്തിൽ പലതരം നിലപാടുകൾ സജീവമായി ഉയർന്നുവന്നു കഴിഞ്ഞു. അച്ഛനെയും അമ്മയെയും കുറ്റപ്പെടുത്തുന്നവർ, അജിത്തിനെ ഭർത്സിക്കുന്നവർ, അനുപമയെ തെറിയഭിഷേകം ചെയ്യുന്നവർ ഇങ്ങനെ വ്യത്യസ്തമാണ് പൊതുസമൂഹത്തിെൻറ കാഴ്ചകളും പ്രതികരണങ്ങളും. ഒരു വിഭാഗം അനുപമയുടെ നേർക്കും മറ്റൊരുവിഭാഗം അനുപമയുടെ അച്ഛനമ്മമാർക്കു നേർക്കും വലിയ സൈബർ ആക്രമണം നടത്തുന്നത് കാണുമ്പോൾ ലൈംഗികത, സദാചാരം എന്നീ വിഷയങ്ങളിൽ സമൂഹം എത്രയധികം രോഗാതുരവും മുൻവിധി നിറഞ്ഞതും അക്രമാസക്തവുമാണ് എന്ന് വീണ്ടും വെളിപ്പെടുന്നു.
ഇന്ത്യയിൽ ഇപ്പോൾ പെൺകുട്ടികളുടെ വിവാഹപ്രായം പതിനെട്ട് ആണ്. പതിനെട്ടു വയസ്സിനു ശേഷം സ്വന്തം ഇഷ്ടപ്രകാരം ഇണയെ തെരഞ്ഞെടുക്കാൻ പെൺകുട്ടിക്ക് നിയമപരമായി അവകാശമുണ്ട്. എന്നാൽ, എന്നെ ആകുലപ്പെടുത്തുന്ന കാര്യം, പത്തൊമ്പതു വയസ്സിൽ വിവാഹേതര പ്രണയബന്ധത്തിലോ അല്ലാതെയോ പെൺകുട്ടികൾ തീർത്തും അരക്ഷിതമായി ലൈംഗികബന്ധത്തിൽ അകപ്പെടുന്നതും ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതും ഒഴിവാക്കാനാവണം -അതവർക്ക് ആരു പറഞ്ഞുകൊടുക്കും എന്നതാണ്. ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കണം എന്ന് വനിതാ കമീഷൻ അധ്യക്ഷയായി സ്ഥാനമേറ്റെടുത്ത ശേഷം അഡ്വ. സതീദേവി നടത്തിയ പ്രസ്താവനയെപ്പോലും എത്ര കുത്സിതമായാണ് സമൂഹമാധ്യമങ്ങളിൽ പരിഹസിച്ചും ആക്രമിച്ചും േട്രാളുകളാക്കി മാറ്റിയത്! ലൈംഗിക വിദ്യാഭ്യാസമെന്നാൽ വിവേകത്തോടെ, ബുദ്ധിപൂർവം, ഉത്തരവാദിത്ത പൂർവം, ആരോഗ്യകരമായി മാത്രം ശരീരത്തെയും ലൈംഗികതയെയും തിരിച്ചറിയാനും സമീപിക്കാനും പ്രാപ്തമാക്കുന്ന മുന്നറിയിപ്പുകളും വിവരങ്ങളും ധാരണകളും ഉണ്ടാക്കിയെടുക്കുക എന്നതാണ്.
ഒന്നോർത്താൽ, അനുപമയുടെ അമ്മയും അച്ഛനും മറ്റെല്ലാ മാതാപിതാക്കളെയുംപോലെ മകളുടെ മേൽ അവകാശവും അധികാരവും ആഗ്രഹിച്ചിട്ടുള്ളവരാണ്. മകൾക്ക് പതിനെട്ടു തികഞ്ഞതും നിയമപ്രകാരം അവൾ സ്വന്തം ഇഷ്ടങ്ങൾ സ്ഥാപിക്കാൻ സ്വയം അവകാശവും അധികാരവും ഉള്ളവൾ ആയി മാറിയതും അവർ കൃത്യസമയത്ത് തിരിച്ചറിവോടെ ഓർത്തിട്ടുമില്ല. കാരണം, നമ്മുടെ കുടുംബങ്ങളിൽ അച്ഛനമ്മമാർ ആൺകുട്ടികളെയും പെൺകുട്ടികളെയും വിവാഹംവരേക്കും -അതെത്ര വൈകിയാലും- വയസ്സ് ഇരുപത്തഞ്ചോ മുപ്പതോ ആയാലും സ്വന്തം കുടുംബത്തിനുള്ളിൽ എത്ര സാമ്പത്തിക പരാധീനതകളുണ്ടെങ്കിലും പിന്തുണച്ച് കൂടെ നിർത്തുന്നവരാണ്. അതിെൻറ സ്വാഭാവിക ഫലമെന്നോണം അവരെ സ്വതന്ത്ര വ്യക്തികളായി പരിഗണിച്ച് പെരുമാറുകയോ സ്വാതന്ത്ര്യത്തെ ആദരിക്കുകയോ ചെയ്യാറുമില്ല. പെൺകുട്ടികളുടെ കാര്യത്തിൽ ഇത്തരം സംരക്ഷണം വീടുകളിൽ പരമാവധിയുമാണ്.
വിദ്യാഭ്യാസം പൂർത്തിയാക്കാതിരിക്കുകയോ സ്വന്തമായി ജോലിയോ വരുമാനമോ ഇല്ലാതിരിക്കുകയോ മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കേണ്ടിവരുകയോ ചെയ്യുന്ന ദുർഘടമായ ജീവിതസാഹചര്യങ്ങൾ പെൺകുട്ടികളെ കൂടുതൽ ദുർബലമാക്കുന്നു. സ്വന്തം ജീവിതത്തിെൻറ സാമ്പത്തിക ഭാഗധേയംകൂടി കഴിയുന്നത്ര നേരത്തേ നിർവഹിച്ചു തുടങ്ങാനാവുമ്പോഴാണ് പെൺകുട്ടികൾക്ക് സ്വന്തം ശരീരത്തിലും പ്രണയത്തിലും ലൈംഗികതയിലും വിവാഹത്തിലും ഒരുമിച്ചു ജീവിക്കലിലും സ്വയം നിർണയാവകാശം വിജയകരമായി സ്ഥാപിക്കാനാവുക എന്നതാണ് അർഥപൂർണമായ സ്വാതന്ത്ര്യത്തിെൻറ സ്ത്രീരാഷ്ട്രീയം.
കോളജ് പഠനകാലത്തു തന്നെ വിദ്യാർഥികൾക്ക് പാർട്ട്ടൈം ജോലിചെയ്യാനും സ്വന്തമായി വരുമാനമുണ്ടാക്കാനുമുള്ള സാധ്യതകൾ തുറക്കുന്ന സാമൂഹിക സാമ്പത്തിക അന്തരീക്ഷം വലുതായ സാംസ്കാരിക മാറ്റത്തിനു കൂടി വഴിതുറക്കുമെന്ന് ഞാൻ കരുതുന്നു. വിവാഹം കഴിക്കാനായി വിദ്യാഭ്യാസം നൽകുന്നതിനു പകരം തൊഴിലും വരുമാനവും നേടാനായി പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ കഴിയണം. സ്വതന്ത്ര വ്യക്തികളാകുന്നതോടെ അവർ ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കട്ടെ. പിന്നീടുണ്ടാവുന്ന ഏതാപത്തിലും അവരെ മാനസികമായി സഹായിക്കാൻ കഴിയുംവിധം അച്ഛനമ്മമാരും സ്വതന്ത്രരായി ജീവിക്കാൻ പഠിക്കട്ടെ.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.