അയോധ്യ ഒരേസമയം ആചാരബദ്ധമായ ത്രേതായുഗ ബ്രഹ്മണ്യത്തിന്റെ പരീക്ഷണശാലയും ലോകബാങ്കിന്റെ അടിസ്ഥാന സൗകര്യ വികസന വായ്പാ സമ്പദ്വ്യവസ്ഥയുടെ ഫ്ലാഗ്ഷിപ് നഗരവുമാകുന്നു എന്നതാണ് അയോധ്യയെക്കുറിച്ചുള്ള യോഗിയുടെ പരസ്യങ്ങളിൽനിന്നു വ്യക്തമാവുന്നത്
എം.ടി. വാസുദേവൻ നായർ 20 വർഷം മുമ്പ് എഴുതിയ ഒരു ലേഖനം വീണ്ടും അരങ്ങത്തു വായിച്ചതിനെത്തുടർന്നുണ്ടായ പ്രകമ്പനങ്ങൾ പ്രത്യേകിച്ച് ആരെയും ഉദ്ദേശിച്ചിട്ടില്ലെന്ന അദ്ദേഹത്തിന്റെ വിശദീകരണത്തിനുശേഷവും അടങ്ങിയിട്ടില്ല. സന്ദർഭപൂരിതമായി നോക്കുമ്പോൾ വിശദീകരണവും പ്രശ്നഭരിതമാണ്.
പിണറായി വിജയനെയാണ് അദ്ദേഹം വിമർശിക്കുന്നതെങ്കിൽ ആഗോളതലത്തിൽ അപ്രസക്തമായ സ്റ്റാലിനിസത്തെ സ്മരിക്കുകയും തികഞ്ഞ സ്റ്റാലിൻവാദി ആയിരുന്ന ഇ.എം.എസിനെ ഉദാഹരിക്കുകയും ചെയ്തതിൽ വലിയ വൈരുധ്യമുണ്ട്. 1940കൾ മുതൽ ആഗോള സ്റ്റാലിനിസ്റ്റ് രാഷ്ട്രീയത്തോടൊപ്പം മടികൂടാതെ നിന്ന ഇ.എം.എസിൽ ചന്ദനത്തോപ്പ് വെടിവെപ്പിന്റെ കാലം മുതൽ സ്റ്റാലിനിസത്തിന്റെ പ്രായോഗിക രൂപം നാം കണ്ടിട്ടുമുണ്ട്.
ചെഷസ്ക്യൂവിനെപ്പോലും അവസാന നിമിഷംവരെ അദ്ദേഹം വാഴ്ത്തി. മാത്രമല്ല, വ്യക്തിപൂജയുടെ തലത്തിലേക്ക് ചായുന്ന ഒരു നേതൃത്വം ഒരുകാലത്തും സി.പി.എമ്മിൽ ഉണ്ടായിരുന്നിട്ടില്ല. കൂട്ടുനേതൃത്വവും ആഭ്യന്തര ചർച്ചകളും പാർട്ടിയിൽ പ്രധാനമായിരുന്നു.
എന്നാൽ, പൊലീസിനെ ഉപയോഗിക്കുന്നതിലും എതിരാളികളെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നതിലും ബൂർഷ്വാ പാർട്ടികളിൽനിന്ന് ഒരു വ്യത്യസ്തതയും അവർ കാണിച്ചിട്ടുമില്ല. സ്റ്റാലിനിസം ഫാഷിസംപോലെ കേവലമായ വെറുപ്പിന്റെ പ്രത്യയശാസ്ത്രമല്ല. അത് ഒരു സാമൂഹിക വിപ്ലവത്തെ അതിന്റെ പ്രയോക്താക്കൾ ജനാധിപത്യവിരുദ്ധമാക്കുന്ന സാഹചര്യമാണ്.
സോവിയറ്റ് മാതൃകയിലുള്ള വ്യക്തിപൂജയിലേക്കു സി.പി.എം വീഴാതിരുന്നതിന് ഇന്ത്യയിലെ പാർട്ടിയുടെ പൊതു അവസ്ഥയും കേരളത്തിലെ ശക്തമായ മുന്നണിരാഷ്ട്രീയവും തടസ്സംനിന്നിട്ടുണ്ട്. മാത്രമല്ല, വ്യക്തിപരമായി ഇ.എം.എസ് അത്തരം മലിനചിന്തകൾക്ക് അടിമപ്പെട്ടിരുന്നുമില്ല.
ഇപ്പോഴത്തെ അമിതാധികാര പ്രയോഗങ്ങളും ഇടക്കുണ്ടാവുന്ന നേതൃവാഴ്ത്തലുകളും സ്റ്റാലിനിസ്റ്റ് ഇതരമായ ഒരു ഇടതുപക്ഷ പ്രോജക്ടിന്റെ ഭാഗമല്ലെന്നും അവ തിരുത്തപ്പെടേണ്ടതുണ്ടെന്നുമാണ് ഒരു പക്ഷേ എം.ടി ഉദ്ദേശിച്ചിട്ടുണ്ടാവുക.
അദ്ദേഹത്തിന്റെ സാഹിത്യത്തിലെ യാഥാസ്ഥിതിക വീക്ഷണത്തിന്റെ പശ്ചാത്തലവും അതിലെ നിലീനവും പ്രത്യക്ഷവുമായ ശൂദ്രരാഷ്ട്രീയവും അടിസ്ഥാനപ്പെടുത്തി നോക്കുമ്പോൾ ലേഖനങ്ങളിലെ ഇടതുപക്ഷ അപചയത്തെക്കുറിച്ചുള്ള ആകാംക്ഷകൾ അദ്ദേഹം പരിഹരിച്ചിട്ടില്ലാത്ത ആശയപരമായ ആന്തരിക പ്രതിസന്ധിയുടെ ഭാഗമായേ മനസ്സിലാക്കാൻ കഴിയൂ.
‘ലിബറൽ മൃത്യുദർശനത്തിന്റെ വിരുദ്ധോക്തികൾ’ എന്ന എം.ടി.യെക്കുറിച്ചുള്ള ലേഖനത്തിൽ മുമ്പ് ഞാനതു ചർച്ചചെയ്യാൻ ശ്രമിച്ചിട്ടുള്ളതാണ്. തന്നെയുമല്ല, ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രീയം മൂന്നാമതും അധികാരത്തിൽ വരാൻ തയാറെടുക്കുമ്പോൾ അധികാര വിമർശനത്തിന്റെ പരിധിയിൽ അത് പരാമർശവിഷയം പോലുമല്ലാതാവുന്നതും ദുരൂഹമാണ്.
മോദിയെയാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നൊരു വാദമുണ്ടെങ്കിലും ആൾക്കൂട്ടങ്ങളെ വിപ്ലവകരമായി ആശയവത്കരിക്കാൻ ഇ.എം.എസിനെ ഉദാഹരണമാക്കാൻ മോദിയോട് പറയാൻ എം.ടി സൂചിപ്പിക്കുന്ന തലത്തിലെ ഒരു സാമൂഹിക വിപ്ലവത്തിനും നേതൃത്വം കൊടുത്തയാളല്ല മോദി. എം.ടിയും വിമർശിക്കപ്പെടേണ്ടതുണ്ട്. ‘പൊതുസ്വത്താ’യതുകൊണ്ടു ആരെങ്കിലും വിമർശനാതീതരാകുന്നു എന്നത് നിസ്സഹായതയുടെ രാഷ്ട്രീയമാണ്.
ഞാൻ കഴിഞ്ഞദിവസം ബ്രിട്ടനിലെ ലേബർ പാർട്ടി നേതാവ് കീർ സ്റ്റാർമെർ ഗാർഡിയൻ പത്രത്തിൽ എഴുതിയ ലേഖനം വായിക്കുകയായിരുന്നു (ജനുവരി 10). ലേബർ പാർട്ടി എങ്ങനെ സ്വയം മാറുന്നു, അതെങ്ങനെ തൊഴിലാളികളിലേക്കു തിരിച്ചെത്താൻ ശ്രമിക്കുന്നു, എന്നതിനെക്കുറിച്ചായിരുന്നു ആ ലേഖനം.
ക്ഷേമരാഷ്ട്രം എന്ന സങ്കൽപത്തെ ഇല്ലാതാക്കിയതിൽ ലേബർ പാർട്ടിക്കുള്ള പഴയ പങ്ക് മനസ്സിൽ ഉള്ളതുകൊണ്ടാവാം അൽപം കരുതലോടെയാണ് ചില ക്ഷേമ അജണ്ടകൾ മുന്നോട്ടുവെക്കുന്ന ഒരു മാനിഫെസ്റ്റോ ഉണ്ടാവേണ്ടതിനെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നത്.
നിയോ ലിബറൽ പ്രത്യയശാസ്ത്രത്തെ പൊളിക്കാതെ യാഥാസ്ഥിതികരെ പരാജയപ്പെടുത്താൻ കഴിയുന്ന ഒരു രാഷ്ട്രീയ നയം എങ്ങനെ രൂപവത്കരിക്കാം എന്നൊരു ചോദ്യം വരികൾക്കിടയിൽ അദ്ദേഹം ചോദിക്കുന്നു.
കുറേക്കൂടി തൊഴിലാളിവർഗ പക്ഷപാതിത്വവും ഇടതു രാഷ്ട്രീയ ചായ്വുമുള്ള ജെറിമി കോർബിനെ പുറത്താക്കാൻ കൂട്ടുനിന്ന നേതാവാണ് സ്റ്റാർമെറെങ്കിലും ടോറി മേൽക്കോയ്മ അവസാനിപ്പിക്കാനുള്ള ഒരു രാഷ്ട്രീയ പദ്ധതിയുമായി അദ്ദേഹം മുന്നോട്ടുവരുന്നത് കൗതുകവും അതിന്റെ സാധ്യതയെക്കുറിച്ചുള്ള ആകാംക്ഷയും ജനിപ്പിക്കുന്നുണ്ട്.
സുനക് ഭരണത്തോടുള്ള നിഷേധ വോട്ടുകളുടെമാത്രം ബലത്തിൽ ലേബർ പാർട്ടി ജയിക്കുമെന്ന് പറയാൻ കഴിയുന്ന അവസ്ഥ ഇനിയും സംജാതമായിട്ടില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കുട്ടികളുടെയും രാഷ്ട്രത്തിന്റെയും ഭാവിയിൽ ഊന്നുന്ന പദ്ധതികളുള്ള ഒരു പ്രകടനപത്രിക മുന്നോട്ടുവെക്കുന്ന ലേബർ പാർട്ടിക്കുള്ള വോട്ട് ദേശീയ നവീകരണത്തിനുള്ള വോട്ടായിരിക്കുമെന്നും, 2024 ബ്രിട്ടന്റെ രാഷ്ട്രീയം അടിസ്ഥാനപരമായി മാറുന്ന വർഷമാകണമെന്നും അദ്ദേഹം പറയുന്നുണ്ട്.
2024ൽ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന രാജ്യമാണ് ഇന്ത്യയും. ഇവിടെ യാഥാസ്ഥിതിക നിയോ ലിബറൽ രാഷ്ട്രീയം അതിന്റെ മത ഭൂരിപക്ഷ അവതാരത്തിൽ മൂന്നാം തവണയും അധികാരത്തിലെത്താൻ കഴിയുമെന്ന് സ്വയമുറപ്പിച്ചുനീങ്ങുന്നു. ഈ സമഗ്രാധിപത്യ ശക്തിയെ പരാജയപ്പെടുത്താൻ ഇതുവരെ ഇന്ത്യയിലെ പ്രതിപക്ഷമോ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസോ ഒരു രാഷ്ട്രീയ അജണ്ട രൂപവത്കരിച്ചിട്ടില്ല.
ജാതിസെൻസസിന്റെ രാഷ്ട്രീയം സജീവമാക്കി നിർത്തുന്നതിൽപോലും പ്രതിപക്ഷം മതിയായ താൽപര്യം കാണിക്കുന്നില്ല. രാമക്ഷേത്രവും സ്മാർട്ട്സിറ്റിയും ഒരേ പ്രത്യയശാസ്ത്രത്തിന്റെ ഇരുപുറങ്ങളിലായി അങ്കിതപ്പെടുത്തിക്കൊണ്ട് മതബോധത്തെയും മധ്യവർഗ വികസന ഫെറ്റിഷിനെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന പദ്ധതിയാണ് ഫലപ്രദമായി ബി.ജെ.പി പുറത്തെടുത്തിട്ടുള്ളത്.
അയോധ്യ ഒരേസമയം ആചാരബദ്ധമായ ത്രേതായുഗ ബ്രാഹ്മണ്യത്തിന്റെ പരീക്ഷണശാലയും ലോകബാങ്കിന്റെ അടിസ്ഥാനസൗകര്യ വികസന വായ്പാ സമ്പദ്വ്യവസ്ഥയുടെ ഫ്ലാഗ്ഷിപ് നഗരവുമാകുന്നു എന്നതാണ് അയോധ്യയെക്കുറിച്ചുള്ള യോഗിയുടെ പരസ്യങ്ങളിൽനിന്നു വ്യക്തമാവുന്നത്.
അടിസ്ഥാന സൗകര്യ വികസനത്തിന് ആഗോള ഫൈനാൻസ് മൂലധനം വെച്ചുനീട്ടുന്ന വായ്പകളിൽ അധിഷ്ഠിതമായി രാമരാജ്യം നിർമിക്കുന്ന യാഥാസ്ഥിതിക ഭരണകൂടം തകരുന്ന സമ്പദ്വ്യവസ്ഥക്കുള്ളിൽ കൂടുതൽ കൂടുതൽ പാർശ്വവത്കരിക്കപ്പെടുന്ന ബഹിഷ്കൃത സമൂഹത്തെ മുമ്പെന്നത്തേക്കാളും യുക്തിഭദ്രമായി അന്യവത്കരിക്കുകയാണ്.
സ്വന്തമായ ഒരു സാമ്പത്തിക നയമോ പരിപാടിയോ ഒരുകാലത്തും ഹിന്ദുത്വ വാദികൾക്കു ഉണ്ടായിരുന്നില്ല. അതുകൊണ്ടാണല്ലോ ആദ്യമായി ഭരണത്തിലേക്ക് ഒറ്റക്ക് കാലുകുത്താൻ ജനസംഘം ബി.ജെ.പിയായി രൂപാന്തരപ്പെട്ട സമ്മേളനത്തിൽവെച്ച്, ഗാന്ധിയൻ സോഷ്യലിസമാണ് താങ്ങളുടെ സാമ്പത്തിക പരിപാടിയെന്ന് അവർ പറഞ്ഞുവെച്ചത്.
1983ൽ അദ്വാനി പറഞ്ഞിരുന്നത് തങ്ങൾ ആഗ്രഹിക്കുന്നത് ഹിന്ദുരാഷ്ട്രമോ മതാധിപത്യ ഭരണമോ അല്ല, ഹിന്ദുമതത്തിന്റെ സത്തയിൽ അഭിരമിച്ചുകൊണ്ട് (‘we revel in the essence of Hinduism’) രാഷ്ട്രത്തെ ആധുനികവത്കരിക്കുമ്പോഴും ഞങ്ങളുടെ വേരുകളിൽ മുറുകെപ്പിടിച്ചുകൊണ്ട് പാശ്ചാത്യവത്കരണത്തിൽ സ്വയം നഷ്ടപ്പെടാതിരിക്കുകയാണെന്നാണ്.
അന്നത്തെ സാഹചര്യത്തിൽ സ്വീകരിച്ച ആ അടവുതന്ത്രത്തിന്റെ ഭാഗം മാത്രമായിരുന്നു ഗാന്ധിയൻ സോഷ്യലിസത്തെക്കുറിച്ചുള്ള വാചാടോപം. എന്നാൽ ബി.ജെ.പി അധികാരത്തിലെത്തിയതാവട്ടെ, കേവലം കൂട്ടാളി മുതലാളിത്തത്തിന്റെ പ്രയോക്താക്കളും ഗ്ലോബൽ മൂലധനത്തിന്റെ ആജ്ഞാനുവർത്തികളുമായി മാറിക്കൊണ്ടാണ്.
ഒരുവശത്ത് നിർലജ്ജമായ മൂലധന താൽപര്യ സംരക്ഷയും മറുവശത്ത് ഗോരക്ഷയുമായി മത ഭൂരിപക്ഷവാദത്താൽ ജനതയെ മസ്തിഷ്ക പ്രക്ഷാളനം നടത്തി മതാനുഷ്ഠാനങ്ങളുമായി ഭരണകൂടത്തെ താദാത്മ്യപ്പെടുത്തിക്കൊണ്ടു മതവിശ്വാസികളെ ബ്ലാക്ക്മെയിൽ ചെയ്യുന്ന സമീപനമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിൽ അന്തർലീനമായിരിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് പ്രതിപക്ഷത്തിന് സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധി നിസ്സാരമല്ല.
എം.ടി നടത്തിയ അധികാര വിമർശനം അദ്ദേഹവും അദ്ദേഹത്തെ പിന്തുണക്കുന്നവരും വിപുലീകരിക്കേണ്ടതുണ്ട്. അടുത്ത് നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഹിന്ദുത്വ രാഷ്ട്രീയത്തെ എത്രമാത്രം പ്രതിരോധിക്കാൻ കഴിയുമെന്നതാണ് മുഖ്യമായ രാഷ്ട്രീയ പ്രശ്നം. നോട്ട് റദ്ദാക്കലിനെ എം.ടി വിമർശിച്ചിരുന്നു.
ഇപ്പോഴത്തെ സാഹചര്യത്തിൽ ജാതിസെൻസസ് അടക്കമുള്ള അജണ്ടകൾ കോൺഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ഒരുമിച്ചു മുന്നോട്ടുവെക്കുക എന്നത് പ്രധാനമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ സ്വാധീനമാണ് 1989 മുതൽ ബി.ജെ.പിയെ ദേശീയ രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാൻ സഹായിക്കുന്നത്.
അവിടെ പ്രാദേശിക പാർട്ടികളും കോൺഗ്രസും തമ്മിലെ ഐക്യം കൂടുതൽ സീറ്റുകൾ നേടുന്നതിന് അനിവാര്യമാണ്. കേരളത്തിലൊഴികെ മറ്റൊരിടത്തും ‘സ്റ്റാലിനിസം’ ഒരു വിമർശനവിഷയം പോലുമാകുന്നില്ല. തെലങ്കാനയിൽ അസംബ്ലി തെരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമായി വിശാലമായ ഒരു ജനാധിപത്യ മുന്നണിയിലേക്കു സി.പി.എം കൂടി കടന്നുവരാനുള്ള സാധ്യത കാണുന്നുണ്ട്. സി.പി.ഐ ഇപ്പോൾത്തന്നെ അതിന്റെ ഭാഗമാണ്.
അത്തരമൊരു സാഹചര്യത്തിൽ കേരളത്തിലെ അമിതാധികാര പ്രവണതകൾ പൊതുവിൽ പ്രതിപക്ഷത്തിന് വരുന്ന തെരഞ്ഞെടുപ്പിൽ ബാധ്യതയാകുമെന്ന സൂചനയാണ് എം.ടി നൽകുന്നതെങ്കിൽ അത് സ്വാഗതാർഹമാണ്. സി.പി.എം വൃത്തങ്ങളിൽ അതുണ്ടാക്കിയ താൽക്കാലികമായ അമ്പരപ്പിനപ്പുറം എം.ടിയുടെ അധികാര വിമർശനത്തിന് ഉദാത്തമായ ലക്ഷ്യങ്ങൾക്കൂടി ഉണ്ടാവേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.