പുതിയ സമൂഹ മാധ്യമമായ ക്ലബ് ഹൗസില്‍ ഞാന്‍ സജീവമല്ല. എെൻറ അതേപേരിലുള്ള ഒരു പ്രൊഫൈല്‍ സുഹൃത്തുക്കള്‍ ശ്രദ്ധയിൽപ്പെടുത്തിയപ്പോള്‍ ഔദ്യോഗികമായി ചിത്രസഹിതം ഒരു അക്കൗണ്ട് ഞാന്‍ ആരംഭിക്കുകയും ചെയ്തു. ഹേബർമാസിെൻറ (Jurgen Habermas) അഭിപ്രായത്തില്‍ പൊതുമണ്ഡലം എന്ന സങ്കൽപം യൂറോപ്പില്‍ ഉണ്ടാവുന്നത് കാപ്പിക്കട സംഭാഷണങ്ങളിലൂടെയാണ്. അതുപോലെ നിരന്തര സംഭാഷണങ്ങളുടെ ഒരു കേരളീയ പൊതുമണ്ഡലമായി നിലനിൽക്കാനുള്ള സാധ്യത ക്ലബ് ഹൗസിനുണ്ട്. ഗൂഗ്ളോ ഫേസ്ബുക്കോ ട്വിറ്ററോ മറ്റേതെങ്കിലും ആഗോള കുത്തകകളോ എന്നാണ് ക്ലബ് ഹൗസ് വിലക്കുവാങ്ങുക എന്നത് നമുക്ക് ഉറ്റുനോക്കാവുന്നതുമാണ്. ട്വിറ്റര്‍ ഒരുവട്ടം ശ്രമിച്ചതായും എന്നാല്‍ ആ ചർച്ച മുന്നോട്ടുപോയില്ലെന്നുമാണ് മനസ്സിലാക്കുന്നത്. ഇപ്പോള്‍ പൊതുചർച്ചകൾക്ക് ഉപയുക്തമായ ഒരു ഫോർമാറ്റാണ് ക്ലബ് ഹൗസിനുള്ളതെങ്കിലും ഇതുപയോഗിക്കുക എന്നത് ഏറെ സമയം ആവശ്യമുള്ള കാര്യമാണ്. ചർച്ചകളുടെ ബാഹുല്യമാണ് പൊതുമണ്ഡലങ്ങളെ ജനാധിപത്യപരമാക്കുന്നതെങ്കിലും ഇതേ ബാഹുല്യം തന്നെയാണ് അവയുടെ പ്രവർത്തനമൂല്യം ഇല്ലാതാക്കുന്നതെന്നതും ഹേബർമാസിെൻറ തന്നെ വിലപ്പെട്ട ഒരു കണ്ടെത്തലായിരുന്നു. ലക്ഷക്കണക്കിന് ചർച്ചകൾ ഒരേസമയം നടക്കുന്ന കാർണിവല്‍ അന്തരീക്ഷം നിരവധി സാധ്യതകളും ഉൽകണ്ഠകളും സൃഷ്ടിക്കുന്നതാണ്.
അടുത്തദിവസം കോഎർത്ത് ഫൗണ്ടേഷന് എന്ന സാങ്കേതിക വിദഗ്ധരുടെ സംഘടന കേരള തീരദേശസംരക്ഷണത്തെക്കുറിച്ച് നടത്തിയ ചർച്ചയിൽ ഞാന്‍ പങ്കെടുക്കുകയുണ്ടായി. മത്സ്യത്തൊഴിലാളി-തീരദേശ സംരക്ഷണ മേഖലയില്‍ വർഷങ്ങളായി പ്രവർത്തിക്കുന്ന മാഗ്ലിൻ പീറ്ററും ചർച്ചയിലുണ്ടായിരുന്നു. യശഃശരീരരായ ടി. പീറ്ററും ലാല്‍ കോയിപ്പറമ്പിലും മറ്റും നേതൃത്വം നൽകിയിരുന്ന തീരദേശ സംരക്ഷണ സമിതിയുമായി ബന്ധപ്പെട്ടു തൊണ്ണൂറുകളില്‍ ദീർഘകാലം പ്രവർത്തിച്ചിരുന്നതിനാല്‍ ഈ വിഷയം വ്യക്തിപരമായിത്തന്നെ താൽപര്യമുള്ള ഒന്നാണ്. കേരളത്തിന് തീരപ്രദേശം ഉണ്ടെന്നല്ല, കേരളം ഒരു തീരപ്രദേശമാണ് എന്നാണ് ശ്രദ്ധിച്ചു നോക്കിയാല്‍ മനസ്സിലാവുക. കടലിനോടു ചേർന്ന് നിൽക്കുന്ന മലയാണ് സഹ്യപർവതം. അതിെൻറ 'പടിഞ്ഞാറ്' ഇങ്ങനെ ഒരു കഷ്ണം കര കേവലം പത്തു മുതല്‍ നൂറു-നൂറ്റി ഇരുപതു കിലോമീറ്റര്‍ മാത്രം വീതിയില്‍ നിലനിൽക്കുന്നു എന്നതാണ് ഇങ്ങനെ ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. മധ്യകാല ഭൂപടങ്ങളില്‍ അത്ര കൃത്യമായല്ലെങ്കിലും അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള ദക്ഷിണേന്ത്യന്‍ മുനമ്പിെൻറ ചിത്രങ്ങളിലെ രൂപമാറ്റങ്ങളില്നിന്നും ഭൗമശാസ്ത്ര പഠനങ്ങളിലും കാണാന്‍ കഴിയുന്നത് കേരളം ഇനിയും രൂപവത്കരിക്കപ്പെട്ടു തീർന്നിട്ടില്ലാത്ത ഒരു കരയാണ് എന്ന വസ്തുതയാണ്. പർവതത്തിനു താഴെ ചില ചെറുദ്വീപുകളാണ് ആദ്യമുണ്ടായത്. പിന്നീട് അവയില്‍ ചിലത് വലുതാവുകയും അടുത്തടുത്തുള്ളവ തമ്മില്‍ ചേരുകയും ചെയ്തു. കടല്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്ന പ്രതിഭാസം ഈ തീരത്തിെൻറ സ്ഥിരം സ്വഭാവമാണ്. സത്യത്തില്‍ കേരളം ഒരു ചെറിയ താഴ്വാരം മാത്രമാണ്.
നിരവധി ലഗൂണുകള്‍ കൂടിച്ചേർന്ന് ഇപ്പോള്‍ കാണുന്ന വിസ്തീർണമുള്ള കരയുണ്ടായി എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അതുകൊണ്ടുതന്നെയാണ് ഇത്രയധികം ചെറുനദികളും ജലാശയങ്ങളും കേരളത്തില്‍ കാണാന്‍ കഴിയുന്നത്. ആലങ്കാരികമായി പറഞ്ഞാല്‍ കേരളം യഥാർഥത്തില്‍ ഒരു കരപ്രദേശമല്ല, ജലപ്രദേശമാണ്. ജലം സ്വാഭാവികനിലയാണ് കേരളത്തില്‍. കര ഒരു യാദൃച്ഛികതയാണ്. ഈ യാദൃച്ഛികത അതിനെ വളരെ പരിസ്ഥിതിലോലമാക്കുന്നു. പശ്ചിമഘട്ട സംരക്ഷണം എന്നത് മാത്രമല്ല പ്രശ്നം, കേരളമാകെ ഒരു പരിസ്ഥിതിലോല പ്രദേശമാണ്. പശ്ചിമഘട്ട പ്രദേശത്തെമാത്രം നിയന്ത്രിച്ചു കേരളത്തിലെ ഇടനാട്ടിലെയും തീരദേശത്തെയും അനിയന്ത്രിതമായി 'വികസിക്കാന്‍' വിടുന്നത് ഈ മേഖലകള്‍ തമ്മില്‍ കേരളത്തിെൻറ ഭൂമിശാസ്ത്രത്തിലുള്ള ജൈവബന്ധത്തെ കാണാതിരിക്കലാണ്. 'അവിടെ' നടക്കുന്ന പ്രവർത്തനങ്ങൾക്ക് മാത്രമല്ല, 'ഇവിടെ' നടക്കുന്ന പ്രവർത്തനങ്ങൾക്കും പ്രത്യാഘാതങ്ങളുണ്ട്.
അടിക്കടിയുണ്ടാവുന്ന പ്രളയങ്ങള്‍ രണ്ടു കാര്യങ്ങള്‍ ഒരിക്കല്‍കൂടി നമ്മുടെ ഓർമയിലേക്ക് ശക്തമായി കൊണ്ടുവന്നിരുന്നു- ഒന്ന്, കേരളം ഭൗമചരിത്രത്തിലെ ഒരു സമീപകാല ആകസ്മികതയാണ്, അത് സഹ്യപർവതത്തിെൻറ പടിഞ്ഞാറ് കടലില്‍ പ്രകൃതിയുടെ വളരെ അടുത്ത കാലത്തുണ്ടായ ചില മാറ്റങ്ങളുടെ ഫലമായി രൂപംകൊണ്ടതാണ്. രണ്ട്, ഇതിെൻറ ഭൂമിശാസ്ത്രം പശ്ചിമഘട്ടം മുതല്‍ തീരദേശംവരെ ഒന്നായിക്കാണേണ്ടതാണ്. മലയിലെ പാറയായാലും വിഴിഞ്ഞത്തെ തരിമണലായാലും അതിസൂക്ഷമമായ ഒരു പാരിസ്ഥിതിക ചരിത്രത്താല്‍ ബന്ധപ്പെട്ടിരിക്കുന്നു. തീർച്ചയായും ഈ പ്രദേശത്തിെൻറ പരിസ്ഥിതിപരമായ അരക്ഷിതത്വം സവിശേഷ ശ്രദ്ധ അർഹിക്കുന്നുണ്ട്. ജലത്തില്‍നിന്നു പൊന്തിയതുപോലെ മറ്റു പ്രദേശങ്ങളെക്കാള്‍ വേഗത്തില്‍ ഇത് ജലത്തില്‍ ആഴ്ന്നുപോകാവുന്നതാണ്.
കൊളോണിയല്‍ മൂലധനമാണ് തോട്ടവിളകൾക്കായി പശ്ചിമഘട്ടം തുറന്നതും അവയുടെ സുഗമമായ ഗതാഗതത്തിനായി നദികൾക്ക് സമാന്തരമായി കിഴക്ക്-പടിഞ്ഞാറ് നീളത്തില്‍ നിരക്കെ പാതകള്‍ പണിഞ്ഞ്
കേരളതീരത്തെ സ്വാഭാവിക തുറുമുഖങ്ങളിലേക്ക് കൂട്ടിമുട്ടിച്ചതും. ഇത് പരിസ്ഥിതിലോലമായ കേരളത്തിെൻറ ഭൂമിശാസ്ത്രത്തിലെ ആപത്കരം എന്നുതന്നെ പറയാവുന്ന വലിയൊരു ഇടപെടലായിരുന്നു. ഒരുപക്ഷേ 1923ലെ പ്രളയംതന്നെ കൊളോണിയല്‍ നിർമാണപ്രവർത്തനങ്ങളുടെകൂടി സമ്മർദം മൂലം ഉണ്ടായതാവാം. എന്നാല്‍ ഈ 'വികസന'ത്തിെൻറ ചുവടുപിടിച്ചാണ് പിന്നീടുള്ള കാലത്തും നാം വികസന പ്രവർത്തനങ്ങള്‍ നടത്തിയിട്ടുള്ളത് എന്നത് ഈ വൈകിയവേളയിലെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്. ചെല്ലാനവും ശംഖുംമുഖവും അടക്കം തീരശോഷണവും കടലാക്രമണവും നിത്യാനുഭവമായ പ്രദേശങ്ങള്‍ ഒറ്റപ്പെട്ട ഉദാഹരണങ്ങളല്ല എന്നും തിരിച്ചറിയേണ്ടതുണ്ട്.
ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ തീരപ്രദേശമാണ് കേരളത്തിലേത്. അതുകൊണ്ടുതന്നെ ജനജീവിതത്തിനും സാമ്പത്തിക പ്രക്രിയകൾക്കും വിഘാതമാകുന്ന ഒരു ശുദ്ധപരിസ്ഥിതിവാദം അപ്രായോഗികമാണ്. എന്നാല്‍, നിലവിലെ തീരദേശമേഖല നിയന്ത്രണനിയമം നിഷ്കർഷതയോടെ നടപ്പാക്കൽ അപ്രായോഗികമല്ല. 1991ല്‍ പ്രഖ്യാപിക്കപ്പെട്ട ഈ നിയമങ്ങള്‍ നടപ്പിലാക്കാന്‍ 1996ല്‍ സുപ്രീംകോടതി കർക്കശമായി ആവശ്യപ്പെട്ടതുമാണ്. പിന്നീട് 2008ലെ സ്വാമിനാഥന് കമീഷെൻറ നിഗമനങ്ങൾകൂടി കണക്കിലെടുത്തുകൊണ്ട് 2011ല്‍ വന്ന വിജ്ഞാപനവും നിലവിലുണ്ട്. തൊണ്ണൂറുകള്‍ മുതല്‍ മാത്രം നോക്കിയാല്‍ തീരദേശനിയമത്തിെൻറ നൂറുകണക്കിന് ലംഘനങ്ങളാണ് നടന്നിട്ടുള്ളതും ഇപ്പോഴും നടക്കുന്നതും. ഇത് കൂടാതെയാണ് വിഴിഞ്ഞം തുറുമുഖം പോലെയുള്ള വൻപദ്ധതികള്‍ സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ മത്സ്യത്തൊഴിലാളി സംഘടനകളും പരിസ്ഥിതിവാദികളും ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍, പലപ്പോഴും ഭരണകൂടങ്ങള്‍ പ്രവർത്തിക്കുന്നത് തീരദേശത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജനാധിപത്യപരമായ അവകാശങ്ങളില്‍ ഊന്നിയല്ല. മറിച്ച്, ക്രോണി മുതലാളിത്തത്തിെൻറയും ഹോട്ടൽ-ടൂറിസം ലോബികളുടെയും കൈേയറ്റങ്ങൾക്ക് അനുകൂലമായാണ്. കാലാവസ്ഥ വ്യതിയാനംപോലുള്ള ആഗോള പ്രതിഭാസങ്ങള്‍ ബാഹ്യമായ ഭീഷണികള്‍ കേരളതീരത്തിന് സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ആഭ്യന്തരമായ കരുതലുകള്‍ കൂടുതല്‍ പരിഗണന അർഹിക്കുന്നു. കേരളത്തിെൻറ ഭൗമശാസ്ത്രഘടന പൊതുവിലും തീരദേശത്തിെൻറ ഭ്രംശഘടനകള് വിശേഷിച്ചും കണക്കിലെടുക്കുന്ന സമഗ്രമായ പരിസ്ഥിതിനയമാണ് ഇപ്പോള്‍ ആവശ്യമായിട്ടുള്ളത്. മത്സ്യത്തൊഴിലാളി വിഭാഗങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് തീരദേശ നിയന്ത്രണ നിയമങ്ങള്‍ കർശനമായി നടപ്പാക്കുക എന്നതും പരമപ്രധാനമാണ്. 1991ലെ നിയമം നടപ്പാക്കാന്‍ നിർദേശിച്ച് സുപ്രീംകോടതി നൽകിയ വിധിയില്‍ എടുത്തുപറഞ്ഞ ഒരു കാര്യം 'നിയമം നിർമിക്കുകയും അതിെൻറ ലംഘനങ്ങള്‍ പൊറുക്കുകയും ചെയ്യുന്നത് നിയമവാഴ്ച ഇല്ലാതിരിക്കുന്നതിന് തുല്യമാണ്' എന്നായിരുന്നു. പാറമടകളുടെ കാര്യമായാലും തീരദേശപരിപാലനമായാലും ഇതുതന്നെയാവണം എപ്പോഴും നാം സ്വീകരിക്കേണ്ട അടിസ്ഥാന പ്രമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.