വ്യക്തിയും സമൂഹവും ബന്ധപ്പെടുന്ന പല മാധ്യസ്ഥങ്ങളില്‍ ഒന്നു മാത്രമാണ് ഭരണകൂടം. അതിനപ്പുറത്തും ഇപ്പുറത്തുമൊക്കെയായി വിപണിയുണ്ട്, മതമുണ്ട്, സിവിൽ സമൂഹമുണ്ട്, പൊതുമണ്ഡലമുണ്ട്. ഇവയെയെല്ലാം അതിവർത്തിക്കുന്ന പ്രതിഭാസമാണ് ഭരണകൂടം എന്നത് ചരിത്രത്തിലെ ഏറ്റവും അധീശത്വപരമായ വായനയാണ്. ഈ നടപ്പ് വിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ഭരണകൂടം അനുവദിക്കാറില്ല. വിപണി പലപ്പോഴും ഭരണകൂടമുക്തമായി നിൽക്കുന്നത് അതു സ്വാതന്ത്ര്യത്തിെൻറ ഉദാത്തരൂപമായതുകൊണ്ടല്ല. മറിച്ച് അതു ഭരണകൂടവും വിപണിയും തമ്മിലെ ബന്ധത്തിെൻറ അടിസ്ഥാനത്തില്‍ ബൂർഷ്വാ സമുദായത്തില്‍ നിലനിൽക്കുന്ന പരിമിതമായ വർഗസ്വാതന്ത്ര്യത്തിെൻറ പ്രതീകമായാണ്. മതത്തിെൻറ ആപേക്ഷിക സ്വാതന്ത്ര്യവും ചരിത്രബദ്ധമാണ്. മതഭൂരിപക്ഷവാദം ഭരണകൂടത്തില്‍ പിടിമുറുക്കുന്നത് ന്യൂനപക്ഷ മതസ്വാതന്ത്ര്യ ധ്വംസനത്തിനു കാരണമാകാറുണ്ട്.
മതഭൂരിപക്ഷ സമൂഹങ്ങളില്‍ പലപ്പോഴും മതത്തിനും വിപണിയുടെയത്രതന്നെയോ അതിലും ശക്തമായതോ ആയ ബന്ധം ഭരണകൂടവുമായുണ്ടാവാം. എന്നാല്‍, സിവിൽ സമൂഹത്തിന് അതിെൻറ ശൈഥില്യമാർന്നതും വൈരുധ്യപൂർണവുമായ ഉദാരഘടനമൂലം പലപ്പോഴും ഭരണകൂടത്തിനുമേല്‍ ഒരു നൈതിക പ്രതിപക്ഷമായി നിൽക്കുന്ന അവസ്ഥക്കപ്പുറം കാര്യമായ സ്വാധീനം പലപ്പോഴും ഉണ്ടാവാറില്ല. എങ്കിലും ഭരണകൂടത്തെ ജനാധിപത്യപരമാക്കുന്നതില്‍ ഏറ്റവും വലിയ പങ്കുണ്ടാവുന്നത് സിവില്‍ സമൂഹത്തിനു കൂടുതല്‍ പങ്കാളിത്തം ലഭിക്കുമ്പോഴാണ്.
ഭരണകൂടത്തിെൻറ അമിതാധികാര പ്രവണതകളോടുള്ള ചെറുത്തുനിൽപ്, മതത്തിനും വിപണിക്കും ഭരണകൂടത്തിനുമേല്‍ ഉണ്ടാവുന്ന അമിതമായ സ്വാധീനത്തിനോടുള്ള വിസമ്മതം, മനുഷ്യാവകാശത്തിലും വ്യക്തി സ്വാതന്ത്ര്യത്തിലും ഊന്നിയ നിയമനിർമാണങ്ങൾക്കും സ്ഥാപന സംവിധാനങ്ങൾക്കുമായുള്ള നിരന്തര പോരാട്ടം എന്നിവ പൊതുമണ്ഡലത്തില്‍ സജീവമാകുന്നത് സിവിൽ സമൂഹത്തിെൻറ തലത്തിലാണ്.
ഭരണകൂടത്തിെൻറ അമിതാധികാര പ്രവണതകളോട് സഹിഷ്ണുത കാട്ടുന്ന സ്റ്റേറ്റിസ്റ്റ്വാദം നിലവില്‍ വളരെ ശക്തമാണ്. അതിനു പല കാരണങ്ങളുമുണ്ട്. ബോധപൂർവവും അബോധപൂർവവുമായ ഫാഷിസ്റ്റ്കാഴ്ചപ്പാടുകള്, പാർട്ടിക്കൂറും, ഭരണകൂടവും ഭരിക്കുന്ന പാർട്ടിയും ഒന്നാണെന്ന തെറ്റിദ്ധാരണയില്നിന്നുണ്ടാവുന്ന വിവേചന യുക്തിരാഹിത്യവും ഭരണകൂടത്തില്‍ പ്രതിഫലിക്കുന്ന അധീശ പ്രത്യയശാസ്ത്രത്തോടുള്ള വിധേയത്വം തുടങ്ങിയവ ഇതിനു കാരണമാവാറുണ്ട്. വ്യക്തി എന്ന നിലയിലുള്ള അരക്ഷിതത്വവും സാമൂഹിക സംവാദങ്ങളില്‍ പലരെയും ഭരണകൂടവാദത്തിെൻറ വക്താക്കളായി മാറ്റാറുണ്ട്.
പൗരസമൂഹത്തിെൻറ മാധ്യസ്ഥങ്ങളോടുള്ള അവിശ്വാസവും പ്രധാനമാണ്. ഒരു ലിബറല്‍ ജനാധിപത്യം പലപ്പോഴും സിവില്‍ സമൂഹത്തെ വിശ്വാസത്തിലെടുക്കാറുണ്ട്. ജനാധിപത്യ വ്യവസ്ഥിതികള്‍ നിലനിൽക്കുന്നത് ഈ ഭരണകൂട- സിവില്‍ സമൂഹ പരസ്പര്യത്തിനു ആവശ്യമായ ബഹുമാന്യത നൽകിക്കൊണ്ടാണ്.
എന്നാല്‍, അഭൂതപൂർവമായ വേഗത്തില്‍ ലോകം വലത്തോട്ട് തിരിയുന്ന ഒരു ചരിത്രസന്ദർഭത്തിലാണ് നാം എത്തിനിൽക്കുന്നത്. 1920കളിലും 1930കളിലും ലിബറല്‍ ജനാധിപത്യവ്യവസ്ഥക്കെതിരെ യൂറോപ്പില്‍ ആരംഭിച്ച ഫാഷിസ്റ്റ് രാഷ്ട്രീയം മുതലാളിത്തലോകം മുഴുവനായി അംഗീകരിച്ച ഒന്നായിരുന്നില്ല. ഭരണകൂട-വിപണിബന്ധം ഉദാരമായ ഒരു വർഗബന്ധമായി നിലനിൽക്കുന്നത് ലിബറല്‍ പ്രാതിനിധ്യ ജനാധിപത്യത്തിലാണ് എന്ന ബൂർഷ്വാസിയുടെ വിശ്വാസം അപ്പോഴും രൂഢമൂലമായിരുന്നു. എന്നാല്‍, ഇന്ന് ആ സ്ഥിതിക്ക് മാറ്റംവന്നിട്ടുണ്ട്.
മൂലധനം നിയോലിബറല്‍ ഘട്ടത്തിലേക്ക് പ്രവേശിച്ച എൺപതുകള്‍ മുതൽക്കെങ്കിലും ഇല്ലിബറല്‍ ഭരണകൂടങ്ങൾക്ക് ഒപ്പം നിൽക്കാനുള്ള പ്രവണതയാണ് മൂലധനത്തിനുള്ളത്. ഇതിനുള്ള പ്രധാന കാരണം, ആഗോള മുതലാളിത്തത്തിന്റെ നിയോലിബറല്‍ വ്യതിയാനത്തിനെതിരെ ലോകത്തെമ്പാടുമുണ്ടായ ശക്തമായ ട്രേഡ് യൂനിയന്‍-സിവിൽ സമൂഹ പ്രതിരോധമാണ്. ലോകവ്യാപാരസംഘടനയുടെ യോഗങ്ങൾപോലും ലിബറല്‍ ജനാധിപത്യരാജ്യങ്ങളില്‍ ചേരുകയാണെങ്കില്‍ അതു വന്‍ ജനകീയക്കൂടിച്ചേരലുകൾക്ക് വഴിെവക്കുന്ന സാഹചര്യമുണ്ടായി. സിംഗപ്പൂരും ദോഹയിലുമൊക്കെയായി ജനാവലികള്‍ (multitude) രൂപംകൊള്ളാന്‍ അസാധ്യമായ പ്രദേശങ്ങളിലേക്ക് അത്തരം യോഗങ്ങള്‍ മാറ്റാന്‍ അവര്‍ നിർബന്ധിതരായി. ലിബറല്‍ ഭരണകൂടങ്ങളെക്കാള്‍ തങ്ങൾക്കു പ്രയോജനം ചെയ്യുന്നത് നാമമാത്ര ഇല്ലിബറല്‍ ദേശരാഷ്ട്രങ്ങളാണെന്ന തിരിച്ചറിവിലാണ് പിന്നീട് അവര്‍ കരുക്കള്‍ നീക്കിയത്. ഇന്ന് ഇന്ത്യയടക്കം പല രാജ്യങ്ങളിലും അത്തരം ഇല്ലിബറല്‍ ഭരണയുക്തി (governmentality) സ്വീകരിക്കപ്പെട്ടിരിക്കുന്നു.
അതുമാത്രമല്ല, ഇന്ത്യയില്‍ സവിശേഷമായി മതഭൂരിപക്ഷവാദ രാഷ്ട്രീയം പിടിമുറുക്കിയിരിക്കുന്നു. ബി.ജെ.പി-ആർ.എസ്.എസ് സർക്കാർ പ്രതിനിധാനം ചെയ്യുന്ന ഭരണകൂടം ക്രോണി മൂലധനവുമായും ആഗോള മുതലാളിത്തവുമായും മുൻകാലങ്ങളില്‍ ഉണ്ടായിരുന്ന പ്രതീകമാത്രമെങ്കിലുമായ വൈരുധ്യഭാവം പൂർണമായും ഉപേക്ഷിച്ചിരിക്കുന്നു. ആഭ്യന്തരനയങ്ങളില്‍ മൂലധനത്തിെൻറ സമ്മർദം മൂലമാണ് ക്രമേണ ക്ഷേമരാഷ്ട്ര സങ്കൽപത്തില് വെള്ളം ചേർത്തിരുന്നതെങ്കില്‍ ഇപ്പോള്‍ ആ സങ്കൽപംതന്നെ അടിയോടെ പിഴുതെറിയപ്പെട്ടിരിക്കുന്നു.
പാർലമെൻറും മറ്റു ജനാധിപത്യ സ്ഥാപനങ്ങളും ഭരണഘടനയുമെല്ലാം മതഭൂരിപക്ഷ രാഷ്ട്രീയം മാനിപ്പുലേറ്റ് ചെയ്യാന്‍ കഴിയുന്ന അതിഗുരുതരമായ സാഹചര്യം സംജാതമായിരിക്കുന്നു. ഈ സാഹചര്യം തിരിച്ചറിയുന്നു എന്നതാണ് വിവാഹപ്രായം ഉയർത്തുന്നതിനുള്ള പുതിയ കേന്ദ്രനീക്കത്തെ ചെറുക്കാന്‍ ശ്രമിക്കുന്ന മുസ്ലിം ലീഗ്, സി.പി.ഐ, സി.പി.എം നേതൃത്വങ്ങളുടെ നിലപാടില്‍ കാണാന്‍ കഴിയുന്നത്.
വ്യക്തിസ്വാതന്ത്ര്യം അപകടപ്പെട്ടിരിക്കുന്നു എന്ന കേവലമായ ഒരു ലിബറല്‍ വാദമല്ല ഇവിടെ ഉയർത്തപ്പെടുന്നത്. ആ വാദം ശക്തമായി വൃന്ദ കാരാട്ടും ആനിരാജയുമെല്ലാം മുന്നോട്ടുെവക്കുന്നുണ്ടെങ്കിലും വ്യക്തിയും ഭരണകൂടവും സിവിൽ സമൂഹവും തമ്മിലെ ബന്ധത്തില്‍ ഭരണകൂടം നടത്തുന്ന കൈയേറ്റം വ്യക്തിസ്വാതന്ത്ര്യം എന്ന പ്രാഥമിക പരിഗണനയുടെ ഘട്ടവും കടന്നു, പൊതുമണ്ഡലത്തിലുള്ള പൗരരുടെ സാമൂഹികബന്ധങ്ങളെ നേരിട്ട് നിയന്ത്രിക്കുന്ന അതിസൂക്ഷ്മമായ ജനാധിപത്യവിരുദ്ധ സമീപനത്തിലേക്ക് നീങ്ങിയിരിക്കുന്നു എന്നതാണ്. ഈ ഘട്ടത്തില്‍ സ്റ്റേറ്റിസ്റ്റ് സംരക്ഷണവാദവും പൗരക്ഷേമ താൽപര്യങ്ങള് പ്രതിഫലിക്കുന്നത് ഭരണകൂട ഇടപെടലുകളില്‍ ആണെന്ന നിലപാടും കരുതുന്നത് അങ്ങേയറ്റം അപകടകരമായ ഒന്നായി മാറുന്നു.
ജനാധിപത്യ സംവിധാനത്തില്‍ നിയമത്തിനും ആ നിയമങ്ങളെ നിലനിർത്തുന്ന സ്ഥാപനങ്ങൾക്കും സാമൂഹികമായ വലിയ ഉത്തരവാദിത്തം ആണുള്ളത്. നിയമങ്ങള്‍ രൂപംകൊള്ളുന്ന ജനാധിപത്യ പ്രക്രിയക്ക് വിശ്വാസ്യത ഇക്കാര്യത്തില്‍ പ്രധാനമാണ്. കേരളത്തിലെ അനധികൃതമായ ദത്തുനൽകൽ ഒരു രാഷ്ട്രീയവിഷയമാകുന്നത് അതു കുടുംബത്തിലെ വ്യത്യസ്ത വ്യക്തികൾക്ക് എന്തുതരം ധാർമികതകളാണുള്ളത് എന്നതിെൻറ അടിസ്ഥാനത്തിലല്ല. ഭരണകൂട സ്ഥാപനങ്ങള്‍ നിയമത്തില്‍ സക്ഷാത്കരിക്കപ്പെട്ടിട്ടുള്ള സാമൂഹിക താൽപര്യങ്ങൾക്കാണോ അതോ അതുമായി പൊരുത്തപ്പെടാത്ത വ്യക്തിതാൽപര്യങ്ങൾക്കാണോ മുൻഗണന നൽകുന്നത് എന്നതിെൻറ മാത്രം വിചാരണയിലാണ്. അതിനാൽത്തന്നെ, നിയമങ്ങള്‍ എന്നാല്‍, യഥാർഥത്തിലുള്ള സാമൂഹിക താൽപര്യങ്ങളെ, ചരിത്രപരമായി ഉയർന്നു വരുന്ന ജനാധിപത്യ–മനുഷ്യാവകാശബോധ്യങ്ങളെ സാക്ഷാത്കരിക്കുന്നവയാവണം എന്നത് പ്രധാനമാണ്.
പൗരർക്ക് നൽകുന്ന സ്വാതന്ത്ര്യങ്ങൾക്ക് പ്രായം നിശ്ചയിക്കുന്നതിനു പിന്നില്‍ വിവേചനങ്ങള്‍ പാടില്ല എന്നത് മൗലികമായ ഒരു നിലപാടാണ്. 13 വയസ്സുള്ള കുട്ടി നിങ്ങളുമായുണ്ടാക്കുന്ന കരാറിന് നിയമസാധുതയില്ല ഇന്ത്യയില്‍ എന്നറിയാമോയെന്ന് മുമ്പ് സുപ്രീംകോടതി ഫേസ്ബുക്കിനോട് ചോദിച്ചിരുന്നു. വ്യക്തിസാധ്യമായ സാമൂഹിക, മാനസിക വികാസങ്ങളുടെ ശരാശരി എന്ന നിലക്കാണ് പല രാജ്യങ്ങളിലും 16-18 വയസ്സ് എന്നത് സ്വതന്ത്രമായ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ പ്രാപ്തമാകുന്ന പ്രായം എന്ന് കണക്കാക്കുന്നത്. അതുകൊണ്ടാണ് അതിനുള്ളില്‍ കൈകടത്തുകയും ആ സ്വാതന്ത്ര്യം ചില കാര്യങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യുന്നത് അസ്വീകാര്യമാവുന്നത്.
ഇതില്‍ ഏതെങ്കിലും കാര്യത്തില്‍ ഈ പ്രായത്തിലുള്ള വ്യക്തികൾക്ക്പരാധീനതകള് ഉണ്ടാകുന്നുണ്ടെങ്കില്‍ അവ പരിഹരിക്കുക എന്ന ഉത്തരവാദിത്തമാണ് ഭരണകൂടത്തിനും സിവിൽ സമൂഹത്തിനുമുള്ളത്. അല്ലാതെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുകയല്ല. മാത്രമല്ല, അപഹരിക്കപ്പെടുന്നത് കേവലം വ്യക്തിസ്വാതന്ത്ര്യം മാത്രമല്ല, മറിച്ച് അതിനെ സാധൂകരിക്കുന്ന സാമൂഹികബന്ധങ്ങളുടെ ആപേക്ഷിക സ്വാച്ഛന്ദ്യം കൂടിയാണ് എന്ന വസ്തുത കൂടി ഇതിനോട് ചേർത്തുവായിക്കേണ്ടതുണ്ട്.
ഘടനപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നത് സ്വാതന്ത്ര്യത്തിെൻറ അടിത്തറയായി കണ്ടു എന്നതാണ് അംബേദ്കര്‍ നടത്തിയ സംവരണ ഇടപെടലിെൻറ പ്രാധാന്യം. ഇന്ത്യന്‍ ക്ഷേമരാഷ്ട്ര സങ്കൽപത്തിെൻറ അടിസ്ഥാനയുക്തി അതാണ്. വ്യക്തിസ്വാതന്ത്ര്യം ഇല്ലാതാക്കുകയോ പരിമിതപ്പെടുത്തുകയോ അല്ല, മറിച്ച്, അതു നിലനിൽക്കാനും പുലരാനുമുള്ള സാമ്പത്തിക-സാമൂഹിക-സാംസ്കാരിക സാഹചര്യങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ഭരണകൂടം ചെയ്യേണ്ടത്.
ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങള്‍ പൊളിച്ചെഴുതുക എന്ന ലക്ഷ്യത്തോടെയാണ് ഹിന്ദുത്വ സർക്കാര്‍ പ്രവർത്തിക്കുന്നത്. ഇതുവരെയുള്ള ഭരണകൂട നിലപാടുകളില്‍നിന്ന് വ്യത്യസ്തമായി ഇന്ത്യയുടെ പരിമിതമായ മതനിരപേക്ഷ സമീപനം എത്രയും വേഗം കൈയൊഴിയുക എന്നൊരു പ്രധാന അജണ്ടയാണ് ബി.ജെ.പി സർക്കാറിനെ നയിക്കുന്നത്. എല്ലാ പുതിയ നിയമനിർമാണങ്ങളുടെയും ആത്യന്തികലക്ഷ്യം ഈ അവശേഷിക്കുന്ന മതനിരപേക്ഷത ഇല്ലാതാക്കുക എന്നതാണ്. ഇതു മനസ്സിലാക്കാതെ സർക്കാറിെൻറ നിയമനിർമാണങ്ങളെ പിന്തുണക്കുന്ന സമീപനത്തിന് ഫാഷിസത്തിെൻറ ചതിക്കുഴികള്‍ ഇനിയും തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നാണു നാം ജാഗ്രതയോടെ ഓർമിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.