പുതുവർഷത്തിലേക്ക് കാലെടുത്തുവെക്കുന്ന രാഷ്ട്രം ഇതുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തികമായ അസ്ഥിരതകളും മഹാമാരിയുടെ നവതരംഗം സൃഷ്ടിക്കുന്ന ഭീതിജനകമായ സാഹചര്യവും നേരിടുകയാണ്. ഭരണകൂടവും ജനങ്ങളും ഒന്നിച്ചു പൊരുതേണ്ട സമകാലിക ഭീഷണികള്‍ പക്ഷേ, പലതും ഭരണകൂട സമീപനത്തിന്റെ കൂടി സൃഷ്ടിയാണ് എന്നതാണ് വേദനിപ്പിക്കുന്ന പരമാർഥം. രാജ്യം കത്തിയെരിയുമ്പോള്‍ നീറോ ചക്രവർത്തി വീണ വായിച്ചുവെന്ന് പറയുന്നതുപോലെ രാഷ്ട്രം നിരന്തരമായ ദുരന്തഭീഷണികളെ നേരിടുമ്പോള്‍ ഔറംഗസീബിനെക്കുറിച്ച് നുണക്കഥകള്‍ മെനയുന്നതിനാണ് അടിയന്തരപ്രാധാന്യം എന്നുകരുതുന്ന ഭരണകൂടനേതൃത്വം ഒരു തെരഞ്ഞെടുപ്പിന്റെ കാലത്തുപോലും ജനകീയ പ്രശ്നങ്ങള്‍ ചർച്ചചെയ്യില്ല എന്ന് കടുംവാശിയിലാണ്.
ഇന്ത്യയുടെ മതേതരമായ ഏകീകൃത സംരചനക്ക് സാംസ്കാരികമായും രാഷ്ട്രീയമായും ചരിത്രപരമായ അർഥത്തില്‍ വലിയ സംഭാവനകള്‍ നൽകിയ മുഗളരും നെഹ്രുവും രാഷ്ട്രത്തിന്റെ ശത്രുപക്ഷമാണ് എന്ന നുണവ്യവഹാരംകൊണ്ട് നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നത് രാജ്യം സാമ്പത്തിക മുരടിപ്പിന്റെയും പട്ടിണിയുടെയും തൊഴില്‍ രാഹിത്യത്തിന്റെയും ദേശീയ പ്രതിസന്ധികൾക്കു മുന്നില്‍ പകച്ചുനിൽക്കുമ്പോഴാണ് എന്ന വൈരുധ്യം ഭയപ്പെടുത്തുന്നതാണ്.
എന്നാല്‍, തികച്ചും ഹതാശമായ ഈ കാലത്ത് പ്രത്യാശയുടെ സ്ഫുരണങ്ങള്‍ ജ്വലിച്ചുയരുന്ന നിരവധി സന്ദർഭങ്ങൾക്ക് പോയവർഷം രാജ്യം സാക്ഷ്യംവഹിക്കുകയുണ്ടായി. ഫാഷിസത്തിന്റെ സാംസ്കാരിക ദേശീയത നിർമിതി ഒരു വശത്ത് തകൃതിയായി നടക്കുകയും യഥാർഥരാഷ്ട്രം സാമ്പത്തികമായും സാമൂഹികമായും ശിഥിലീകരിക്കപ്പെടുകയും ചെയ്യുന്ന കാഴ്ച ഹിന്ദുത്വഭരണം തുടങ്ങിയ കാലം മുതല്‍ കണ്ടുവരുന്നതാണെങ്കിലും പോയവർഷം അതിനെതിരെ തീവ്രമായ ചെറുത്തുനിൽപുകള് ശക്തിപ്പെട്ട കാലയളവ് കൂടിയായിരുന്നു.
കാർഷിക മേഖലയിലും തൊഴില്‍ മേഖലയിലും സർക്കാര്‍ നടപ്പിലാക്കുന്ന പരിഷ്കരണങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടന്ന സമരങ്ങള്‍ ഹിന്ദുത്വ ദേശീയതക്കെതിരെയുള്ള സമരങ്ങള്‍ എന്ന് നേരിട്ടുപറയാനാവില്ലെങ്കിലും പുതിയ സർക്കാര്‍ നയങ്ങളെ ഹിന്ദുത്വഫാഷിസത്തിന്റെ പൊതു അജണ്ടയിൽനിന്ന് വേർപെടുത്തിക്കാണാന്‍ കഴിയില്ല എന്നതും പ്രധാനമായിരുന്നു. കാർഷിക നിയമങ്ങൾക്കെതിരെ കർഷകര്‍ നടത്തിയ ധീരമായ ചെറുത്തുനിൽപും വ്യവസായ-തൊഴില്‍ നിയമനിർമാണങ്ങൾക്കെതിരെ ഇന്ത്യയിലെ പ്രമുഖ ട്രേഡ് യൂനിയനുകള്‍ നടത്തിയ ശക്തമായ സമരങ്ങളും പൗരത്വ നിയമങ്ങൾക്കെതിരെ ന്യൂനപക്ഷങ്ങള്‍ നടത്തിയ ഐതിഹാസിക സമരങ്ങൾപോലെ കരുത്തുറ്റതും ജനകീയമായ ഇച്ഛാശക്തിയും വിളിച്ചറിയിക്കുന്നതായിരുന്നു.
കർഷകസമരം നേരിട്ട് ബി.ജെ.പിയുടെ ഹൈന്ദവരാഷ്ട്രീയത്തെ ആക്രമിക്കുന്നതായിരുന്നില്ല. എൺപതുകള്‍ മുതല്‍ ഇന്ത്യ പിന്തുടർന്നുപോന്ന നിയോലിബറല്‍ സാമ്പത്തികനയങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ നിൽക്കുന്നതും എന്നാല്‍, മുൻകാല കോൺഗ്രസ് സർക്കാറുകള്‍ ഇക്കാര്യത്തില്‍ പുലർത്തിയിരുന്ന ദുർബലമായ സംയമനങ്ങളെപ്പോലും നിരാകരിക്കുന്നതുമായ പുതിയ കാർഷിക-വ്യവസായ നിയമങ്ങളാണ് കർഷകരും ട്രേഡ് യൂനിയനുകളും ചോദ്യംചെയ്തത്. ട്രേഡ് യൂനിയനുകളുടെ എതിർപ്പ് ഏറക്കുറെ പരമ്പരാഗത ശൈലിയിലുള്ളതായിരുന്നെങ്കില് കർഷകസമരം നൂതനമായ ഒരു സംഘർഷമുഖമാണ് വെട്ടിത്തുറന്നത്. ഒരു കൊളോണിയല്‍ വിരുദ്ധ സഹനസമരത്തിന്റെ ഊർജവും തീക്ഷ്ണതയും അത് പ്രസരിപ്പിച്ചു എന്നത് നിസ്തർക്കമായ കാര്യമാണ്. പഞ്ചാബിലെയും ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലെയും കാർഷികമേഖലയില്‍ ഹരിതവിപ്ലവത്തിന്റെയും പോസ്റ്റ്-നിയോലിബറല്‍ സാമ്പത്തിക ഇടപെടലുകളുടെയും പശ്ചാത്തലത്തില്‍ ഉണ്ടായിട്ടുള്ള കാർഷിക മുതലാളിത്തത്തിന്റെ വളർച്ച സൃഷ്ടിച്ച വലിയ വർഗവിഭജനങ്ങളെ അവഗണിച്ചുകൊണ്ടാണ് വൻകിട ചെറുകിട കർഷകരും ഒരു വലിയ വിഭാഗം കർഷകത്തൊഴിലാളികളും ഐക്യത്തോടെ സമരരംഗത്തേക്ക് കടന്നുവന്നത്.
ഭരണകൂടത്തിന്റെ പരമാധികാര രൂപങ്ങളായ ഭരണഘടനയെയും പാർലമെന്റിനെയും മറയാക്കി മാരകമായ നിഷേധവശങ്ങളുള്ള നിയമനിർമാണങ്ങള്‍ നടപ്പിലാക്കവെ എത്ര വലിയ കർഷക പ്രക്ഷോഭത്തിനാണ് ഇതു വഴിയൊരുക്കുക എന്നതിനെക്കുറിച്ച് ബി.ജെ.പിക്ക് വലിയ ധാരണയുണ്ടായിരുന്നില്ല. ആ അർഥത്തില്‍ കർഷകസമരത്തിന്റെ സർഗാത്മകത അനന്യമായിരുന്നു. അടിസ്ഥാനതലത്തിൽനിന്ന് ആരംഭിച്ചതും വൻകിട കർഷകര്‍കൂടി ഭാഗഭാക്കായതുമാണ് ഈ സമരം എന്നതിന്റെ രാഷ്ട്രീയമായ അർഥം അവസാനഘട്ടംവരെയും സംഘ്പരിവാറിനു വെളിവായില്ല. ഫാഷിസത്തിന്റെ ഗ്രാമങ്ങളിലെ ശക്തി എപ്പോഴും വൻകിട മുതലാളിത്ത കർഷകരോ ഫ്യൂഡല്‍ കർഷക പ്രഭുക്കളോ ആയിരിക്കും.
നഗരങ്ങളില്‍ ഈ പങ്കുവഹിക്കുന്നത് മധ്യവർഗങ്ങളും ഇടത്തരക്കാരുമാണ്. സർക്കാർ പാർലമെന്റില്‍ പാസാക്കിയ കാർഷിക- വ്യവസായ നിയമങ്ങള്‍ ഒറ്റയടിക്ക് ഈ വിഭാഗങ്ങളെ ബി.ജെ.പി ഭരണത്തിന്റെ ആപത്സാധ്യതകള് തൊട്ടറിയാന്‍ ഇടയാക്കി എന്നത് പ്രധാനമാണ്. ഈ നിയമങ്ങള്‍ നടപ്പാക്കിയ സാഹചര്യവും പ്രധാനമായിരുന്നു. രാഷ്ട്രം കോവിഡ് മഹാമാരിയുടെ ആക്രമണത്തില്‍ നട്ടംതിരിയുമ്പോള്‍ അതിനെതിരെ കാര്യമായി ഒന്നും ചെയ്യാന്‍ തയാറാവാതിരുന്ന ഭരണകൂടം തിടുക്കപ്പെട്ടു നടപ്പിലാക്കിയ ഈ നിയമങ്ങള്‍ ലോകവ്യാപാരസംഘടനയുടെയും ഇന്ത്യയിലെ ക്രോണി മൂലധനത്തിന്റെയും താൽപര്യങ്ങളെ ഒരുപോലെ സംരക്ഷിക്കുന്നവയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ അവതരിപ്പിച്ച ബജറ്റിലാണ് ധനകാര്യമന്ത്രി നിർമല സീതാരാമൻ പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കുമെന്ന് പ്രഖ്യാപിച്ചത്. ബാങ്കുകളുടെ ഓഹരി വിൽപനയിലൂടെ 1.75 ലക്ഷംകോടി സമാഹരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ഐ.ഡി.ബി.ഐ ബാങ്കടക്കം മൂന്നു പൊതുമേഖല ബാങ്കുകളെയും ജനറൽ ഇൻഷുറൻസ് കമ്പനിയെയും അടിയന്തരമായി സ്വകാര്യവത്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മറ്റൊന്ന് അങ്ങേയറ്റം അശാസ്ത്രീയമായി നടത്തുന്ന ബാങ്കുകളുടെ ലയനമാണ്. സ്വകാര്യവത്കരണത്തിനും ബാങ്കുകളുടെ വരേണ്യവത്കരണത്തിനുമാണ് ഈ സമീപനം കൂടുതല്‍ സഹായിക്കുക എന്ന് ബാങ്കിങ് മേഖലയിലെ തൊഴിലാളി യൂനിയനുകള്‍ ആരോപിക്കുന്നു. സമ്പദ് വ്യവസ്ഥയില്‍ ബാങ്കിങ് സൗകര്യങ്ങള്‍ കൂടുതല്‍ ജനങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ എത്തിക്കാനുള്ള സർക്കാറിന്റെ നിശ്ചയദാർഢ്യമായിരുന്നു 1969ലെ ബാങ്ക് ദേശസാത്കരണത്തില്‍ തെളിഞ്ഞുകണ്ടത്.
ബാങ്ക് ദേശസാത്കരണവും കുത്തകവ്യാപാര നിയന്ത്രണനിയമവും അടിസ്ഥാനമേഖലകളിലും നിർമാണമേഖലയിലും നേരിട്ടുള്ള സർക്കാര്‍ മൂലധനനിക്ഷേപവുമെല്ലാം ഇന്ത്യന്‍ ജനതയുടെ പട്ടിണിയും ദാരിദ്ര്യവും ക്രമേണ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ക്ഷേമരാഷ്ട്ര സമീപനങ്ങളായിരുന്നു. ഇവയെല്ലാം അട്ടിമറിക്കുന്ന നയങ്ങളാണ് ഇപ്പോള്‍ സർക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. 1980കൾക്കുശേഷം അത്തരം നിയോലിബറല്‍ നയങ്ങള്‍ വ്യാപകമായി വിന്യസിക്കപ്പെട്ടു എന്ന കാര്യത്തില്‍ തർക്കമില്ല. എന്നാല്‍, പുതിയ ഹിന്ദുത്വ സർക്കാര്‍ ആ രംഗത്തെ അടിസ്ഥാന അച്ചടക്കങ്ങള്പോലും കാറ്റില്‍പറത്തുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.
ഇതാവട്ടെ സാമ്പത്തികമേഖലയിലെ തകർച്ചക്ക് ആക്കംകൂട്ടുകയാണ്. ആ അർഥത്തില്‍ ബാങ്കിങ് മേഖലയിലെ യൂനിയനുകളുടെ ഏകീകൃത പ്ലാറ്റ്ഫോമായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂനിയന്‍ നേതൃത്വം നൽകുന്ന ദേശവ്യാപകമായുള്ള സമരങ്ങൾക്ക് കേവലമായ ട്രേഡ് യൂനിയന്‍ താൽപര്യങ്ങള് മാത്രമല്ല ഉള്ളത് എന്ന് മനസ്സിലാക്കേണ്ടതുണ്ട്. കഴിഞ്ഞവർഷം ബാങ്ക് ജീവനക്കാര്‍ നിരവധി സമരങ്ങള്‍ നടത്തുകയുണ്ടായി. ഇവയെല്ലാം ബാങ്കിങ് മേഖലയിലെ അമിതമായ നിയോലിബറല്‍ നയങ്ങള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില് വരുത്തിവെക്കുന്ന ഭീമമായ ബാധ്യതകൾക്കും എതിരായിട്ടായിരുന്നു. എന്നാല്‍, അവ കർഷകസമരത്തിന്റെ അത്ര പൊതുശ്രദ്ധ നേടിയില്ല. സ്വാഭാവികമായും നഗരവാസികളായ ഇടത്തരക്കാരുടെ സമര വിരുദ്ധവിചാരങ്ങളുടെ ധാർമികരോഷത്തിന് അവര്‍ ഇരയാവുകയും ചെയ്തു.
ഇത്തരം സമരങ്ങളെ ഹിന്ദുത്വരാഷ്ട്രീയത്തിനുകൂടി എതിരായുള്ള സമരങ്ങളുടെ ഭാഗമാക്കി ഒപ്പംനിൽക്കുക എന്നത് പ്രതിപക്ഷപാർട്ടികള്‍ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണ്. പുറംകാഴ്ചയില്‍ ഇവ കേവലം സാമ്പത്തിക സമരങ്ങളായിരിക്കാം. ഇവയുടെ അടിസ്ഥാനപരമായ മുദ്രാവാക്യങ്ങള്‍ കോൺഗ്രസും മറ്റു പ്രതിപക്ഷപാർട്ടികളും തങ്ങൾക്ക് അധികാരമുള്ള സ്ഥലങ്ങളില്‍ മുമ്പ് നടപ്പിലാക്കിയ നിയോലിബറല്‍ നയങ്ങളെത്തന്നെ ചോദ്യം ചെയ്യുന്നവയായിരിക്കാം. പക്ഷേ, ഹിന്ദുത്വഭരണകൂടം ഭരണയുക്തിയില്‍ കൊണ്ടുവന്ന ഹത്യാധികാരത്തിന്റെയും മൃത്യുരാഷ്ട്രീയത്തിന്റെയും ഹിംസാത്മകസമീപനത്തോടാണ് കർഷകരും യുവാക്കളും തൊഴിലാളികളും ഇന്ന് സമരമുഖങ്ങള്‍ തുറക്കുന്നത് എന്ന വസ്തുതക്കു നേരെ കണ്ണടക്കുന്നത് അർഥമില്ല.
നൈസർഗിക സമരങ്ങള്‍ സൃഷ്ടിക്കുന്ന നിരന്തരമായ ചെറുത്തുനിൽപില്ലാതെ സാംസ്കാരിക ഫാഷിസത്തെ തുറന്നുകാട്ടുവാനോ ചെറുക്കുവാനോ കഴിയില്ല എന്ന യാഥാർഥ്യം നാം മനസ്സിലാക്കേണ്ടതുണ്ട്. എഴുപതുകളില്‍ അന്നത്തെ വലതുപക്ഷം കോൺഗ്രസിനെ പരാജയപ്പെടുത്തിയത് ഉത്തരേന്ത്യയില്‍ ജയപ്രകാശ് നാരായണന് രൂപംകൊടുത്ത അഴിമതി വിരുദ്ധ സമരത്തെ തങ്ങളുടെ രാഷ്ട്രീയ അജണ്ടയിലേക്ക് സമർഥമായി സ്വാംശീകരിച്ചുകൊണ്ടായിരുന്നു.
ഇപ്പോള്‍ ബി.ജെ.പി അധികാരത്തില്‍ വന്നതും അണ്ണാഹസാരെ പോലുള്ള തങ്ങളുടെ ചില കപട ജനകീയമുഖങ്ങളുടെ സമരസാഹസങ്ങൾക്ക് പിന്നില്‍ ചേർന്നുനിന്നുകൊണ്ടാണ് എന്ന് നമുക്കറിയാം. എന്നാല്‍, ഇന്ന് ദേശീയതലത്തില്‍ നിലനിൽപിനായുള്ള യഥാർഥ ജനകീയ സമരങ്ങളുടെ വേലിയേറ്റമാണ് ഉണ്ടാവുന്നത്. ഈ സമരങ്ങളെ ഏകോപിപ്പിക്കുകയും അവയോട് ഐക്യദാർഢ്യപ്പെടുകയും അവയില്‍ ലയിച്ചുചേരുകയും ചെയ്യുന്നതിലൂടെ മാത്രമേ ദീർഘകാലാടിസ്ഥാനത്തില്‍ ഹിന്ദുത്വ ഫാഷിസത്തിനെതിരെയുള്ള തെരഞ്ഞെടുപ്പു വിജയങ്ങൾപോലും സാധ്യമാവുകയുള്ളു എന്ന് ഔപചാരിക പ്രതിപക്ഷവും തിരിച്ചറിയേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.