ഇന്ത്യയിലെ കര്‍ഷകസമരം ലോകശ്രദ്ധയാകര്‍ഷിക്കുന്നതില്‍ വലിയ വേവലാതിയാണ് ഇപ്പോള്‍ ഭരണകൂടത്തിന്. വലിയ സമരങ്ങള്‍ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുക സ്വാഭാവികം. പൊരുതുന്ന മനുഷ്യരുമായി ഐക്യപ്പെടുന്ന, അവര്‍ക്കായി വേദനിക്കുന്ന, അവരുടെ പ്രശ്നങ്ങള്‍ തങ്ങളുടേതുകൂടിയാണ് എന്ന് മനസ്സിലാക്കുന്ന, അവരെ സഹായിക്കാന്‍ തയാറാവുന്ന നിരവധി വ്യക്തികളും കൂട്ടായ്മകളും ലോകത്തിെൻറ ഭാഗമായുണ്ട്.
"ഉയരാനക്രമ നീതിക്കെതിരായ്/പ്പൊരുതാനൊരുവനുയിർക്കുമ്പോൾ ഞാ/ നപരാജിതനാണെന്നുടെ ജന്മം/ സാർഥകമാ ണവനാകുന്നു ഞാൻ" എന്ന് എന്‍.വി. കൃഷ്ണവാര്യര്‍ എഴുതിയത് ഈ സത്യത്തിെൻറ പ്രഖ്യാപനം കൂടിയായിട്ടാണ്. അത്തരത്തില്‍ ശക്തമായ ഒരു ആന്തരിക ഐക്യം പ്രതിരോധപ്രസ്ഥാനങ്ങള്‍ തമ്മില്‍ എല്ലാകാലത്തും ഉണ്ടായിട്ടുണ്ട്.
ആഗോള സിവില്സമൂഹത്തിെൻറ ചലനാത്മകത പ്രതിരോധ–സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ മർദിതരും പാർശ്വവത്കൃതരും ചൂഷിതരും എല്ലാമടങ്ങുന്ന ഓരോ ദേശരാഷ്ട്രത്തിലെയും പൗരസമൂഹത്തിെൻറ ചെറുത്തുനിൽപുകള്‍ക്ക് ആശയപരമായും സമാനമായ ഇടപെടലുകളിലൂടെയും ഊർജം പകരുന്ന രാഷ്ട്രീയപ്രവര്‍ത്തനമാണ്. അതില്‍ അസ്വാഭാവികത കാണുന്നതുതന്നെ പരിഹാസ്യമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരകാലത്തുപോലും ഇതുപോലെയുള്ള സഹഭാവങ്ങളും സഹകരണങ്ങളും ഉണ്ടായിരുന്നു.
ലോകപരിസ്ഥിതിപ്രസ്ഥാനം, മനുഷ്യാവകാശപ്രസ്ഥാനം, വംശീയതക്കെതിരെയുള്ള പ്രസ്ഥാനം, ലോകസമാധാനപ്രസ്ഥാനം, അന്താരാഷ്ട്ര സ്ത്രീവിമോചന പ്രസ്ഥാനം, ക്വീര്‍ രാഷ്ട്രീയ–സാഹോദര്യ പ്രസ്ഥാനം തുടങ്ങി നിരവധി സിവില്‍സമൂഹ ഇടപെടലുകള്‍ക്ക് ആഗോളമാനങ്ങളുണ്ട്.
ഇവയൊന്നും ദേശരാഷ്ട്രങ്ങളില്‍ ഒതുങ്ങുന്നതല്ല. അവയുടെ പ്രസക്തിതന്നെ അവയെല്ലാം വിവിധ ദേശരാഷ്ട്രങ്ങളില്‍ നിലനില്‍ക്കുന്ന വിവിധതരം അനീതികളെയും അസമത്വങ്ങളെയും അവസരനിഷേധങ്ങളെയും ആഗോളതലത്തിലുള്ള നിയമനിർമാണങ്ങള്‍കൊണ്ടും ഫലപ്രദമായ ആശയ-പ്രത്യയശാസ്ത്ര നിലപാടുകള്‍ കൊണ്ടും ചെറുക്കാന്‍ ശ്രമിക്കുന്നു എന്നതാണ്. ജനാധിപത്യവത്കരണത്തെ അടഞ്ഞ അജണ്ടയായി കാണാതെ, കൂടുതല്‍ വലിയ തുറസ്സുകളിലേക്ക് മനുഷ്യസ്വാതന്ത്ര്യത്തിെൻറ സന്ദേശം എത്തിക്കുക എന്ന രാഷ്ട്രീയദൗത്യമാണ് അവക്കുള്ളത്.
ഒരർഥത്തില്‍ ഭക്ഷ്യ-കാര്‍ഷിക സംഘടന(Food & Agricultural Organization), അന്താരാഷ്ട്ര തൊഴില്‍ സംഘടന, ലോകാരോഗ്യ സംഘടന തുടങ്ങിയ സംവിധാനങ്ങളിലൂടെയുള്ള ആഗോള യു.എന്‍ ഇടപെടലുകള്‍തന്നെ-അവയുടെ എല്ലാ പരിമിതികള്‍ക്കുമപ്പുറത്ത്- വിവിധ ദേശരാഷ്ട്രങ്ങളിലെ അസമമായ നീതിനിര്വഹണത്തിെൻറ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് കൂടിയുള്ളവയാണ്.
ഇവയില്‍ പലപ്പോഴും സാമ്രാജ്യത്വതാൽപര്യങ്ങള്‍ നിഴല്‍ വീഴ്ത്താറുണ്ടെങ്കിലും ജനാധിപത്യവത്കരണത്തിന് ഉതകുന്ന ആഗോള നിയമനിർമാണങ്ങളുടെയും അന്താരാഷ്ട്രകരാറുകളുടെയും ഒരു സുദീര്‍ഘപാരമ്പര്യവും അവക്കുണ്ട് എന്നത് വിസ്മരിച്ചുകൂടാ. ഇത്തരം യു.എന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും പ്രചോദനം നല്‍കുന്നതും സാധൂകരണം നല്‍കുന്നതും സിവില്‍സമൂഹമേഖലയിലെ പ്രതിരോധ–സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടിയാണ്.
ഇന്ത്യന്‍ഭരണകൂടം ഇതിനോടുള്ള പ്രതികരണത്തില്‍ ഇരട്ടമുഖമാണ് എപ്പോഴും കാണിച്ചിട്ടുള്ളത്. ചേരിചേരാനയത്തിെൻറ കാലത്ത് പൊതുവില്‍ ആഗോള ജനാധിപത്യസമൂഹത്തോടുള്ള പ്രതിബദ്ധത ഇന്ത്യ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. പലപ്പോഴും ആഭ്യന്തരരാഷ്ട്രീയത്തില്‍ പക്ഷേ, അത്തരം ആഗോള ഇടപെടലുകളെ പരമാധികാരത്തിെൻറ പേരില്‍ അത് ചെറുത്തിട്ടുമുണ്ട്. എങ്കിലും ഇന്ത്യന്‍ഭരണഘടന അനുവദിക്കുന്ന വിപുലമായ ആഗോള ഐക്യദാർഢ്യങ്ങള്‍ രൂപംകൊള്ളുന്നതിനോട് വലിയ അസഹിഷ്ണുത കാണിക്കാന്‍ മുതിര്‍ന്നിട്ടില്ല-അപൂർവം അവസരങ്ങളില്‍ അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിലും. ഇന്ദിരഗാന്ധി ഒരർഥത്തില്‍ ഈ ഇരട്ടമുഖത്തിെൻറ ഏറ്റവും നല്ല ഉദാഹരണമായിരുന്നു.
ഒരേസമയം ആഗോളസിവില്‍സമൂഹത്തെ ആശ്ലേഷിക്കുകയും എന്നാല്‍, തനിക്ക് അസൗകര്യമുണ്ടാക്കുന്ന തലത്തിലേക്ക് അവയുടെ പ്രവര്‍ത്തനങ്ങള്‍ മാറിയാല്‍ അസ്വസ്ഥയാവുകയും ചെയ്യുമായിരുന്നു ഇന്ദിരഗാന്ധി. എങ്കിലും പൊതുവേ അന്താരാഷ്ട്രസാമൂഹികത എന്ന സങ്കൽപത്തെ പൂര്‍ണമായും കൈയൊഴിയാന്‍ ഇന്ത്യന്‍ ഭരണകൂടം ഒരുകാലത്തും തയാറായിട്ടില്ല. മാത്രമല്ല, ദക്ഷിണാഫ്രിക്കയിലെ വർണവിവേചന വിരുദ്ധസമരം മുതല്‍ ലോകത്തെ നിരവധി രാജ്യങ്ങളിലെ അനേകം ജനാധിപത്യസമരങ്ങളെ ഇന്ത്യ പ്രോത്സാഹിപ്പിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തിട്ടുമുണ്ട്.
എന്നാല്‍, ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിൽ വന്നശേഷം ഇത്തരം ആഗോള സാഹോദര്യങ്ങള്‍ പൊറുപ്പിക്കാന്‍ കഴിയില്ല എന്ന കര്‍ക്കശനിലപാടാണ് സ്വീകരിച്ചുകാണുന്നത്. ഗ്രീന്‍പീസ് പോലുള്ള പരിസ്ഥിതി-സമാധാനപ്രസ്ഥാനങ്ങളെപ്പോലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത ഒരു സമീപനം ദേശീയതയുടെയും പരമാധികാരത്തിെൻറയും പേരില്‍ ബി.ജെ.പി സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ട്. ആഗോളതലത്തിലുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയില്‍ അവസരം നിഷേധിക്കുന്നതും ഇന്ത്യന്‍ സിവില്‍സമൂഹപ്രസ്ഥാനങ്ങള്‍ അവയുമായി കൈകോര്‍ക്കുന്നത് ദേശവിരുദ്ധമായി കാണുന്നതുമായ ഒരു ആഖ്യാനം സര്‍ക്കാര്‍ മുൻകൈയില്‍തന്നെ ശക്തമാക്കിയിട്ടുണ്ട്.
മാത്രമല്ല, അതിനെ ഉരുക്കുമുഷ്ടികള്‍കൊണ്ട് നേരിടുകയെന്ന സമീപനത്തിെൻറ ഭാഗമായി ഇത്തരം ഒത്തുചേരലുകളെ നിയമപരമായി ഒരു കുറ്റകൃത്യമായി വ്യാഖ്യാനിക്കുന്ന രീതിയുമുണ്ട്. സംശയത്തോടും ഭീതിയോടും വെറുപ്പോടും പുച്ഛത്തോടും ശത്രുതാപരമായി മാത്രം ആഗോള ഐക്യദാർഢ്യങ്ങളെ വീക്ഷിക്കുന്ന ഒരു ആള്‍ക്കൂട്ടമനഃസ്ഥിതിയുടെ നിർമിതിയും ഇതിെൻറ ഭാഗമായി നടക്കുന്നു.
അങ്ങേയറ്റം നിരാശജനകവും പ്രതിലോമപരവുമായ ഒരു നിലപാടാണിത് എന്ന് എടുത്തുപറയേണ്ടതില്ല. താൽക്കാലിക ഭരണസൗകര്യത്തിനുവേണ്ടിയാണെങ്കിലും ഫാഷിസ്റ്റ് സോഷ്യല്‍ എൻജിനീയറിങ് പരീക്ഷണങ്ങളുടെ ഭാഗമാണെങ്കിലും ആഗോള ഐക്യദാര്‍ഢ്യങ്ങളെ ആക്രമിക്കുക എന്നത് അങ്ങേയറ്റം ജനവിരുദ്ധമായ ഒരു രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്നു.
ഇപ്പോള്‍ ഇന്ത്യയില്‍ രൂപപ്പെട്ടിരിക്കുന്ന കര്‍ഷകസമരത്തെ പിന്തുണക്കുന്ന ഒരു സമീപനം ഇന്ത്യക്ക് പുറത്തു ശക്തിപ്രാപിക്കുന്നതിനെതിരെ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ പലതും മനുഷ്യസ്വാതന്ത്ര്യത്തിലുള്ള കൈയേറ്റം തന്നെയാണ്. ഏറ്റവും ഒടുവില്‍ ദിഷ രവി എന്ന പരിസ്ഥിതി പ്രവര്‍ത്തകയായ കോളജ് വിദ്യാർഥിനിയെ അറസ്റ്റ് ചെയ്ത സംഭവം ഇതിെൻറ തുടര്‍ച്ചയാണ്.
ദിശ രവി, ഗ്രേറ്റ തുൻബെര്ഗിെൻറ ടൂള്‍കിറ്റ് പ്രചരിപ്പിച്ചുവെന്ന് സര്‍ക്കാര്‍ ആരോപിക്കുമ്പോള്‍, അത് ദേശവിരുദ്ധ പ്രവര്‍ത്തനമാണ് എന്ന് വ്യാഖ്യാനിക്കുമ്പോള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്ന വസ്തുത അത്തരം ടൂള്‍കിറ്റുകള്‍ സമാധാനപൂർണമായ അഹിംസസമരങ്ങളില്‍ ഉപയോഗിക്കുന്ന ആശയ പ്രചാരണതന്ത്രങ്ങളില്‍ കവിഞ്ഞൊന്നുമല്ല എന്നതാണ്. വിശേഷിച്ചും ഓണ്‍ലൈന്‍ സമരപ്രചാരണങ്ങള്‍ പലപ്പോഴും ഇത്തരം ക്രമീകരണങ്ങളിലൂടെയാണ് നിര്‍വഹിക്കപ്പെടുന്നത്.
യഥാർഥത്തില്‍ ഈ കര്‍ഷകസമരത്തെ ധാർമികമായി തള്ളിപ്പറയാന്‍ ഇന്ത്യന്‍ ഭരണകൂടത്തിന് അവകാശമില്ല എന്നതുകൂടി ഒാർക്കേണ്ടതുണ്ട്. ഈ സമരം ആഗോള വ്യാപാര സംഘടന അതിെൻറ അലകും പിടിയും മാറ്റിയ എണ്‍പതുകളിലെ ഡങ്കല്‍കരടു വിരുദ്ധസമരത്തിെൻറ സ്വാഭാവിക തുടര്‍ച്ചയാണ്. അന്ന് ഇന്ത്യയടക്കമുള്ള മൂന്നാംലോകരാജ്യങ്ങള്‍ എടുത്ത നിലപാടുകളില്‍ ഊന്നിയാണ് ഈ സമരവും നിലകൊള്ളുന്നത്.
ആഗോള മൂലധനതാൽപര്യങ്ങള്‍ സംരക്ഷിക്കാന്‍ ലോകവ്യാപാരസംഘടനയിലൂടെ സാമ്പത്തിക-സാമ്രാജ്യത്വശക്തികള്‍ പരിശ്രമിച്ചു വിജയിച്ചതിെൻറ ബാക്കിപത്രമായിരുന്നു പുതിയ ഗാട്ട് കരാര്‍ എന്നത് മറക്കാനാവില്ല. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് കര്‍ഷക-തൊഴിലാളിവിരുദ്ധ നിയമനിർമാണങ്ങള്‍ നടത്താന്‍ പ്രേരകമായത് ഗാട്ട് കരാര്‍ ആയിരുന്നു. ഇതിനു മുമ്പുള്ള സര്‍ക്കാറുകള്‍ അതുകൊണ്ടുതന്നെ ക്ഷമാപൂര്‍വമായ ഒരു സമീപനമാണ് ഈ മേഖലയിലെ പ്രതിഷേധങ്ങളോട് സ്വീകരിച്ചിരുന്നത്.
ഇന്ത്യയില്‍ മാത്രമല്ല, ജപ്പാനിലെയും കൊറിയയിലെയുംവരെ കര്‍ഷകര്‍ അത്തരം നിയമങ്ങള്‍ക്കെതിരെ സമരം ചെയ്തിട്ടുണ്ട്. കൊറിയയിലെ കര്‍ഷകര്‍ ജീവാഹൂതി ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ നിയമനിർമാണം കൂടുതലും വിമർശിക്കപ്പെടുന്നത് അത് ദേശീയ ക്രോണിമൂലധനത്തെ സഹായിക്കുന്നു എന്നതിെൻറ പേരിലാണെങ്കിലും ഈ നിയമനിർമാണങ്ങള്‍ അന്ന് തുടങ്ങിയ നിര്‍ബന്ധിത പരിഷ്കരണങ്ങളുടെകൂടി തുടര്‍ച്ചയാണ്.
അതുകൊണ്ടുതന്നെ അവ ഉയര്‍ത്തിപ്പിടിക്കുന്നത് വിശാലാർഥത്തില്‍ രാജ്യതാൽപര്യത്തെ തന്നെയാണ്. മറ്റൊരർഥത്തില്‍ പറഞ്ഞാല്‍ ഇവിടെ വിഭജനരേഖകള്‍ നാം കരുതുന്നതിനേക്കാള്‍ സുതാര്യമാണ്. ഒരുവശത്ത് ആഗോള മൂലധന താൽപര്യങ്ങള്‍, മറുവശത്ത് കര്‍ഷകര്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യതാൽപര്യങ്ങള്‍. ഇതില്‍ ആഗോള സിവില്‍സമൂഹം കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നു എന്നതില്‍ അതിശയിക്കാനോ അസഹിഷ്ണുത കാണിക്കാനോ ഒന്നുമില്ല.
കാരണം, ഈ ആഗോള സിവില്‍സമൂഹം ഗാട്ട് കരാറിെൻറ കാലത്ത് ഇന്ത്യയോടൊപ്പം അടിയുറച്ചുനിന്ന് സാമ്രാജ്യതാൽപര്യങ്ങള്‍ക്കെതിരെയാണ് പൊരുതിയത്. അന്ന് രൂപംകൊണ്ട ജൈവ സാഹോദര്യമാണ് ഇപ്പോഴും ഇത്തരം ഐക്യദാര്‍ഢ്യങ്ങളുടെ അന്തര്‍ധാര.
സിയാറ്റില്‍ മുതല്‍ ദോഹ വരെയുള്ള ലോകവ്യാപാരസംഘടനയുടെ മിനിസ്റ്റീരിയല്‍ സമ്മേളനങ്ങളില്‍ ഇന്ത്യന്‍ സിവില്‍സമൂഹവും ഒരു പരിധിവരെ ഇന്ത്യന്‍ ഭരണകൂടവും ആഗോള സിവിൽ സമൂഹവുമായി കൈകോർത്തുപിടിച്ചു സമരംചെയ്തത് അത്ര വിദൂര കാലത്തൊന്നുമല്ല. ആ വലിയ ചരിത്രം ഇമവെട്ടിയാലോ പുരികം ചുളിച്ചാലോ മാഞ്ഞുപോകും എന്ന് കരുതുന്നതിനെക്കാള്‍ വലിയ മൗഢ്യമെന്തുണ്ട് എന്നാണ് ഇന്ത്യന്‍ ഭരണകൂടം ഇപ്പോള്‍ ഓര്‍ക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.