2014ല്‍ അധികാരത്തിലെത്തിയതു മുതല്‍ ബി.ജെ.പിയും സംഘ്പരിവാറും ആധുനിക ഇന്ത്യയിലെ തങ്ങളുടെ ചരിത്രപരമായ അപ്രസക്തിയെ മറികടക്കാന്‍ പലരീതികളില്‍ ശ്രമിച്ചിട്ടുണ്ട്. അതിലൊന്നായിരുന്നു ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം ശക്തമായി നിലയുറപ്പിച്ചിട്ടുള്ള കൊളോണിയല്‍വിരുദ്ധ മൂല്യങ്ങളെ വെല്ലുവിളിക്കുകയും അപഹസിച്ച് ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുക എന്നത്. സ്വന്തം മതഭൂരിപക്ഷ രാഷ്ട്രീയത്തിെൻറ ചാണക്യവഴികൾക്കപ്പുറമുള്ളതെല്ലാം തച്ചുടക്കുന്ന ഒരു ഫാഷിസ്റ്റ് പിശാചയന്ത്രംപോലെയാണ് ബി.ജെ.പി ഭരണകൂടം പ്രവർത്തിച്ചുവന്നിരുന്നത്. സാമ്പത്തിക മേഖലയില്‍, സാംസ്കാരിക മേഖലയില്‍, സാമൂഹിക മേഖലയില്‍, രാഷ്ട്രീയ മേഖലയില്‍ എല്ലാം തങ്ങൾക്കു തെരഞ്ഞെടുപ്പിലൂടെ കിട്ടിയ അധികാരം 'പ്രതിപക്ഷത' എന്ന ജനാധിപത്യസങ്കൽപത്തെ പ്രായോഗികമായി എങ്ങനെ ഇല്ലാതാക്കാന്‍ ഉപയോഗിക്കാം എന്നതിെൻറ പരീക്ഷണശാലയാക്കി ഇന്ത്യയെ മാറ്റുന്നതിനാണ് അവര്‍ ഉപയോഗിച്ചിരുന്നത്. ആ സമീപനത്തിെൻറ അധികാരഗർവിെൻറ, നൃശംസതയുടെ മുഖത്തേറ്റ കഠിനമായ പ്രഹരമാണ് കർഷകസമരത്തിെൻറ മഹാവിജയം.
സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ഭരണകൂടം ഒരിക്കലും കേവലമായ അർഥത്തില്‍ ഒരു ഉദാരരാഷ്ട്രം ആയിരുന്നില്ല. ജനകീയസമരങ്ങള്‍ അടിച്ചമർത്തപ്പെടുന്നതും മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുന്നതും ആഭ്യന്തര ബൂർഷ്വാസിയുടെയും ഭൂവുടമകളുടെയും വിഭാഗീയ ലക്ഷ്യങ്ങളും ആഗോള മുതലാളിത്തത്തിെൻറ നിയോലിബറല്‍ മൂലധനതാൽപര്യങ്ങളും സംരക്ഷിക്കപ്പെടുന്നതും ന്യൂനപക്ഷ ദലിത് വിഭാഗങ്ങൾക്ക് നീതി നിഷേധിക്കപ്പെടുന്നതുമെല്ലാം ഒരു ലിബറല്‍ ജനാധിപത്യ ഭരണകൂടം ഇവിടെ നിലനിൽക്കുമ്പോള് ഇതിനുമുമ്പും സംഭവിച്ചിരുന്നു. എന്നാല്‍, സിവില്‍സമൂഹ രാഷ്ട്രീയത്തെയും പ്രതിപക്ഷബോധത്തെയും സമൂലം നശിപ്പിക്കുക എന്നൊരു പദ്ധതി ഇന്ത്യന്‍ ഭരണകൂടത്തിന് ഒരിക്കലും ഉണ്ടായിരുന്നില്ല. അടിയന്തരാവസ്ഥപോലും നിയതമായ ചില ഭരണകൂട നിബന്ധനകളുടെ ആത്യന്തികമായ ചട്ടക്കൂടിനുള്ളില്‍ നടപ്പാക്കപ്പെട്ടതും കാലബദ്ധവുമായിരുന്നു. ബി.ജെ.പി ഈ രാഷ്ട്രീയ സംസ്കാരത്തെയാണ് ഇല്ലായ്മചെയ്യാന്‍ ആഗ്രഹിക്കുന്നത്. ഒരു ബ്രാഹ്മണ്യ-സവർണ ഹിന്ദുത്വ പ്രത്യയശാസ്ത്രം സൃഷ്ടിക്കുന്ന മതഭൂരിപക്ഷ സംവിധാനത്തിെൻറ സംരക്ഷകകവചത്തില് ഇരുന്നുകൊണ്ട് ഹിന്ദുത്വ ഭരണകൂടം അരക്കിട്ടുറപ്പിക്കാനാണ് അവര്‍ ലക്ഷ്യംെവക്കുന്നത്.
കർഷകസമരം ആരംഭിക്കുമ്പോഴുള്ള ഇന്ത്യന്‍ രാഷ്ട്രീയം ഒന്ന് അവലോകനം ചെയ്താല്‍ ഈ യാഥാർഥ്യം കൃത്യമായി മനസ്സിലാവും. ഒരുവശത്ത് അവര്‍ തങ്ങളുടെ ഫാഷിസ്റ്റ് ആൾക്കൂട്ടങ്ങളെ ദലിത് ന്യൂനപക്ഷ വേട്ടക്കായി തുറന്നുവിട്ടു. ഇറച്ചി കൈവശംെവച്ചതിെൻറ പേരില്‍, ജയ് റാം വിളിക്കാത്തതിെൻറ പേരില്‍, മേൽജാതിക്കാരെ വിവാഹം ചെയ്തതിെൻറ പേരില്‍, പൊതുകിണറ്റിൽനിന്ന് ജലമെടുത്തതിെൻറ പേരില്‍, പശുവിെൻറ പേരില്‍, മറ്റേതെങ്കിലും സ്വേച്ഛാപരമായ വർണ-മതവെറികളുടെ പേരില്‍ ന്യൂനപക്ഷങ്ങളെയും ദലിതരെയും ആൾക്കൂട്ട വിചാരണകൾക്കും ക്രൂരമായ ശാരീരിക-മാനസിക ഹിംസകൾക്കും വിധേയമാക്കി കൊന്നുകളയുന്ന രാഷ്ട്രീയസംസ്കാരത്തിന് ഇത്രയും ഭരണകൂട പരിലാളന ലഭിക്കുന്ന ഒരു കാലം ഇതിനുമുമ്പ് ഉണ്ടായിരുന്നില്ല.
മറുവശത്ത് ഭരണകൂടംതന്നെ നേരിട്ട് മനുഷ്യാവകാശ പ്രവർത്തകരെയും ജനപക്ഷത്ത് നിലകൊള്ളുന്ന സിവില്‍സമൂഹ പ്രവർത്തകരെയുമെല്ലാം അകാരണമായി തടവിലാക്കുകയും ആധുനിക സാങ്കേതികവിദ്യകള്പോലുമുപയോഗിച്ച് നിയമവിരുദ്ധ നിരീക്ഷണത്തിനു വിധേയരാക്കുകയും ചാരസോഫ്റ്റ്വെയര് ഉപയോഗിച്ച് കള്ളത്തെളിവുകള്‍ ഫോണിലും കമ്പ്യൂട്ടറുകളിലുമെല്ലാം കടത്തിവിട്ട് കുറ്റവാളികളാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. 370ാം വകുപ്പ് പിൻവലിച്ചും പൗരാവകാശവിരുദ്ധ നിയമങ്ങള്‍ പ്രഖ്യാപിച്ചും അസ്ഥിരതയുടെയും പൗരത്വപരമായ അരക്ഷിതത്വത്തിെൻറയും ഒരു അപവാദ അടിയന്തരാവസ്ഥതന്നെ നടപ്പാക്കുന്നുണ്ട് എന്നു കാണാന്‍ കഴിയും. അതിനുമപ്പുറം ഒരു മൃത്യുരാഷ്ട്രീയ ഭരണകൂടമായി ഇന്ത്യന്‍ ഭരണകൂടത്തെ അടിസ്ഥാനപരമായിത്തന്നെ മാറ്റുക എന്നതും ബി.ജെ.പി ലക്ഷ്യംെവക്കുന്നുണ്ട്.
സാമ്പത്തിക മേഖലയില്‍ ആസൂത്രണ ബോർഡ് പിരിച്ചുവിട്ടും നോട്ടുനിരോധനം നടപ്പാക്കിയും ഇതുവരെയുണ്ടാകാത്തത്ര വിപുലമായ രീതിയില്‍ പൊതുസ്ഥാപനങ്ങള്‍ സ്വകാര്യമേഖലക്ക് തീറെഴുതിയും ജി.എസ്.ടി പോലെയുള്ള അമിതാധികാര സാമ്പത്തിക നടപടികള്‍ ഏകപക്ഷീയമായി നടപ്പാക്കിയും ആഗോള സാമ്പത്തികക്കുഴപ്പത്തിെൻറ പിടിയില്‍ അമർന്ന രാഷ്ട്രത്തെ കൂടുതല്‍ സാമ്പത്തികമായി ദുർബലമാക്കുന്നതും പാർശ്വവത്കൃത ജനതയെ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും തൊഴിലില്ലായ്മയിലേക്കും ഉൽപാദനമാന്ദ്യത്തിലേക്കും തള്ളിവീഴ്ത്തുന്നതും നിസ്സഹായരായി നമുക്ക് കണ്ടുനിൽക്കേണ്ടിവരുന്നു. വിദ്യാഭ്യാസ മേഖലയിലെ അഴിച്ചുപണികള്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രവും അതിെൻറ രാഷ്ട്രീയലക്ഷ്യങ്ങളും ചരിത്രവും സാധൂകരിക്കാനുള്ള തത്രപ്പാടില്‍ കൊണ്ടുവന്നവയായിരുന്നു എന്ന വിമർശനം ശക്തമാണ്. സാംസ്കാരിക സ്ഥാപനങ്ങള്‍, പാഠപുസ്തകങ്ങള്‍, ചരിത്രവിചാരങ്ങള്‍ എന്നിവയിലെല്ലാം നടത്തിയ ഇടപെടലുകളും ജനാധിപത്യവിരുദ്ധമായ രീതികളിലായിരുന്നു.
ഇതേ ധാർഷ്ട്യത്തില്തന്നെയാണ് കാർഷിക നിയമങ്ങളും പാർലമെൻറില്‍ അവതരിപ്പിച്ചു പാസാക്കിയത്. കാർഷിക നിയമങ്ങള്‍ മാത്രമല്ല, തൊഴിലാളി-ഉടമ ബന്ധനിയമങ്ങളും ഈ പാക്കേജിെൻറ ഭാഗമായിരുന്നു. അതിനെതിരെ ട്രേഡ് യൂനിയനുകള്‍ നടത്തിയ ഔപചാരിക സമരങ്ങള്‍ ഫലംകണ്ടില്ല എന്നിടത്താണ് കർഷകര്‍ ഈ ബില്ലുകൾക്കെതിരെ നടത്തിയ മഹത്തായ ചെറുത്തുനിൽപും അതിെൻറ ആത്യന്തികമായ വിജയവും കൂടുതല്‍ പ്രാധാന്യം കൈവരിക്കുന്നത്. ഫാർമേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കോമേഴ്സ് ബില്‍, ഫാർമേഴ്സ് എഗ്രിമെൻറ് ഓണ്‍ പ്രൈസ് അഷ്വറൻസ് ആൻഡ് ഫാം സർവിസ് ബില്‍, എസൻഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ബില്‍ എന്നിവയായിരുന്നു പുതിയ കാർഷിക നിയമങ്ങളെങ്കില്‍ വേജ്കോഡ്, കോഡ് ഓഫ് ഇൻഡസ്ട്രിയൽ റിലേഷൻസ് (വ്യവസായബന്ധ നിയമം), ഇൻഡസ്ട്രിയൽ കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി ആൻഡ് വെൽെഫയർ (സാമൂഹിക സുരക്ഷയും ക്ഷേമവും സംബന്ധിച്ച നിയമങ്ങള്‍), കോഡ് ഓൺ ഒക്കുപേഷനൽ സേഫ്റ്റി (തൊഴിൽസുരക്ഷയും ആരോഗ്യവും തൊഴിൽ സാഹചര്യവും സംബന്ധിച്ച നിയമം) തുടങ്ങിയ തൊഴിലാളിവിരുദ്ധ നിയമങ്ങളും പാർലമെൻറില്‍ അവതരിപ്പിക്കുകയോ പാസാക്കുകയോ ചെയ്തിട്ടുണ്ട്. അതായത്, സമ്പദ്വ്യവസ്ഥയുടെ സമസ്ത ഉൽപാദന മേഖലകളിലും ആഗോളമൂലധനത്തിനും ക്രോണി മുതലാളിത്തത്തിനും ഒത്താശചെയ്യുന്ന നിയമപരമായ അരാജകത്വമാണ് ഹിന്ദുത്വം ഭാവന ചെയ്തിരുന്നത് എന്നർഥം.
ഇന്ത്യയിലെ മുഴുവന്‍ കർഷകരെയും വ്യവസായിക തൊഴിലാളികളെയും ബാധിക്കുന്ന നിയമങ്ങളാണ് ഇവയെല്ലാം. ഈ കർഷകവിരുദ്ധ നിയമങ്ങളുടെയും തൊഴിലാളിവിരുദ്ധ നിയമങ്ങളുടെയും സാകല്യത്തെ നിസ്സാരമായി തള്ളിക്കളയാനാവില്ല. ഈ സന്ദർഭത്തിലാണ് ഇന്ത്യയിലെ കർഷകര്‍ ഐതിഹാസികം എന്നുതന്നെ പറയാവുന്ന തങ്ങളുടെ എക്കാലത്തെയും വലിയ സഹനസമരത്തിന് മുതിർന്നത്. ആ സമരത്തെ എങ്ങനെയൊക്കെ തകർക്കാമെന്ന് ഈ സർക്കാർ പരീക്ഷിച്ചതാണ്. എഴുനൂറോളം കർഷകർക്കാണ് ഈ സമരത്തില്‍ ജീവനാശം സംഭവിച്ചത്. പൊലീസും പട്ടാളവും ആക്രമിച്ചത് കൂടാതെ കർഷകസമരത്തിലേക്ക് ബി.ജെ.പി നേതാവ് വാഹനം ഓടിച്ചുകയറ്റി കർഷകരെ കൊലപ്പെടുത്തിയ സംഭവം വരെയുണ്ടായി. ഈ സമരത്തിനെതിരെ നിരവധി അസത്യ പ്രചാരണങ്ങള്‍ ഉണ്ടായി. എന്നിട്ടും പിൻവാങ്ങാതെ തങ്ങളുടെ ആവശ്യങ്ങളുമായി മുന്നോട്ടുപോയാണ് കർഷകര്‍ ഈ വലിയ വിജയം നേടിയെടുത്തത്.
ഈ സമരം ഇന്ത്യയെ ഗ്രസിക്കാന്‍ തുടങ്ങിയിരുന്ന രാഷ്ട്രീയജഡതയെ മറികടക്കാന്‍ ലഭിച്ച ജീവനൗഷധമാണ്. സിവില്‍സമൂഹവും പ്രതിപക്ഷ രാഷ്ട്രീയവും നിർജീവമാക്കി ഹിന്ദുത്വ സംസ്ഥാപനത്തിെൻറ മൃത്യുരാഷ്ട്രീയവുമായി മുന്നോട്ടുപോയിരുന്ന ഭരണകൂടത്തെ മൂക്കുകയറിട്ടുനിർത്തിയ സമരമായിരുന്നു കർഷകരുടേത്. മനുഷ്യാവകാശങ്ങള്‍ ഇല്ലാതാക്കിയും പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കിയും അപരത്വത്തെ അപമാനവീകരിച്ചും തുടർഭരണം ഉറപ്പിക്കാമെന്ന ഹിന്ദുത്വ-ഫാഷിസ്റ്റ് ധാരണക്ക് ഈ സമരം വലിയ പരിക്കാണ് ഏൽപിച്ചിരിക്കുനത്. അതുകൊണ്ടുതന്നെ ഈ സമരത്തിൽനിന്ന് ഇന്ത്യയിലെ ജനാധിപത്യവാദികൾക്ക് ഏറെ പഠിക്കാനുണ്ട്. പുതിയ രാഷ്ട്രീയ ഐക്യമുന്നണി നിയോലിബറല്‍ സാമ്പത്തികനയങ്ങൾക്കെതിരെയും സാംസ്കാരിക ദേശീയതക്കെതിരെയുമുള്ള പ്രത്യാശാഭരിതമായ ഒന്നായിമാറുക എന്നത് പ്രധാനമാണ്. അതിനുള്ള വഴികാട്ടിയായി കർഷകരുടെ സമരം മാറിയിരിക്കുന്നു.
സങ്കുചിത-വിഭാഗീയ താൽപര്യങ്ങള് മാറ്റിെവച്ച് പ്രതിപക്ഷ പാർട്ടികൾക്ക് ഒന്നിക്കാന്‍ കഴിഞ്ഞാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയും, ഹിന്ദുത്വയെ പരാജയപ്പെടുത്തുക എന്നത് കൂടുതല്‍ വലിയ രാഷ്ട്രീയ ഉത്തരവാദിത്തമാണ്. കേവലം തെരഞ്ഞെടുപ്പു വിജയങ്ങള്കൊണ്ടു മാത്രം അത് സാധ്യമല്ല. എന്നാല്‍, ഈ കർഷകസമരവും അതിലൂടെ ഉണ്ടായിട്ടുള്ള ഐക്യബോധവും തീർച്ചയായും ആ ലക്ഷ്യത്തിലേക്കുകൂടിയുള്ള വാതിലുകള്‍ തുറന്നുതരുന്നുണ്ട്. അത് മനസ്സിലാക്കി പ്രതികരിക്കുക എന്ന ഉത്തരവാദിത്തം സിവിൽസമൂഹത്തിനും വ്യവസ്ഥാപിത പ്രതിപക്ഷത്തിനുമുണ്ട്. അവര്‍ അത് നിറവേറ്റും എന്ന് നമുക്കു പ്രതീക്ഷിക്കാം.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.