ഇക്കഴിഞ്ഞ ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിൽ ആശ്ചര്യപ്പെട്ടവർമുതൽ അതൊരു ഭീകരാക്രമണമായി ചിത്രീകരിച്ചവർവരെയുള്ളവർ ഫലസ്തീൻ-ഇസ്രായേൽ സംഘർഷത്തിൽ ഇസ്രായേൽ സ്വീകരിച്ചുപോന്നിട്ടുള്ള ഹിംസാപൂർണവും നൈതികരഹിതവുമായ സമീപനങ്ങളെക്കുറിച്ച് ഒന്നുകിൽ അജ്ഞരോ അല്ലെങ്കിൽ സൗകര്യപൂർവം അത് മറച്ചുവെക്കുന്നവരോ ആണെന്ന് നിസ്സംശയം പറയാം.
ഏറ്റവും സമീപസ്ഥമായ 2021-22 കാലത്ത് ഫലസ്തീനികൾക്കുനേരെ ഇസ്രായേൽ അഴിച്ചുവിട്ട അക്രമങ്ങൾ ഗസ്സയെയും വെസ്റ്റ്ബാങ്കിനെയും കോൺസൻട്രേഷൻ കാമ്പുകൾക്കു സമാനമാക്കുന്നവയായിരുന്നു. ജൂത ഇസ്രായേലികൾക്ക് പ്രത്യേകാവകാശങ്ങൾ നൽകുകയും ഫലസ്തീനികളെ കൂടുതൽ ബഹിഷ്കൃതരാക്കുകയും ചെയ്യുന്ന നയങ്ങൾ തീവ്രതരമാക്കിയ കാലഘട്ടമായിരുന്നു അത്.
ഫലസ്തീനികളുടെമേൽ ജൂത ഇസ്രായേലികളുടെ ആധിപത്യം കൂടുതൽ ശക്തിയോടെ അടിച്ചേൽപിക്കുന്ന, കടുത്ത അടിച്ചമർത്തലുകളും വംശീയ വിവേചനവും പീഡനങ്ങളും നിർബാധം തുടരുന്ന, മനുഷ്യത്വരഹിതമായ നരകകാലങ്ങളിലൂടെയാണ് ദശാബ്ദങ്ങളായി ഫലസ്തീനികൾ കടന്നുപോകുന്നത്. 2020നുശേഷമാകട്ടെ, ഫലസ്തീനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുക എന്ന പദ്ധതിതന്നെയാണ് മുമ്പുള്ളതിനേക്കാൾ വീര്യത്തോടെ ചുരുൾനിവർന്നുകൊണ്ടിരുന്നത്.
അധിനിവേശ കിഴക്കൻ ജറൂസലമിൽ ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള ഇസ്രായേലിന്റെ സായുധ ഇടപെടലാണ് ഗസ്സയിലെ ഇസ്രായേൽ-ഫലസ്തീൻ യുദ്ധത്തിന് കാരണമായത്. ശൈഖ് ജർറാഹിൽനിന്ന് ഫലസ്തീനി കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിനു അനുകൂലമായി ഇസ്രായേൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് 2021ലെ യുദ്ധം ആരംഭിക്കുന്നത്.
ഗസ്സ നഗരത്തിലെ 1,500 കേന്ദ്രങ്ങളിലേക്ക് തീവർഷിച്ച് 120 സാധാരണ മനുഷ്യരെ കൊന്നൊടുക്കിയ ഇസ്രായേലിനെയാണ് ഹമാസും ഫലസ്തീൻ ഇസ്ലാമിക് ജിഹാദും ചേർന്ന് അന്ന് തിരിച്ചാക്രമിച്ചത്. ഇസ്രായേലിൽ 12 പേരുടെയും ഗസ്സയിൽ ഏഴുപേരുടെയും മരണത്തിന് ഈ പ്രത്യാക്രമണം കാരണമായി. ഇപ്പോഴത്തെ ഹമാസിന്റെ റോക്കറ്റാക്രമണത്തിൽ ഞെട്ടുന്നവർ മനസ്സിലാക്കേണ്ടത് ഇസ്രായേലിനെ പ്രതിരോധിക്കാൻ അന്ന് ഹമാസ് അയച്ചത് 4000 റോക്കറ്റുകളായിരുന്നു എന്നതാണ്.
ഹമാസ് കേവലമൊരു നോൺ-സ്റ്റേറ്റ് ഏജൻസിയല്ല, ഭരണകൂടത്തിനുള്ള ലെജിറ്റിമസി തേടുന്ന സംവിധാനമാണ്. യുദ്ധവും സമാധാനവും അവരുടെ അജണ്ടയിലുണ്ട്. അമേരിക്കൻ സാമ്രാജ്യത്വ താൽപര്യങ്ങൾ കുടപിടിക്കുന്നില്ലെങ്കിൽ എന്ത് ലെജിറ്റിമസിയാണ് ഇസ്രായേലിനുണ്ടാവുക? ഗസ്സയിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്നിട്ടുള്ള ഹമാസിന്റെ ഭരണകൂടമെന്ന ലെജിറ്റിമസി നൈതികബോധമുള്ളവർ ചോദ്യംചെയ്യുമെന്ന് ഞാൻ കരുതുന്നില്ല.
അമേരിക്കയും അമേരിക്കൻ സമ്മർദത്തിന്റെ ഫലമായി യൂറോപ്യൻ യൂനിയനുമാണ് പ്രധാനമായും ഹമാസിനെ ഭീകരവാദികളായി മുദ്രകുത്തുന്നത്. ഇ.യുവിനുള്ളിൽ ഇതേക്കുറിച്ചു തീഷ്ണമായ അഭിപ്രായ വ്യത്യാസങ്ങൾ നിലവിലുണ്ട്. ലോകത്താകമാനം 30 രാജ്യങ്ങൾ ഇപ്പോഴും ഇസ്രായേലിന്റെ രാഷ്ട്രപദവി അംഗീകരിച്ചിട്ടില്ല.
ഇസ്രായേലിനെ അംഗീകരിക്കുന്ന രാജ്യങ്ങളിൽ ഭൂരിപക്ഷവും, അധിനിവേശത്തെ അംഗീകരിക്കുന്നില്ല. അധിനിവേശത്തെയും ആക്രമണങ്ങളെയും അപലപിക്കുന്ന നിരവധി പ്രമേയങ്ങൾ ഐക്യരാഷ്ട്രസഭ പാസാക്കിയിട്ടുള്ളത് ഇതിനു തെളിവാണ്.
നിലവിൽ, വെസ്റ്റ്ബാങ്കിന്റെ ഭൂരിഭാഗവും ഇസ്രായേൽ ഭരിക്കുന്നുണ്ടെങ്കിലും ഏകദേശം 42 ശതമാനവും ഫലസ്തീനിയൻ അതോറിറ്റിയുടെ സ്വയംഭരണാധികാരത്തിന് കീഴിലാണ്. ഗസ്സ ഹമാസിന്റെ നിയന്ത്രണത്തിലാണ്. ഈ യാഥാർഥ്യങ്ങൾ വിസ്മരിച്ചുകൊണ്ട് ഏത് പ്രത്യാക്രമണത്തെയാണ് കേവല ധാർമികവാദികളും ലിബറലുകളും ഭീകരാക്രമണമെന്ന് വിശേഷിപ്പിക്കുന്നത്?
കഴിഞ്ഞ യുദ്ധകാലത്ത് സ്വകാര്യ ഭവനങ്ങളും വാണിജ്യ കേന്ദ്രങ്ങളും അടങ്ങുന്ന നിരവധി ടവറുകൾ തകർത്താണ് ഇസ്രായേൽ നിരപരാധികളെ കൊന്നൊടുക്കിയത്. ഫലസ്തീൻകാർക്കുവേണ്ടി പരിതപിക്കുന്ന, ഹമാസിനെ ഭീകരരാക്കുന്ന, അഹിംസാവാദികളായി നടിക്കുന്ന സുമനസ്സുകൾ മനസ്സിലാക്കേണ്ടത് വ്യത്യസ്തമായ ആഗോള ലെജിറ്റിമസികളുള്ള രണ്ടുപ്രദേശങ്ങളിലെ ഭരണകൂടങ്ങളാണ് അവിടെ ഏറ്റുമുട്ടിയത് എന്നതാണ്.
വ്യക്തമായ സൈനികലക്ഷ്യങ്ങളൊന്നുമില്ലാത്ത നഗരപ്രാന്തങ്ങളിൽ ഇസ്രായേൽ ആക്രമണം നടത്തുമ്പോൾ നിങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റുകളിലെ ഐക്യദാർഢ്യംവാങ്ങി നന്ദിപൂർവം ഫലസ്തീൻകാർ മരിച്ചുവീഴണമെന്നു കരുതുന്നത് എത്ര ലജ്ജാകരമായ മാനസികാവസ്ഥയാണ്! റോക്കറ്റാക്രമണം നടത്തിയ ഹമാസാണ് യുദ്ധമാരംഭിച്ചത് എന്നൊക്കെപറയുന്നവർ 2021-2022 കാലത്തുപോലും വിവേചനബുദ്ധി ഉറച്ചിട്ടില്ലാത്ത ജീവിതമായിരിക്കണം നയിച്ചിട്ടുണ്ടാവുക.
സമാധാനമാണ് വേണ്ടത്, അഹിംസയാണ് വേണ്ടത്, എന്നതിൽ ആർക്കാണ് അഭിപ്രായ വ്യത്യാസമുണ്ടാവുക? ഇന്ത്യതന്നെ ദശാബ്ദങ്ങളായി ഫലസ്തീന് അനുകൂലമായി ഐക്യരാഷ്ട്ര സഭയിൽ വോട്ടുചെയ്യുമ്പോഴും യുദ്ധവും ആക്രമണങ്ങളുമില്ലാതെ ഫലസ്തീൻ ജനതക്ക് ശാന്തമായി ജീവിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാവണമെന്നുതന്നെയാണ് ആഗ്രഹിച്ചിട്ടുള്ളത്.
പക്ഷേ, അതിന്റെ അർഥം, ഫലസ്തീൻ ജനതയുടെമേൽ ഇസ്രായേൽ നടത്തുന്ന നിരന്തരമായ ആക്രമണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അവർ നിശ്ശബ്ദം സഹിച്ചുകൊള്ളണമെന്നല്ല.
ഇസ്രായേലിന്റെ വഴിപൂട്ടൽ നയം, ഗസ്സയിലെ രണ്ട് ദശലക്ഷത്തിലധികം ഫലസ്തീനികളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള അവകാശം നിഷേധിക്കുന്നുവെന്നതും, വൈദ്യുതിയും ആതുരശുശ്രൂഷയും ജലലഭ്യതയും തടസ്സപ്പെടുത്തി സമ്പദ്വ്യവസ്ഥയെ താളംതെറ്റിക്കുന്നുവെന്നതും ഗസ്സയിലെ മനുഷ്യരെ അന്താരാഷ്ട്ര സഹായങ്ങളുടെ അടിസ്ഥാനത്തിൽ സ്വന്തം രാജ്യത്ത് അഭയാർഥികളാക്കി മാറ്റുന്നുവെന്നതും അറിഞ്ഞില്ലെന്നു നടിച്ചുകൊണ്ടുമാത്രമേ ഹമാസിന്റെ പ്രത്യാക്രമണത്തെ ഭീകരാക്രമണമെന്ന് വിശേഷിപ്പിക്കാൻ കഴിയൂ.
ഇസ്രായേലിൽ മാറിമാറിവരുന്ന സർക്കാറുകൾ വെസ്റ്റ്ബാങ്കിലെ സെറ്റിൽമെന്റുകളിൽ നുഴഞ്ഞുകയറാൻ ഇസ്രായേലി പൗരർക്ക് സർവവിധ സന്നാഹങ്ങളും ഒരുക്കിക്കൊടുക്കുകയല്ലേ നിരന്തരം ചെയ്യുന്നത്? 4,000ത്തിലധികം അനധികൃത ജൂത സെറ്റിൽമെന്റ് യൂനിറ്റുകൾക്കാണ് ഈ അടുത്തകാലത്ത് ടെൻഡർ നൽകിയിട്ടുള്ളത്. വെസ്റ്റ്ബാങ്കിലെ ജൂത കുടിയേറ്റക്കാരുടെ സംഖ്യ ഇപ്പോൾ ആറുലക്ഷത്തിലധികമായിരിക്കുന്നു.
2021ൽ മാത്രം കിഴക്കൻ ജറൂസലമുൾപ്പെടെ വെസ്റ്റ്ബാങ്കിലെ അറുന്നൂറിലധികം ഫലസ്തീനിയൻ ഭവനങ്ങൾ ഇടിച്ചുനിരത്തുകയും അത്രയുംതന്നെ ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തത് ഏത് അഹിംസാ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലായിരുന്നു? വീടുകൾ ഇടിച്ചുനിരത്തി ഫലസ്തീൻകാരെ വഴിയാധാരമാക്കുന്ന ഓപറേഷൻ 2021ൽ മുൻവർഷത്തേക്കാൾ 38 ശതമാനം വർധിച്ചതായി യു.എൻ കണക്കുകൾ വ്യക്തമാക്കുന്നു.
ജോർഡൻ താഴ്വരയിലെ ഖിർബെത് ഹംസയിൽ ഒരു വർഷത്തിനിടെ ആറുതവണയാണ് ഇടിച്ചുനിരത്തൽ നടത്തിയത്. ആറ് പ്രമുഖ ഫലസ്തീൻ സിവിൽ സമൂഹ കൂട്ടായ്മകളെ ഭീകരസംഘടനകളായി പ്രഖ്യാപിക്കുകയും, അവരുടെ ഓഫിസുകൾ അടച്ചുപൂട്ടുകയും സ്വത്തുക്കൾ പിടിച്ചെടുക്കുകയും ജീവനക്കാരെ അറസ്റ്റുചെയ്തു പീഡിപ്പിക്കുകയും ചെയ്തത് സമാധാനപരമായ സിവിക് ജീവിതം ദുസ്സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നുവെന്ന് അറിയാത്തവരുണ്ടോ?
2021ലെ യുദ്ധത്തിൽ നൂറോളം കുട്ടികളടക്കം നിരവധി ഫലസ്തീനികൾ കൊല്ലപ്പെട്ടു, ആയിരങ്ങൾക്ക് പരിക്കേറ്റു. ഗസ്സയിലെ ആയിരക്കണക്കിന് വീടുകൾ പൂർണമായും, അരലക്ഷം വീടുകൾ ഭാഗികമായും തകർക്കപ്പെടുകയും ചെയ്തു. പതിനായിരങ്ങളെ കുടിയിറക്കി, നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുംവരെ ഇസ്രായേൽസേന ഇടിച്ചുനിരത്തി.
ഹമാസിന്റെ ആക്രമണത്തിന്റെ കാര്യം അവിടെ നിൽക്കട്ടെ, വെസ്റ്റ്ബാങ്കിൽ കൂട്ടക്കൊല നടത്തിയതും ആയിരങ്ങളെ അംഗവിഹീനരാക്കിയതും ഇസ്രായേൽ വിരുദ്ധ പ്രകടനങ്ങളുടെ പേരിലായിരുന്നുവെന്നത് വിസ്മരിക്കരുത്. പത്തു ദിവസംകൊണ്ട് 600 മില്യൺ ഡോളറിന്റെ നാശനഷ്ടമാണ് അന്ന് ഇസ്രായേൽ ഗസ്സയിൽ വിതച്ചത്.
പതിനഞ്ചുവർഷമായി, ഇസ്രായേൽ അധികാരികൾ ഗസ്സയിലെ ഭൂരിഭാഗം ജനങ്ങളെയും ഇറസ് ഇടനാഴിയിലൂടെ യാത്രചെയ്യുന്നത് നിയന്ത്രിക്കുന്നു. ഗസ്സക്കുപുറത്ത് മരുന്നിനും അടിയന്തര വൈദ്യസഹായത്തിനും പോകുന്നവർക്കുപോലും ഇറസ് കടക്കാൻ അനുമതി നിഷേധിക്കുന്നു. കോവിഡ് കാലത്ത് ഗസ്സയിലെ ജീവിതം നരകതുല്യമാക്കിയത് ഈ നിയന്ത്രണങ്ങളായിരുന്നു. ഇതിനെല്ലാം പുറമെ, ഫലസ്തീൻകാർ നേരിടുന്ന ഡിജിറ്റൽ സർവെയിലൻസ് ഭീകരതയും വിവരണാതീതമാണ്.
കഴിഞ്ഞ രണ്ടുവർഷത്തിൽ മാത്രമായി നൂറുകണക്കിന് കുട്ടികളുൾപ്പെടെ അയ്യായിരത്തിലധികം ഫലസ്തീനികളെ സുരക്ഷാകുറ്റങ്ങൾ ആരോപിച്ച് അറസ്റ്റുചെയ്ത് പീഡിപ്പിച്ചിട്ടുണ്ട്.
കിഴക്കൻ ജറൂസലമിലെ വിവിധ പ്രദേശങ്ങളിൽ, ഇസ്രായേലി കുടിയേറ്റ സംഘങ്ങൾ ഫലസ്തീനികളുടെ വീടുകൾ കൈവശപ്പെടുത്താനും ദീർഘകാല താമസക്കാരെ ഒഴിപ്പിക്കാനും നിരന്തരം ശ്രമിക്കുകയാണ്. ഇതെല്ലാം വിസ്മരിച്ചുകൊണ്ടാണ് ഹമാസ് ആക്രമണത്തിന്റെ ഒരു ധാർമിക വ്യവഹാരം മാധ്യമങ്ങളും വലതുപക്ഷവും പ്രചരിപ്പിക്കാൻ നോക്കുന്നത്. മരണത്തിന്റെ വ്യാപാരികളും കപടധാർമികതയുടെ വ്യാപാരികളും ആമോദത്തോടെ കൈകോർക്കുന്ന കാഴ്ചയാണിത്.
സത്യാനന്തര ഭീകരവാദത്തിന്റെ പ്രയോക്താക്കൾ നടത്തുന്ന ഈ നുണയുദ്ധം പ്രതിരോധിക്കുക എന്നതാണ് ഫലസ്തീന്റെ മൗലികാവകാശങ്ങളെ പിന്തുണക്കുന്നവരുടെ പ്രാഥമികമായ കടമ. അഹിംസയുടെ ഉന്നത വക്താവായ ഗാന്ധിപോലും അറബ് പ്രതിഹിംസയെ വിമർശിക്കാൻ വിസമ്മതിച്ചിരുന്നു: “ഞാൻ അറബ് അതിക്രമത്തെ ന്യായീകരിക്കുകയല്ല. തങ്ങളുടെ രാജ്യത്തേക്കുള്ള അന്യായമായ കടന്നുകയറ്റത്തെ
അവർ അഹിംസയിലൂടെ പ്രതിരോധിക്കണമെന്നതാണ് എന്റെ ആഗ്രഹം. പക്ഷേ, തങ്ങൾക്കെതിരെ നടക്കുന്ന അനുപാതരഹിതമായ അക്രമത്തിന്റെ പശ്ചാത്തലത്തിൽ, നന്മതിന്മകളുടെ അംഗീകൃത പ്രമാണങ്ങൾവെച്ചുനോക്കുമ്പോൾ, അറബ് പ്രതിരോധത്തിനെതിരെ എനിക്കൊന്നും പറയാൻ കഴിയില്ല”. ഇക്കാര്യത്തിൽ കപടധാർമികതയുടെ അഹിംസാവാദം ഗാന്ധിപോലും തള്ളിക്കളഞ്ഞതാണ് എന്നർഥം. പക്ഷേ, നാമിത് വീണ്ടും വീണ്ടും പറയേണ്ടിവരുന്നത്, പരിസ്ഥിതി സമരങ്ങളിൽ പങ്കെടുക്കുന്ന സാധാരണക്കാരായ മുസ്ലിംകളെപ്പോലും തീവ്രവാദികളെന്ന് വിളിക്കുന്ന കേരളത്തിലാണ്.
ആഗോള വലതുപക്ഷം എവിടെയൊക്കെ, എന്തൊക്കെ പ്രത്യയശാസ്ത്ര നിക്ഷേപങ്ങളാണ് നടത്തിയിട്ടുള്ളത് എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് ഇസ്ലാമോഫോബിയുടെമാത്രം അടിസ്ഥാനത്തിൽ കേരളത്തിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള കടുത്ത ഹമാസ് വിരുദ്ധത എന്നതും തിരിച്ചറിയപ്പെടേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.