നേതാവ് എന്ന സങ്കൽപം ഒരർഥത്തിൽ രാജാവ് എന്ന സങ്കൽപത്തിെൻറ തുടർച്ചതന്നെയാണ്. സാമൂഹികജീവിതത്തിന് അനിവാര്യമായ ഒന്നാണ് രാഷ്ട്രീയവ്യവസ്ഥയെ അധികാരക്രമത്തിൽ രൂപപ്പെടുത്തുക എന്നുള്ളത്. അങ്ങനെയല്ലാത്ത സാമൂഹിക ജീവിതങ്ങളെക്കുറിച്ചു നമുക്ക് ഉദാത്തമായ ചില പ്രതീക്ഷകൾ ഉണ്ടായിരുന്നു എന്നതും അവിടവിടെ ചില പരീക്ഷണങ്ങൾ നടന്നിട്ടുണ്ട് എന്നതും സത്യമാണെങ്കിലും നേതൃത്വം എന്ന സങ്കൽപം അറിയപ്പെടുന്ന ചരിത്രത്തിൽ വലിയ ഉലച്ചിൽതട്ടാതെ നിലനിന്നിട്ടുള്ള ഒന്നാണ് എന്ന് മനസ്സിലാക്കാൻ കഴിയും. പുരാതന ഗ്രീക്കോ- റോമൻ ജനാധിപത്യസംവിധാനങ്ങൾ നേതൃത്വം എന്ന ആശയത്തെ അംഗീകരിക്കുന്നവയും അതുകൊണ്ടുതന്നെ രാജവാഴ്ചയിലേക്ക് അതിവേഗംകൂപ്പുകുത്തിയവയുമാണ് എന്ന് കാണാം.
വില്യം ഷേക്സ്പിയർ ജൂലിയസ് സീസർ എന്ന ചരിത്രനാടകം എഴുതുമ്പോൾ ബ്രൂട്ടസിനെ വില്ലനായി ചിത്രീകരിക്കുന്നുണ്ട്. പക്ഷേ, ബ്രൂട്ടസിെൻറ പ്രസംഗത്തിൽ അദ്ദേഹം ഊന്നിയൂന്നി പറയാൻ ശ്രമിക്കുന്നത് സീസർ ജനാധിപത്യസ്ഥാപനങ്ങളെ അപകടപ്പെടുത്തി ഏകാധിപതിയാവാൻ ശ്രമിച്ചു എന്നാണ്. എന്നാൽ, ആൻറണിയുടെ മറുപടിപ്രസംഗത്തിൽ നിന്ന് വ്യക്തമാകുന്നത് റോമിെൻറ നിലനിൽപിന് അത്തരമൊരു നേതൃപരമായ ഏകാധിപത്യം ആവശ്യമായിരുന്നു എന്നാണ്.
രാജാധികാരം എന്ന സ്ഥാപനത്തിന് രണ്ടുസവിശേഷതകളുണ്ട്. ഒന്ന് , അത് ജനവാസ പ്രദേശങ്ങളിൽ, അറിയപ്പെടുന്ന മനുഷ്യചരിത്രത്തിൽ, ഏതാണ്ട് എല്ലായിടത്തും വ്യത്യസ്തതകളോടെ ആണെങ്കിലും സ്വതന്ത്രമായി രൂപംകൊണ്ട അധികാരവ്യവസ്ഥ ആയിരുന്നു. രാജഭരണം എന്ന ആശയത്തിലേക്ക് വിവിധ സംസ്കാരങ്ങളിലെ മനുഷ്യർ ഏതാണ്ട് ഒരുപോലെയാണ് എത്തിച്ചേർന്നത്. ജനായത്തമോ മറ്റു അധികാരരൂപങ്ങളോ റോമിലോ ഗ്രീസിലോ മറ്റെവിടെയെങ്കിലും ചില കാലങ്ങളിൽ പരീക്ഷിക്കപ്പെട്ടെങ്കിൽ അവ ചരിത്രത്തിലെ അപവാദങ്ങൾമാത്രമായിരുന്നു. രണ്ട്, മനുഷ്യചരിത്രത്തിൽ കുറഞ്ഞത് 3000 കൊല്ലമെങ്കിലും എല്ലായിടത്തും മാറ്റമില്ലാതെ തുടർന്ന അധികാരവ്യവസ്ഥയായിരുന്നു അത്. അതിെൻറ അടിസ്ഥാനം രാഷ്ട്രത്തിെൻറ അല്ല, രാജാവ് എന്ന വ്യക്തിയുടെ പരമാധികാരം ആയിരന്നു. കൂടുതലും പുരുഷകേന്ദ്രിതമായി തുടർന്ന ആ അധികാരവ്യവസ്ഥ–ചിലപ്പോഴെങ്കിലും അത് റാണി എന്ന പെൺ പരമാധികാരത്തെ സൃഷ്ടിച്ചിരുന്നുവെങ്കിലും– രാജാവെന്ന പരമാധികാര സ്വരൂപത്തിെൻറ ഒരു ചൊല്ലുവിളിയുമില്ലാത്ത സ്വേച്ഛാധിപത്യം മാത്രമായിരുന്നു.
"തീനും വൈനുമവീനും കഴിച്ചഭി-
മാനം ചൂടിയിരിക്കുമ്പോൾ
അത്തിരുമുമ്പിൽ സമ്പത്തിൻ കൂ-
ത്താട്ടം കണ്ടു രസിക്കുമ്പോൾ
ദുഃഖിത ലോകമുയർത്തും രോദന
ദുർഗന്ധങ്ങൾ സഹിക്കാതെ
അൽപ രസപ്പുരികത്താലങ്ങോർ
കൽപനയൊന്നു കൊടുക്കുന്നു
അപ്പൊഴകിന് ജനരങ്ങിങ്ങു കാറ്റിൽ
ചപ്പില പോലെ പറക്കുന്നു"
എന്ന് വൈലോപ്പിള്ളി കൃത്യമായി എഴുതിയതുപോലെ ചുറ്റുമുള്ള മനുഷ്യജീവിതങ്ങളെ വെറും ചപ്പിലപോലെ കരുതി ഒരു വ്യക്തിക്ക് സ്വന്തം ഇഷ്ടാനിഷ്ടങ്ങൾമാത്രംനോക്കി പരമാധികാരിയായി വാഴാൻ അനുവദിക്കുന്ന രാഷ്ട്രീയ വ്യവസ്ഥയുമായി മനുഷ്യൻ പൊരുത്തപ്പെട്ടു ജീവിച്ചത് എത്ര സഹസ്രാബ്ദങ്ങളായിരുന്നു എന്നതാണ് ചരിത്രവിചാരത്തിെൻറ ഏതോ അമൂർത്ത തലത്തിൽ നാം കണക്കിലെടുക്കാതെ വിട്ടുകളയുന്നത്. അധികാരത്തിനു ചില നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു ചിലയിടങ്ങളിൽ എന്നതൊക്കെ സത്യമാണ്. ചില സവിശേഷകാല-സ്ഥലികളിൽ നാമമാത്രമായി രാജാവിനു കൂടി ബാധകമായ നിയമങ്ങൾ നിലനിന്നിരുന്നു. അതുകൊണ്ടാണ് വൈലോപ്പിള്ളി
"എന്നാൽ ദില്ലിയിൽവാഴും മന്നോർ-
മന്നനുമുണ്ടോ സ്വാതന്ത്ര്യം
മാനംമുട്ടും കൊട്ടാരത്തിൽ
മാതിരി ഏതൊരു ജയിലുള്ളൂ"
എന്ന് പരിഹസിക്കുന്നത്. എന്നാൽ അഗാമ്പൻ പറയുന്നത്പോലെ അത്തരം നിയമങ്ങളെക്കൂടി മറികടന്നു ഭരിക്കാൻ കഴിയുന്നതിനെയാണ് പരമാധികാരം എന്നുപറയുന്നത്. അതിനുമപ്പുറം, അത് സ്വാധികാരപ്രമത്തതയിൽ അഭിരമിച്ചു ജീവിച്ചു മരിക്കാൻ ഒരു വ്യക്തിക്ക് പിന്തുടർച്ചാവകാശം കിട്ടുന്ന സംസ്കാരവിരുദ്ധമായ സങ്കൽപനമായിരുന്നു. അത്തരമൊരു സ്ഥാപനത്തിെൻറ ദീർഘകാലം നീണ്ടുനിന്ന സാർവജനീനത അമ്പരിപ്പിക്കുന്നതുതന്നെയാണ്. ഇംഗ്ലണ്ടിൽ, ആസ്ട്രേലിയയിൽ, കാനഡയിൽ, തായ്ലൻഡിൽ എന്തിനു തിരുവനന്തപുരത്തുപോലും നാമിപ്പോഴും 'രാജഭക്തി' എന്ന ചരിത്രാവശിഷ്ടത്തെ കണ്ടെടുക്കുന്നുണ്ട് എന്നത് രാജഭരണം എന്ന സ്ഥാപനത്തിെൻറ പ്രത്യയശാസ്ത്രം സമൂഹത്തിൽ എത്രമാത്രം ആഴത്തിൽ ഇറങ്ങിയിട്ടുണ്ട് എന്നതിെൻറ നിദർശനമാണ്.
ആധുനിക ജനാധിപത്യത്തിൽ ഏകാധിപത്യഭരണകൂടങ്ങൾ പലപ്പോഴും ഉണ്ടാവുന്നത് നേതാവ് എന്ന സങ്കൽപത്തെ ഉദാത്തവത്കരിക്കാനുള്ള രാഷ്ട്രീയസാധ്യതകൾ തെളിഞ്ഞുവരുമ്പോഴാണ്. സമഗ്രാധിപത്യത്തിലേക്കോ ഫാഷിസത്തിലേക്കോ രാഷ്ട്രീയവ്യവസ്ഥ നീങ്ങുന്നതിെൻറ ആദ്യലക്ഷണങ്ങൾ നേതൃവാഴ്ത്തലുകളിലാണ് കാണാൻ കഴിയുക. ഇത്തരം വാഴ്ത്തലുകൾക്ക് വഴങ്ങാത്ത വ്യവഹാരങ്ങളെല്ലാം ആദ്യം വിമർശിക്കപ്പെടുകയും പിന്നീട് ആ ശബ്ദങ്ങൾ പൂർണമായും അമർച്ചചെയ്യപ്പെടുകയും ചെയ്യും. അപദാനങ്ങളിലേക്കുമാത്രം ചുരുങ്ങുന്ന ഒരു വ്യവഹാരരീതി അനുവർത്തിക്കാത്ത വ്യക്തികളും വിചാരങ്ങളും ഉന്മൂലനംചെയ്യപ്പെടും.
ജനാധിപത്യം ഒരു കൂട്ടുത്തരവാദിത്തം എന്നതിലുപരി ഒരു വ്യക്തിയുടെ കീഴിലുള്ള അധികാര കേന്ദ്രീകരണമായി മാറുന്നു എന്നത് ചെറുക്കപ്പെടേണ്ട പ്രവണതയാണ്. അമേരിക്കൻ പ്രസിഡൻഷ്യൽ സമ്പ്രദായത്തിന് എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും അതിൽനിന്ന് ഇതര സമീപനങ്ങൾക്കു സ്വീകരിക്കാൻ കഴിയുന്ന ഗുണപരമായ ഒരു കാര്യം ഏതെങ്കിലും സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരാൾ ആദ്യം ആ പാർട്ടിക്കുള്ളിൽ മത്സരിച്ചിരിക്കണം എന്നതാണ്. അതാവട്ടെ, ഏതെങ്കിലും പാനൽ അവതരണമോ മറ്റേതെങ്കിലും തരത്തിലുള്ള സൗകര്യപൂർവമായ തെരഞ്ഞെടുപ്പോ അല്ല. തുറന്ന മത്സരം തന്നെയാണ്. അമേരിക്കൻ ജനാധിപത്യവ്യവസ്ഥയെ നിലനിർത്തുന്ന മുതലാളിത്ത അധികാരഘടനയുടെ പുറംതോട് കളഞ്ഞാൽപോലും മനുഷ്യ സമുദായത്തിന് പ്രയോജനകരമായ ഒരു ഉൾക്കാമ്പ് ഈ സമീപനത്തിലുണ്ട്. യഥാർഥത്തിൽ ലെനിനിസ്റ്റ് പാർട്ടി സങ്കൽപം ഇതിനെ ഉൾക്കൊള്ളാൻ ശ്രമിച്ചതാണ്. പക്ഷേ, അത് പൊതുവിൽ ജനാധിപത്യപരമല്ലാത്ത ചട്ടക്കൂടുകളിലും സൈനിക സംവിധാനത്തിനുള്ളിലുമായി വിഭാവനം ചെയ്യപ്പെട്ടതിനാലാണ് വളരെവേഗം ജീർണിച്ചുപോയത്. ഈ ജീർണതയാവട്ടെ, ലെനിൻ തെൻറ വിചാരങ്ങൾ ക്രോഡീകരിച്ച സമയത്തുതന്നെ റോസാ ലക്സംബർഗ് ചൂണ്ടിക്കാണിച്ചവയുമായിരുന്നു.
ഫൂക്കോയുടെ 'ഹിസ്റ്ററി ഓഫ് സെക്ഷ്വാലിറ്റി' എന്ന പഠന പരമ്പരയുടെ ഒന്നാം വാള്യത്തിൽ അദ്ദേഹം നടത്തുന്ന അടിസ്ഥാനപരമായ ഒരു നിരീക്ഷണമുണ്ട്: ''ചിന്തയിൽനിന്നും രാഷ്ട്രീയ വിശകലനങ്ങളിൽനിന്നുംനാമിന്നും രാജാവിെൻറ തല വെട്ടിക്കളഞ്ഞിട്ടില്ല''. ഈ രാജാവാണ് പലപ്പോഴും നേതാവിെൻറ ശരീരത്തിലേക്ക് പരകായപ്രവേശം ചെയ്യുന്നത്. അത് ആഘോഷിക്കുന്നതും അതിെൻറ അച്ചടക്കത്തിന് വിധേയമാവാത്ത ചിന്തകളെയും വ്യക്തികളെയും ആക്രമിക്കുന്നതും പ്രാക്തനമായ ഒരു സൈനികബോധം മനസ്സിൽനിന്ന് മാറാത്തതുകൊണ്ടു കൂടിയാണ്.
വ്യക്തിയുടെ തലത്തിൽനിന്ന് നേതൃത്വംഎന്ന സങ്കൽപത്തെ ഉടനെയൊന്നും എടുത്തുമാറ്റാൻ കഴിയുന്നതല്ല. അത്രക്ക് മനുഷ്യചരിത്രത്തിൽ അത് ആഴത്തിൽ ആണ്ടുപോയിരിക്കുന്നു. ഹോമോസാപിയൻസ് ആഫ്രിക്കയിൽനിന്ന് പുറപ്പെട്ടു ലോകം കീഴടക്കാൻ ലക്ഷക്കണക്കിന് വർഷങ്ങൾ എടുത്തതിെൻറ കാരണങ്ങൾ അന്വേഷിച്ചവർ കണ്ടെത്തിയ വസ്തുത പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നിയാണ്ടർതാൽ എന്ന മുൻഗാമിവംശവുമായി അതിനു ഏതാണ്ട് ഒരുലക്ഷം വർഷങ്ങൾ യുദ്ധം ചെയ്യേണ്ടി വന്നുവത്രെ. അതായത് ആധുനിക മനുഷ്യവർഗമായ ഹോമോസാപിയൻസ് ഭൂമിയിൽ ആധിപത്യം ഉറപ്പിച്ചതത്രയും ദീർഘകാലം നിലനിന്ന ഹിംസയിലൂടെ ആണെന്നർഥം. ദേശവും പ്രദേശവും അധികാരവും നേതൃത്വവും എല്ലാം ഉയർന്നുവന്ന വഴി അതാണ്. അതിജീവനത്തിെൻറ ആ സൈനികചരിത്രമാണ് പിൽക്കാലത്തു കൂടുതൽ ക്രമീകരിക്കപ്പെട്ടതും നിയാണ്ടർതാൽ വംശം ഇല്ലാതായപ്പോഴും ആ ഹിംസാത്മക ചരിത്രത്തിെൻറ ഓർമയിൽ ദേശത്തിനും ആധിപത്യത്തിനുംവേണ്ടി ഹോമോസാപിയൻസ് പരസ്പരം പടവെട്ടാൻ തുടങ്ങിയതും.
രാജാധികാരവും പരമാധികാരവും കേവലം നിഗ്രഹരാഷ്ട്രീയമായി മാറുന്നതിെൻറ കാരണവും അതുതന്നെ. ജനാധിപത്യം അർഥപൂർണമാവണമെങ്കിൽ ഈ ചരിത്രത്തിൽനിന്ന് വലിയപാഠങ്ങൾ നാം പഠിക്കേണ്ടതുണ്ട്. അതിലേറ്റവും പ്രധാനം നേതാവ് എന്ന സങ്കൽപത്തെ പുനർനിർവചിക്കുക എന്നതുതന്നെയാണ്. നമ്മുടെ ജനാധിപത്യവിരുദ്ധമായ ചിന്തകളുടെ ആഴത്തിൽ ഊറിക്കൂടിയിരിക്കുന്ന പ്രതിലോമവീക്ഷണം യഥാർഥത്തിൽ വ്യക്തികേന്ദ്രിതമായ നേതൃത്വസങ്കൽപമാണ്. ഇതാവട്ടെ, വലിയ ചിന്താവിപ്ലവങ്ങളിലൂടെ മാത്രമേ ഇല്ലാതാക്കാൻ കഴിയൂ. ഫാഷിസം പടിവാതിലും തകർത്തു അകത്തു കയറിക്കഴിഞ്ഞു എന്നതുതന്നെയാണ് ഇത്തരം അമൂർത്ത ചിന്തകളെ ഇപ്പോൾ കൂടുതലും പ്രസക്തമാക്കുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.