ട്വൻറി-ട്വൻറി രാഷ്ട്രീയം വളരുകയാണ് എന്നത് ചില വിശാലമായ ചര്‍ച്ചകള്‍ക്ക് വഴിെവച്ചിട്ടുണ്ട്. ഉപരിപ്ലവമായി നോക്കിയാല്‍ അവഗണിക്കാവുന്നതും ഒരു ചെറിയ കാലയളവില്‍ നിലനിൽപുള്ളതുമായ പ്രതിഭാസം എന്ന നിലയില്‍ ഭാവിയില്‍ അപ്രസക്തവുമാണ് ഈ രാഷ്ട്രീയം. എന്നാല്‍, കേരളംപോലെ ഒരു പ്രദേശത്ത് അത്തരം രാഷ്ട്രീയം സ്വീകാര്യത നേടുന്നതെങ്ങനെ, അതിനു വളക്കൂറുള്ള മണ്ണ് രൂപപ്പെട്ടതെങ്ങനെ, ഇങ്ങനെ ഒരു തുരുത്ത് മലയാളമണ്ണില്‍ വേരുറപ്പിക്കാന്‍ അവിടത്തെ ജനങ്ങള്‍ അനുവദിച്ചതെങ്ങനെ തുടങ്ങിയ ചോദ്യങ്ങള്‍ ജനാധിപത്യത്തെക്കുറിച്ച കേവല സിനിക്കല്‍ യുക്തികളിൽ മാത്രം മനസ്സിലാക്കാനുള്ളതല്ല. ഇതിെൻറ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള അപ്രസക്തിതന്നെ ആരും താലത്തിൽവെച്ച് നൽകാന് പോകുന്നതുമല്ല.
ജനാധിപത്യം ഒരു കാലത്തും കുറ്റിയില്‍ കെട്ടിയിട്ട വഞ്ചിയായിരുന്നില്ല. അത് രൂപംകൊള്ളുന്നതുതന്നെ അമൂര്‍ത്തമായ ചില ആശയക്കുഴപ്പങ്ങളില്നിന്നാണ്. മധ്യകാലത്ത്, ഏതാണ്ട് ലോകത്തെല്ലായിടത്തും രാജവാഴ്ചയാണ് നിലനിന്നത്. നിരവധി നൂറ്റാണ്ടുകളിലൂടെ മനുഷ്യവംശം രൂപവത്കരിച്ചെടുത്ത ആശയമായിരുന്നു അത്. ഗോത്രപരമായ സാമൂഹികസംഘാടനം ഉപേക്ഷിക്കാതിരുന്ന ജനവിഭാഗങ്ങളൊഴികെ ഏതാണ്ട് എല്ലായിടത്തും പ്രാദേശിക വ്യത്യസ്തതകളോടുകൂടിയ രാജവാഴ്ച നിലവില്വരുകയായിരുന്നു. മറ്റു പരീക്ഷണങ്ങള്‍ ഉണ്ടായില്ല എന്നല്ല. എന്നാല്‍, സാമൂഹിക ജീവിതത്തിെൻറ പരമമായ യുക്തിതന്നെ അധികാരം ഒരു വ്യക്തിയില്‍ കൊളുത്തിയിടുകയും ആ അധികാരം ഒരു പിന്തുടര്ച്ചാവകാശമായി മാറുകയുംചെയ്യുക എന്നത് ഒരു വലിയ പരിധിവരെ സാര്‍വലൗകിക പ്രതിഭാസമായിരുന്നു. ഗ്രീക്കോ-റോമൻ വ്യവസ്ഥകളിലും മറ്റും പ്രാതിനിധ്യസ്വഭാവമുള്ള ഭരണകൂടങ്ങള്‍ വിവിധ കാലയളവുകളിലായി നിലനിന്നിരുന്നു എങ്കിലും അവയൊക്കെ അപവാദങ്ങളായിരുന്നു. ജൂലിയസ് സീസര്‍ കൊല്ലപ്പെടുന്നത് അമിതാധികാരം കൈയേന്തി 'ജനാധിപത്യ'ത്തെ ഹനിക്കാന്‍ ശ്രമിച്ചതിനാണെന്ന് ഷേക്സ്പിയറുടെ ബ്രൂട്ടസ് ആരോപിക്കുന്നുണ്ട്. അറിയപ്പെടുന്ന ലോകചരിത്രത്തില്‍ ഏറ്റവും കാലം നിലനിന്ന അധികാരവ്യവസ്ഥയും രാജവാഴ്ചയാണ്. അല്ലെങ്കില്‍ ലോകചരിത്രം ഇന്നുകാണുന്ന രീതിയില്‍ വായിക്കപ്പെടാന്‍ തുടങ്ങുന്നതുതന്നെ രാജാക്കന്മാരുടെ ചരിത്രം കൂടിയായിട്ടാണ്. ജനകീയചരിത്രമൊക്കെ എത്രയോ സമീപകാലത്തെ ആശയങ്ങളാണ്.
എന്നാല്‍, ഈ രാജവാഴ്ചയില്‍നിന്ന് മറ്റൊരു സംവിധാനത്തിലേക്കുള്ള മാറ്റം അനിവാര്യമാക്കിയത് മുതലാളിത്തമായിരുന്നു. അത്തരമൊരു മാറ്റം എളുപ്പമായിരുന്നില്ല. യൂറോപ്യൻ ഫ്യൂഡലിസംതന്നെ വൈവിധ്യങ്ങള്‍ നിറഞ്ഞതായിരുന്നു. അതിെൻറ രാഷ്ട്രീയ ഭൂമിശാസ്ത്രം മതവുമായി കെട്ടുപിണഞ്ഞും അല്ലാതെയും ആഴത്തില്‍ സ്ഥാപനവത്കരിക്കപ്പെട്ടിരുന്നു. പക്ഷേ, ഒരു പുതിയ സാമ്പത്തികശക്തി എന്നനിലയില്‍ മുതലാളിത്തം രാഷ്ട്രീയമായ അർഥത്തില്‍ പരിഷ്കരണോന്മുഖമായിരുന്നു. ആധുനികതയെ മുതലാളിത്തം പാക്കേജ് ചെയ്യുന്ന പതിനെട്ടാം നൂറ്റാണ്ടിെൻറ രണ്ടാംപകുതിയില്‍ രാജവാഴ്ചയിൽ അധിഷ്ഠിതമായ ഫ്യൂഡല്‍ പരമാധികാരത്തിനു പകരംെവക്കാന് എന്തുണ്ട് എന്ന വലിയ ചോദ്യമുയർന്നു. അതിന് ആദ്യം അമേരിക്കയിലും പിന്നീട് ഫ്രാന്‍സിലും ലഭിച്ച ഉത്തരങ്ങളില്‍നിന്ന്, ജനകീയവിപ്ലവങ്ങളില്നിന്ന്, ഒട്ടേറെ ആപച്ഛങ്കകളോടെ, അതിലേറെ അനിശ്ചിതത്വങ്ങളോടെ, പിന്തുടർച്ച ക്രമമനുസരിക്കാതെ ഭരണാധികാരി മാറുന്ന പ്രാതിനിധ്യസ്വഭാവമുള്ള ഒരു സമ്പ്രദായമായി ബഹുകക്ഷി പ്രാതിനിധ്യ ജനാധിപത്യം സ്വീകരിക്കപ്പെട്ടു. തുടര്‍ന്നങ്ങോട്ട് നിരാകരണങ്ങളിലൂടെ, പുനര്വിചാരങ്ങളിലൂടെ, കിതച്ചും കുതിച്ചും പരീക്ഷണങ്ങളെ അതിജീവിച്ചും, ഫാഷിസവും സര്‍വാധിപത്യവും ഏകാധിപത്യവും മതഭരണവും സൈനികഭരണവും പോലുള്ള നിരവധി വെല്ലുവിളികളിലൂടെ കടന്നും അതു മുന്നോട്ടുപോയി. ഇന്നും ഒരു പരിപൂർണതയിലും എത്തിയിട്ടില്ലാത്ത സംവിധാനമാണത്. സോവിയറ്റ് ജനാധിപത്യം സമഗ്രാധിപത്യമായി മാറിയെങ്കിലും അത് വ്യത്യസ്തമായൊരു ജനാധിപത്യസങ്കൽപമായിരുന്നു. സ്വകാര്യസ്വത്ത് മിച്ചരൂപവത്കരണത്തിനുള്ള ഉപകരണമല്ലെങ്കില്‍ ഭരണകൂടം എല്ലാവരെയും സമത്വത്തോടെ കാണുന്ന അടിസ്ഥാന പ്രാതിനിധ്യഭരണകൂടം ഏകകക്ഷിഭരണത്തില്ത്തന്നെ സാധ്യമാണ് എന്നൊരു ആശയമായിരുന്നു അത്. വലിയ പാളിച്ചകള്‍ അതിനു സംഭവിച്ചു.
എന്തെല്ലാം പരിമിതികളുണ്ടെങ്കിലും ബഹുകക്ഷി പ്രാതിനിധ്യ ജനാധിപത്യത്തിനു ചരിത്രപരമായി ലഭിച്ച ചില അടിസ്ഥാന നൈതികതകളുണ്ട്. മുതലാളിത്ത താൽപര്യങ്ങള്ക്കാണ് അത് മുന്‍തൂക്കം കൊടുക്കുകയെന്നത് ചരിത്രപരമായ വസ്തുതയാണ്. ഫ്യൂഡലിസത്തില് രാജവാഴ്ച എങ്ങനെയാണോ ഫ്യൂഡല്സംവിധാനത്തിെൻറ കാവല്‍ജോലി ചെയ്തിരുന്നത് അതുപോലെ ആഗോളമുതലാളിത്തത്തിെൻറ, അതിെൻറ ദേശീയരൂപങ്ങളുടെ കാവല്‍ പ്രാതിനിധ്യ ജനാധിപത്യത്തിനു നിര്‍വഹിക്കാനുണ്ട്. പക്ഷേ, ജനാധിപത്യത്തില്‍ വോട്ടവകാശം സാര്‍വത്രികമായതിനാല്‍ എല്ലാ വിഭാഗങ്ങളെയും പലപ്പോഴും തൃപ്തിപ്പെടുത്തുന്നതായി നടിക്കുകയെങ്കിലും ചെയ്യാന്‍ ഇത്തരം ഭരണകൂടങ്ങള്‍ നിര്‍ബന്ധിതരാവുന്നു. പക്ഷേ, കാതലായ പ്രശ്നമതല്ല. ഈ ജനാധിപത്യം വിവിധ ദേശരാഷ്ട്രങ്ങളില്‍ ചില നിയമങ്ങള്‍ക്കും മാമൂലുകള്‍ക്കും അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആ നിയമങ്ങള്‍ പാലിക്കാന്‍ സാധാരണ പൗരര്‍ മുതല്‍ രാഷ്ട്രീയപാര്‍ട്ടികളും അവരെ അധികാരത്തിലേറ്റാന്‍ നടക്കുന്ന മൂലധനശക്തികളും വരെ നിര്‍ബന്ധിതരാണ്.
അതിലേറ്റവും പ്രധാനം ഭരണകൂടവും മൂലധനവും തമ്മിലുള്ള ബന്ധം വ്യക്ത്യധിഷ്ഠിതമല്ല, വർഗാധിഷ്ഠിതമാണ് എന്നതാണ്. ലാഭക്ഷയത്തില്നിന്ന് മൂലധനത്തെ കരകയറ്റുക, അത് അടിക്കടി നേരിടുന്ന പ്രതിസന്ധികളില്‍നിന്ന് അതിനെ രക്ഷിക്കുക എന്നീ രണ്ടു പ്രധാന കര്‍ത്തവ്യങ്ങളാണ് ലിബറല്‍ മുതലാളിത്തത്തിനുള്ളത്. ക്ഷേമരാഷ്ട്രം അടക്കം ബാക്കിയെല്ലാം അതിെൻറ നിലനിൽപിനായുള്ള കേവല നീക്കുപോക്കുകളാണ്. മറിച്ച്, ഈ ബന്ധം വ്യക്ത്യധിഷ്ഠിതമാവുമ്പോള് സംഭവിക്കുന്നതാണ് ക്രോണി മുതലാളിത്തം. ഇന്ന് ഇന്ത്യയില്‍ ബി.ജെ.പി കാർമികത്വത്തില്‍ അത് വളരുന്നു എന്ന ആവലാതി ശക്തമായി നിലനില്‍ക്കുന്നുണ്ട്. മറ്റൊന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ ഭരണഘടനയുടെ തത്ത്വങ്ങള്‍ക്കനുസരിച്ചാണ് വോട്ടര്‍മാര്‍ക്ക് വാഗ്ദാനങ്ങളും ആനുകൂല്യങ്ങളും നല്‍കേണ്ടത് എന്നതാണ്. അല്ലാതെ മുതലാളിമാര്‍ നേരിട്ടിറങ്ങി പ്രലോഭനങ്ങള്‍ വിതറിയും ആനുകൂല്യങ്ങള്‍ വിതരണം ചെയ്തുമല്ല. ഈ കളങ്ങള്‍ വിട്ടുകളിക്കുന്നത് ജനാധിപത്യത്തെ ഉള്ളില്‍നിന്ന് വെല്ലുവിളിക്കുന്നതിനും അതിെൻറ ആർജവത്തെ തകര്‍ക്കുന്നതിനും തുല്യമാണ്.
കേരളത്തില്‍ പ്രാദേശികതലത്തില്‍ ജനാധിപത്യസംവിധാനങ്ങള്‍ ഉപയോഗിച്ച് ഒരു സ്വകാര്യമുതലാളി സാമ്പത്തിക ഇംഗിതങ്ങള്‍ സാധ്യമാക്കുന്നതിന് രാഷ്ട്രീയപാര്ട്ടിയുണ്ടാക്കുകയും അതിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിന് വ്യവസ്ഥാപിതമാർഗങ്ങള്ക്ക് പുറത്തുള്ള ഭൗതികപ്രചോദനങ്ങള് (Material Incetives) നല്‍കുകയും ചെയ്യുമ്പോള്‍ അത് ധാർമികതയുടെ മാത്രം പ്രശ്നമല്ല. മറിച്ച്, വ്യവസ്ഥയുടെ അടിസ്ഥാനനിയമങ്ങളോടുള്ള വെല്ലുവിളിയാണ്. രാഷ്ട്രീയപാര്‍ട്ടികള്‍ അടിസ്ഥാനതല പ്രവര്‍ത്തനങ്ങള്‍, ചിലപ്പോള്‍ സൗജന്യസഹായങ്ങള് വിതരണംചെയ്തുകൊണ്ടുതന്നെ, ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കാറുണ്ട്. ദശാബ്ദങ്ങൾക്കുമുമ്പ് തിരുവനന്തപുരത്ത് സൗജന്യ ആംബുലന്‍സ് സേവനം തുടങ്ങി ഞെട്ടിച്ചത് ശിവസേന ആയിരുന്നു. കേരളത്തിലെ യുവജനപ്രസ്ഥാനങ്ങള്‍ നടത്തുന്ന അത്തരം സേവനങ്ങള്‍ തങ്ങളെ സ്വാധീനിക്കുന്നുണ്ടെന്ന് പലരും തുറന്നുപറയുന്ന സാഹചര്യംതന്നെയുണ്ട്. എന്നാല്‍, അപ്പോള്‍പോലും അത് അവരുടെ രാഷ്ട്രീയപ്രവര്ത്തനത്തിെൻറ ഭാഗമാണ്. ജനകീയമായി നിലനില്‍ക്കാനുള്ള, സ്വന്തം ആശയപ്രചാരണം കൂടുതല്‍ സുഗമമാക്കാനുള്ള പരിശ്രമത്തിെൻറ ഭാഗമാണ്. ട്വൻറി-ട്വൻറി വ്യക്ത്യധിഷ്ഠിതമായ സങ്കുചിതതാൽപര്യങ്ങള് സംരക്ഷിക്കാൻ -ഒരു സ്വകാര്യകമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സാധൂകരണം നേടിയെടുക്കാൻ- ആരംഭിച്ചതാണെന്നും അതിനായി അവര്‍ ലാഭത്തില്‍നിന്ന് ഒരു ഭാഗം ഭൗതികസൗജന്യങ്ങള് വിതരണംചെയ്യുന്നതിനായി നീക്കിെവച്ച് പൗരരെ സ്വാധീനിക്കാൻ ശ്രമിച്ചും വളര്‍ത്തിയതാണ് എന്നുമുള്ള വിമര്‍ശനമാണ് ഏറ്റവും പ്രധാനം.
രാഷ്ട്രീയപാര്‍ട്ടികളെ സ്വാധീനിച്ച് സ്വകാര്യ കോര്‍പറേറ്റുകള്‍ നിയമവിരുദ്ധമായി ശ്രമിക്കുന്നതിനുപോലും തടയിടുന്ന കര്‍ക്കശമായ തെരഞ്ഞെടുപ്പുനിയമങ്ങളുള്ള നാട്ടില്‍ അതിനെ മറികടന്ന് വോട്ടര്‍മാരെ നേരിട്ട് സ്വാധീനിച്ച് സ്വകാര്യതാൽപര്യങ്ങള് സംരക്ഷിക്കാന്‍ തെരഞ്ഞെടുപ്പിനെ മറയാക്കുന്ന സമീപനം ഒരു തെരഞ്ഞെടുപ്പ് അഴിമതിയായാണ് മനസ്സിലാക്കപ്പെടേണ്ടത്. അതിനു കൂട്ടുനില്ക്കുന്നവര് ആ അർഥത്തില്‍ ഭരണഘടനയുടെയും ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജനാധിപത്യസംവിധാനത്തിെൻറയും എതിർഭാഗത്താണ് നിലയുറപ്പിക്കുന്നത്.
രാഷ്ട്രീയപാര്‍ട്ടികളുടെ പ്രകടനപത്രികകള്‍ക്ക് ആത്മാർഥതയില്ലെന്നും അവര്‍ അവ നടപ്പാക്കാറില്ലെന്നും അവര്‍ അഴിമതിയിലേക്ക് കൂപ്പുകുത്താറുണ്ടെന്നും അവര്‍ സ്വകാര്യമുതലാളിമാരെ വഴിവിട്ടു സഹായിക്കാറുണ്ടെന്നുമൊക്കെ വിമര്‍ശനങ്ങള്‍ നമുക്ക് ഉണ്ടാവാം. അതെല്ലാം പൂർണമായും കുറ്റമറ്റതല്ലാത്ത, എന്നാല്‍ വികസ്വരോന്മുഖമായ സംവിധാനത്തിെൻറ ചെറിയ പാളിച്ചകളാണ്. നമുക്ക് അവയെ തോൽപിക്കാൻ കഴിയും. എന്നാല്‍, ഈ സംവിധാനത്തെ പ്രകടനപത്രികകളില്പോലും പറയാന്‍കഴിയാത്ത ഭൗതികപ്രചോദനങ്ങള് വാഗ്ദാനംചെയ്തും വിതരണംചെയ്തും വിജയകരമായി ഹൈജാക്ക്ചെയ്യുന്നത് കേരളത്തിലാണ് എന്നത് നടുക്കുന്ന വസ്തുതതന്നെയാണ്.
ഒരിക്കല്‍ ചക്കവീണു മുയല് ചത്തതിനെക്കുറിച്ചല്ല നമ്മള് സംസാരിക്കുന്നത്. ചക്കയുമായി കൊമ്പത്തിരിക്കുന്ന സ്വകാര്യശക്തിയെക്കുറിച്ചും താഴെ ചാകാന്‍ കാത്തുനില്ക്കുന്ന മുയലുകളെക്കുറിച്ചുമാണ്. കോര്‍പറേറ്റ് ചതികളുടെ, അന്തമില്ലാത്ത ആർത്തികളുടെ, അഭിശപ്തമായ ലാഭേച്ഛയുടെയൊക്കെ ഒരു ലോകമുണ്ട്. അതിെൻറ കേവലമായ ഭൗതികപ്രലോഭനങ്ങളില് കുടുങ്ങാനല്ല ഇവിടെ രണ്ടുനൂറ്റാണ്ടോളം മനുഷ്യര്‍ പൊരുതിയതെന്ന അടിസ്ഥാന ചരിത്രബോധവത്കരണമാണ് കിഴക്കമ്പലത്ത് ഇന്നാവശ്യമായിട്ടുള്ളത്.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.