ആവിഷ്കാരത്തിന് കാരാഗൃഹം

കോൺഗ്രസ് ഭരണത്തി​െൻറ സുദീര്‍ഘമായ കാലഘട്ടത്തില്‍ ദേശീയമായ ഒരു അർധ ലിബറല്‍ സാമ്പത്തികനയവും സാമൂഹികനീതിയില്‍ അധിഷ്​ഠിതമായ ഒരു ഭരണപ്രതിബദ്ധതയും നിഷ്കര്‍ഷയോടെ പിന്തുടര്‍ന്നുപോന്നു. അതില്‍ ഏറെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടാനുള്ളപ്പോഴും കുറഞ്ഞപക്ഷം ദക്ഷിണേഷ്യയിലെങ്കിലും ഇതിനെക്കാള്‍ നല്ല സമീപനം സ്വീകരിച്ച ഭരണകൂടങ്ങള്‍ ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യാനന്തരമുള്ള മൂന്നു ദശകങ്ങള്‍ രാഷ്​ട്രത്തി​െൻറ വളര്‍ച്ചയില്‍ നിർണായകമായിരുന്നു. അമ്പതുകള്‍ നെഹ്‌റു സ്വീകരിച്ച മിശ്ര സമ്പദ്​വ്യവസ്ഥയുടെ സവിശേഷതകള്‍കൊണ്ടും ആസൂത്രണപദ്ധതികളിലെ മികവുകൊണ്ടും ബൂര്‍ഷ്വ സംവിധാനങ്ങള്‍ക്കുള്ളിലെ ഏറ്റവും ലക്ഷ്യഭേദിയായ ഇടപെടൽ കൊണ്ട് സമ്പന്നമായിരുന്നു അക്കാലത്തെ ഭരണകൂടനയങ്ങള്‍. കാര്‍ഷികവളര്‍ച്ച, വ്യവസായ വളര്‍ച്ച, ദാരിദ്യ്രനിർമാർജനം, വിദ്യാഭ്യാസമേഖലയുടെ വിപുലീകരണം തുടങ്ങിയവയില്‍ ഊന്നിയുള്ള എണ്ണമറ്റ പരിപാടികളിലൂടെ, പദ്ധതികളിലൂടെ, കൊളോണിയല്‍ ചൂഷണത്തി​െൻറ ഫലമായി ഇടിഞ്ഞുപൊളിഞ്ഞ ഒരു രാഷ്​ട്രത്തി​െൻറ അക്ഷരാർഥത്തിലുള്ള പുനർനിർമാണത്തിനാണ് ഈ ഇടപെടല്‍ വഴിതെളിച്ചത്. ഈ നിലപാടാവട്ടെ, ഏകാധിപത്യപരമായി കാര്യങ്ങള്‍ നീക്കുന്ന ഒരു ഭരണകൂടത്തി​െൻറ കേവല ശാസനാപര്‍വമായി അധഃപതിച്ചില്ല. ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കപ്പെട്ടവയായിരുന്നു ഈ പദ്ധതികളില്‍ പലതും.

അറുപതുകളില്‍ കൂടുതല്‍ ശക്തമായ സാമ്പത്തിക ഇടപെടലുകള്‍ ഉണ്ടായി. ബൂര്‍ഷ്വാ സാമ്പത്തികസംവിധാനത്തി​െൻറ സഹജമായ അവ്യവസ്ഥകളും മിശ്ര സമ്പദ് വ്യവസ്ഥയിലെ ഭരണകൂട ഇടപെടലുകളും ഒരുമിച്ചുപോകാന്‍ ബുദ്ധിമുട്ടുള്ള രണ്ടു സമാന്തരങ്ങളായിരുന്നു. അവ തമ്മില്‍ സ്വാഭാവികമായും ഉണ്ടായ വൈരുധ്യങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ഭരണകൂടത്തിനു മുന്നില്‍ രണ്ടു വഴികളാണ് ഉണ്ടായിരുന്നത്. ഒന്ന്, ആസൂത്രണ-നിയന്ത്രണ സമീപനം കൈയൊഴിയുക. രണ്ട്, കൂടുതല്‍ സക്രിയമായ ഇടപെടലുകളിലൂടെ ധനകാര്യ-വ്യവസായമേഖലകളെ വരുതിയിൽ നിര്‍ത്തുക. ഇതില്‍ രണ്ടാമത്തെ വഴിയാണ് ഇന്ദിരഗാന്ധി ആദ്യം സ്വീകരിക്കാന്‍ തുനിഞ്ഞത്. എന്നാല്‍, മാറുന്ന ആഭ്യന്തരസാഹചര്യങ്ങളിലും ആഗോള മുതലാളിത്തലോകത്ത് സംഭവിച്ചുകൊണ്ടിരുന്ന മാറ്റങ്ങളുടെ പശ്ചാത്തലത്തിലും ഈ മാര്‍ഗം കൂടുതല്‍ അപകടകരമാകുകയായിരുന്നു. മാത്രമല്ല, നെഹ്​റുവി​െൻറ മരണത്തോടെ അധികാരത്തിലേക്കുള്ള വഴിതെളിയുന്നു എന്നുകണ്ട വലതു ഫാഷിസ്​റ്റ്​ ശക്തികള്‍ കടുത്ത ആക്രമണങ്ങള്‍ ആരംഭിച്ചു. ഇന്ദിരഗാന്ധി എഴുപതുകളില്‍ ശക്തയായി അധികാരത്തില്‍ വന്നെങ്കിലും അമ്പതുകളിലെ ഇടപെടലുകളുടെ കരുത്തോ അറുപതുകളിലെ ഇടപെടലുകളുടെ ആർജവമോ ഉള്ള പരിപാടികള്‍ക്ക് പകരം കേവലമായ വാചാടോപത്തിലേക്ക് അവര്‍ നീങ്ങി. വലത് ഫാഷിസ്​റ്റുകള്‍ക്കെതിരെ ജനാധിപത്യപരമായി പിടിച്ചുനിൽക്കാന്‍ കഴിയാതെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകകൂടി ചെയ്തതോടെ ഇന്ത്യയിലെ ബൂര്‍ഷ്വ ലിബറല്‍ രാഷ്​ട്രീയം ഹംസഗാനം പാടാന്‍ തുടങ്ങി. എന്നാല്‍, അടിയന്തരാവസ്ഥയുടെ ഈ ചെറിയ കാലഘട്ടം ഒഴിച്ചാല്‍, ഈ സമയത്തൊന്നും ഇന്ത്യന്‍ ജനാധിപത്യത്തെ ഉള്ളില്‍നിന്ന് വെല്ലുവിളിക്കുന്ന രീതി ഭരണകൂടം കൈക്കൊണ്ടിരുന്നില്ല. അടിയന്തരാവസ്ഥയുടെ കാലത്ത് ജനാധിപത്യ വിരുദ്ധമായ പലതും നടന്നിരുന്നുവെങ്കിലും ആ 19 മാസങ്ങള്‍ രാഷ്​ട്രവ്യാപകമായ ഒരു തെരഞ്ഞെടുപ്പിലാണ് അവസാനിച്ചത്‌. ആദ്യമായി ഒരു കോൺഗ്രസ് ഇതര സര്‍ക്കാര്‍ ഇന്ത്യയില്‍ രൂപംകൊള്ളുകയും ചെയ്തു.

തുടര്‍ന്നുള്ള കാലങ്ങള്‍ ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക് എന്ന സ്ഥാനം അലങ്കരിക്കുമ്പോള്‍പോലും ആഗോള സാമ്പത്തികക്രമത്തി​െൻറ അവിഭാജ്യഘടകം എന്നനിലയിലും സ്വന്തം വികസന മാതൃക ഉപേക്ഷിച്ച്​, തുറന്ന സമ്പദ് വ്യവസ്ഥയുടെ അരക്ഷിതത്വത്തിലേക്കു നീങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ട രാഷ്​ട്രം എന്നനിലയിലും ആഗോളമൂലധനത്തി​െൻറ കാല്‍ച്ചുവട്ടില്‍ അമരുന്നതാണ് കണ്ടത്. പില്‍ക്കാല സര്‍ക്കാറുകള്‍ എല്ലാം ഈ വിധിക്ക് കീഴടങ്ങിയാണ് ഇന്ത്യ ഭരിച്ചിട്ടുള്ളത്. ആഗോളീകരണ-സ്വകാര്യവത്​കരണ അജണ്ടകളുടെ അധീശത്വത്തിന് ഇന്ത്യ പൂർണമായും കീഴടങ്ങി. ഇതേ കാലഘട്ടത്തിൽതന്നെ മറ്റൊരു പ്രതിഭാസംകൂടി അരങ്ങേറി. കൊളോണിയല്‍കാലത്ത്​ എങ്ങനെയാണോ ഭൂരിപക്ഷ മതരാഷ്​ട്രീയം തലനീട്ടിയത്, അതുപോലെ പുതിയ നിയോകൊളോണിയല്‍ കാലത്തും അതേ ഭൂരിപക്ഷ മതരാഷ്​ട്രീയം സമാന അജണ്ടകളോടെ രംഗത്തുവന്നു. എന്നാല്‍, കൊളോണിയല്‍കാലത്ത് മതത്തി​െൻറ മേഖലയില്‍മാത്രം ഒതുങ്ങിനിന്നിരുന്ന ആ രാഷ്​ട്രീയം, നിയോ കൊളോണിയല്‍കാലത്ത് ഭരണകൂടം പിടിച്ചെടുക്കുക എന്ന അജണ്ട മുഖ്യമായി സ്വീകരിക്കുകയും ഏതാണ്ട് 30 വര്‍ഷത്തെ അക്ഷീണ ഹിംസാത്മക ഫാഷിസ്​റ്റ്​ പരീക്ഷണങ്ങളിലൂടെ അധികാരത്തില്‍ എത്തിച്ചേരുകയും ചെയ്തു. അടിയന്തരാവസ്ഥയുടെ ഭീകരകഥകള്‍ എണ്ണിയെണ്ണിപ്പറഞ്ഞ്​ ലിബറല്‍ രാഷ്​ട്രീയത്തെ പുച്ഛിക്കുന്ന ഇക്കൂട്ടര്‍ പക്ഷേ, അധികാരത്തിലേക്കുള്ള വഴിയിലും അധികാരത്തി​െൻറ അകത്തളത്തിലും പിന്തുടരുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ നടപടികളാണ്​. മാത്രമല്ല, ക്രമേണ ഇന്ത്യയില്‍ നിരന്തരമായ അടിയന്തരാവസ്ഥയുടെ അന്തരീക്ഷം സൃഷ്​ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതേസമയം, സാമ്പത്തികമേഖല സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ഏറ്റവും അലംഭാവപൂർണവും ഭാവനാശൂന്യവുമായ നയങ്ങളുടെ ഫലമായി അമ്പേ തകർന്നുപോയിരിക്കുന്നു.

എത്രയെത്ര മനുഷ്യാവകാശ പ്രവര്‍ത്തകരും അക്കാദമിക്കുകളും കലാ, മാധ്യമപ്രവര്‍ത്തകരുമാണ് കാരാഗൃഹത്തില്‍ അടക്കപ്പെട്ടിരിക്കുന്നത്. എന്തെല്ലാം സെൻസർഷിപ്പുകൾക്കാണ്​ ശ്രമിക്കുന്നത്. എന്തെല്ലാം സർഗാത്മ സാമൂഹിക രാഷ്​ട്രീയ ഇടപെടലുകളാണ് നിയന്ത്രിക്കാനും ഇല്ലാതാക്കാനും ശ്രമിക്കുന്നത്. ജനാധിപത്യം എന്ന വാക്കിനുതന്നെ ക്രമേണ മതഭൂരിപക്ഷത്തി​െൻറ സ്ഥിരം ഭൂരിപക്ഷം എന്ന അർഥം കൈവരുകയാണ്. ഇപ്പോള്‍ ഏറ്റവും ഒടുവിലായി ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തനത്തെയും ഒ.ടി.ടി പ്ലാറ്റ്ഫോമുകളെയും നിയന്ത്രിക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നു. എല്ലാ സർഗാത്മക ആവിഷ്കാരങ്ങള്‍ക്കും വിലക്കുകളും വിലങ്ങുകളും നിർമിച്ചുനല്‍കുന്ന ഭരണകൂടം അതിവേഗത്തിലുള്ള ഫാഷിസ്​റ്റ്​ സാമൂഹിക എൻജിനീയറിങ്ങി​െൻറ വഴി സുഗമമാക്കാനുള്ള ഭീതിദമായ യത്നത്തിലാണ്.

ആവിഷ്കാരസ്വാതന്ത്ര്യം ജനാധിപത്യത്തി​െൻറ അടിസ്ഥാനപരമായ നൈതിക നിലപാടാണ്. അടിയന്തരാവസ്ഥയുടെ ഇരകളും വിമര്‍ശകരുമായി വരുന്ന പല പാര്‍ട്ടികളും അധികാരം കൈയിലെത്തുമ്പോള്‍ ആദ്യം മിനി അടിയന്തരാവസ്ഥകളും കഴിയുമെങ്കില്‍ സ്ഥിരം അടിയന്തരാവസ്ഥയും നടപ്പില്‍വരുത്താനാണ് ശ്രമിക്കുന്നത് എന്നത് ഇന്ത്യന്‍ രാഷ്​ട്രീയത്തിലെ മറ്റൊരു വൈരുധ്യമാണ്.

മഹാമാരിയുടെ ഈ ദുരന്തകാലത്ത് ഏറ്റവും സജീവമായ ഓണ്‍ലൈന്‍ ഇടപെടലുകളും ഇതേകാലത്ത്‌ കലാവിഷ്കാരത്തി​െൻറ കമ്പോളമാധ്യമം എന്ന നിലയില്‍ കൂടുതല്‍ പ്രചാരത്തിലേക്ക് നീങ്ങിയ ഒ.ടി.ടി സംവിധാനവും ഭരണകൂടത്തി​െൻറ സ്വസ്ഥത നശിപ്പിക്കുന്നുണ്ടെങ്കില്‍ അതിനർഥം അവയുടെ നിലനിൽപ്​ ജനാധിപത്യത്തി​െൻറ മറ്റൊരു സർഗാത്മകാവശ്യമാണ് എന്നുതന്നെയാണ്. അക്ഷമയും ദുരധികാരവും വേര്‍പിരിയാത്ത ഇരട്ടകളാണ്. ഹിംസാത്മകത അതി​െൻറ അടിസ്ഥാനഭാവമാണ്. പുറത്തുനിന്നല്ല, ഉള്ളില്‍നിന്നാണ് എന്നതുകൊണ്ടും അതിന് സാങ്കേതിക ഇലക്​ടറല്‍ ഭൂരിപക്ഷത്തി​െൻറ സാധൂകരണമുണ്ട് എന്നതുകൊണ്ടും ഈ അവസ്ഥ ജനാധിപത്യത്തിനുയര്‍ത്തുന്ന വെല്ലുവിളി പെട്ടെന്ന് മറികടക്കാന്‍ കഴിയില്ല. നിരന്തര ആശയപ്രചാരണവും പ്രത്യയശാസ്ത്ര ദാര്‍ഢ്യവും ഇതിനാവശ്യമാണ്. അത്തരം സമാധാനപൂർണമായ പ്രവര്‍ത്തനങ്ങള്‍പോലും തടസ്സപ്പെടുന്ന സാഹചര്യത്തില്‍ സർഗാത്മകമായിരിക്കുക എന്നത് ദുഷ്കരമായിരിക്കും. പക്ഷേ, അത്തരമൊരു വെല്ലുവിളി ഏറ്റെടുക്കാന്‍ ജനാധിപത്യവാദികൾ മുന്നോട്ടുവരാതെവയ്യ.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കണ്ടതുപോലെ ലിബറല്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യം കൂടുതല്‍ ശക്തിപ്പെടുകയെന്നതും ഈ സമരവിജയത്തിനുള്ള ഒരു മുന്നുപാധിയാണ്. ഒരുകാലത്ത് അസ്പൃശ്യത കൽപിച്ച്​ എല്ലാവരും മാറ്റിനിര്‍ത്തിയിരുന്ന സി.പി.ഐ-എം.എല്‍ പാര്‍ട്ടിയും പാർലമെൻറിലും പുറത്തും ശക്തമായി സി.എ.എ അടക്കമുള്ള ഡ്രാക്കൊണിയന്‍ നിയമങ്ങള്‍ക്കെതിരെ പൊരുതിയ ഉവൈസിയുടെ പാർട്ടിയുമൊക്കെ വർധിച്ച ജനപിന്തുണയുള്ള പ്രസ്ഥാനങ്ങളാണെന്ന തിരിച്ചറിവ് നല്‍കിയ തെരഞ്ഞെടുപ്പാണ്​ ബിഹാറില്‍ നടന്നത്. അതുകൊണ്ടുതന്നെ, പ്രതിപക്ഷ സഖ്യങ്ങള്‍ കേവലഭൂരിപക്ഷം നേടുന്നതില്‍ പരാജയപ്പെട്ടെങ്കിലും കടുംപിടിത്തങ്ങളും സങ്കുചിതത്വങ്ങളും മാറ്റി​െവച്ച്​ വിശാലമായ ജനാധിപത്യസഖ്യം സൃഷ്​ടിക്കാന്‍ കഴിഞ്ഞാല്‍ അത്​ മതഭൂരിപക്ഷ രാഷ്​ട്രീയത്തിനുള്ള മറുപടിയായി, ബദല്‍ശക്തിയായി വളരാന്‍ കഴിയുമെന്ന പ്രത്യാശ ജനിപ്പിക്കാന്‍ ഈ തോല്‍വിയുടെ പശ്ചാത്തലത്തില്‍പോലും ബിഹാര്‍ തെരഞ്ഞെടുപ്പിന് കഴിഞ്ഞിട്ടുണ്ട്. ഇന്നിപ്പോള്‍ നവമാധ്യമങ്ങളും ഓണ്‍ലൈന്‍ ജേണലിസവും ഒ.ടി.ടി പ്ലാറ്റ്ഫോമുകളും അടക്കം കൂടുതല്‍ സർഗാത്മകമേഖലകളെ വരുതിയിലാക്കാനും നിയന്ത്രിക്കാനും കൂച്ചുവിലങ്ങുകളില്‍ തളക്കാനും സ്വതന്ത്രമായ ആവിഷ്​കാരങ്ങള്‍ക്ക് കാരാഗൃഹം തീര്‍ക്കാനും ശ്രമിക്കുന്ന ഭരണകൂട സമീപനത്തിനുള്ള മറുപടി, സമാധാനപൂർണമായ സമരങ്ങളിലൂടെ, വിശാലമായ ഫാഷിസ്​റ്റ്​ വിരുദ്ധ ഐക്യമുന്നണി ശക്തിപ്പെടുത്തുന്നതിലൂടെ നൽകാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് നമ്മെ ഇപ്പോള്‍ മുന്നോട്ടുനയിക്കേണ്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.