ഹിംസ എന്നത് ജാതിബോധത്തിന്റെയും ജാതിവ്യവസ്ഥയുടെയും അടിസ്ഥാനമാണ്. സഹസ്രാബ്ദങ്ങളോളം ജാതി ഒരു രാഷ്ട്രീയ-സാമ്പത്തിക- സാംസ്കാരികവ്യവസ്ഥയും ഭരണയുക്തിയുടെ മാനകവുമായിരുന്നു ഇന്ത്യയില്‍. ഗോത്രബോധത്തില്നിന്ന് ജാതിയെ വ്യത്യസ്തമാക്കുന്നത് ജാതി കേവലം അപരവത്കരിക്കുക മാത്രമല്ല, അത് അപരങ്ങളുടെ ശ്രേണിയായി ഭരണകൂടരൂപം ആർജിക്കുകയും ചെയ്തു എന്നതാണ്. മറ്റിടങ്ങളില്‍ ചരിത്രപരമായി കാണാന്‍ കഴിയാത്ത കർക്കശമായ ഒരു ശ്രേണീവ്യവസ്ഥയായാണ് ഇന്ത്യയില്‍ ജാതി എന്ന പ്രതിഭാസം പ്രവർത്തിച്ചിരുന്നത്.
ജാതിവ്യവസ്ഥ ഗോത്രങ്ങളെ അപരവത്കരിക്കുകയും ഒപ്പം ഭരണവ്യവസ്ഥക്കുള്ളില്‍ അവരെ നിലനിർത്തുകയും ചെയ്യുന്ന ഒരു സവിശേഷ പ്രതിഭാസമാണ്. അത് ആധുനിക കാലഘട്ടത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു സമീപനം അഗംബന്റെ നഗ്നജീവിതം എന്നോ ശൂന്യജീവിതം എന്നോ പറയാവുന്ന 'bare life' എന്ന സങ്കൽപനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. എല്ലാ 'പൗരത്വ അവകാശങ്ങളും നഷ്ടപ്പെട്ട് ഗോത്രവ്യവസ്ഥക്കുള്ളിലും രാഷ്ട്രവ്യവസ്ഥക്കുള്ളിലും വ്യക്തികള്‍ പതിതരാകുന്നതും ഇത്തരത്തില്‍ ഉരിയപ്പെട്ടവരാകുന്നതും, അതുകൊണ്ടുതന്നെ ആർക്കും ആക്രമിക്കാവുന്നവരോ കൊല്ലാവുന്നവരോ ആകുന്നതും പരമാധികാരത്തിന്റെ ഒരു സവിശേഷ സ്വഭാവമാണ്. എന്നാല്‍, ജാതിവ്യവസ്ഥയില്‍ ഇത് സംഭവിക്കുന്നത് ശ്രേണീപരമായി താഴോട്ടു തള്ളപ്പെടുന്ന ജാതികൾക്കാണ്. കേവലം വ്യക്തികൾക്കല്ല. ഇന്ത്യയില്‍ രൂപംകൊണ്ട ഈ സവിശേഷ ഭരണവ്യവസ്ഥ ബ്രാഹ്മണ്യം എന്ന പ്രത്യയശാസ്ത്രത്തിന്റെ മേൽക്കോയ്മയുടെ അടിസ്ഥാനത്തില്‍ ഉള്ളതായിരുന്നു.
അതുകൊണ്ടാണ് അംബേദ്കര്‍ വളരെ കൃത്യമായി ഇത് ആദ്യകാല വർഗങ്ങളില്‍നിന്ന് രൂപംകൊണ്ടതാണ് എന്ന് വ്യാഖ്യാനിച്ചത്. കെട്ടിയടക്കപ്പെട്ട വർഗങ്ങള്‍-enclosed classes-എന്ന് അദ്ദേഹം അതിനെ വിശേഷിപ്പിച്ചു. അവ പലപ്പോഴും പരിഭാഷപ്പെടുത്തപ്പെടുന്നതുപോലെ 'വലയിത വർഗങ്ങള്‍' അല്ല, മറിച്ച് അദ്ദേഹംതന്നെ കൃത്യമായി സൂചിപ്പിച്ചതുപോലെ ബ്രാഹ്മണര്‍ ആദ്യം സ്വയം കെട്ടിയടക്കുകയും മറ്റുള്ളവരെ ഇതിലേക്ക് നിർബന്ധിക്കുകയുമാണ് ചെയ്തത്. അതായത് ഒരേസമയം അപമാനകരമായി അന്യവത്കരിക്കുകയും അധികാരപരമായി സ്വാംശീകരിക്കുകയും ചെയ്തുകൊണ്ട് 'ഗോത്രങ്ങളെ/വർഗങ്ങളെ' ശാശ്വതീകരിച്ച് ജാതികളാക്കി ബ്രാഹ്മണ്യ ദൈവശാസ്ത്രത്തിന്റെ അനിവാര്യമായ ശ്രേണീക്രമം എന്നനിലയില്‍ സമ്മതി അടിച്ചേൽപിക്കുകയുമായിരുന്നു. ചാതുർവർണ്യം എന്ന ഒരു സ്വയംസമ്പൂർണ പ്രത്യയശാസ്ത്ര വ്യവസ്ഥയും തൊട്ടുകൂടായ്മ എന്നൊരു അടിമവ്യവസ്ഥയും കൂടിച്ചേർന്ന ഒന്നാണ് ജാതിവ്യവസ്ഥ. ചാതുർവർണ്യത്തിനുള്ളില്‍ നാം കാണുന്നത് ചോദ്യംചെയ്യപ്പെടാത്ത ഒരു പാരസ്പര്യമാണ്. ശൂദ്രര്പോലും പൊതുവില്‍ അംഗീകരിക്കുന്ന ദൈവശാസ്ത്ര വ്യവസ്ഥയാണത്. എന്നാല്‍, ചാതുർവർണ്യത്തിലേക്ക് സ്വീകരിക്കപ്പെടാത്ത വലിയൊരുവിഭാഗം മനുഷ്യരെ അത് കേവലമായ നഗ്നജീവിതത്തിലേക്ക് ജാതിയുടെ പേരില്‍ തള്ളിയിടുന്നു. അവർക്ക് ഒരുവിധ അവകാശങ്ങളും അനുവദിക്കുന്നില്ല. അവരെ കൊല്ലുന്നതോ ആക്രമിക്കുന്നതോ 'രാഷ്ട്ര'ത്തിന് മുന്നില്‍ കുറ്റകൃത്യമാകുന്നില്ല. ഒരു തൊഴില്‍വിഭജനവും അതേസമയം, കർക്കശമായ ഒരു മത-സാംസ്കാരിക വിഭജനവുമായി അത് ഭരണകൂടരൂപം ആർജിക്കുന്നു. ബ്രാഹ്മണ്യം ആ വ്യവസ്ഥയുടെ ഭരണഘടനയും പരമാധികാരവുമാകുന്നു.
കൊളോണിയല്‍ വിരുദ്ധ സമരത്തിനും സ്വാതന്ത്ര്യത്തിനും ജനാധിപത്യവ്യവസ്ഥയുടെ രൂപവത്കരണത്തിനും 'മതേതര' ഭരണഘടനാ നിർമാണത്തിനും ആധുനികതയുടെ സ്വാംശീകരണത്തിനും ശേഷവും ബ്രാഹ്മണ്യത്തിന്റെ ചെറിയ വിമർശനംപോലും വലിയൊരു അപരാധമായി തുടരുന്നു എന്നിടത്താണ് ഈ വ്യവസ്ഥ കൈവരിച്ച അനന്യമായ വിജയത്തിന്റെ അടയാളങ്ങള്‍ കാണാന്‍കഴിയുന്നത്. കാരണം, ബ്രാഹ്മണ്യം എന്നത് കേവലം ഒരു 'വർഗത്തിന്റെ' മാത്രം പ്രത്യയശാസ്ത്രമല്ലെന്നും അത് ചാതുർവർണ്യത്തിനുള്ളിലെ ദൈവശാസ്ത്രപരമായ സമ്മതിയാണെന്നും മനസ്സിലാക്കുമ്പോള്‍ മാത്രമേ ഈ വിജയത്തിന്റെ അർഥതലങ്ങള്‍ പൂർണമായും വ്യക്തമാവുകയുള്ളൂ.
ചാതുർവർണ്യവും അതിനുപുറത്തുള്ള നഗ്നജീവിതവും ഒരൊറ്റ ദൈവശാസ്ത്രപാശത്തില് കെട്ടിയിടുന്നു എന്നതാണ് അതിന്റെ ചരിത്രപരമായ വിജയം. സവർണത ആ അർഥത്തില്‍ ഉപരിജാതികളുടേത് മാത്രമല്ല, അതൊരു ഭരണവർഗ ആശയമാണ്. ഗ്രാംഷിയന്‍ പരികൽപനയായ അധീശത്വത്തിന്റെ മറ്റൊരു നിദർശനമാണ്. ദക്ഷിണേന്ത്യയിലെ ദ്രാവിഡ പാരമ്പര്യത്തിന്റെ വെളിച്ചത്തില്‍ ഇപ്പോഴുണ്ടാകുന്ന ജാതിവിരുദ്ധ സിനിമകള്‍ പൊതുവില്‍ വിമർശിക്കപ്പെടുന്നത് അവയുടെ ബ്രാഹ്മണ്യ നിർവചനത്തിന്റെ പേരിലാണ്. 'ജയ് ഭീം' മുതല്‍ 'പുഴു' വരെയുള്ള സിനിമകള്‍ ഇതിന് ഉദാഹരണമാണ്.
ജാതിവിരുദ്ധത പ്രമേയമാകുന്നു എന്നതുതന്നെ കുറ്റകരമാകുന്നു എന്നതാണ് ഇത്തരം പല വിമർശനങ്ങളുടെയും കാതല്‍. അതിന്റെ വസ്തുനിഷ്ഠത ചോദ്യംചെയ്യപ്പെടുന്നു. സ്ഥൂലമായ അർഥത്തില്‍ ജാതിവ്യവസ്ഥയെ മനസ്സിലാക്കുകയും അതിപ്പോഴും സൃഷ്ടിക്കുന്ന സൂക്ഷ്മമായ ജാത്യാപരത്വത്തിന്റെ ഉരിയലുകളെ അവഗണിക്കുകയും ചെയ്തുകൊണ്ടുമാത്രമേ ഇത്തരം ഒരു നിലപാട് കൈക്കൊള്ളാന്‍ കഴിയൂ. ജാതിവിരുദ്ധ സിനിമകളിലെ അമൂർത്തവത്കരണത്തിന്റെ, പ്രതിനിധാനത്തിന്റെ രാഷ്ട്രീയത്തെ അത് ഭയക്കുകയും വെറുക്കുകയും ചെയ്യുന്നു. ഇവയാണ് ആ സൂക്ഷ്മരാഷ്ട്രീയത്തെ പൂർണമായും പ്രതിനിധാനംചെയ്യുന്നത് എന്ന് എനിക്ക് അഭിപ്രായമില്ല.
പക്ഷേ, അവയുടെ വിജയിക്കുന്നതോ പരാജയപ്പെടുന്നതോ ആയ പരിശ്രമങ്ങളുടെ അടിസ്ഥാനം ഈ സൂക്ഷ്മരാഷ്ട്രീയമാണ് എന്നതാണ് പ്രധാനം. അവയുടെ പരിമിതികള്‍ മറ്റൊരു രാഷ്ട്രീയ-ലാവണ്യ വിഷയമാണ്.
'പുഴു' എന്ന സിനിമ നൽകുന്ന സന്ദേശം സുവ്യക്തമാണ്. ഇന്ത്യയില്‍ ഇന്ന് രൂപംകൊണ്ടിട്ടുള്ള ദലിത് ആത്മസ്ഥാപന രാഷ്ട്രീയം -dalit assertion- മുമ്പുണ്ടായിട്ടുള്ള പ്രതികരണങ്ങളെക്കാള്‍ പ്രഹരശേഷിയുള്ളതാണ് എന്നതാണത്. അത് രാഷ്ട്രീയമായും സാംസ്കാരികമായും ബ്രാഹ്മണ്യ വ്യവസ്ഥയുടെ എല്ലാ കാപട്യങ്ങളും മനസ്സിലാക്കിക്കഴിഞ്ഞ ഒന്നാണ്. അതിന്റെ ദൈവശാസ്ത്രത്തെ തള്ളിക്കളയുന്ന ഒന്നാണ്. അതിനോട് പൊരുതാന്‍ കഴിവുള്ള, മെറ്റഫറിക്കലായി, തക്ഷകരൂപം കൈവരിക്കാന്‍ കെൽപുള്ള, ഒരു പുഴുവാണ്.
അതിന്റെ 'പുഴുത്വം' ബ്രാഹ്മണ്യം കൽപിച്ചുനൽകിയിട്ടുള്ള പതിതത്വത്തിന്റെ നഗ്നജീവിതമല്ല. പോസ്റ്റ് ഹ്യൂമന്കാലത്ത് റോബോട്ടുകളിൽപോലും ബ്രാഹ്മണ്യം കലർത്തുന്ന ജാതിബോധത്തിന്റെ രൂപങ്ങളെ തിരിച്ചറിയുന്ന ഒന്നാണ്. സൈബോർഗിന്റെ ബ്രാഹ്മണ്യത്തെ മുന്‍കൂര്‍ കണ്ടറിയുന്ന സൂക്ഷ്മതയാണ്. സിനിമയുടെ പാളിച്ചകള്‍ ഏറെയുണ്ടാവാം.
ഞാന്‍തന്നെ അതിലെ മുസ്ലിം കഥാപാത്രം മാത്രം വ്യക്തിപരമായ ഹിംസയിലേക്കും മറ്റെല്ലാ പ്രതിരോധങ്ങളും ആശയതലത്തിലേക്കും നീങ്ങുന്നതിനെ ചിത്രീകരിക്കുന്നത് സംശയത്തോടെയാണ് കാണുന്നത്. പിതാവിനെ കള്ളക്കേസില്‍ അറസ്റ്റ്ചെയ്ത് ജയിലിലടച്ച എത്ര പൊലീസുകാരെ മുസ്ലിം യുവാക്കള്‍ കൊന്നിട്ടുണ്ട് എന്നു ചോദിക്കുന്ന പരിതാപകരമായ വസ്തുനിഷ്ഠത കൊണ്ടല്ല. മറിച്ച്, മുസ്ലിംരാഷ്ട്രീയവും ഹിംസയുടെ മാർഗത്തിലല്ല പ്രതിരോധം തീർക്കുന്നത് എന്നതുകൊണ്ടാണ്. ഒരുപക്ഷേ, ഈ സിനിമയുടെ പ്രസക്തി അത്തരം വസ്തുതാപരമായ കാര്യങ്ങൾക്കുപരി പ്രതിരോധത്തിന്റെ പുതിയ രാഷ്ട്രീയഭ്രൂണം ആശയപരമായി കൂടുതല്‍ വളരുകയും വികസിക്കുകയും ചെയ്യും എന്ന കൃത്യമായ സൂചനയുടെ പേരിലാണ്. 'എല്ലാ തമ്പുരാക്കന്മാർക്കും നമസ്കാരം! എന്ന് കുട്ടപ്പന് എന്ന കഥാപാത്രം പത്രക്കാരോട് പറയുന്ന വാചകം സിനിമ കണ്ടെത്തുന്ന പുതിയ രാഷ്ട്രീയത്തിന്റെ ക്ഷമയും സഹനവും വിമർശന ധീരതയുമാണ് പ്രതിഫലിപ്പിക്കുന്നത്.
●
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.