നീതി നിർവഹണം കേവലം ഉപജാപമായി മാറിപ്പോവാതെ ശ്രദ്ധിക്കുക എന്നത് ആധുനിക ജനായത്ത ഭരണകൂടങ്ങളുടെ അടിസ്ഥാനപരമായ കടമയാണ്. പൗരനീതിയും സ്വാതന്ത്ര്യവും ഹനിക്കപ്പെടാതെ നിയമ സംവിധാനങ്ങളെ സുതാര്യമായ രീതിയില്‍ നിലനിർത്തുക എന്നതും അതുപോലെതന്നെ, ദേശരാഷ്ട്രത്തിെൻറ ആഭ്യന്തര നയങ്ങളില്‍ പരമ പ്രധാനമാണ്. ഇന്ത്യയില്‍ പലപ്പോഴും ലിബറല്‍ ജനാധിപത്യത്തിെൻറ മാധ്യസ്ഥ്യത്തിലുള്ള സർക്കാറുകള്‍ ഈ അടിസ്ഥാന സമീപനത്തില്‍നിന്ന് വ്യതിചലിക്കുകയും ഒരു ഘട്ടത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന നിലവരെ അത് പോവുകയും ചെയ്തിട്ടുണ്ട്. മുൻകാലങ്ങളില്‍ ഇത് തീവ്രസ്വഭാവമുള്ള സംഘടിത ഭരണകൂടവിരുദ്ധ സംഘങ്ങളോടും പ്രസ്ഥാനങ്ങളോടുമുള്ള പ്രഖ്യാപിത സംഘർഷത്തിെൻറ ഭാഗമായാണ് സംഭവിച്ചുകൊണ്ടിരുന്നത്. പ്രതിഷേധ സമരങ്ങൾക്കുനേരെയുള്ള വെടിവെപ്പുകള്‍, ജയിലിനു അകത്തും പുറത്തും നടക്കുന്ന മർദനങ്ങള്‍, അവാസ്തവ കുറ്റങ്ങള്‍ ചുമത്തി നിരപരാധികളെ പീഡിപ്പിക്കൽ തുടങ്ങിയ കാര്യങ്ങള്‍ എല്ലാ കാലത്തും നടക്കുന്നുണ്ടായിരുന്നു. ഇന്ത്യയില്‍ മനുഷ്യാവകാശ പ്രവർത്തകർക്ക് ഏറ്റവും കൂടുതല്‍ ഇടപെടേണ്ടിവന്നിട്ടുള്ളത് അതിക്രൂരമായ കസ്റ്റഡി മരണങ്ങളുടെ പേരിലായിരിക്കും എന്ന് ഉറപ്പാണ്.
ഇന്ത്യന്‍ ഭരണകൂടം അതിെൻറ നിതാന്ത ആഭ്യന്തര ശത്രുക്കളായ ഉപദേശീയ സമരങ്ങളെയോ സോഷ്യലിസ്റ്റ് വിപ്ലവ സമരങ്ങളെയോ നേരിടുമ്പോള്‍ പോലും അതിലെ തടവുകാരായി പിടിക്കുന്നവരോട് മാനുഷിക പരിഗണന പുലർത്തണമെന്നും രാജ്യത്ത് ഭരണഘടനാപരമായി നിലനിൽക്കുന്ന നിയമസംവിധാനങ്ങളുടെ പരിരക്ഷകള്‍ ഉണ്ടായിരിക്കണമെന്നും പറയുന്നതിെൻറ പേരില്‍ ധാരാളം പഴികേൾക്കുന്നവരാണ് മനുഷ്യാവകാശ പ്രവർത്തകര്‍. ഇപ്പോഴാവട്ടെ ഒട്ടനവധി മനുഷ്യാവകാശ പ്രവർത്തകര്‍ തന്നെ തുറുങ്കില്‍ അടക്കപ്പെട്ടതുമൂലം അത്തരം ശബ്ദങ്ങൾതന്നെ നേർത്തില്ലാതാവുകയാണ്. മാത്രമല്ല, ഭരണകൂടം ആഭ്യന്തര ശത്രുക്കളായി കാണുന്ന വിഭാഗങ്ങൾക്കപ്പുറം, എല്ലാതരം വിമതശബ്ദങ്ങളെയും കടുത്ത ശത്രുതയോടെ വീക്ഷിക്കുകയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവണത വർധിച്ചിരിക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പൊതുവില്‍ നാം കാണുന്നത് നിയമ നിർവഹണ സുതാര്യത നിരന്തരം സന്ധി ചെയ്യപ്പെടുന്നു എന്നതും അന്വേഷണ എജൻസികളോ പൊലീസോ മറ്റു നിയമ സംവിധാനങ്ങളോ ഒരു തരം വിശദീകരണവും നൽകാന് ബാധ്യസ്ഥരാവുന്നില്ല എന്നതുമാണ്.
യു.എ.പി.എ പോലുള്ള ഡ്രാക്കൊണിയന് നിയമങ്ങള്‍ പരക്കെ ഉപയോഗിക്കപ്പെടുന്നത് ഒരുവിധത്തില്‍ നോക്കിയാല്‍ കടുത്ത വിശ്വാസ്യതാ നഷ്ടത്തിലൂടെയാണ് ഭരണകൂടം കടന്നുപോവുന്നത് എന്ന് ബോധ്യപ്പെടുത്തുകയാണ്. സർക്കാറുകളുടെ ആഭ്യന്തര നയങ്ങൾക്കെതിരെ ശക്തമായ വിയോജിപ്പുള്ളവര്‍ ഉണ്ടാകാം എന്നത് ലിബറല്‍ ജനാധിപത്യത്തില്‍ അസ്വാഭാവികതയല്ല. അതിെൻറ പേരില്‍ ഇത്തരം നിയമങ്ങള്‍ നിർമിക്കുന്നതുതന്നെ ജനാധിപത്യ ഭരണക്രമത്തിനു ഭൂഷണമല്ല എന്നതാണ് പരമാർഥം. വിചാരണ കൂടാതെ വർഷങ്ങളോളം വ്യക്തികളെ തടവില്‍ പാർപ്പിക്കാന്‍ കഴിയും എന്ന സൗകര്യത്തിനുവേണ്ടി മാത്രമാണ് ജാമ്യനിഷേധം അടക്കമുള്ള വകുപ്പുകള്‍ അടങ്ങുന്ന നിയമങ്ങള്‍ ഉണ്ടാവുന്നത് എന്നത് അവയുടെ അടിസ്ഥാനപരമായ യുക്തിപരിസരം തന്നെ ജനാധിപത്യവിരുദ്ധവും നീതിവിരുദ്ധവുമാണ് എന്ന് വിളിച്ചുപറയുന്നതാണ്.
വിഘടന പ്രക്ഷോഭങ്ങള്‍ എന്ന് ഭരണകൂടം കരുതുന്ന ഉപദേശീയ സമരങ്ങളോടോ, നിലനിൽക്കുന്ന ഭരണക്രമത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സായുധ സമരങ്ങളോടോ ഉള്ള കടുത്ത സമീപനത്തിനുള്ള വിദൂരമായ യുക്തിസാധുതപോലും സർക്കാര്‍ നയങ്ങളെയോ മനുഷ്യാവകാശ ലംഘനങ്ങളെയോ വിമർശിക്കുന്ന വ്യക്തികളെയും സംഘടനകളെയും രാജ്യദ്രോഹ വകുപ്പുകള്‍ ചുമത്തി വേട്ടയാടുന്നതില്‍ ഉണ്ടാവുന്നില്ല എന്നത് കോടതികളും മാധ്യമങ്ങളും രാജ്യത്തെ ജനാധിപത്യശക്തികളും അർഥശങ്കക്കിടയില്ലാത്തവിധം ഉയർത്തിപ്പിടിക്കേണ്ട അടിസ്ഥാന നിലപാടാണ്. ഭരണഘടന ഉറപ്പുനൽകുന്ന ആശയ പ്രകാശന സ്വാതന്ത്ര്യങ്ങള്‍ ക്രമാനുഗതമായി ഇല്ലാതാക്കുക എന്നതു രാഷ്ട്രത്തിെൻറ അടിസ്ഥാന ജനാധിപത്യഘടനക്കുതന്നെയാണ് തുരങ്കംവെക്കുക.
ലോകത്തെല്ലായിടത്തും കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി നവവലതുപക്ഷ ഫാഷിസ്റ്റ് ശക്തികള്‍ക്കു ലഭിക്കുന്ന പൊതുസ്വീകാര്യതയോ അല്ലെങ്കില്‍ അവർക്കുള്ള പിന്തുണയിലെ വർധനവോ കാട്ടിത്തരുന്നത് ജനാധിപത്യ സ്ഥാപനങ്ങളുടെ നിലനിൽപിന് ഭീഷണിയാവുന്ന നിലപാടുകള്‍ ഒളിഞ്ഞും തെളിഞ്ഞും വിവിധ ഭരണകൂടങ്ങള്‍ ഓരോ കാലത്തും കൈക്കൊണ്ടിട്ടുള്ളത് വലതുപക്ഷ ശക്തികള്‍ തങ്ങളുടെ ആശയങ്ങൾക്കുള്ള അംഗീകാരമായി ഉയർത്തിപ്പിടിച്ചുകൊണ്ട് പൊതുബോധത്തെത്തന്നെ ജനാധിപത്യവിരുദ്ധമാക്കാന് ഉപയോഗിക്കുന്നു എന്നതാണ്.
പല ഘട്ടങ്ങളിലായി ജനാധിപത്യത്തോടുള്ള അടിസ്ഥാന പ്രതിബദ്ധത മാറിമാറി വരുന്ന സർക്കാറുകള്‍ കൈയൊഴിയാന്‍ തയാറായി എന്നതിെൻറ ഉദാഹരണമാണ് ഇന്ത്യയിലെ പൊലീസ് സംവിധാനത്തിന് നിർദയമായി എവിടെയും പ്രയോഗിക്കാന്‍ പാകത്തില്‍ ജനവിരുദ്ധ, മനുഷ്യാവകാശവിരുദ്ധ നിയമങ്ങളുടെ ഒരു സഞ്ചയംതന്നെ ഉണ്ടായിരിക്കുന്നു എന്നതും തീർത്തും ജനാധിപത്യ വിരുദ്ധമായി അവ ഉപയോഗിക്കപ്പെടുന്നു എന്നതും. കോടതികളാവട്ടെ, മാധ്യമങ്ങളാവട്ടെ, എന്തിനു പ്രധാന ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികള്‍ പോലും, നിരന്തരവും കർക്കശവുമായ ഒരു എതിർപ്പ് ഇക്കാര്യത്തില്‍ കാണിച്ചിട്ടില്ല എന്നതും, പരോക്ഷമായും ചിലപ്പോള്‍ പ്രത്യക്ഷമായിത്തന്നെയും ഇതിെൻറ ഗുണഭോക്താക്കളും വക്താക്കളുമായി എന്നതും പൊലീസിെൻറ സ്വേച്ഛാധികാരശക്തിക്ക് വളമായി മാറുകയാണുണ്ടായത്. ഇതിെൻറയൊക്കെ പരിണതഫലമായി ഇത്തരം നിയമങ്ങള്‍ അനുചിതമായി ഉപയോഗിക്കുന്നത് സർവസാധാരണമായ ഒരു നടപടിക്രമം മാത്രമായി അവതരിപ്പിക്കാനും പൊതുബോധത്തില്‍ വളരെവേഗം അംഗീകരിപ്പിക്കാനും കഴിയുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.
ഈ പശ്ചാത്തലമാണ്, ഉത്തര്‍പ്രദേശില്‍ അറസ്റ്റ് ചെയ്യപ്പെട്ട്, യു.എ.പി.എ ചുമത്തി, ഇപ്പോള്‍ കോവിഡ് ബാധിതനായി, മനുഷ്യാവകാശങ്ങൾതന്നെ പൂർണമായും നിഷേധിക്കപ്പെട്ട്, മരണത്തെ മുഖാമുഖം കാണുന്ന മലയാളി പത്രപ്രവർത്തകനായ സിദ്ദീഖ് കാപ്പന് എന്ന യുവാവിെൻറ കാര്യത്തില്‍ യഥാർഥത്തില്‍ ഉണ്ടാവേണ്ട അതിശക്തമായ പ്രതികരണങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള കാരണവും എന്ന് മനസ്സിലാക്കാന്‍ കഴിയും. ഹാഥറസ് ഗ്രാമത്തിലെ ദലിത് യുവതി ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ടപ്പോള്‍ ഉണ്ടായ വലിയ ജനകീയ പ്രക്ഷോഭത്തിെൻറ മുന്നില്‍ സംസ്ഥാന സർക്കാര്‍ ചൂളിപ്പോയപ്പോഴാണ് അതിനുള്ള മറുപടിയെന്നോണം ചില അറസ്റ്റുകള്‍ ഉണ്ടാവുന്നത്.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹാഥറസിലെ പൊലീസ് നിഷ്ക്രിയത്വത്തിനെതിരെയും കുറ്റവാളികളെ സംരക്ഷിക്കുന്ന സമീപനത്തിനെതിരെയും ശക്തമായി പ്രതികരിച്ചിരുന്നു. മായാവതി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരുന്നു. ഭീംസേന നേതാവ് ചന്ദ്രശേഖര്‍ ആസാദ് സമരരംഗത്തെത്തുകയും വീട്ടുതടങ്കലില്‍ ആവുകയും ചെയ്തിരുന്നു.
എന്നാല്‍,സിദ്ദീഖ് കാപ്പെൻറയും അദ്ദേഹത്തോട് ഒപ്പമുണ്ടായിരുന്നവരുടെയും അറസ്റ്റ് ഒരു വലിയ പരിധിവരെ യഥാർഥ കേസിൽനിന്ന് പൊതുശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനും അവരുടെ അങ്ങോട്ടുള്ള യാത്രയുടെ ഉദ്ദേശ്യം കലാപം സൃഷ്ടിക്കാനായിരുന്നു എന്ന പ്രതീതി ജനിപ്പിക്കാനും സഹായിച്ചു എന്നത് സമർഥമായ, എന്നാല്‍ ലജ്ജാകരമായ, ഒരു കരുനീക്കത്തിെൻറ വിജയമായിരുന്നു.
ഏറെ വൈകിയാണെങ്കിലും സിദ്ദീഖ് കാപ്പെൻറ അറസ്റ്റ് കടുത്ത മനുഷ്യാവകാശ ലംഘനമാണ് എന്ന വസ്തുത തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. മാത്രമല്ല, പലതരത്തിലുള്ള നീതിനിഷേധങ്ങള്‍ അദ്ദേഹത്തിെൻറ അറസ്റ്റിലും പിന്നീട് ഭരണകൂടം അനുവർത്തിക്കുന്ന നിർദയ പീഡനങ്ങളിലും അടങ്ങിയിട്ടുണ്ട് എന്നതും സുവ്യക്തമാവുകയാണ്. അകാരണമായതെന്നു പൊതുവെ കരുതപ്പെടുന്ന അറസ്റ്റും തുടർന്നുള്ള അതി യാതനാഭരിതമായ ജയിൽവാസവും അദ്ദേഹത്തെ ഇന്ത്യയിലെ പ്രധാനപ്പെട്ട മനഃസാക്ഷിത്തടവുകാരില് ഒരാളാക്കി മാറ്റിയിരിക്കുന്നു. ഞാന്‍ ഈ കുറിപ്പ് എഴുതുമ്പോള്‍ അദ്ദേഹത്തിെൻറ ഭാര്യ റൈഹാന ആശുപത്രിയില്‍ സിദ്ദീഖ് നേരിടുന്ന പരിതാപകരമായ അവസ്ഥയെക്കുറിച്ച് ലോകത്തെ അറിയിച്ചിരിക്കുകയാണ്. അദ്ദേഹം രോഗക്കിടക്കയില്‍ ബന്ധിതനാണ് എന്നും വിസർജന സൗകര്യങ്ങൾപോലും നിഷേധിക്കപ്പെട്ടിരിക്കുകയാണ് എന്നുമാണ് റൈഹാന അറിയിച്ചിരിക്കുന്നത്. മരുന്നും പരിചരണവും ഇല്ലാതെ ഒരു മനഃസാക്ഷിത്തടവുകാരന് ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നു എന്നത് അങ്ങേയറ്റം പ്രതിഷേധപരമാണ്.
അദ്ദേഹത്തിെൻറ പേരില്‍ ചുമത്തിയിട്ടുള്ള യു.എ.പി.എ പിൻവലിക്കുക എന്നതും മികച്ച ശുശ്രൂഷ ലഭ്യമാക്കുക എന്നതും അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളാണ്. ജാമ്യം നൽകുകയും തെൻറ നിരപരാധിത്വം കോടതിയില്‍ തെളിയിക്കാന്‍ കഴിയുന്ന നിയമസാഹചര്യം സൃഷ്ടിക്കുകയും ചെയ്യുക എന്നതും ആവശ്യമാണ്. കോവിഡ് പ്രതിരോധത്തിെൻറ എല്ലാ അവകാശവാദങ്ങളും നിലനിൽക്കെത്തന്നെ ആയിരങ്ങള്‍ മരിച്ചുവീഴുകയും അനേകലക്ഷങ്ങള്‍ രോഗബാധിതരായി മാറുകയും ആതുര ശുശ്രൂഷക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ പോലുമില്ലാതെ ഇന്ത്യയിലെ ആരോഗ്യ സംവിധാനം പകച്ചുനിൽക്കുകയും ചെയ്യുകയാണ്. ഈ സന്ദർഭത്തിലെങ്കിലും അനാവശ്യമായ ഒരു ജീവാപായത്തിലേക്ക് തള്ളിവിടാതെ ആവശ്യമായ ആരോഗ്യ പരിരക്ഷകള്‍ നൽകാന് ഭരണകൂടത്തിനു ബാധ്യതയുണ്ട് എന്ന് സിദ്ദീഖിെൻറ ജീവന് രക്ഷിക്കാന്‍ ഉയരുന്ന നിരവധി മുറവിളികളോടൊപ്പം ചേർന്ന് ഞാനും ഓർമിപ്പിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.