ന്യൂസിലൻഡിലെ മാസി യൂനിവേഴ്സിറ്റി കമ്യൂണിക്കേഷന്‍ വിഭാഗം ഡീനായ എെൻറ ദീർഘകാല സുഹൃത്ത് പ്രഫ. മോഹന്‍ ദത്തക്കെതിരെ ആഗോളതലത്തില്‍ കടുത്ത ഹിന്ദുത്വ ബുള്ളിയിങ് അരങ്ങേറുകയാണ്. ഹിന്ദുത്വശക്തികള്‍ അദ്ദേഹത്തില്‍ 'ഹിന്ദുപ്പേടി' ഹിന്ദു ഫോബിയ ആരോപിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുകയും അദ്ദേഹത്തെ നീക്കാന്‍ മാസി സർവകലാശാല അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു.
യൂനിവേഴ്സിറ്റിയിൽ പ്രഫ. ദത്ത നേതൃത്വം നൽകുന്ന കെയര്‍ (CARE-Culture centered Approach to Research and Evaluvation) എന്ന അക്കാദമിക് ആക്ഷന്‍ റിസർച് വിഭാഗം അക്കാദമിക അന്വേഷണങ്ങളുടെ ഭാഗമായി ഈയിടെ മൂന്നു പ്രധാന പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. മതവിഭാഗീയമായ നിന്ദാഭാഷണങ്ങളെക്കുറിച്ചും (hate-speech) സാംസ്കാരിക ഹിന്ദുത്വത്തിെൻറ ഇസ്ലാം പേടിയെക്കുറിച്ചും ഡിജിറ്റല്‍ നിന്ദാഭാഷണങ്ങളുടെ സവിശേഷതകളെക്കുറിച്ചും അന്വേഷിക്കുന്ന പഠനങ്ങളായിരുന്നു ഇവ. ഹിന്ദുത്വ ആക്രമണതന്ത്രങ്ങളുടെ ആഗോളരീതികൾ തുറന്നുകാട്ടുന്ന ആ പഠനമാതൃകയാണ് ഹിന്ദുത്വരെ വല്ലാതെ ചൊടിപ്പിച്ചത്. മാത്രമല്ല, ആഗോള നിയോലിബറല്‍ മൂലധനത്തിെൻറ നിഗ്രഹോത്സുകമായ സമകാല രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തെ സാംസ്കാരിക വിനിമയ ചട്ടക്കൂടുകള്‍ ഉപയോഗിച്ച് വിമർശനാത്മകമായി വിലയിരുത്തുന്ന ധാരാളം പഠനങ്ങളും പോസ്റ്റ്കൊളോണിയല്‍ ചിന്തകന്‍ കൂടിയായ മോഹന്‍ ദത്ത നടത്തിയിട്ടുണ്ട്. ഒരു ദശാബ്ദമായി അദ്ദേഹത്തെ എനിക്ക് അടുത്തറിയാം. അദ്ദേഹത്തോടൊപ്പം അപകോളനീകരണത്തിെൻറ രാഷ്ട്രീയ-സാംസ്കാരിക-സാമ്പത്തികതലങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ശ്രമിക്കുന്ന ആഗോള അക്കാദമിക സാഹോദര്യത്തിെൻറ ഭാഗമാണ് ഞാനും.
മോഹന്‍ ദത്ത, സാമുവല്‍ ഹണ്ടിങ്ടണ്‍
ഇസ്ലാം പേടിയുടെ പാരഡി
ഹിന്ദു ഫോബിയ എന്ന പദം ഈ അടുത്തകാലത്ത് പ്രചരിപ്പിക്കുന്നതില്‍ മുന്നില്‍നിന്നിട്ടുള്ളത് വെൻഡി ഡോണിഗര്‍, ഷെൽഡന്‍ പൊള്ളോക്ക് തുടങ്ങിയ അക്കാദമിക ചിന്തകർക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ നടത്തുന്ന രാജീവ് മൽഹോത്രയാണ്. അദ്ദേഹത്തിെൻറ 'സംസ്കൃതത്തിനുവേണ്ടിയുള്ള യുദ്ധങ്ങള്‍ (Battle for Sanskrit) എന്ന കൃതിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെക്കുറിച്ച് ഈ പംക്തിയിൽതന്നെ ഞാന്‍ മുമ്പ് എഴുതിയിട്ടുണ്ട്. പൊള്ളയായ ഒരു ആശയമാണ് ഹിന്ദുപ്പേടി. അമേരിക്കന്‍ സാമ്രാജ്യത്വം തൊണ്ണൂറുകള്‍ മുതല്‍ ലോകത്ത് വിതക്കാന്‍ ശ്രമിക്കുന്ന അപരഭീതിയുടെ പ്രത്യയശാസ്ത്രമാണ് ഇസ്ലാം ഫോബിയ. അതിനൊരു പാരഡി സൃഷ്ടിക്കാനാണ് ഹിന്ദുത്വവാദികളുടെ ശ്രമം. ഇസ്ലാം പേടിയുടെ ആശയപരമായ വിത്തുകള്‍ പാകിയത് ക്ലാഷ് ഓഫ് സിവിലിസേഷന്‍ എന്ന കൃതിയിലൂടെ സാമുവൽ പി.ഹണ്ടിങ്ടൺ എന്ന അമേരിക്കന്‍ പ്രത്യയശാസ്ത്രകാരനായിരുന്നു.
ലോകത്തെ സാംസ്കാരികമായി വിഭജിച്ചുകൊണ്ട് ഏറ്റവും പുതിയ ലോകസംഘർഷം ഇസ്ലാമും പാശ്ചാത്യ ആധുനികതയും തമ്മിലാണ് എന്നൊരു പ്രതീതി സൃഷ്ടിക്കുന്ന പഠനമായിരുന്നു അദ്ദേഹത്തിേൻറത്. അതേ തുടർന്നാണ് ഇസ്ലാംഭീകരത എന്ന ആശയത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള പ്രചാരണങ്ങൾക്ക് അമേരിക്കന്‍ സാമ്രാജ്യത്വത്തിെൻറ മൃദുശക്തിവ്യൂഹം ആഗോളതലത്തില്‍ ആക്കംകൂട്ടിയത്. ഇസ്ലാമിനെതിരെ എങ്ങനെയൊക്കെ ആക്രമണങ്ങള്‍ നടത്താം എന്നതിെൻറ പരീക്ഷണശാലയാക്കി മധ്യപൂർവേഷ്യന്‍ രാജ്യങ്ങളെയും ലോകത്തിലെ ഇതര മുസ്ലിം പ്രദേശങ്ങളെയും അവര്‍ മാറ്റി. അതിന് വ്യാപക പിന്തുണയുമായി ഹിന്ദുത്വശക്തികള്‍ ഒപ്പംനിന്നു. മോഹന്‍ ദത്തയെപ്പോലുള്ള ഗവേഷകര്‍ ഈ ബന്ധത്തെക്കുറിച്ചും അതിെൻറ സാംസ്കാരിക-രാഷ്ട്രീയമാനങ്ങളെക്കുറിച്ചും പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
ന്യൂസിലൻഡില്‍ ഈയിടെ നടന്ന ഭീകരാക്രമണവും അഫ്ഗാനിസ്താനിലെ 'താലിബാന് വിജയ'വും ആസ്പദമാക്കി ഇസ്ലാം ഫോബിയ വളർത്തുന്നതിന് ഹിന്ദുത്വശക്തികള്‍ ഉപയോഗിച്ച തന്ത്രങ്ങളിലൊന്നാണ് ഹിന്ദു ഫോബിയ ആരോപണം. ഹിന്ദുക്കളുടെ ഇരവാദം യാഥാർഥ്യമാണെന്നും അതിെൻറ പ്രതിസ്ഥാനത്ത് ഇസ്ലാമാണെന്നും സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒരു വ്യവഹാരസംവിധാനത്തിന് അവര്‍ രൂപംനൽകിയിട്ടുണ്ട്. 'ഹിന്ദു ഫോബിയ നിഷേധിക്കുന്നതുപോലും ഹിന്ദു ഫോബിയയാണ്' എന്നാണ് അവര്‍ പറഞ്ഞുപരത്താന്‍ ശ്രമിക്കുന്നത്. അഫ്ഗാനിസ്താനിലെ താലിബാെൻറ വിജയം അവരുടെ നയതന്ത്രജ്ഞതയുടെയും സൈനികശക്തിയുടെയും വിജയമാണെന്നും അമേരിക്കന്‍ സാമ്രാജ്യത്വം അവിടെ പരാജയപ്പെട്ടുവെന്നുമുള്ള വിവക്ഷയാണ് ചൈനയായാലും ആഗോള ഇടതുപക്ഷമായാലും രൂപവത്കരിച്ചിട്ടുള്ളത്.
ഇത് അമേരിക്കന്‍ സാമ്രാജ്യത്വത്തിെൻറ അഫ്ഗാൻ ദൗത്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയില്‍നിന്ന് ഉടലെടുക്കുന്നതാണ്. അവിടെ ജനാധിപത്യ സംവിധാനങ്ങള്‍ സൃഷ്ടിക്കുക എന്നൊരു ലക്ഷ്യമേ അമേരിക്കക്ക് ഉണ്ടായിരുന്നില്ല. റഷ്യന്‍ അധിനിവേശം ഇല്ലാതാക്കുക എന്നത് ശീതയുദ്ധകാലതന്ത്രം മാത്രമായിരുന്നു. തങ്ങളുടെ താൽപര്യങ്ങൾക്ക് എതിരാവാത്തിടത്തോളം പിന്നീട് അവിടെ എന്തുനടക്കുന്നു എന്നത് അവരുടെ വിഷയമായിരുന്നില്ല. തൊണ്ണൂറുകള്‍ മുതല്‍ ആരംഭിച്ച ഇസ്ലാംവിരുദ്ധ രാഷ്ട്രീയത്തിന് കരുത്തുപകരും എന്നതാണ് ലോക വ്യാപാരസമുച്ചയത്തിന് നേരെയുണ്ടായ ആക്രമണത്തിനുശേഷം അഫ്ഗാനിസ്താനിലെ അന്നത്തെ താലിബാന് ഭരണത്തെ പ്രതിക്കൂട്ടിലാക്കാന്‍ അമേരിക്ക ശ്രമിച്ചതിന് പിന്നിലെ ചേതോവികാരം.
20 വർഷത്തോളം ഒരു പാവസര്‍ക്കാറിനെ തീറ്റിപ്പോറ്റിയതും അതിനുവേണ്ടിതന്നെ. അതുണ്ടാക്കുന്ന ആൾനഷ്ടവും സാമ്പത്തികനഷ്ടവും ഇനിയും പേറാന്‍ കഴിയില്ല എന്നതിനാലാണ് അവര്‍ പിന്മാറിയത്. ഇസ്ലാം പേടി വളർത്തുന്നതില്‍ ആ അധിനിവേശം വഹിച്ച പങ്കാണ് ഇതിലെ അവരുടെ വിജയം.
ഇപ്പോള്‍ ഹിന്ദു ഫോബിയയുടെ കാർഡുമായി വരുന്ന ഹിന്ദുത്വ ശക്തികള്‍ താലിബാെൻറ തിരിച്ചുവരവില്നിന്ന് മുതലെടുക്കാന്‍ ശ്രമിക്കുകയാണ്. അത് ഇന്ത്യ അടക്കമുള്ള പ്രദേശങ്ങളിലെ ഹിന്ദുക്കളെ ഭീതിയിലാഴ്ത്തുന്നു എന്നതിന് കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നത് താലിബാന് വിജയത്തില്‍ ആഹ്ലാദിക്കുന്ന മുസ്ലിംകള് പലയിടത്തും ഉണ്ടെന്ന പുകമറയാണ്. ലോകത്തിലെ ഏത് ആശയവും ഈ ആഗോളവത്കരണകാലത്ത് ഒറ്റപ്പെട്ടുനിൽക്കുന്നവയല്ല. അതിന് അനുകൂലികളും പ്രതികൂലികളും എവിടെയുമുണ്ടാകാം.
അത് ഭീതിയുയർത്തുന്ന ശക്തിയാവുന്നത് ആ ആശയങ്ങൾക്ക് താലിബാൻ അഫ്ഗാനിസ്താനില്‍ കഴിയുന്നതുപോലെ ഒരു ഭരണകൂടമാവാനോ അല്ലെങ്കില്‍, അതിെൻറ പേരില്‍ മറ്റു സ്ഥലങ്ങളില്‍ ഭരണകൂടങ്ങള്‍ സ്ഥാപിക്കാന്‍ കഴിവുണ്ടാകുമ്പോഴോ ആണ്. അല്ലാത്ത ആശയപരമായ അടുപ്പങ്ങള്‍- അവ പലപ്പോഴും സാങ്കൽപികമാണുതാനും - ആർക്കും ഭീതിജനിപ്പിക്കേണ്ടതില്ല. പക്ഷേ, ഹിന്ദുത്വം ഇപ്പോള്‍ തങ്ങളുടെ ഇരവാദം ശക്തിപ്പെടുത്തുന്നത് അഫ്ഗാനിസ്താനിലെ താലിബാന് വിജയം - അതായത് നാമമാത്രമായ ചെറുത്തുനിൽപ് മാത്രം നൽകി അമേരിക്കയുടെ പാവസർക്കാര്‍ നടപ്പിലാക്കിയ അധികാരകൈമാറ്റം- ഇന്ത്യയിലെ ഹിന്ദുക്കളെ അരക്ഷിതരാക്കുന്നു എന്നവാദം ഉന്നയിച്ചുകൊണ്ടാണ്.
ഹിന്ദുത്വവാദത്തെ പൊളിച്ചടുക്കുേമ്പാൾ
കഴിഞ്ഞ രണ്ടു ദിവസങ്ങളായി നടന്ന "ഹിന്ദുത്വവാദത്തെ പൊളിച്ചുകളയല്‍" (Dismantling Global Hindutva Conference) എന്ന ആഗോള കോൺഫറൻസിന് നേരെയും ഹിന്ദു ഫോബിയ ആരോപിച്ച് വ്യാപക കുപ്രചാരണം നടന്നു. ലോകപ്രശസ്തമായ സ്റ്റാൻഫോർഡ്, ഹാർവഡ്, പ്രിൻസ്റ്റന്‍, കോർണേല്‍, ന്യൂയോർക് തുടങ്ങിയവ ഉൾപ്പെടെ അമ്പതോളം സര്‍വകലാശാലകളുടെ പങ്കാളിത്തത്തിൽ അക്കാദമിക മേഖലയിലെ ഉത്തരവാദപ്പെട്ട ഗവേഷകരുടെ കൂട്ടായ്മയാണ് കോൺഫറൻസിന് നേതൃത്വം നൽകിയത്.
ഹിന്ദുത്വ സാംസ്കാരിക ദേശീയതയുടെ അടിസ്ഥാനഘടകങ്ങള്‍ പഠിക്കാന്ശ്രമിക്കുന്ന ആ വെർച്വല്‍ കോൺഫറൻസ് ഹിന്ദു ഫോബിയ പരത്തി എന്ന നിരർഥക വാദമാണ് ഉയർത്തപ്പെട്ടത്. എല്ലാ ഹിന്ദുത്വ വിമർശനങ്ങളെയും ഈ ഇരവാദംകൊണ്ട് തുടർന്നും വ്യാഖ്യാനിക്കാമെന്നും അമേരിക്കന്‍ സാമ്രാജ്യത്വത്തിെൻറ ഇസ്ലാം ഫോബിയ വ്യവസായത്തെ സഹായിക്കാമെന്നും അവര്‍ കണക്കുകൂട്ടുന്നു. അക്കാദമിക സ്വാതന്ത്ര്യങ്ങൾക്ക് നേരെയുള്ള തങ്ങളുടെ കടന്നാക്രമണങ്ങളെ നീതിമത്കരിക്കാന് അവര്‍ ഉപയോഗിക്കുന്ന ഏറ്റവും പുതിയ ആയുധം മാത്രമാണ് ഹിന്ദു ഫോബിയ എന്ന കപട പ്രത്യയശാസ്ത്രം എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.