ആധുനിക ഡിജിറ്റല്‍ മുതലാളിത്തം നിലനിൽക്കുന്നത് സ്വാഭാവികമായും അതിനാവശ്യമായ സാമൂഹികബന്ധങ്ങളും പ്രത്യയശാസ്ത്ര സ്വാധീനവും ഉറപ്പിച്ചുനിർത്തിക്കൊണ്ടാണ്. ആഗോളവത്കരണത്തിന്റെ കാലത്ത് ഡിജിറ്റല്‍ മുതലാളിത്തം ഒരർഥത്തില്‍ ദേശരാഷ്ട്രങ്ങളുടെ അസ്തിത്വത്തിനു ഭീഷണിയാവുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാല്‍, യഥാർഥത്തില്‍ സംഭവിച്ചത് ദേശരാഷ്ട്രങ്ങളുടെ രാഷ്ട്രീയ-ഭരണയുക്തിശീലങ്ങളെ നവീകരിച്ചുകൊണ്ട് മൂലധനത്തിന്റെ പുതിയ ആവശ്യങ്ങൾക്കായി അവയെ പരുവപ്പെടുത്തുക എന്ന പ്രക്രിയ ആയിരുന്നു. 80കളുടെ തുടക്കം മുതലാണ് ആഗോളമൂലധനം നിയോലിബറല്‍ സാമ്പത്തികയുക്തിയുടെ അടിസ്ഥാനത്തില്‍ ദേശരാഷ്ട്രങ്ങളുടെ ആഭ്യന്തരനയങ്ങളില്‍ ശക്തമായി ഇടപെടുവാന്‍ തുടങ്ങിയത്. ലോകവ്യാപാരസംഘടനയുടെ ഉറുഗ്വായ് വട്ട ചർച്ചകള്‍ ഇതിന്റെ പ്രതിഫലനമായിരുന്നു. ആഗോള വാണിജ്യത്തില്‍ അതുവരെ ഉണ്ടായിരുന്ന സമീപനങ്ങളെ ഉടച്ചുവാർക്കുന്ന മാറ്റങ്ങളാണ് ലോകവ്യാപാരസംഘടന ആ ചർച്ചകളില്‍ ആവശ്യപ്പെട്ടത്.
ഓരോ രാജ്യത്തും നിലനിൽക്കുന്ന നിയമങ്ങള്‍ തടസ്സമാകുന്നു എന്ന യുക്തി മുന്നോട്ടുെവച്ചാണ് കാർഷിക സബ്സിഡികള്‍ എടുത്തുകളയാനും ഇറക്കുമതി തീരുവകള്‍ കുറക്കാനും വിദേശമൂലധനം അനുവദിക്കാനും പേറ്റൻറ് നിയമങ്ങള്‍ കർക്കശമാക്കാനും മൂന്നാംലോകരാജ്യങ്ങളെ നിർബന്ധിച്ചത്. ഇതിന്റെ ഫലമായാണ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് തങ്ങളുടെ ഭരണഘടനയില്‍തന്നെ കാര്യമായ ചില മാറ്റങ്ങള്‍ വരുത്തേണ്ടിവന്നതും പാർലമെൻറിനു നിരവധി നിയമങ്ങള്‍ ഭേദഗതി ചെയ്യേണ്ടിവന്നതും. എന്നാല്‍, ഇത്തരത്തില്‍ മൂലധനശക്തികള്‍ ദേശരാഷ്ട്രങ്ങളുടെ ആഭ്യന്തരനയങ്ങളില്‍, വിശേഷിച്ചു സാമ്പത്തിക-ധനകാര്യനയങ്ങളില് ഇടപെട്ടത് അവയുടെ യഥാർഥ പരമാധികാരത്തെക്കുറിച്ചുള്ള പുതിയ ചർച്ചക്ക് കാരണമായി. ദേശരാഷ്ട്രങ്ങള്‍ കേവലം മുതലാളിത്ത താൽപര്യങ്ങള് സംരക്ഷിക്കുന്ന ഏജൻസികള്‍ മാത്രമാണെന്ന വിമർശനങ്ങൾക്ക്് അത് കൂടുതല്‍ സാധുത നൽകി. എന്താണ് പരമാധികാരം എന്ന ചോദ്യം കൂടുതല്‍ ശക്തമായി ഉന്നയിക്കപ്പെട്ടു.
നിരവധി പ്രതിഷേധങ്ങളും വെല്ലുവിളികളും ഉണ്ടായെങ്കിലും ആഗോളതലത്തില്‍ മൂലധനം സ്വന്തം താൽപര്യം സംരക്ഷിക്കുന്നതിനു ചൈന അടക്കമുള്ള മൂന്നാംലോകരാജ്യങ്ങളെ ചൊൽപടിക്ക് നിർത്തുന്ന സാഹചര്യം സൃഷ്ടിക്കുന്നതില്‍ വിജയിച്ചു. 1949ല്‍ ചൈനീസ് വിപ്ലവത്തിന്റെ വിജയത്തെത്തുടർന്ന് പുതിയ വിപ്ലവ ഭരണകൂടം ആദ്യം ചെയ്തത് ലോകവ്യാപാരസംഘടനയില്നിന്നു പുറത്തുകടക്കുക എന്നതായിരുന്നു. സാമ്പത്തികസംരക്ഷണ മാതൃക (protectionism) മിക്കവാറും രാജ്യങ്ങള്‍ പിന്തുടർന്നിരുന്ന കാലത്ത് അതുകൊണ്ട് വലിയ ദോഷങ്ങള്‍ ഒന്നും ചൈനക്ക് സംഭവിച്ചതുമില്ല. എന്നാല്‍, ഉറുഗ്വായ് വട്ട ചർച്ചകളുടെ സമയത്ത് വിപണി അധിഷ്ഠിത സമ്പദ്വ്യവസ്ഥയിലേക്കു മാറിക്കഴിഞ്ഞിരുന്ന പോസ്റ്റ്-മാവോ ചൈനക്ക് ആഗോളമൂലധനത്തിന്റെ ഈ പുതിയ നീക്കങ്ങള്‍ ലോകവ്യാപാരത്തില്‍ തങ്ങളെ തീർത്തും ഒറ്റപ്പെടുത്തും എന്ന് മനസ്സിലായതോടെ അവര്‍ ലോകവ്യാപാര സംഘടനയില്‍ തിരിച്ചുകയറാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ഏതാണ്ട് ഒന്നര ദശാബ്ദക്കാലത്തെ നിരന്തരമായ പരിശ്രമത്തിന്റെ ഭാഗമായി അമേരിക്ക, ജപ്പാന്, യൂറോപ്യന്‍ യൂനിയന്‍ എന്നീ ആഗോള സാമ്പത്തികശക്തികൾക്കുമുന്നില് പൂർണമായും കീഴടങ്ങിക്കൊണ്ട് തിരികെ പ്രവേശനം നേടുകയുംചെയ്തു. എന്നാല്‍, ചൈനയുടെ പരമാധികാര സങ്കൽപത്തിന് അത് വലിയ ആഘാതമാണ് ഉണ്ടാക്കിയത്. ആഗോളമൂലധനത്തിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ ഇന്ത്യയും മറ്റു രാജ്യങ്ങളും ചെയ്യുന്നതുപോലെ കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന ഒരു സംവിധാനത്തിന് നിയമങ്ങളിലും ഭരണഘടനയിലും വലിയ മാറ്റങ്ങള്‍ വരുത്തേണ്ടിവന്നു എന്നത് നിസ്സാരമായ കാര്യമായിരുന്നില്ല.
ഇതിന്റെ ശക്തമായ പ്രതിഫലനം ഉണ്ടായത് സമൂഹമാധ്യമങ്ങളുടെ വരവോടെ ആയിരുന്നു. പുതിയ നിയോലിബറല്‍ ചട്ടങ്ങള്‍ ലോകബാങ്കും ലോകവ്യാപാരസംഘടനയും കൃത്യതയോടെ നടപ്പാക്കിയതിന്റെ വലിയ ഗുണഭോക്താക്കള്‍ സമൂഹമാധ്യമ സാങ്കേതികവിദ്യയുടെ പ്രണേതാക്കള്‍ ആയിരുന്നു. ലോകമുതലാളിത്തക്രമത്തില് അവരുടെ സാന്നിധ്യം വർധിക്കുകയും ഡിജിറ്റല്‍ മൂലധനത്തിന്റെ വ്യാപനം ആഗോളതലത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ശബ്ദം ഡിജിറ്റല്‍ മുതലാളിത്തത്തിേൻറത് ആവുകയും ചെയ്തു. ഇതിനു മുമ്പുതന്നെ മൂലധനശക്തിക്ക് പൂർണമായും കീഴടങ്ങിക്കഴിഞ്ഞിരുന്ന ദേശരാഷ്ട്രങ്ങൾക്കു പോലും ഡിജിറ്റല്‍ മൂലധനത്തിന്റെ ആവശ്യങ്ങള്‍ പൂർണമായും അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. കാരണം അത് പലപ്പോഴും വിവിധ രാജ്യങ്ങളിലെ ആഭ്യന്തര അധികാര ഘടനകളെ ദുർബലമാക്കാന്‍ കഴിയുന്നവ ആയിരുന്നു. ആദ്യം ചൈനയില്‍ തന്നെയാണ് ഈ പ്രശ്നം സങ്കീർണമായത്. ഗൂഗ്ള്‍ കമ്പനിയുടെ പല പ്രഖ്യാപിത നയങ്ങളും ചൈനയുടെ പ്രഖ്യാപിത ആഭ്യന്തര സമീപനങ്ങളുമായി പൊരുത്തപ്പെടുന്നവ ആയിരുന്നില്ല. കടുത്ത സെൻസർഷിപ്പ് നിലനിൽക്കുന്ന ചൈനയില്‍ ഗൂഗ്ള്‍ നടപ്പാക്കുന്ന സുതാര്യ ഡേറ്റ ചൂഷണം ഒരു സാമ്പത്തികപ്രശ്നം എന്നതിലുപരി ഭരണകൂടത്തിന്റെ ആഭ്യന്തര നയങ്ങളിലെ കൈകടത്തലായി മാറി. എന്നാല്‍, ഗൂഗ്ളിനെ ഒഴിവാക്കാന്‍ ലോക വ്യാപാര സംഘടനയില്‍ തിരിച്ചുകയറിയ ചൈനക്ക് കഴിയുമായിരുന്നില്ല. തുറന്നുകിട്ടപ്പെട്ട ചൈനീസ് വിപണി ഉപേക്ഷിക്കാന്‍ ഗൂഗ്ളിനും കഴിയുമായിരുന്നില്ല. ഇതിനുവേണ്ടി ഗൂഗ്ളും ചൈനീസ് ഭരണകൂടവും നടത്തിയ ചർച്ചകളെ കളിയാക്കിപ്പറഞ്ഞിരുന്നത് "ചൈനയുടെ ഗൂഗ്ള്‍ പ്രശ്നവും ഗൂഗിളിന്റെ ചൈനാ പ്രശ്നവും" എന്നായിരുന്നു.
പരസ്പരം ചില വിട്ടുവീഴ്ചകള്‍ ചെയ്തുകൊണ്ട് ചൈനയും ഗൂഗിളും തമ്മില്‍ ഉണ്ടാക്കിയ കരാര്‍ മറ്റു പല ദേശരാഷ്ട്രങ്ങൾക്കും അത്തരം ചർച്ചകളില്‍ മാനദണ്ഡമായി സ്വീകരിക്കാന്‍ കഴിയുന്നതായിരുന്നു. ഒരുവശത്ത് സമൂഹമാധ്യമങ്ങള്‍ ആശയാവിഷ്കാരത്തിന്റെയും ജനാധിപത്യത്തിന്റെയും അപ്പോസ്തലന്മാരായി സ്വയം വിശേഷിപ്പിക്കുമെങ്കിലും ദേശരാഷ്ട്രങ്ങളുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഫാഷിസ്റ്റ് ശക്തികളുടെ കുതിച്ചുകയറ്റം അവർക്കു മുന്നില്‍ ഒരു വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ചൈനീസ് മാതൃകയിലെ വിട്ടുവീഴ്ചകള്‍ ചെയ്യുവാന്‍ അവര്‍ പലപ്പോഴും നിർബന്ധിതരാവുന്നു. ദേശരാഷ്ട്രങ്ങളാവട്ടെ സ്വന്തം പരമാധികാരത്തെക്കുറിച്ച പഴയ മിഥ്യാധാരണകള്‍ പൂർണമായും ഉപേക്ഷിച്ചെങ്കിലും പുതിയ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളോട് കൂടുതല്‍ അധികാര സൗജന്യങ്ങള്‍ ആവശ്യപ്പെടുന്ന സ്ഥിതി സംജാതമായി. വിവിധ രാജ്യങ്ങളില്‍ ഇതിന്റെ അനുരണനങ്ങള്‍ വ്യത്യസ്തമാണെങ്കിലും ഇതൊരു ആഗോളപ്രതിഭാസം തന്നെയാണ്.
അഷീല്‍ മേമ്ബെ (Achille Mbembe)മുന്നോട്ടുെവച്ച ഭരണകൂടത്തിന്റെ മൃത്യുരാഷ്ട്രീയവും (Necropolitics) ഹത്യാധികാരവും (Necro power) എന്ന സങ്കൽപനം എങ്ങനെ ഇന്ത്യയിലെ പുതിയ ഫാഷിസ്റ്റ് രാഷ്ട്രീയത്തിലും വിശിഷ്യ കർഷകസമരത്തിന്റെ പശ്ചാത്തലത്തിലും പ്രധാനമാവുന്നു എന്നത് ഞാന്‍ ഈ പംക്തിയിലെ മുന്‍ ലേഖനങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. കൂടാതെ, ഫ്ലെയിം ബുക്സ് അത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട് (റിപ്പബ്ലിക്കിന്റെ സാക്ഷാത്കാരങ്ങള്‍- കാർഷിക സമരവും നിഗ്രഹ രാഷ്ട്രീയത്തിനെതിരെയുള്ള ചെറുത്തുനിൽപും). എന്റെ ആ വിശദീകരണം കൂടുതല്‍ സ്വീകരിക്കപ്പെടുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. ഈ മൃത്യു രാഷ്ട്രീയ-പരമാധികാരം ആഗോളതലത്തില്‍ ഉയർന്നുവരുന്ന സമൂഹമാധ്യമ മേൽ നിരീക്ഷണ മുതലാളിത്തം ദേശരാഷ്ട്രങ്ങൾക്കുമേല് കൂടുതല്‍ പിടിമുറുക്കുന്നതിനുംകൂടി ഉപയോഗിക്കുന്നുണ്ട്. 2019ൽ പ്രസിദ്ധീകരിച്ച സോശന്ന സുബോഫിന്റെ (Shoshana Zuboff) The Age of Surveillance Capitalism എന്ന ഇപ്പോൾ പ്രത്യക്ഷമായിരിക്കുന്ന മേൽ നിരീക്ഷണമുതലാളിത്തം എങ്ങനെയാണ് സമൂഹമാധ്യമ മൂലധനത്തെ ഉപയോഗിക്കുന്നതെന്നും അത് എന്തൊക്കെ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നതെന്നും വ്യക്തമായി വിവരിക്കുന്നുണ്ട്. പഴയ സമഗ്രാധിപത്യത്തെ (totalitarianism) ഓർമിപ്പിക്കുന്നതും എന്നാല്‍, അതിൽനിന്ന് തീർത്തും വ്യത്യസ്തമായതുമായ ഒരു പുതിയ ഉപകരണവാദാധികാരം (instrumentrarian power) ആഗോളതലത്തില്‍ പിടിമുറുക്കുന്നതായി അവര്‍ കണ്ടെത്തുന്നുണ്ട്. എന്നാല്‍ ഫാഷിസ്റ്റ് ശക്തികള്‍ ഇപ്പോള്‍ ചെയ്യുന്നത് ഈ അധികാരത്തിനു മുന്നില്‍ കുമ്പിടുകയും ഒപ്പംതന്നെ തങ്ങൾക്ക് ചില സൗജന്യങ്ങള്‍ ആവശ്യപ്പെടുകയുമാണ്. ഗൂഗ്ള്‍, ഫേസ്ബുക്ക് തുടങ്ങിയ മേൽനിരീക്ഷണ മുതലാളിത്ത ഭീമന്മാര് ഫാഷിസ്റ്റ് രാഷ്ട്രീയമാണ് തങ്ങളുടെ ഉപകരണവാദാധികാരത്തിന് ഉപയുക്തമായ ഭരണസംവിധാനം എന്ന് മനസ്സിലാക്കി കൂടുതല്‍ കൂടുതല്‍ അവരോടു അടുക്കുകയാണ്. കവി സച്ചിദാനന്ദന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ അവര്‍ നടത്തിയ ഇടപെടല്‍ ഇതിന്റെ താരതമ്യേന ദുർബലമായ ഒരു ഉദാഹരണമാണ്.
മതഭൂരിപക്ഷ വിഭാഗീയ വർഗീയതയുടെ ഭാഗമായി ഇന്ത്യന്‍ ഭരണകൂടം ഈ അടുത്തകാലത്ത് കൊണ്ടുവന്ന സമൂഹമാധ്യമ നിയമങ്ങള്‍ ഈ വൈരുധ്യത്തെ വെളിവാക്കുന്നു. ആ നിയമത്തിന്റെ ഒരു പ്രത്യേകത അത് നടപ്പാക്കുന്നതിനുള്ള പ്രധാന സംവിധാനങ്ങള്‍ രണ്ടു ഘട്ടങ്ങളിലായി സമൂഹമാധ്യമങ്ങള്‍ തന്നെ നിയന്ത്രിക്കുന്നവയാണ് എന്നുള്ളതും, നിയമത്തിലെ ചട്ടങ്ങള്‍ ലംഘിച്ചാല്‍ മൂന്നാംഘട്ടത്തില്‍ മാത്രം സർക്കാര്‍ നൽകുന്ന മാപ്പോ ലഘുശാസനയോ അല്ലാതെ വേറെ ശിക്ഷകള്‍ ഒന്നും ഇല്ലെന്നതുമാണ്. ഒരു വശത്ത് ഫാഷിസ്റ്റ് വിഭാഗീയ താൽപര്യങ്ങള് സംരക്ഷിക്കുകയും മറുവശത്ത് മേൽനിരീക്ഷണ മുതലാളിത്തത്തിന്റെ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഭരണകൂടനയം. ഇതിനോട് ചേർന്നുപോവുകയും സ്വന്തം പുരോഗമന-ജനാധിപത്യനാട്യങ്ങള് ഉപേക്ഷിക്കുകയുമാണ് സമൂഹമാധ്യമ നയം. ഈ രണ്ടു പ്രവണതകളാണ് ഇനി കൂടുതല്‍ ശക്തിപ്പെടാന്‍ പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.