ഏതാണ്ട് ഒന്നര ദശാബ്ദം മുമ്പാണ് ചൈനയിലെ കമ്യൂണിസ്റ്റ് നേതൃത്വത്തിന്റെ സാമൂഹികപശ്ചാത്തലം അന്വേഷിച്ചത്. അന്ന് ഞാന്‍ ഹോങ്കോങ്ങിലായിരുന്നു. ഒരു ചൈനാസന്ദർശനം കഴിഞ്ഞു മടങ്ങിയ സമയവുമായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗങ്ങളെക്കുറിച്ചാണ് അറിയാന്‍ ശ്രമിച്ചത്. അപ്പോള്‍ പാർട്ടി രൂപംകൊണ്ടിട്ട് 85 വർഷവും വിപ്ലവഭരണകൂടം സ്ഥാപിക്കപ്പെട്ടിട്ട് 55 വർഷവും കഴിഞ്ഞിരുന്നു. ആദ്യം പി.ബിയിലെ പ്രധാനികളായ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ വിവരങ്ങള്‍ തിരഞ്ഞു.
പാർട്ടി സെക്രട്ടറി ഹു ജിൻറാവോ അടക്കം സമിതിയിലെ ഒമ്പതുപേരും എൻജിനീയർമാരോ അനുബന്ധ സാങ്കേതിക വിദഗ്ധരോ ആയിരുന്നു. ഇലക്ട്രോണിക് എൻജിനീയര്‍, ഓയില്‍ എക്സ്പ്ലോറര്‍, ഇലക്ട്രിക്കല്‍ മെഷീനറി ടെക്നീഷ്യന്‍, മെഷീന്‍ കാസ്റ്റിങ് ടെക്നീഷ്യന്‍, ഇലക്ട്രിക് മോട്ടോര്‍ എൻജിനീയര്‍ തുടങ്ങിയവര്‍. ശേഷം പി.ബി അംഗങ്ങളെക്കുറിച്ചും അന്വേഷിച്ചുനോക്കി. ഒരു കൊറിയന്‍ ഭാഷാവിദഗ്ധനും പാർട്ടി സ്കൂള്‍ ഗ്രാജ്വേറ്റും ഒഴിച്ചാല്‍ ബാക്കിയുള്ളവര്‍ എല്ലാവരും എൻജിനീയർമാര്‍. അഗ്രികൾച്ചറല്‍ എൻജിനീയര്‍, ഹൈഡ്രോളിക് എൻജിനീയര്‍, ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ എൻജിനീയര്‍, മിസൈല്‍ ടെക്നോളജി എൻജിനീയര്‍, കെമിക്കല്‍ എൻജിനീയര്‍, പെട്രോള്‍ റിഫൈനറി ടെക്നീഷ്യന്‍ തുടങ്ങിയവരും പിന്നെ ഒരു പട്ടാളമേധാവിയും.
55 വർഷം പൂർത്തിയാക്കിയ വിപ്ലവഭരണകൂടത്തിന്റെ തലപ്പത്ത് ധാരാളം സാങ്കേതികവിദഗ്ധര്‍ ഉണ്ടായി എന്നതായിരുന്നില്ല എന്നെ അത്ഭുതപ്പെടുത്തിയത്. മറിച്ച്, ഒരു ചരിത്രകാരനോ, സാമൂഹികശാസ്ത്രജ്ഞനോ, എന്തിന് ഒരു ധനശാസ്ത്രജ്ഞന്‍ പോലുമോ ഉണ്ടായിരുന്നില്ല എന്നതാണ്. ഒരു വിപ്ലവത്തെ ഒന്നാകെ സാങ്കേതിക വിദഗ്ധര്‍ വിഴുങ്ങുന്നതുണ്ടാക്കിയ നടുക്കം ചെറുതായിരുന്നില്ല.
ഇന്നും സ്ഥിതി വ്യത്യസ്തമല്ല. എന്നാല്‍ 2004-2005 കാലത്തിനുശേഷം ലോക സമ്പദ് വ്യവസ്ഥയില്‍ ചൈനക്ക് കൈവന്ന അഭൂതപൂർവമായ പ്രാമുഖ്യത്തിന്റെ പശ്ചാത്തലത്തില്‍ നാലോ അഞ്ചോ ധനശാസ്ത്ര വിദഗ്ധരെക്കൂടി ഇപ്പോള്‍ പോളിറ്റ്ബ്യൂറോയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ചില പ്രത്യേക സാഹചര്യത്തില്‍ സംഭവിച്ചതാണെങ്കിലും ഒരു വനിതയെയും. എങ്ങനെയാണ് ഒരു വിപ്ലവാനന്തര സമൂഹത്തിന്റെ നേതൃത്വം അരനൂറ്റാണ്ടുെകാണ്ട് പൂർണമായും ടെക്നോക്രാറ്റുകളുടെ കൈയില്‍ എത്തിച്ചേരുന്നത് എന്നത് നാം അന്വേഷിക്കേണ്ട വിഷയം തന്നെയാണ്. മാവോക്കുശേഷം, സാംസ്കാരികവിപ്ലവത്തോടുള്ള നിഷേധയുക്തി ആഴത്തില്‍ പതിഞ്ഞതിന്റെ അടയാളങ്ങള്‍ ഈ പ്രക്രിയയില്‍ നമുക്ക് ദർശിക്കുവാന്‍ കഴിയും.
എന്നാല്‍, സാംസ്കാരികവിപ്ലവത്തില്‍ ആരോപിതമായിട്ടുള്ള വൈജ്ഞാനിക വിരുദ്ധത വിദൂരമായെങ്കിലും യാഥാർഥ്യമാണെങ്കിൽക്കൂടി അതിനോടുള്ള പ്രതികരണം എൻജിനീയർമാർ മാത്രം നേതൃത്വത്തില്‍ വരുക എന്നതല്ലല്ലോ. എഴുപതുകളുടെ ഒടുവില്‍ ചൈന വിപണി സമ്പദ് വ്യവസ്ഥയിലേക്കു മാറുന്ന സന്ദർഭത്തില്‍ അതിന് അനുബന്ധമായിത്തന്നെ പാർട്ടിക്കുള്ളില്‍ നടന്ന വർഗസമരത്തില്‍ ആദ്യം മിലോവാന്‍ ജിലാസ് തന്റെ 'പുതിയ വർഗം ' എന്ന പുസ്തകത്തില്‍ അമ്പതുകളില്‍ ചൂണ്ടിക്കാട്ടിയ മാേനജീരിയല് വർഗവും തുടർന്ന് അതിനുള്ളില്‍ തന്നെയുള്ള ഒരു ടെക്നോക്രാറ്റ് വിഭാഗവും പാർട്ടി ൈകയടക്കുന്നതില്‍ വിജയിച്ചു എന്നതാണ് അടിസ്ഥാനപരമായി ഈ പ്രക്രിയയിൽ നിന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ഒരു കാര്യം.
ലോകത്തിലെ ഒരു വലിയ സാമ്പത്തികശക്തിയായി ചൈന മാറുന്നു എന്നത് ആന്തരികമായി സംഭവിച്ച ഈ അന്യാദൃശമായ നേതൃത്വമാറ്റത്തിന്റെ കൂടി പശ്ചാത്തലത്തില്‍ വിലയിരുത്തേണ്ട നൈതികപരിണാമമാണ്. ഈ പുതിയ നേതൃത്വം മുന്നണിയിലേക്ക് വരുന്നത് ടിയാനൻമെന്‍ സ്ക്വയര്‍ കൂട്ടക്കൊലക്ക് ശേഷമാണ് എന്നത് യാദൃച്ഛികമല്ല. ഈ പുതിയ നേതൃത്വം കടന്നുവരുന്നതിന്റെ ഭാഗംകൂടിയായിരുന്നു വിദ്യാർഥികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച ജിയാങ് സെമിന്റെ പുറത്താക്കലും ടിയാനന്‍മെൻ സ്ക്വയര്‍ കൂട്ടക്കൊലയും. ലിബറല്‍ ജനാധിപത്യം അനുവദിക്കുന്നത് രാഷ്ട്രത്തിന്റെ സാങ്കേതിക- സാമ്പത്തിക നയങ്ങളുടെ മേലുള്ള പാർട്ടിയുടെ കർക്കശമായ നിയന്ത്രണം അയയുന്നതിനും അതുവഴി രാജ്യവളർച്ച തന്നെ മുരടിക്കുന്നതിനും വഴിവെക്കുമെന്നതായിരുന്നു ഈ വിഭാഗത്തിന്റെ നിലപാട്.
വീട്ടുതടങ്കലിലായിരുന്ന ഷാവോ സിയാങ് ജനാധിപത്യത്തിലേക്ക് രാഷ്ട്രം തിരിയണം എന്ന നിലപാടില്‍ മാറ്റംവരുത്താന്‍ മരിക്കുന്നതുവരെ തയാറായിരുന്നില്ല എന്നതും അദ്ദേഹത്തിന് ഇപ്പോഴും രാജ്യം മുഴുവന്‍ അനുയായികളുണ്ട് എന്നതും ഈ വിഭാഗം അധികാരം പിടിച്ചെടുത്തത് ആഭ്യന്തര വിഭാഗീയതയിലൂടെയാണ് എന്നതിന് തെളിവാണ്.
ഈ നേതൃത്വമാണ് മാവോയുടെ കാലംമുതല്‍ ആലോചനയില്‍ ഉണ്ടായിരുന്ന ലോകത്തിലെ ഏറ്റവും വലിയ ത്രീ ഗോർജസ് അണക്കെട്ടിന്റെ നിർമാണം പൂർത്തിയാക്കാൻ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും. ആയിരക്കണക്കിന് ആർക്കിയോളജിക്കല്‍ സ്ഥാനങ്ങള്‍ വെള്ളത്തിനടിയിലാവുകയും 1.3 ദശലക്ഷം മനുഷ്യർ കുടിയൊഴിപ്പിക്കപ്പെടുകയും പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലനത്തെ തകിടംമറിക്കുകയും ചെയ്ത പദ്ധതി ആഗോള പ്രതിഷേധംപോലും വകവെക്കാതെയാണ് പൂർത്തിയാക്കിയത്.
1949ല്‍ വിപ്ലവാധികാരം നേടിയ പാർട്ടിയുടെ ആദ്യ നടപടികളില്‍ ഒന്നായിരുന്നു, സാമ്രാജ്യത്വ സ്ഥാപനമായ ലോകവ്യാപാരസംഘടനയിൽനിന്നുള്ള പിന്മാറ്റം. ഈ നേതൃത്വമാണ് ആ തീരുമാനം മാറ്റാന്‍ തൊണ്ണൂറുകളില്‍ തുനിഞ്ഞിറങ്ങിയത്. ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടികളും സിവിൽ സമൂഹസംഘങ്ങളും ലോക വ്യാപാരസംഘടനക്കെതിരെ ശക്തമായ പ്രചാരണം നടത്തുന്ന സന്ദർഭത്തില്‍ എങ്ങനെയെങ്കിലും ലോകവ്യാപാര സംഘടനയില്‍ തിരികെക്കയറാനുള്ള പോംവഴി അന്വേഷിക്കുകയായിരുന്നു ചൈനീസ് നേതൃത്വം.
ഒടുവില്‍ ഹിതകരമല്ലാത്ത നിരവധി ഉഭയകക്ഷിക്കരാറുകള്‍ ഒപ്പിട്ടശേഷമാണ് ചൈനയെ ലോക വ്യാപാര സംഘടനയില്‍ തിരിച്ചെടുക്കാന്‍ അമേരിക്ക സമ്മതംമൂളിയത്. ഈ കരാറുകളിലൂടെ അമേരിക്കന്‍ കമ്പനികൾക്ക് കൈവന്ന ഇളവുകളുടെ പകരമായാണ് ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച വാർഷിക റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്ന സമ്പ്രദായം അമേരിക്ക അവസാനിപ്പിച്ചത്.
സാങ്കേതികവിദഗ്ധര്‍ കൂട്ടമായി നേതൃത്വത്തിലേക്ക് കടന്നുവരുന്നത് 1992- 97 കാലത്തെ 14ാം പോളിറ്റ്ബ്യുറോ മുതൽക്കാ ണ്. ആ പ്രവണത ശക്തിപ്പെട്ടതോടെ 1997- 2002 കാലത്തെ 15ാം പോളിറ്റ്ബ്യൂറോയിലും തുടർന്നും എൻജിനീയർമാര്‍ക്ക് പ്രാമുഖ്യമുള്ള പാർട്ടിനേതൃത്വം അധികാരവ്യവസ്ഥയുടെ സ്ഥിരസ്വഭാവമായി മാറി. സമൂഹത്തിന്റെ ഇതരവിഭാഗങ്ങളില്‍നിന്നുള്ളവർക്ക് നേതൃത്വത്തിലേക്ക് വരാന്‍ കഴിയാത്ത ഒരു ഗ്ലാസ് സീലിങ് ചൈനയില്‍ നിലനിൽക്കുന്നു എന്നത് ഒരു വിപ്ലവാനന്തരസമൂഹം എങ്ങനെ മുന്നോട്ടുചലിക്കുന്നു എന്നതിന്റെകൂടി സൂചനയാണ്. സാങ്കേതികവിദഗ്ധർ മാത്രമടങ്ങുന്ന വിഭാഗീയ നേതൃത്വത്തിന്റെ ലോകവീക്ഷണം വികസനത്തെയും പരിസ്ഥിതിയെയും ശാസ്ത്രവളർച്ചയില്‍ പാലിക്കേണ്ട നൈതികതയേയും കുറിച്ച് എങ്ങനെ ചിന്തിക്കും എന്നതിന്റെ ഉദാഹരണമാണ് ഇപ്പോഴത്തെ ചൈനീസ് നേതൃത്വം.
അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന സ്ഥാനമോഹികളുടെ ഒരു കൂട്ടമാണ് ഇവരെന്ന് എനിക്ക് അഭിപ്രായമില്ല. കമ്യൂണിസ്റ്റ് പാർട്ടി യുടെ കേന്ദ്രീകൃത ജനാധിപത്യനയത്തിന്റെഅടിസ്ഥാനത്തില് അധികാരത്തില്‍ എത്തുന്നവരാണിവര്‍. ഒരു പ്രത്യേക വ്യക്തിയും ഇപ്പോള്‍ അനേകവർഷങ്ങൾ നേതൃത്വത്തില്‍ തുടരുന്നില്ല. പക്ഷേ, പാർട്ടിയെ ഒരു സങ്കുചിത ദേശീയതാവീക്ഷണത്തില്‍ ഉടച്ചുവാർത്തുകളഞ്ഞു. ചൈനയെ ലോകശക്തിയാക്കുക, പരിമിത വിഭവങ്ങളും നയങ്ങളും ഇതിനായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന നേതൃത്വമാണിത്. മിലോവാന്‍ ജിലാസ് പറഞ്ഞ തരത്തിലെ സവിശേഷ മാേനജീരിയല്- സാങ്കേതികവർഗം.
അടിസ്ഥാനപരമായി ഒരു വിപ്ലവപാർട്ടി അതിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രമായി ദേശീയവാദത്തെ അംഗീകരിക്കുകയും അതിനായി സ്വന്തം നേതൃത്വത്തിന്റെ വർഗസ്വഭാവത്തെ മാറ്റിത്തീർക്കുകയും ചെയ്തതിന്റെ ചരിത്രം കൂടിയാണ് ചൈനീസ് സാമ്പത്തികവിജയത്തിന് പിന്നിൽ. ചൈന പിന്തുടരുന്ന സങ്കുചിത ദേശീയവാദത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് സാമ്പത്തികവിദഗ്ധനും പി.ബി അംഗവുമായ ചെന്‍ ക്വാൻഗോയുടെ രാഷ്്ട്രീയ ജീവിതം. അദ്ദേഹം 2011ൽ തിബത്തന്‍ പ്രദേശത്തെ പാർട്ടി സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു. ചുമതല ഏറ്റെടുത്ത ഉടന്‍ അദ്ദേഹം ആയിരക്കണക്കിന് പുതിയ പൊലീസ് സ്റ്റേഷനുകള്‍ നിർമിക്കുകയും 24 മണിക്കൂറും നിരീക്ഷണസംവിധാനങ്ങള്‍ എമ്പാടും ഏർപ്പെടുത്തുകയും ചെയ്തു. നിരവധിപേരെ അറസ്റ്റ് ചെയ്തു.
അതോടെ, പ്രതിഷേധ ആത്മഹത്യകള്‍ പതിന്മടങ്ങ് വർധിച്ചു. തുടർന്ന് അദ്ദേഹത്തെ നിയോഗിച്ചത് ഉയ്ഗൂര്‍ മുസ്ലിം ന്യൂനപക്ഷ പ്രദേശമായ സിൻജ്യങ്ങിലേക്കായിരുന്നു. അവിടെ ഇപ്പോള്‍ നടക്കുന്ന പീഡനത്തെക്കുറിച്ചുള്ള വാർത്തകളിലെ സത്യം ലോകം അന്വേഷിക്കുകയാണ്. ഒരു കമ്യൂണിസ്റ്റ് രാഷ്ട്രം എന്നനിലയില്‍ ചൈന നേടിയ നേട്ടങ്ങളെ കാണുകയും അംഗീകരിക്കുകയും ചെയ്യുേമ്പാൾ തന്നെ അതിന് പശ്ചാത്തലമായത് സങ്കുചിത ദേശീയവാദവും ജനാധിപത്യത്തോടുള്ള കടുത്ത വിപ്രതിപത്തിയുള്ള നേതൃത്വം ഉദയംചെയ്തതുമാണ് എന്നത് വിസ്മരിക്കാന്‍ കഴിയില്ല. മാർക്സിസ്റ്റ് പഠിതാക്കള്‍ ആഴത്തില്‍ ചിന്തിക്കേണ്ട ചില പാഠങ്ങള്‍ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വലിയ വിജയത്തിന് പിന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.