ഈ വർഷത്തെ ജസ്റ്റിസ് എം.സി. ഛഗ്ല അനുസ്മരണ പ്രഭാഷണം നടത്തിയത് സുപ്രീംകോടതിയിലെ ന്യായാധിപനായ ജസ്റ്റിസ് ചന്ദ്രചൂഡ് ആയിരുന്നു. ന്യായാധിപസ്ഥാനത്തുനിന്ന് വിരമിച്ച ശേഷം വിദേശരാജ്യങ്ങളിലെ ഇന്ത്യയുടെ അംബാസഡറായും കേന്ദ്രമന്ത്രിയായും മറ്റും വ്യത്യസ്ത പദവികളിലിരുന്ന ജസ്റ്റിസ് ഛഗ്ല അപൂർവ വ്യക്തിത്വത്തിനുടമയായിരുന്നു. അധികാരസ്ഥാനങ്ങളിലുള്ളവർ തമ്മിലെ പരസ്പരബന്ധങ്ങൾ ഇന്ത്യയെപ്പോലുള്ള രാജ്യത്ത് പലപ്പോഴും പദവികൾ വാഗ്ദാനം ചെയ്യുന്നതിനും സ്വീകരിക്കുന്നതിനും കാരണമാകാറുണ്ട്. ജസ്റ്റിസ് ഛഗ്ല പദവികൾ അന്വേഷിച്ചുപോയില്ല. പദവികൾ അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. എന്നിട്ടുപോലും വിരമിച്ചശേഷം ന്യായാധിപർ അധികാരസ്ഥാനങ്ങൾ സ്വീകരിക്കുന്നതിന്റെ ഔചിത്യം സംബന്ധിച്ച ചർച്ചകൾ 1950കളുടെ ഒടുവിൽതന്നെ ഇന്ത്യയിൽ ആരംഭിക്കുകയുണ്ടായി. 1958ൽ ബോംബെ ഹൈകോടതി ചീഫ്ജസ്റ്റിസായി റിട്ടയർ ചെയ്ത ഛഗ്ലക്ക് പ്രധാനമന്ത്രി നെഹ്റുവുമായി ബൗധികതലത്തിൽ തന്നെ അടുപ്പമുണ്ടായിരുന്നു. ഡിസംബറിലെ റോസാപ്പൂക്കൾ (Roses in December) എന്ന ആത്മകഥ (1973) മുഹമ്മദ് കരിം ഛഗ്ലയെന്ന എം.സി. ഛഗ്ലയുടെ ജീവിതത്തിന്റെ ഔന്നത്യത്തെ വെളിപ്പെടുത്തുന്ന രചനയാണ്.നെഹ്റുവുമായുള്ള സ്നേഹബന്ധമോ അധികാരലബ്ധികളോ പക്ഷേ, ഛഗ്ല എന്ന ന്യായാധിപന്റെ അഥവാ ബുദ്ധിജീവിയുടെ അഥവാ ഭരണാധികാരിയുടെ ആർജവത്തെയോ ധീരതയെയോ ഒട്ടുംതന്നെ ദുർബലപ്പെടുത്തിയില്ല.
ഇന്ദിര ഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ അതിനെ ശക്തിയുക്തം എതിർത്ത് ഛഗ്ല മുൻനിരയിൽ ഉണ്ടായിരുന്നു. പ്രായാധിക്യമോ രോഗങ്ങളോ നിർണായകഘട്ടങ്ങളിലെ അധികാര വിമർശനമെന്ന പൗരധർമം നിർവഹിക്കുന്നതിൽനിന്ന് ഛഗ്ലയെ പിന്തിരിപ്പിച്ചില്ല. അദ്ദേഹമെഴുതിയ മഹത്തായ വിധിന്യായങ്ങൾ പോലെ, മന്ത്രിയെന്ന നിലയിലും സ്ഥാനപതിയെന്ന നിലയിലും എടുത്ത സുപ്രധാനമായ തീരുമാനങ്ങൾ പോലെ-ഒരുവേള അവയെക്കാൾ തിളക്കത്തോടെ-ചരിത്രത്തിൽ വിളങ്ങിനിൽക്കുന്നത് അദ്ദേഹം അടിയന്തരാവസ്ഥയുടെ സ്വാതന്ത്ര്യ നിഷേധങ്ങൾക്കെതിരെ കൈക്കൊണ്ട ധീരമായ നിലപാടുകളായിരിക്കും. അനുസ്മരണ പ്രഭാഷണത്തിൽ ജസ്റ്റിസ് ചന്ദ്രചൂഡ് ഇത്തരം കാര്യങ്ങൾ ഭംഗിയായി വിവരിക്കുന്നുണ്ട്. 'ഇന്ദിര ഗാന്ധിയാണ് ഭരണഘടനയെന്നും അവർ ജനാധിപത്യവാദിയാണെന്നും അവർ ചെയ്തതെല്ലാം ഭരണഘടനാനുസൃതമാണെന്നും മറ്റും കപടവാദമുന്നയിക്കുന്നതിനെക്കാൾ രാജ്യത്ത് ഭരണഘടനതന്നെ പിൻവലിക്കപ്പെട്ടു എന്ന് കരുതാനാകും ഞാൻ തയാറാവുക' എന്ന ഛഗ്ലയുടെ പ്രസംഗത്തിലെ വരികൾ ജസ്റ്റിസ് ചന്ദ്രചൂഡ് പ്രത്യേകം ഉദ്ധരിക്കുകയും ചെയ്തു.
ഈ ലേഖനം ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പ്രസംഗത്തെ ഇത്ര വിശദമായി വിവരിച്ചതിന് കാരണമുണ്ട്. അത് ഈ പ്രസംഗത്തിലൂടെ അദ്ദേഹം നൽകിയ സന്ദേശനത്തിന് അടിവരയിടാനാണ്. ജനാധിപത്യ പ്രക്രിയയിൽ സത്യത്തിനുള്ള പ്രാധാന്യം വിവരിച്ച അദ്ദേഹം ഭരണകൂടത്തിന്റെ കള്ളങ്ങളെ തുറന്നുകാണിക്കാൻ ബുദ്ധിജീവികൾ തയാറാകണമെന്നുകൂടി സൂചിപ്പിച്ചു.
എന്നാൽ, എന്താണ് ഇതുസംബന്ധിച്ച ഇന്ത്യൻ യാഥാർഥ്യം? സ്വാതന്ത്ര്യത്തിന്റെ അപകടങ്ങളെക്കാൾ അടിമത്തത്തിന്റെ സുരക്ഷിതത്വത്തിൽ അഭയംതേടുന്ന മനുഷ്യസ്വഭാവത്തെക്കുറിച്ച് എം.ടി. വാസുദേവൻ നായർ പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രസംഗിച്ചത് ഓർമയിൽവരുന്നു. ഈയിടെ ഏഷ്യൻ കോളജ് ഓഫ് ജേണലിസത്തിന്റെ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയ എഴുത്തുകാരൻ പ്രതാപ് ഭാനു മേത്ത മറ്റൊരു ചോദ്യം ചോദിച്ചു- ആർക്കാണ് 'സത്യ'ത്തിന്റെ കാര്യത്തിൽ താൽപര്യമുള്ളത്? -Who is interested in truth?
ഇന്ത്യൻ ഭരണഘടന മോഹിപ്പിക്കുന്ന പുസ്തകമാണ്. ഒപ്പം, മോഹങ്ങളുടെ പുസ്തകവും. സമത്വത്തെയും സാഹോദര്യത്തെയും സ്വാതന്ത്ര്യത്തെയും നീതിയെയും മതേതരത്വത്തെക്കുറിച്ചും റിപ്പബ്ലിക്കൻ ജനാധിപത്യത്തെക്കുറിച്ചും സോഷ്യലിസത്തെക്കുറിച്ചുമെല്ലാം ഭരണഘടന അതിന്റെ ആമുഖത്തിൽതന്നെ പറയുന്നു. ഒട്ടേറെ പ്രതിസന്ധികളുയർന്നുവന്നപ്പോഴും ഈ ഭരണഘടനയെ നിലനിർത്തിയത് ഇന്ത്യക്കാരുടെ ഇച്ഛാശക്തിയാണെന്ന് നിയമദാർശനികനായ ഗ്രാൻവിൽ ഓസ്റ്റിൻ വിവരിക്കുന്നുണ്ട്. നമ്മുടെ ഭരണഘടനയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശ്രുത ഗ്രന്ഥം-'ദ ഇന്ത്യൻ കോൺസ്റ്റിറ്റ്യൂഷൻ-കോർണർ സ്റ്റോൺ ഓഫ് എ നാഷൻ'- അവസാനിക്കുന്നത് ഇതിന്റെ പേരിൽ ഭാരതീയരെ അഭിനന്ദിച്ചുകൊണ്ടാണ്.
എന്നാൽ, ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ജസ്റ്റിസ് ഛഗ്ലയുടെ കാലത്തുനിന്ന് ചീഫ്ജസ്റ്റിസ് ഗൊഗോയിയുടെ കാലത്തെത്തുേമ്പാഴേക്കും നമ്മുടെ ഭരണഘടനാ സ്ഥാപനങ്ങൾക്കും അധികാരസ്ഥാപനങ്ങൾക്കും മാത്രമല്ല, ജനങ്ങളിൽ വലിയൊരു വിഭാഗത്തിന്റെ ചിന്താഗതിയിലും വലിയ മാറ്റങ്ങൾ വന്നിരിക്കുന്നു. ചീഫ് ജസ്റ്റിസ് ഗൊഗോയിക്കെതിരെ ലൈംഗികാരോപണമുയർന്നപ്പോൾ, അദ്ദേഹം വിചിത്രമായ നടപടിക്രമങ്ങളിലൂടെ അതിനെ കൈകാര്യം ചെയ്തപ്പോൾ, അതിന് നിയമരംഗത്തുള്ളവരിൽനിന്നുതന്നെ പിന്തുണ ലഭിച്ച കാര്യം ഓർമിക്കുക.
ന്യായാധിപർ വിരമിക്കുന്ന സമയത്ത് അവരെ അന്ധമായും അതിശയോക്തിയോടെയും വാഴ്ത്തുന്ന പ്രവണത നീതിന്യായ സംവിധാനത്തിനും ജനാധിപത്യത്തിനു തന്നെയും അപകടകരമാണെന്ന് അഭിഭാഷകനായ ഗൗതം ഭാട്ടിയ ഈയിടെ എഴുതിയതിൽ ഏറെ കാര്യമുണ്ട്.സ്വതന്ത്ര ബുദ്ധിജീവികൾക്ക് ചരിത്രപരമായ ദൗത്യമാണ് നിർവഹിക്കാനുള്ളത്. ചിന്തകനായ എഡ്വേഡ് സെയ്ദിന്റെ ബുദ്ധിജീവിധർമത്തെക്കുറിച്ചുള്ള ആലോചനകൾക്ക് എന്നും പ്രസക്തിയുണ്ട്. ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിരീക്ഷണങ്ങളും ഇക്കാര്യം തന്നെയാണ് ബോധ്യപ്പെടുത്തുന്നത്. നിർണായക ഘട്ടങ്ങളിൽ നമ്മുടെ കോടതികളും മാധ്യമങ്ങളും ബുദ്ധിജീവികളും സ്വീകരിക്കുന്ന നിലപാടുകൾ തന്നെയാണ് ജനാധിപത്യത്തിന്റെ ഭാവിയെ നിർണയിക്കുക.
ഭരണഘടനയെത്തന്നെ അധികാരവർഗം വെല്ലുവിളിക്കുന്ന ഒരു കാലഘട്ടത്തിൽ, കോവിഡ് മഹാമാരിയെപ്പോലും സമരങ്ങളെ തകർക്കാനും രാജ്യത്തിന്റെ പൊതുമുതലുകൾ 'വേണ്ടപ്പെട്ടവർ'ക്ക് വിറ്റഴിക്കാനുള്ള അവസരമായി കാണുന്ന അധികാരികൾക്കെതിരെ ധീരമായ ചിന്തകളും സംവാദങ്ങളും നിലനിർത്തിയേ പറ്റൂ. പൗരത്വ നിയമത്തിനും കാർഷിക നിയമങ്ങൾക്കും എതിരായ പ്രക്ഷോഭങ്ങളിൽ ഇന്ത്യൻ ഭരണഘടന തന്നെ സമരങ്ങൾക്കുള്ള പ്രത്യയശാസ്ത്രമായതിൽ അദ്ഭുതമില്ല. അതിനാൽ, ഭരണഘടനയെ ജനങ്ങളിലെത്തിക്കാൻ നമുക്കൊരു വിനിമയ ഭാഷ കണ്ടെത്തേണ്ടിയിരിക്കുന്നു. ഭരണഘടനാ മൂല്യങ്ങൾക്കായി നിരന്തരമായി ആഗ്രഹിക്കുക എന്നതുതന്നെ വിലപ്പെട്ട ഒരു രാഷ്ട്രീയ ദൗത്യമാണ്.
(ലേഖകൻ സുപ്രീംകോടതിയിലും കേരളഹൈകോടതിയിലും അഭിഭാഷകനാണ്)
@kaleeswaram R)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.