ഇന്ത്യയിലെ വ്യക്തിസ്വാതന്ത്ര്യം നേരിടുന്ന കടുത്ത പ്രതിസന്ധികളെക്കുറിച്ച് എഴുതാൻ ആലോചിച്ചുകൊണ്ടിരിക്കെയാണ് നടു ക്കുന്ന ആ വാർത്ത വന്നത്- സ്റ്റാൻ സ്വാമി കടന്നുപോയിരിക്കുന്നു. നിരന്തരമായി ജാമ്യം നിഷേധിച്ച കോടതി ഉത്തരവുകളുടെയൊടുവിൽ സ്വാമി സ്വന്തം മോചനം തികച്ചും സമാനതകളില്ലാത്തവിധത്തിൽ സ്വായത്തമാക്കിയിരിക്കുന്നു. 'വിശുദ്ധന്മാർ തടവറയിലാകുേമ്പാൾ' (When saints are in prison) എന്ന തലക്കെട്ടിൽ കഴിഞ്ഞവർഷം എഴുതിയ ഒരു ലേഖനത്തിൽ, പാർക്കിൻസൺസ് രോഗം പിടിപെട്ട് വലയുന്ന, ഒരു ടംബ്ലർപോലും കൈയിൽ ഉറപ്പിച്ചുപിടിക്കാൻ കഴിയാത്ത ഈ വയോധികനെ സഹായിക്കാൻ 'ലോകത്തെ ഏറ്റവും ശക്തമായ' ഇന്ത്യൻ സുപ്രീംകോടതിക്കു കഴിഞ്ഞില്ല എന്ന് ഈ ലേഖകൻ പരിതപിച്ചിരുന്നു (The new Indian Express, 12.12.2020). നിസ്വരും പീഡിതരും ചൂഷിതരുമായ ആദിവാസികൾക്കും ഇതര ദുർബലവിഭാഗങ്ങൾക്കുംവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച സ്വാമിയുടെ മരണം ഒരുപേക്ഷ, അദ്ദേഹത്തിെൻറ ജീവിതംപോലെതന്നെ ത്യാഗനിർഭരവും സഹനാധിഷ്ഠിതവുമായി. ജീവിതത്തെയും മരണത്തെയും സ്വാമി സന്ദേശമാക്കിത്തീർത്തു -യേശുവിനെയും ഗാന്ധിയെയുംപോലെ. ഈ രക്തത്തിൽ പങ്കില്ലെന്നു പറയാൻ ഏത് അധികാരിവർഗത്തിനാണ് കഴിയുക?
സമീപകാലത്തെ അന്യായ തടങ്കലുകളുടെ നീണ്ട പരമ്പരയിൽ ഒരു കണ്ണി മാത്രമായിരുന്നു, സ്വാമി. ചരിത്രത്തെത്തന്നെ രണ്ടായി വിഭജിക്കാൻ പോന്ന ഇൗ രക്തസാക്ഷിത്വത്തെ മറക്കാനും മറച്ചുവെക്കാനും അധികാരിവർഗവും അവരുടെ ആശ്രിതരും ശ്രമിച്ചുകൊണ്ടിരിക്കും. പല ദേശീയ ദൃശ്യമാധ്യമങ്ങളിലും സ്വാമിയുടെ മരണം ചിത്രീകരിക്കപ്പെട്ടത് 'കൂട്ടത്തിലൊരു മരണം' എന്ന നിലയിൽ മാത്രമായിരുന്നു. അന്യായമായും കളവായും കേസുകൾ കെട്ടിച്ചമച്ച് സിദ്ദീഖ് കാപ്പൻ മുതൽ ഗൗതം നവലാഖ വരെ, സുധ ഭരദ്വാജ് മുതൽ കേരളത്തിലെ അധികമൊന്നും അറിയപ്പെടാത്ത ഇബ്രാഹിംവരെ നൂറുകണക്കിന് മനുഷ്യർക്ക് നീതിയും മോചനവും നിഷേധിച്ച കോടതികളും ഭരണകൂടവും ഓർമിക്കാനിഷ്ടപ്പെടുന്ന ഒന്നായിരിക്കില്ല, സ്റ്റാൻ സ്വാമിയുടെ ജീവിതവും മരണവും. പേക്ഷ, ഈ രക്തസാക്ഷിത്വത്തിെൻറ അപാരമായ ഇടിമുഴക്കങ്ങളെ ഇനിയാർക്കും അവഗണിക്കാൻ കഴിയില്ല.
അധികാരസേവ നടത്തുന്ന വിധേയമാധ്യമങ്ങളിൽ ചിലത് രണ്ടുദിവസമായി പൊഴിക്കുന്ന മുതലക്കണ്ണീരിൽ ആരും വലിയ പ്രതീക്ഷ പുലർത്തുകയില്ല. അവർതന്നെയായിരുന്നുവല്ലോ, സ്റ്റാൻ സ്വാമിയെ ഈ നിലയിൽ നിഷ്കാസനം ചെയ്യാൻ ഭരണകൂടത്തെ സജ്ജമാക്കിക്കൊണ്ടിരുന്നത്. എന്നാൽ, അനീതിക്കെതിരെ സ്വയം മറന്ന് സമരംചെയ്യുന്ന ഒരു വിഭാഗം ഇന്നും ഇന്ത്യയിൽ നിലനിൽക്കുന്നു. യു.എ.പി.എ ചുമത്തപ്പെട്ട് ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിൽ കഴിയേണ്ടിവന്ന മൂന്നു വിദ്യാർഥികൾ- ആസിഫ്, നടാഷ, ദേവാംഗന- ജയിലിൽനിന്ന് പുറത്തുവന്നയുടനെ വേവലാതിപ്പെട്ടത് സ്റ്റാൻ സ്വാമിയടക്കമുള്ള അപ്പോഴും പുറത്തിറങ്ങാൻ കഴിയാതിരുന്ന മനുഷ്യസ്നേഹികളെക്കുറിച്ചായിരുന്നു.
യു.എ.പി.എ എന്ന മാരണനിയമം ചുമത്തിയാണ് ഭരണകൂടം പല പൗരാവകാശ പ്രവർത്തകരെയും സ്വതന്ത്ര ചിന്തകരെയും തടവിൽ പാർപ്പിച്ചത്. പലപ്പോഴും വായിച്ചാൽ തീരാത്തത്രയും വലിയ ചാർജ്ഷീറ്റുകൾ സമർപ്പിച്ചുകൊണ്ട് കേസുകൾ നീട്ടിവെക്കുന്ന, അതുവഴി തടങ്കൽ കാലാവധി നീട്ടുന്ന അടവുനയമാണ് ഇത്തരം കേസുകളിൽ പ്രോസിക്യൂഷൻ സ്വീകരിക്കുന്നത്. ആസിഫിെൻറയും നടാഷയുടെയും ദേവാംഗനയുടെയും കേസുകളിൽ അവർക്ക് ജാമ്യം നൽകിക്കൊണ്ടുള്ള ഡൽഹി ഹൈകോടതി ഡിവിഷൻ ബെഞ്ച് വിധി വൈകിവന്ന നീതിയുടെ വെളിപ്പെടലായിരുന്നു. യു.എ.പി.എ നിയമത്തിലെ കുറ്റകൃത്യങ്ങളെ നിർവചിക്കുന്ന 15, 17, 18 വകുപ്പുകളുടെ പരിധിയിൽ വരുന്ന കുറ്റകൃത്യമല്ല രാഷ്ട്രീയ വിയോജിപ്പുകൾ എന്ന ലളിതമായ പാഠം മുന്നോട്ടുവെക്കാൻപോലും ഹൈകോടതിക്ക് സാമാന്യം വലിയ ഒരു വിധിന്യായം എഴുതേണ്ടിവന്നു. യു.എ.പി.എ നിയമത്തിലെ 43 ഡി 5 വകുപ്പനുസരിച്ച്, കുറ്റാരോപണം പ്രഥമദൃഷ്ട്യാ ശരിയാണെന്ന് തോന്നിയാൽ കോടതി ജാമ്യം നിഷേധിക്കണം എന്നാണ് വ്യവസ്ഥ.
കുറ്റപത്രം സമർപ്പിക്കാൻ 180 ദിവസംവരെ സമയമെടുക്കാം എന്നു പറയുന്ന നിയമത്തിൽ ജയിലാണ് നിയമം; ജാമ്യം കിട്ടാക്കനിയും. എന്നിട്ടും കുറ്റപത്രത്തിലെ അസംബന്ധങ്ങൾ തുറന്നുകാട്ടിക്കൊണ്ട് വൈകിയെങ്കിലും വിദ്യാർഥി നേതാക്കൾക്ക് മോചനം നൽകാൻ ഡൽഹി ഹൈകോടതിക്കു കഴിഞ്ഞു. അതൊരു കീഴ്വഴക്കമാക്കരുതെന്ന് സുപ്രീംകോടതി ഉടനടി ഉത്തരവിറക്കി! എന്നാൽ, കീഴ്വഴക്കമെന്ന നിലയിലല്ല, ഒരു മാതൃക എന്ന നിലയിൽ ഹൈകോടതി വിധിക്കുള്ള പ്രാധാന്യം ആർക്കും തള്ളിക്കളയാനാവില്ല. വർഷങ്ങളായി യു.എ.പി.എ ഇന്ത്യയിൽ അതിെൻറ കിരാതവാഴ്ച നടത്തിയപ്പോൾ എത്ര ന്യായാധിപന്മാർക്ക് ഡൽഹി ഹൈകോടതിയിലെ ന്യായാധിപരായ സിദ്ധാർഥ് മൃദുലിനെയും ജയ്റാം ബംബാനിയെയുംപോലെ ധീരമായ നിലപാടുകൾ സ്വീകരിക്കാൻ കഴിഞ്ഞു?
യു.എ.പി.എ പോലെതന്നെ സാർവത്രികമായി ചുമത്തപ്പെടുന്നതാണ് രാജ്യദ്രോഹക്കുറ്റവും. ശിക്ഷാനിയമത്തിലെ 124 എ എന്ന കൊളോണിയൽ വ്യവസ്ഥയനുസരിച്ച് കേവലം ഒരു പദപ്രയോഗംപോലും രാജ്യദ്രോഹമാകാം എന്ന നിലപാടാണ് പല കേസുകളിലും ഭരണകൂടം സ്വീകരിച്ചത്. ലക്ഷദ്വീപിലെ സിനിമാപ്രവർത്തകയായ ആയിഷ സുൽത്താനക്കെതിരെ കേസെടുത്ത സമീപകാല സംഭവം ഓർക്കുക. 1962ലെ കേദാർനാഥ് വിധിയിൽ ആക്രമണത്തിന് ആഹ്വാനം നൽകുന്ന വാക്കുകളെ മാത്രമേ രാജ്യദ്രോഹക്കുറ്റമായി കാണേണ്ടതുള്ളൂ എന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു. എന്നാൽ, ഈ 'ചരിത്രപ്രധാനമായ' വിധിയിലൂടെ പ്രതികൾക്ക് ശിക്ഷാവിധിയിൽനിന്ന് രക്ഷപ്പെടാനല്ലാതെ, അറസ്റ്റിൽനിന്നും അന്യായ തടങ്കലിൽനിന്നും രക്ഷപ്പെടാൻ പലപ്പോഴും കഴിഞ്ഞില്ല. നിയമം ഭരണഘടനാവിരുദ്ധമായി കണ്ട് റദ്ദാക്കുന്നതിനു പകരം കൊളോണിയൽ നിയമത്തിന് ഭരണഘടനാസാധുത കൽപിച്ച കോടതി വിധി, പരോക്ഷമായി, നിയമത്തിെൻറ അറുപതോളം വർഷക്കാലായി തുടരുന്ന ദുഷ്പ്രഭാവത്തിന് കളമൊരുക്കുകകൂടിയാണ് ചെയ്തത്.
എതിർപ്പിെൻറ സ്വരങ്ങളെ ഏതുവിധേനയും ഇല്ലാതാക്കാൻ, ഭയപ്പെടുത്തിക്കൊണ്ട് വിമർശനത്തിെൻറ മുനയൊടിക്കാൻ ഒന്നല്ലെങ്കിൽ മറ്റൊരു നിയമവ്യവസ്ഥയെ ഭരണകൂടം ഉപയോഗിച്ചുകൊണ്ടേയിരിക്കും. എന്നാൽ, ഔപചാരിക പ്രതിപക്ഷത്തിെൻറപോലും ഭാഗമാകാത്ത, ജീവിതത്തെ തുറന്നപുസ്തകമാക്കി, സമൂഹത്തിനായി സകലതും ത്യജിച്ച മനുഷ്യസ്നേഹികളെ ഇത്രയും ഹീനമായി കൈകാര്യംചെയ്ത ഒരു സർക്കാർ സ്വതന്ത്ര ഇന്ത്യയിൽ ഉണ്ടായിട്ടില്ല. അതിനാൽത്തന്നെ സ്റ്റാൻ സ്വാമിയുടെ രക്തസാക്ഷിത്വം കോടതികൾക്കകത്തും പുറത്തും നടക്കാനിരിക്കുന്ന പുതിയ മുന്നേറ്റങ്ങൾക്ക് ഇന്ധനം പകരുകതെന്ന ചെയ്യും. 'ദുഷ്ടനായ ഭരണാധികാരി മരിക്കുേമ്പാൾ അയാളുടെ ഭരണം അവസാനിക്കുന്നു; എന്നാൽ, രക്തസാക്ഷിയുടെ മരണത്തോടെ അദ്ദേഹത്തതിെൻറ അധികാരം ആരംഭിക്കുകയാണ്' -ഡാനിഷ് ചിന്തകനായ സോറൺ കിർകിഗാഡ് പറഞ്ഞു. സ്റ്റാൻ സ്വാമിയുടെ ജീവിതവും മരണവും നമ്മുടെ സ്വാതന്ത്ര്യമോഹങ്ങളെ ആഴത്തിൽ സ്വാധീനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.