കർണാടകയിൽ ചില വിദ്യാലയങ്ങളിൽ ഹിജാബ് (ശിരോവസ്ത്രം) ധരിക്കുന്നതു സംബന്ധിച്ചുണ്ടായ വിവാദങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കേസുകളിൽ കർണാടക ഹൈകോടതിയുടെ ഫുൾബെഞ്ച് വാദംകേട്ട് വിധിപറയാൻ മാറ്റിയിരിക്കുകയാണ്. കേസിലെ അന്തിമവിധി ഏതുതന്നെയായാലും, കർണാടകത്തിനു മാത്രമല്ല, രാജ്യത്തിനാകെത്തന്നെയും ഈ സംഭവവികാസങ്ങളിൽനിന്ന് ഒട്ടേറെ പഠിക്കുവാനുണ്ട്.
ശിരോവസ്ത്രം ധരിക്കുന്നതിന് ഭരണഘടനയുടെ 25ാം അനുഛേദമനുസരിച്ച് വിശ്വാസസംരക്ഷണമില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് കർണാടക സർക്കാർ തന്നെ മുന്നോട്ടുവന്നു. സർക്കാർ ഇറക്കിയ ഉത്തരവനുസരിച്ച് വിദ്യാലയങ്ങളുടെ നടത്തിപ്പു കമ്മിറ്റികൾക്ക് യൂനിഫോമും ശിരോവസ്ത്രവും പോലുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം വിട്ടുനൽകി. സർക്കാർ നിലപാടിന്‍റെയും ഉത്തരവിന്‍റെയും ചുവടുപിടിച്ച് പല വിദ്യാലയങ്ങളുടെ അധികൃതർ ശിരോവസ്ത്രമണിഞ്ഞ വിദ്യാർഥിനികളെ പടിക്കുപുറത്തുനിർത്തി. ഒന്നുകിൽ വിശ്വാസം, അല്ലെങ്കിൽ വിദ്യാഭ്യാസം-രണ്ടിലേതെങ്കിലുമൊന്നു തിരഞ്ഞെടുക്കാൻ വിദ്യാർഥിനികൾ ബാധ്യസ്ഥരാണെന്ന നിലവന്നു. പൊതുവായ, എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന ഉത്തരവു മാത്രമേ സർക്കാർ ഇറക്കിയുള്ളൂവെന്ന് ന്യായം പറയാമെങ്കിലും അത് ഉന്നംവെച്ചത് ശിരോവസ്ത്രമണിഞ്ഞ മുസ്ലിം വിദ്യാർഥിനികളെ മാത്രമായിരുന്നുവെന്നത് വ്യക്തം. അങ്ങനെത്തന്നെയായിരുന്നു. വിഷയത്തെയും വിവാദത്തെയും ചൂഷണം ചെയ്ത് നേട്ടങ്ങളുണ്ടാക്കാൻ ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയകക്ഷികൾ ശ്രമിച്ചുവെച്ചത് മറ്റൊരു കാര്യം. കർണാടകയിൽ മാത്രമല്ല, ഉത്തർപ്രദേശ് അടക്കം തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽപോലും ശിരോവസ്ത്രധാരണത്തിന്‍റെയും നിരോധനത്തിന്‍റെയും പേരിൽ വോട്ടുപിടിക്കാനുള്ള ശ്രമം നടന്നു. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും ഭരണഘടനക്കും രാജ്യതാൽപര്യങ്ങൾക്കും സാമൂഹിക പുരോഗതിക്കും എതിരാണ്. പരോക്ഷമായെങ്കിലും ഈ രണ്ടുതരം വർഗീയതകളും പരസ്പരം പോഷിപ്പിക്കുന്നുവെന്നതാണ് ഇന്ത്യൻ യാഥാർഥ്യം. നമ്മുടെ രാഷ്ട്രീയരംഗത്തും തെരഞ്ഞെടുപ്പുരംഗത്തും അദൃശ്യമായ ഈ പാരസ്പര്യത്തിന്‍റെ ഭീകരമായ പരിണതികൾ കാണാം.
ശിരോവസ്ത്രം ഇസ്ലാമിലെ അനിവാര്യമായ സമ്പ്രദായമാണ് എന്ന് ഒരുപാടു പേർ വിശ്വസിക്കുന്നു. ചില കോടതിവിധികളും അങ്ങനെയാണ്. എന്നാൽ, ഇതിൽനിന്ന് വ്യത്യസ്തമായ കോടതിവിധികളും ഉണ്ടായിട്ടുണ്ട്. യഥാർഥത്തിൽ മതവിശ്വാസ സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ ഇത് 'അനിവാര്യമായ മതസമ്പ്രദായം' (essential religious Dractice) ആണെന്ന് വാദിക്കുകയോ തെളിയിക്കുകയോ കോടതിയെ ബോധ്യപ്പെടുത്തുകയോ ചെയ്യേണ്ടതില്ല.
ഭരണഘടനയുടെ 25ാം അനുഛേദത്തിൽ ഇങ്ങനെയൊരു പ്രയോഗം തന്നെയും ഇല്ല. കോടതികൾ വികസിപ്പിച്ചുകൊണ്ടുവന്ന ഒരു ആശയമാണിത്. പ്രസിദ്ധമായ തിരൂർ മഠം കേസിൽ (1954) ആണ് സുപ്രീംകോടതി ഈ ആശയം വികസിപ്പിച്ചത്. എന്നാൽ, മതവിശ്വാസവും ചില ആചാരങ്ങളും തമ്മിലെ ബന്ധത്തെ സുപ്രീംകോടതി വിലയിരുത്തിയത് ചില ധർമസ്ഥാപനത്തിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട സാഹചര്യത്തിൽ ആയിരുന്നു. സാമാന്യം സങ്കീർണവും. അഭിപ്രായവ്യത്യാസങ്ങൾക്കും വിയോജിപ്പുകൾക്കും സാധ്യതയുള്ളതുമായ ഒരു ആശയമാണിത്. ഒരു പ്രത്യേക കാര്യം അനിവാര്യമായ മതാചാരമാണെന്ന് കാണിക്കുക അത്ര എളുപ്പമല്ലെന്നതാണ് വസ്തുത. എന്നാൽ, ഈ സങ്കീർണതയിലേക്കു പോകാതെതന്നെ ശിരോവസ്ത്രത്തിന്‍റെ പേരിൽ കുട്ടികളെ ക്ലാസിനുപുറത്താക്കുന്ന നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമായി കാണിക്കാൻ കഴിയും. ഭരണഘടനയുടെ 14ാം അനുഛേദത്തിൽ വിവരിച്ച തുല്യത യൂനിഫോം സംബന്ധിച്ച് തുല്യതയാണെന്ന് തെറ്റിദ്ധരിക്കരുത്. അത് നിയമത്തിനു മുന്നിലെ തുല്യതയെയും നിയമത്തിന്‍റെ തുല്യസംരക്ഷണത്തെയും കുറിച്ചാണ് പറയുന്നത്. 15ാം അനുഛേദമാകട്ടെ, മതത്തിന്‍റെയോ ലിംഗത്തിന്‍റെയോ പേരിലുള്ള വിവേചനത്തെ വിലക്കുന്നു. 'എല്ലാവർക്കും ബാധകമായ' ഒരു ഉത്തരവിലൂടെ മുസ്ലിം വിദ്യാർഥിനികൾ എന്ന ഒരു വിഭാഗത്തെ മാത്രം പടിക്കുപുറത്തു നിർത്തുന്ന സർക്കാർ ഉത്തരവും തുടർനടപടികളും 15ാം അനുഛേദത്തിന്‍റെ വ്യക്തമായ ലംഘനമാണ്. സുപ്രീംകോടതി പരോക്ഷ വിവേചനം സംബന്ധിച്ച് പുറപ്പെടുവിച്ച വിധികളുടെ താൽപര്യത്തിനും എതിരാണ് അധികൃതരുടെ നടപടി. പുറമെ തുല്യതയുടെ മേലങ്കിയണിഞ്ഞ് ഫലത്തിൽ വേർതിരിവു നടത്തുന്ന നടപടികളെയാണ് പരോക്ഷ വിവേചനമായി നിയമം കാണുന്നത്. കേണൽ നിതീഷയുടെ കേസിൽ (2020) സുപ്രീംകോടതി ഈ തത്ത്വം വിശദീകരിക്കുകയും അതിലെ ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാണിക്കുകയും ചെയ്തു.
ശിരോവസ്ത്രധാരണം, ഒരു അഭിപ്രായപ്രകടനവും വിശ്വാസപ്രകടനവും വ്യക്തിത്വ പ്രകടനവും ആണ്. ഒപ്പം, അത് ഒരാളിന്‍റെ സ്വകാര്യതയെന്ന മൗലികാവകാശം കൂടി ഉൾക്കൊള്ളുന്ന ഒന്നാണ്. വസ്ത്രധാരണത്തിൽ തിരഞ്ഞെടുക്കാനുള്ള അവകാശവും അന്തർഭവിച്ചിരിക്കുന്നു. നാഷനൽ ലീഗൽ സർവിസ് അതോറിറ്റിയുടെ കേസിലും (2014) പുട്ടസ്വാമി കേസിലും (2017) സുപ്രീംകോടതി ഭരണഘടനയുടെ 19ാം അനുഛേദത്തിന്‍റെയും ഇതര അനുഛേദങ്ങളുടെയും പരിധിയിൽ വരുന്ന സ്വാതന്ത്ര്യങ്ങൾ വസ്ത്രധാരണ കാര്യത്തിലും ബാധകമാണെന്ന് വ്യക്തമാക്കി. ഇതിനുപുറമെ, 25 (1) അനുഛേദത്തിൽ വിവരിച്ച വിശ്വാസസ്വാതന്ത്ര്യം (Freedom of conscience) കൂടി ശിരോവസ്ത്രത്തെ മൗലികാവകാശമാക്കി മാറ്റുന്നു.
കൃപാൺ ധരിച്ചെത്തിയ സിഖ് വിദ്യാർഥിയെ വിദ്യാലയാധികൃതർ പുറത്താക്കിയ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് കനേഡിയൻ സുപ്രീംകോടതി വിധിച്ചു (മുൾടാനിയുടെ കേസ് (2006), എസ്.സി.ആർ 256). ഇത്തരം ആചാരങ്ങളും വിശ്വാസ പ്രമാണങ്ങളും കൂടി ഈ ലോകത്തുണ്ടെന്ന് സഹപാഠികളെ മനസ്സിലാക്കിക്കുമ്പോഴാണ് ക്ലാസ്മുറിക്കകത്തുതന്നെ സഹിഷ്ണുതയുടെയും പരസ്പര സൗഹൃദത്തിന്‍റെയും അന്തരീക്ഷം ഉണ്ടാവുക എന്ന സമീപനമാണ് ഈ വിധിയിൽ കാണാനാവുക. വിശ്വാസസ്വാതന്ത്ര്യവും ന്യൂനപക്ഷാവകാശങ്ങളും സംരക്ഷിക്കാൻ വിദ്യാലയങ്ങൾ ബാധ്യസ്ഥരാണെന്ന് കനേഡിയൻ സുപ്രീംകോടതി മുൾടാനി കേസിൽ പറഞ്ഞു. ഇന്ത്യയിലെ ബിജോയ് ഇങ്കാരവൻ കേസിലും (1986) യഹോവ സാക്ഷികളായ വിദ്യാർഥികളുടെ വിശ്വാസ സ്വാതന്ത്ര്യത്തിനാണ് നമ്മുടെ സുപ്രീംകോടതി അടിവരയിട്ടത്. ദേശീയഗാനം പാടാൻ അവരെ നിർബന്ധിക്കാനാവില്ല എന്ന നിലപാട് സുപ്രീംകോടതി സ്വീകരിച്ചത്, അവരുടെ മതവിശ്വാസം അതിന് അനുവദിക്കുന്നില്ല എന്ന യഹോവ സാക്ഷിയായ ഹരജിക്കാരന്‍റെ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു.
ശിരോവസ്ത്രം, യൂനിഫോമിനെതിരല്ല. അതൊരു കൂട്ടിച്ചേർക്കൽ മാത്രമാണ്. യൂനിഫോമിനായുള്ള ഒരു കൂട്ടിച്ചേർക്കൽ. ഏതായാലും ആർക്കും ഒരു അപകടവും വരുത്താത്ത ശിരോവസ്ത്രത്തിനെതിരെ അധികാരികൾ തങ്ങളുടെ സർവശക്തിയും സംഭരിച്ച് മുന്നോട്ടുവരുന്നത് മറ്റുചില താൽപര്യങ്ങളോടെയാണെന്നത് വ്യക്തം. ഈ താൽപര്യങ്ങളെ നിയമപരമായും രാഷ്ട്രീയമായും നേരിടുകയാണ് വേണ്ടത്.
സമൂഹത്തിലെന്നതുപോലെ ക്ലാസ് മുറികളിലും വൈജാത്യങ്ങളും വിയോജിപ്പുകളും പ്രോത്സാഹിപ്പിക്കപ്പെടുകയും വ്യത്യസ്ത സമ്പ്രദായങ്ങളുടെ സമാധാനപരമായ സഹവർത്തിത്വം ഊട്ടിയുറപ്പിക്കുകയും വേണം. നിർബന്ധിത അഭിപ്രായ ഐക്യത്തിലൂടെ ഉണ്ടാകുന്നത് ശ്മശാനത്തിന്‍റെ ഏകാഭിപ്രായമാണെന്ന് അമേരിക്കൻ ന്യായാധിപനായിരുന്ന റോബർട്ട് ജോക്സൺ പറഞ്ഞത് ഓർമിക്കുക.
(ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈകോടതിയിലും അഭിഭാഷകനാണ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.