ഒടുവിൽ വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചുകൊണ്ടുള്ള ബിൽ പാർലമെൻറ് പാസാക്കിയിരിക്കുന്നു. നിയമം കൊണ്ടുവന്നപ്പോൾ സംഭവിച്ചതുപോലെ, ഒരുവിധ ചർച്ചയും കൂടാതെ, ശബ്ദവോട്ടിെൻറ അടിസ്ഥാനത്തിൽ ബിൽ പാസാക്കുകയാണുണ്ടായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച 12.06 മണിക്ക് ലോക്സഭയുടെ മേശപ്പുറത്തുവെച്ച ബിൽ 12.10ന് തന്നെ പാസാക്കിയെടുത്തു. കേവലം നാലു മിനിറ്റുകൊണ്ട് ഇതു സംഭവിച്ചപ്പോൾ ഏതാണ്ട് 130 കോടി വരുന്ന ജനങ്ങൾക്ക്, അവരുടെ പ്രതിനിധികൾക്ക് കാര്യമായൊന്നും പറയാനോ ചെയ്യാനോ ഉണ്ടായിരുന്നില്ല. രാജ്യസഭയിൽ മാത്രമാണ് ചെറുതായെങ്കിലും ഒരു പ്രസംഗത്തിനുള്ള അവസരം പ്രതിപക്ഷത്തിനുവേണ്ടി കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെക്ക് ലഭിച്ചത്്.
കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിൽ പ്രതിപക്ഷത്ത് കാര്യമായ എതിർപ്പില്ല എന്നുമാത്രമല്ല, അവർ അതിനെ അനുകൂലിക്കുകയേയുള്ളൂ എന്നത് വ്യക്തം. ഇതുപക്ഷേ, ചർച്ചകൾ വേണ്ടെന്നുവെക്കാനുള്ള കാരണമേയല്ല. കേന്ദ്ര സർക്കാറിെൻറ സംവാദവിരുദ്ധത, അതിെൻറ ജനാധിപത്യവിരുദ്ധതയുടെ തുടർച്ച മാത്രമാണ്. ലിബറൽ ജനാധിപത്യത്തിെൻറ മുഖമുദ്ര, നിയമനിർമാണസഭകൾക്കകത്തും പുറത്തും നടക്കുന്ന ചർച്ചകളാണ്.
1949ൽ ആൾക്കൂട്ട ആക്രമണങ്ങൾക്കെതിരെ ബില്ലിെൻറ കാര്യത്തിൽ അമേരിക്കൻ സെനറ്റിൽ മതിയായ ചർച്ചകൾ നടക്കാതിരുന്നപ്പോൾ, ടെക്സസിൽനിന്നുള്ള സെനറ്റർ ലിൻറൺ ബെയിൻസ് ജോൺസൺ ഉജ്ജ്വലമായൊരു പ്രസംഗം നടത്തുകയുണ്ടായി. ഇരുമ്പുമറകൾക്കുള്ളിൽ കഴിയുന്ന സമഗ്രാധിപത്യ -ഏകാധിപത്യ രാജ്യങ്ങൾക്കുവേണ്ടി ഏതെങ്കിലും ഒരൊറ്റ സ്വാതന്ത്ര്യം തിരഞ്ഞെടുക്കാനായി ആവശ്യപ്പെട്ടാൽ താൻ തിരഞ്ഞെടുക്കുന്നത് നിയമനിർമാണ സഭയിൽ അപരിമിത ചർച്ചകൾ നടത്താനുള്ള സ്വാതന്ത്ര്യം മാത്രമായിരിക്കും എന്നാണ് ജോൺസൺ പറഞ്ഞത്. അദ്ദേഹം കൂട്ടിച്ചേർത്തു- 'തിടുക്കം കൊണ്ടോ അസഹിഷ്ണുത കൊണ്ടോ, നാം ഈ സ്വാതന്ത്ര്യം എടുത്തുകളഞ്ഞാൽ നൈമിഷിക ഭൂരിപക്ഷങ്ങളുടെ സ്വേച്ഛാധിപത്യത്തിെനതിരെ ന്യൂനപക്ഷങ്ങൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട രക്ഷാകവചമായിരിക്കും അറുത്തുമാറ്റപ്പെടുന്നത്.'' പെൻസൽവേനിയ സർവകലാശാലയിലെ റിച്ചാർഡ് ആർ ബീമൻ ജോൺസനെ ഉദ്ധരിച്ചുകൊണ്ടെഴുതിയ പ്രബന്ധം (1968) പാർലമെൻററി സംവാദങ്ങളുടെ ജനാധിപത്യപരമായ മൂല്യത്തിന് അടിവരയിടുന്നതാണ്.
ജനാധിപത്യത്തിൽ പാർലമെൻറ് എന്ന സ്ഥാപനത്തിെൻറ അടിസ്ഥാനധർമം തന്നെ പൊതുവിഷയങ്ങളിൽ ചർച്ച നടത്തുക എന്നുള്ളതാണ്. നിയമനിർമാണം പോലും ഇത്തരം ചർച്ചകളുടെ ഭാഗമായി ഉരുത്തിരിഞ്ഞുവരുന്നതായിരിക്കണം. ഒരു നിയമം നിർമിച്ചാൽ, അത് ആരെയൊക്കെയാണോ ബാധിക്കുക എന്നു നോക്കണം. അവരുടെ പ്രതിനിധികളുമായി ചർച്ചകൾ നടത്തണം. സുപ്രധാന വിഷയങ്ങളിൽ പൊതുജനങ്ങളെ ഉചിതമായ വേദികളിൽവെച്ച് അഭിപ്രായം പറയാൻ അനുവദിക്കണം (Public hearing). അതുപോലെ ജനപ്രതിനിധികൾക്കും വിദഗ്ധർക്കും അഭിപ്രായം പറയാൻ അവസരം ഉണ്ടാകണം. പാർലമെൻറിലെ സെലക്ട് കമ്മിറ്റിയുടെയും സബ്ജക്ട് കമ്മിറ്റിയുടെയും ധർമം ഇതാണ്. നിയമനിർമാണ പ്രക്രിയയിൽ അനിവാര്യമായ ഈ സ്വാഭാവിക നീതിയുടെ തത്ത്വങ്ങളാണ് വിവാദകാർഷിക നിയമം രൂപവത്കരിക്കുേമ്പാൾ നിഷേധിക്കപ്പെട്ടത്. ഒരു വർഷത്തോളം കർഷകരെ യാതനയിലേക്ക് തള്ളിവിട്ടതിെൻറയും 700ൽപരം കർഷകർ മരിച്ചതിെൻറയും ധാർമികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തം കേന്ദ്രസർക്കാറിനു തന്നെയാണ്.
എന്നാൽ, അത് അംഗീകരിക്കുന്നതിനുപകരം, സംഭവിച്ച തെറ്റ് നിർലജ്ജം ആവർത്തിക്കുന്ന ചിത്രമാണ് നിയമം പിൻവലിക്കുന്നതിലും കണ്ടത്. സർക്കാറിന് സംഭവിച്ച തെറ്റുകൾ സ്വയം വിമർശനത്തിെൻറയും പ്രതിപക്ഷ വിമർശനത്തിെൻറയും പശ്ചാത്തലത്തിൽ തിരുത്താനുള്ള വേദി കൂടിയാണ് പാർലമെൻറ്. കാർഷിക നിയമങ്ങളുടെ കാര്യത്തിലാകട്ടെ, കാർഷികോൽപന്നങ്ങളുടെ മിനിമം താങ്ങുവില, കർഷകർക്കെതിരായ കേസ് പിൻവലിക്കൽ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനങ്ങൾ വരാനിരിക്കുന്നേയുള്ളൂ.
അതിനും പാർലമെൻററി സംവാദങ്ങൾ ആവശ്യമാണ്. എന്നാൽ, പാർലമെൻറിനെ അവഗണിക്കുന്നതുവഴി കേന്ദ്രസർക്കാർ ജനപ്രതിനിധികളുെട- ജനങ്ങളുടെ തന്നെയും- സംവാദാവകാശങ്ങളെ പരിപൂർണമായും നിരാകരിച്ചിരിക്കുന്നു. മറ്റെല്ലാ ഭരണഘടനസ്ഥാപനങ്ങളെയുംപോലെ നിയമനിർമാണസഭയെയും നോക്കുകുത്തിയാക്കിക്കൊണ്ടാണ് സർക്കാർ അതിെൻറ കോർപറേറ്റ്-ജനവിരുദ്ധ താൽപര്യങ്ങൾ അടിച്ചേൽപിക്കുന്നത്. ചർച്ചകൾ നടന്നാലും ഈ താൽപര്യങ്ങൾ ഇല്ലാതാവില്ല. എന്നാൽ, ഇവയെ പുറത്തുകൊണ്ടുവരാൻ ചർച്ചകൾ കൂടിയേ കഴിയൂ. വലിയൊരു വിഭാഗം മാധ്യമങ്ങളെ മോദി ഭരണകൂടം വിലക്കെടുത്ത സാഹചര്യത്തിൽ സംവാദങ്ങളുടെ മൂല്യവും ആവശ്യകതയും കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നത്.
ഇന്ത്യൻ ഭരണഘടനയിൽ നിന്നും നാം ആദ്യം പഠിക്കേണ്ടത് അതിന്റെ സംവാദാധിഷ്ഠിത മൂല്യമാണ്. മൗലികാവകാശങ്ങൾക്കുവേണ്ടി വാദിച്ച നെഹ്റു, സ്വാതന്ത്ര്യത്തിന് ന്യായയുക്തമായ പരിമിതികൾ വേണമെന്നു പറഞ്ഞ സർദാർ വല്ലഭ്ഭായ് പട്ടേൽ, വ്യക്തിസ്വാതന്ത്ര്യത്തിന് അടിവരയിട്ട കെ.എം. മുൻഷി, ഗാന്ധിയൻ സ്വരാജിനു വേണ്ടി വാദിച്ച രാജഗോപാലാചാരി എന്നിവർ തൊട്ട് സ്വന്തം പൊതുജീവിതാനുഭവങ്ങളുടെ കലാലയങ്ങളിൽവെച്ച് വിദ്യാഭ്യാസം നേടിയ ഒട്ടേറെ അംഗങ്ങൾ വരെ ഉൾക്കൊള്ളുന്ന ഭരണഘടനാ നിർമാണസഭ ചർച്ചകളുടെ മൂല്യമെന്തെന്ന് നമുക്ക് പറഞ്ഞുതരുക മാത്രമല്ല, തെളിയിച്ചുതരുക കൂടി ചെയ്തു. ആ തെളിവാണ് ഇന്ത്യൻ ഭരണഘടന.
ഈ തെളിവിനെ നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണ് യഥാർഥത്തിൽ കേന്ദ്രസർക്കാർ നടത്തുന്നത്.് പാർലമെൻറിലെ സംവാദ വിമുഖതയെയും സംവാദ വിരുദ്ധതയെയും ഇതിെൻറ ഭാഗമായാണ് കാണേണ്ടത്. ഈ ഏകാധിപത്യത്തിനു കൂടി എതിരായിട്ടായിരുന്നു, കർഷകസമരം. വിജയിച്ച ഒരു സമരത്തിലൂടെ കർഷകർ അവരുടെ ആവശ്യങ്ങളിൽ നല്ലൊരുപങ്ക് നേടിയെടുക്കുക മാത്രമല്ല ചെയ്തത്. അവർ വീണ്ടെടുത്തത് ഭരണഘടനെയയും ഭരണഘടനാമൂല്യങ്ങളെയും തന്നെയായിരുന്നു. സമാധാനപരമായ സമരങ്ങളിലൂടെ ജനങ്ങൾ തന്നെ പ്രതിപക്ഷമാകുന്ന ഇന്ത്യാ ചരിത്രത്തിന്റെ ഉജ്ജ്വല മുഹൂർത്തങ്ങൾക്കാണ് നാം സാക്ഷികളായത്.
(ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈകോടതിയിലും അഭിഭാഷകനാണ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.