ഇന്ത്യയിൽ ജനാധിപത്യവും പൗരസ്വാതന്ത്ര്യവും കൂടിപ്പോയി എന്നു ചിന്തിക്കുന്ന ആളുകൾ ഉണ്ട്. കുറേ മുമ്പ് നിതി ആയോഗിന്റെ തലപ്പത്തിരുന്നുകൊണ്ട് ഒരു ഉദ്യോഗസ്ഥൻ ഈ നിലക്കുള്ള അഭിപ്രായപ്രകടനം നടത്തിയതോർമിക്കുക. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബുൾഡോസർ ഉപയോഗിച്ച്, ദുർബലവിഭാഗങ്ങളെ കുറ്റക്കാരായി ചിത്രീകരിച്ച് അവരുടെ ഭവനങ്ങൾ തകർക്കുന്ന ഭരണകൂട ഭീകരതയെക്കുറിച്ച് ഈയിടെ ഈ ലേഖകൻ എഴുതിയപ്പോൾ ഒരു വായനക്കാരൻ പ്രതികരിച്ചതും ഈ നിലക്കായിരുന്നു -ഇവിടെ ജനാധിപത്യവും സ്വാതന്ത്ര്യവും കുറച്ചധികമായിപ്പോയി!
സമൂഹമാധ്യമങ്ങളിലൂടെ ന്യായാധിപരെ അധിക്ഷേപിക്കുന്ന പ്രവണത വർധിച്ചുവരുന്നതായി സുപ്രീംകോടതിയിലെ ജസ്റ്റിസ് പർഡിവാല ഈയിടെ നിരീക്ഷിക്കുകയുണ്ടായി. ഈ വിമർശനത്തിൽ കഴമ്പുണ്ട്. എന്നാൽ, നിയമപരവും ഭരണഘടനാപരവുമായ കാര്യങ്ങളെ രാഷ്ട്രീയവത്കരിച്ച് അവതരിപ്പിക്കുന്നതിനെതിരെയും അദ്ദേഹം ആക്ഷേപമുന്നയിച്ചു. കക്ഷിരാഷ്ട്രീയവുമായി ബന്ധപ്പെട്ട പല വിഷയങ്ങളും നിയമ-ഭരണഘടനാപ്രശ്നങ്ങളായാണ് ഉത്ഭവിക്കുന്നതും വളർന്നുവികസിക്കുന്നതും. ഇന്ത്യയിലെന്നല്ല, പല ജനാധിപത്യ സമൂഹങ്ങളിലും നിയമവും രാഷ്ട്രീയവും തമ്മിലുള്ള കൂടിച്ചേരൽ സംഭവിക്കുന്നുണ്ട്. ജനാധിപത്യത്തിന്റെ ചരിത്രം തന്നെ ഈ കൂടിച്ചേരലിന്റെ ചരിത്രമാണ്. മഗ്നാകാർട്ട കരാർ (1215) മുതൽ നിയമചരിത്രവും ജനാധിപത്യചരിത്രവും തമ്മിലെ പാരസ്പര്യം കാണാം. അതിനാൽ, ജസ്റ്റിസ് പർഡിവാലയുടെ ഈ ആക്ഷേപം കുറെക്കൂടി വ്യക്തതയാവശ്യപ്പെടുന്നുണ്ട്.
എന്നാൽ, ഒരു പൊതു പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ ജസ്റ്റിസ് പർഡിവാല മേൽവിവരിച്ച വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ ഉന്നയിച്ച നിർദേശമാണ് ഈ കുറിപ്പിലെ ആകുലതക്ക് കാരണമായിട്ടുള്ളത്. സമൂഹ മാധ്യമങ്ങളെയും ഡിജിറ്റൽ മാധ്യമങ്ങളെയും നിയന്ത്രിക്കാൻ നിയമം കൊണ്ടുവരുന്ന കാര്യം പാർലമെന്റ് ആലോചിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമ വിചാരണയെയും നിയമനിർമാണം വഴി അഭിസംബോധന ചെയ്യണമെന്ന് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.
ഇപ്പോൾ നിലവിലുള്ള നിയമങ്ങളെപ്പോലും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കൂച്ചുവിലങ്ങിടുന്നതിനുവേണ്ടി എങ്ങനെയാണ് ഭരണകൂടം ഉപയോഗിക്കുന്നത് എന്നത് എല്ലാവർക്കും അറിയാം. ഏറ്റവുമൊടുവിൽ, വർഷങ്ങൾക്കുമുമ്പുള്ള ഒരു സമൂഹ മാധ്യമ പോസ്റ്റിന്റെ പേരിൽ 'ആൾട്ട് ന്യൂസി'ന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ ജാമ്യംപോലും നിഷേധിച്ച് ജയിലിലടച്ചിരിക്കുകയാണ്. നൂറുകണക്കിന് ആളുകൾ നിഷ്കളങ്കമായി നടത്തിയ അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ ജയിലിൽ കഴിയുമ്പോൾ, തികച്ചും കുറ്റകരമായ വിദ്വേഷപ്രസംഗങ്ങൾ നടത്തിയ പലരും അവരുടെ രാഷ്ട്രീയ മേൽവിലാസമൊന്നുകൊണ്ടു മാത്രം സുരക്ഷിതരായി വിലസുന്നു. നിയമത്തിന്റെ ഈ വിചിത്രവൈരുധ്യമാണ് ഇന്നത്തെ ഇന്ത്യൻ യാഥാർഥ്യം.
ഇത്തരം കാലഘട്ടത്തിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന പുതിയ നിയമങ്ങൾ സൃഷ്ടിച്ചാൽ പ്രശ്നങ്ങൾ തീരുമോ? യഥാർഥത്തിൽ വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട മാർഗനിർദേശകതത്ത്വങ്ങളും മാധ്യമസദാചാര സംഹിതയും സംബന്ധിച്ച് ചട്ടങ്ങൾ 2021ൽ കേന്ദ്രം കൊണ്ടുവന്നിട്ടുള്ളതാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നിലവിൽ വന്ന ഈ നിയമം സ്വാതന്ത്ര്യ നിഷേധത്തിനും മൗലികാവകാശ ധ്വംസനത്തിനും വഴിയൊരുക്കുമെന്ന ആക്ഷേപം നിലനിൽക്കുകയാണ്. ഈ വാദം ഉന്നയിച്ചുകൊണ്ടുള്ള ഹരജികളും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
ഡിജിറ്റൽ മാധ്യമങ്ങളുടെ മേൽ സർക്കാറിന് മേൽനോട്ടാവകാശം നൽകുന്ന ഈ ചട്ടങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭീഷണിയായേക്കും എന്നതാണ് ഉന്നയിക്കപ്പെട്ടിരിക്കുന്ന ആശങ്ക. പാർലമെന്റിൽ ചർച്ചകളില്ലാതെ ചട്ടങ്ങളുടെ രൂപത്തിൽ കൊണ്ടുവന്ന ഈ നിയമം വിമർശിക്കപ്പെട്ടതിൽ അത്ഭുതമില്ല. ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും സൂചികകളിൽ താഴോട്ടുപോയിക്കൊണ്ടിരിക്കുന്ന നമ്മുടെ രാജ്യത്ത് പുതിയ നിയമങ്ങൾകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് കരുതുന്നതിൽ വലിയ അർഥമില്ല. അത്തരം നിയമങ്ങളും അവയുടെ ആളെ നോക്കിയുള്ള പ്രയോഗവും സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്യും. ഇന്നത്തെ ഭരണകൂടത്തിന്റെ നാളിതുവരെയുള്ള ചെയ്തികൾ മതി, ഇക്കാര്യം ബോധ്യപ്പെടാൻ.
കുറ്റകരമായ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെയും ന്യായാധിപരെ അധിക്ഷേപിക്കുന്ന പ്രവണതക്കെതിരെയും നടപടി വേണമെന്നതിൽ തർക്കമില്ല. നിയമവാഴ്ച പരിരക്ഷിക്കപ്പെടണമെന്ന് ജസ്റ്റിസ് പർഡിവാല പറഞ്ഞതിലും ആർക്കും ഭിന്നാഭിപ്രായം ഉണ്ടാകാനിടയില്ല. എന്നാൽ, ഇന്നത്തെ ഇന്ത്യയിൽ നിയമവാഴ്ചയുടെ അവസ്ഥയെന്താണ് എന്നും ഈ അവസ്ഥയിൽ കോടതികൾക്ക് സ്വന്തം ധർമം നിർവഹിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്നും സാധാരണ പൗരന്മാർ ചോദിക്കുന്നുണ്ട്.
പുതിയൊരു പാർലമെന്ററി നിയമം വഴി പരിഹരിക്കാവുന്നതല്ല ഈ ആഴത്തിലുള്ള പ്രതിസന്ധി എന്നും പറഞ്ഞുകൊള്ളട്ടെ. പ്രകടമായും അന്യായം നിറഞ്ഞ രീതിയിൽ ഭരണകൂടം അതിന്റെ വിമർശകരെ അറസ്റ്റ് ചെയ്ത് തടങ്കലിലിടുമ്പോൾ, വ്യക്തി സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളാൻ കഴിയാത്ത കോടതികൾ നമ്മുടെ ജനാധിപത്യത്തെ മെച്ചപ്പെടുത്തുകയല്ല ചെയ്യുന്നത്.
(ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈകോടതിയിലും അഭിഭാഷകനാണ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.