If there was Justice Krishna Iyer ...

ജ​സ്റ്റി​സ് വി.​ആ​ർ.കൃ​ഷ്ണ​യ്യ​ർ, (ഇൻസെറ്റിൽ ദീ​പ​ക് ഗു​പ്ത,​ മ​ദ​ൻ ബി. ​ലോ​കൂ​ർ)

ജസ്റ്റിസ് കൃഷ്ണയ്യർ ഉണ്ടായിരുന്നെങ്കിൽ...

'ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ ഉണ്ടായിരുന്നുവെങ്കിൽ' എന്ന് നമ്മുടെ നാട്ടിലെ സാധാരണക്കാരും പാവപ്പെട്ടവരും ചിന്തിച്ചുപോയ എത്രയെത്ര മുഹൂർത്തങ്ങളായിരിക്കും ഈയടുത്ത കാലത്ത് കടന്നുപോയിട്ടുണ്ടാവുക? 2014 ഡിസംബർ നാലിനാണ് ജസ്റ്റിസ് നമ്മെ വിട്ടുപോയത്. രാജ്യത്തെ രാഷ്ട്രീയ, നിയമ മേഖലകളിൽ ലോകമാകെ ശ്രദ്ധിക്കുന്ന അഭിപ്രായങ്ങൾ പറയാൻ മറ്റൊരു കൃഷ്ണയ്യർ അതിനുശേഷം ഉണ്ടായിട്ടില്ല. യഥാർഥ ന്യായാധിപർ ഒരിക്കലും റിട്ടയർ ചെയ്യുന്നില്ല എന്നും ഒരിക്കലും മരിക്കുന്നില്ല എന്നും ജസ്റ്റിസ് കൃഷ്ണയ്യർ സ്വന്തം ജീവിതത്തിലൂടെ, അതിൽ കാണിച്ച പ്രതിബദ്ധതയിലൂടെ കാണിച്ചുതന്നു. നീതിക്ക് റിട്ടയർമെന്റും മരണവുമില്ല എന്നതുപോലെത്തന്നെ.

രാജ്യത്ത് നടക്കുന്ന നിയമനിഷേധങ്ങൾ, നിയമങ്ങൾ കൊണ്ടുതന്നെ ഭരണഘടനയെ വെല്ലുവിളിക്കുന്ന നടപടികൾ, പൊതുസ്വത്തുക്കൾ കുത്തകകളെ ഏൽപിച്ചുകൊണ്ടുള്ള ഭരണതല വാണിജ്യങ്ങൾ, സംശയകരമായ ഇലക്ടറൽ ബോണ്ടുകൾ, പാവപ്പെട്ടവരോട് യുദ്ധം പ്രഖ്യാപിക്കുന്ന, അവരെ മനുഷ്യരായിപ്പോലും കാണാത്ത വലതുപക്ഷ ഭരണ നടപടികൾ, അധികാരികൾതന്നെ പരസ്യമായി ഭൂരിപക്ഷ പ്രീണനവും ന്യൂനപക്ഷാവകാശ ധ്വംസനവും നടത്തുന്ന അവസ്ഥ, കരിനിയമങ്ങളിലൂടെ പത്രപ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്ത് തടങ്കലിലിടുന്ന നടപടികൾ, കോടതികൾപോലും നീതിനിഷേധ വിഷയങ്ങളിൽ ഇടപെടാതെ മാറിനിന്ന സന്ദർഭങ്ങൾ, സമസ്ത മേഖലകളിലും അരങ്ങുതകർത്തുകൊണ്ടുള്ള അഴിമതി, ഇന്ധനവില മുതൽ അമിത നികുതി വരെ സാധാരണ മനുഷ്യരുടെ ജീവിതം ദുസ്സഹമാക്കിയ അവസ്ഥ... കഴിഞ്ഞ കുറേക്കാലമായി ജസ്റ്റിസ് കൃഷ്ണയ്യരുടെ ഇടപെടലിന്റെ ആവശ്യമില്ലാതിരുന്ന ഒരുദിവസം പോലും കടന്നുപോയിട്ടില്ല എന്നതാണ് വാസ്തവം.

ഇന്ത്യയിൽ നീതിന്യായരംഗത്ത് ഒരു 'കൃഷ്ണയ്യർ സ്കൂൾ' പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വർഷങ്ങൾക്കുമുമ്പ് ഈ ലേഖകൻ എഴുതിയിരുന്നു. എന്നാൽ, 2014നുശേഷം ഇന്ത്യയിലുണ്ടായ രാഷ്ട്രീയ കാലാവസ്ഥ വ്യതിയാനം ഈ സ്വപ്നത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നായിരുന്നില്ല. അധികാരത്തിന്റെ സമവാക്യങ്ങൾ മാറിയപ്പോൾ സുപ്രീംകോടതിയിൽ സർവിസിൽ ഇരിക്കുന്ന ന്യായാധിപർപോലും അധികാര സ്ഥാനത്തുള്ളവരെ അന്ധമായി വാഴ്ത്തുന്ന അവസ്ഥയുണ്ടായി. ജസ്റ്റിസ് അബ്ദുൽ നസീറിനെപോലുള്ള മറ്റൊരു ന്യായാധിപനാകട്ടെ, പരസ്യമായിത്തന്നെ ജാതിചിന്തയിലും ലിംഗവിവേചനത്തിലും അധിഷ്ഠിതമായ പൗരാണിക ഇന്ത്യൻ ചിന്തകളെ മഹത്വവത്കരിക്കുകയുണ്ടായി. സുപ്രീംകോടതിയിൽനിന്ന് റിട്ടയർ ചെയ്തതിന് ശേഷമെങ്കിലും അധികാരികളുടെ അനീതികളെ തുറന്നെതിർക്കാൻ ധൈര്യം കാണിച്ച മദൻ ബി. ലോകൂറിനെയും ദീപക് ഗുപ്തയെയുംപോലെ ചുരുക്കം ചിലരെ ഇവിടെ വിസ്മരിക്കുന്നില്ല. എന്നാൽ, വലിയൊരു വിഭാഗം ന്യായാധിപരും റിട്ടയർമെന്റിനുശേഷം മറ്റുവിധത്തിലുള്ള ഔദ്യോഗിക പുനരധിവാസങ്ങൾക്കായി പ്രവർത്തിക്കുകയും അവ നേടിയെടുക്കുകയും ചെയ്തു. സ്വന്തം താൽപര്യങ്ങൾക്കും സ്വന്തക്കാരുടെ താൽപര്യങ്ങൾക്കുമപ്പുറം രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപര്യങ്ങൾക്കായി ശബ്ദമുയർത്തണമെങ്കിൽ ശരിയായ നീതിബോധവും സാമൂഹിക പ്രതിബദ്ധതയും ജീവിതാനുഭവങ്ങളും ധൈഷണികമായ ശക്തിവിശേഷവുമെല്ലാം ഒത്തുചേരണം. അതിനാലാണ് ജസ്റ്റിസ് കൃഷ്ണയ്യർ ഒരു അത്യപൂർവ പ്രതിഭാസമായിത്തീർന്നത്.

ജസ്റ്റിസ് കൃഷ്ണയ്യരുടെ വിധിന്യായങ്ങൾപോലെ പ്രസിദ്ധമാണ് അദ്ദേഹത്തിന്റെ നിയമ-സാമൂഹിക-രാഷ്ട്രീയ രചനകളും വിവിധ വിഷയങ്ങളിൽ അദ്ദേഹം നടത്തിയ ഇടപെടലുകളും. മനുഷ്യസ്നേഹത്തിലും മനുഷ്യനന്മയിലും ആഴത്തിൽ വിശ്വസിച്ച അദ്ദേഹം പ്രത്യയശാസ്ത്രങ്ങൾക്കതീതമായ ആത്മീയതയിലേക്ക് തന്നെത്തന്നെ ഉയർത്തുകയായിരുന്നു. ഒരേസമയം നരേന്ദ്ര മോദിയോടും ഇടതുപക്ഷത്തോടും സ്നേഹസൗഹൃദങ്ങൾ വെച്ചുപുലർത്തിയ അദ്ദേഹം പക്ഷേ, ജനങ്ങളെ ബാധിക്കുന്ന സകല വിഷയങ്ങളിലും ജനങ്ങൾക്കൊപ്പം നിന്നു. ഭൗതികമായി, ഇപ്പോൾ ജീവിക്കുന്നുവെങ്കിൽ നോട്ടുനിരോധനം മുതൽ കെ-റെയിൽ വരെയുള്ള സകലമാന വിഷയങ്ങളിലും ജസ്റ്റിസ് കൃഷ്ണയ്യർ ജനങ്ങൾക്കൊപ്പം നിൽക്കുമായിരുന്നുവെന്ന് ഉറപ്പിച്ചുപറയാൻ കഴിയും. പക്ഷേ, അഭിപ്രായം പറയാൻ ഭൗതികലോകത്ത് അദ്ദേഹം ഇല്ലാതെ പോയി; അദ്ദേഹത്തെപ്പോലെ മറ്റൊരാളും ഇല്ലാതെപോയി. എന്നാൽ, ഈ അഭാവം തന്നെയാണ് ഒരു കൃഷ്ണയ്യർ സ്കൂളിനെ ചരിത്രപരമായ അനിവാര്യതയാക്കിത്തീർക്കുന്നത്. യുദ്ധവും മഹാവ്യാധിയും സംഘർഷവും ദാരിദ്ര്യവും അസമത്വവും യാതനകളും നിരക്ഷരതയും ഒഴിഞ്ഞ ഒരു പുതിയ പ്രഭാതത്തെക്കുറിച്ചുള്ള സ്വപ്നങ്ങൾക്കും അതിനായുള്ള പ്രവർത്തനങ്ങൾക്കും ഇന്ധനം പകരുന്നതാണ് ജസ്റ്റിസ് കൃഷ്ണയ്യരുടെ സ്മരണകൾപോലും. നിറംകെട്ട കാലത്തിന് ഈ ഓർമകൾ നിറം പകരുന്നു; നിരാശകളുടെ കാർമേഘങ്ങൾക്കപ്പുറം അവ പ്രതീക്ഷകളുടെ പ്രകാശഗോപുരങ്ങൾ പടുത്തുയർത്തുന്നു.

(ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈകോടതിയിലും അഭിഭാഷകനാണ്)

Tags:    
News Summary - If there was Justice Krishna Iyer ...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.