എത്രയൊക്കെ ശുഭവിശ്വാസത്തോടെ നോക്കാൻ ശ്രമിച്ചിട്ടും കാര്യങ്ങളൊന്നും നേരാംവിധം പോകുന്ന ലക്ഷണങ്ങളില്ല. പൊടുന്നനെ സംഭവിക്കുന്ന വിസ്ഫോടനമല്ലിത്. 2014െൻറ പാതി മുതൽ ആരംഭിച്ച ഒരു തകർച്ചയുടെ തുടർച്ച. ഞെട്ടൽപോലും നഷ്ടമാകുംവിധത്തിലെ ഹതാശയാണ് ചുറ്റും.
മോദി സർക്കാർ അധികാരമേറ്റ വേളയിൽ ജനകോടികൾ പല അത്ഭുതങ്ങളും പ്രതീക്ഷിച്ചിരുന്നു. അത്തരത്തിലായിരുന്നുവല്ലോ രാഷ്ട്രീയ റാലികളിൽ നേതാക്കളുടെ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളുമെല്ലാം. പക്ഷേ, നിരാശയും തിരിച്ചടികളും മാത്രമാണ് യാഥാർഥ്യമായത്. 2016നെ രാജ്യത്തെ ജനങ്ങളെ ആകമാനം വലച്ചുകളഞ്ഞ കുപ്രസിദ്ധമായ നോട്ട് നിരോധന വർഷമായിട്ടാവും ചരിത്രം ഓർമിക്കുക. 2017ൽ ചർക്കക്കരികിൽ നിന്ന് മഹാത്മ ഗാന്ധിയെ 'ഇളക്കിമാറ്റി' നരേന്ദ്ര മോദി അവിടെ സ്വയം പ്രതിഷ്ഠിതനായി. ഖാദി വകുപ്പിെൻറ കലണ്ടറുകളിലെല്ലാം അവ്വിധം ചിത്രങ്ങളാണ് ഉൾക്കൊള്ളിച്ചത്. ഫാഷിസ്റ്റുകൾ മഹാത്മ ഗാന്ധിയോടെങ്കിലും മാന്യത കാണിക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കാൻ?
പൊള്ളയായ വികസന മുദ്രാവാക്യങ്ങൾ മുഴക്കുന്ന ഭരണകൂടത്തിനെതിരെ പല കോണുകളിൽ നിന്ന് അമർഷം അണപൊട്ടിത്തുടങ്ങിയിരുന്നു. 2017ൽ രാജ്യത്തിെൻറ പല കോണുകളിൽനിന്ന് കർഷകർ അവരുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി. തലസ്ഥാന നഗരിയിലേക്ക് മാർച്ച് ചെയ്തു. ഇപ്പോഴുമതെ, നമ്മുടെ കർഷകസമൂഹം തലസ്ഥാന അതിർത്തിയിലും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും സമരം തുടരുന്നു. കർഷക വിരുദ്ധമായ മൂന്നു നിയമങ്ങൾ പാസാക്കിയതിൽ വല്ലാത്ത സങ്കടവും രോഷവുമുണ്ടവർക്ക്.
ഇൗയടുത്ത വർഷങ്ങളിൽ നമ്മൾ സാക്ഷ്യംവഹിച്ചത് ഒരു വിചിത്ര ഭരണത്തിനാണ്. ഭരണ നിർവഹണം നാമമാത്രമാണെങ്കിലും ജനശ്രദ്ധ തെറ്റിക്കുന്ന അടവുകൾക്ക് ഒരു കുറവുമില്ലായിരുന്നു. കടന്നാക്രമണങ്ങൾ, യുദ്ധത്തിനായുള്ള മുറവിളികൾ, സമുദായങ്ങളെ പരസ്പരം ശത്രുക്കളായി നിർത്തൽ തുടങ്ങി നഗരങ്ങളുടെയും ദേശങ്ങളുടേയും പേരുമാറ്റൽ വരെ. പേരു മാറ്റവെ റോഡുകളെപ്പോലും അവർ വെറുതെവിട്ടില്ല.തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും ദൈനംദിന ജീവിതത്തെ അട്ടിമറിക്കുന്നുണ്ട്, മുെമ്പങ്ങുമില്ലാത്തവിധത്തിൽ വർഗീയ അതിക്രമങ്ങളും വർധിച്ചുവരുന്നു.
ഭീതികൾക്കും ഭയപ്പാടുകൾക്കുമിടയിൽ കുടിയിറക്കുകൾ വലിയ തോതിൽ നടക്കുന്നു. ഇക്കഴിഞ്ഞ വർഷങ്ങളിൽ നിരവധി വടക്കെ ഇന്ത്യൻ ഗ്രാമങ്ങളിൽനിന്ന് ആട്ടിപ്പായിക്കപ്പെട്ട ഒട്ടനുവധി മനുഷ്യരുമായി ഞാൻ കണ്ടു സംസാരിക്കുകയും ഇടപഴകുകയും ചെയ്തു. ഗ്രാമീണ മേഖലയിൽ നിന്നുള്ള നിർബന്ധിത കുടിയിറക്കുകൾ വലിയ ദുരന്തങ്ങളുടെ തുടക്കമാണ്. വർഗീയ രാഷ്ട്രീയം ഉൾഗ്രാമങ്ങളിലേക്കും പടർന്നുപിടിക്കുേമ്പാൾ അത് ഏറ്റവുമധികം ബാധിക്കുന്നത് നിസ്വരായ ദരിദ്ര മനുഷ്യരെയാണ്. വ്യാജമായ കെട്ടുകാഴ്ചകൾ ആവിയായിപ്പോകുന്നു. കുടുംബങ്ങളെ തങ്ങളുടെ കിടപ്പാടങ്ങളിൽനിന്ന് മാത്രമല്ല, വേരുകളിൽനിന്നു തന്നെ അറുത്തുമാറ്റുന്ന കാഴ്ചകൾക്കാണ് നാം സാക്ഷികളാവുന്നത്. ഭരണകൂടം ഇതിൽ ഗൂഢാലോചകരായും നടത്തിപ്പുകാരായും പങ്കുവഹിക്കുന്നു.
പട്ടിണിയും പരിവട്ടവും പടരുേമ്പാൾ മനുഷ്യർക്കെവിടെ പൊള്ളയായ പ്രസംഗങ്ങൾ കേൾക്കാൻ താൽപര്യം. അവർക്ക് മടുത്തു. വിശപ്പാറ്റാനുള്ള ഭക്ഷണമാണവർക്ക് വേണ്ടത്. ഒാരോ ദിവസവും കഴിഞ്ഞുകൂടാനുള്ള വിഭവങ്ങൾപോലും ഇല്ലാത്ത അവസ്ഥ.ആശാരഹിതമായ ഈ സാഹചര്യത്തിൽനിന്ന് വിടുതൽ തീർക്കാൻ പൊതുസമൂഹം കാര്യമായി ഇറങ്ങി ഇടപെടാത്തപക്ഷം നമ്മുടെ കുഞ്ഞുങ്ങളെ കാത്തിരിക്കുന്നത് നിറമറ്റ നാളെകളായിരിക്കും. പട്ടിണിയും പ്രാരബ്ധങ്ങളും അനീതിയും നമ്മുടെ കുട്ടികളെപ്പോലും വലിയതോതിൽ ബാധിക്കുന്നു.
അേതസമയം, സംഘർഷ ബാധിത മേഖലകളെന്ന് നാം വിളിക്കുന്ന ചില പ്രദേശങ്ങളിലെ കുട്ടികളുടെ ജീവിതത്തിൽ സമാധാനം നിറഞ്ഞ ഒരു ദിവസംപോലുമുണ്ടാവുന്നില്ല. അതിക്രമങ്ങളും അതിനുള്ള പ്രതിക്രിയകളും മാത്രമാണവർ കാണുന്നത്. പ്രദേശവാസികളും അല്ലാത്തവരുമായ ആളുകൾ കൊല്ലപ്പെട്ട വാർത്തകളാണവർ കേൾക്കുന്നത്.
ഖുശ്വന്ത് സിങ്, സാഹിർ ലുധിയാൻവി
പരസ്യം മാറ്റിച്ച പരസ്യ വർഗീയത
രാജ്യത്തെ ജനപ്രിയ വസ്ത്ര ബ്രാൻഡായ ഫാബ് ഇന്ത്യക്ക് അവരുടെ പരസ്യം പിൻവലിക്കേണ്ടി വന്നിരിക്കുന്നു- എന്തിന്? പരസ്യത്തിൽ ജഷ്നെ റിവാസ് എന്ന ഉർദു ശബ്ദം ഉപയോഗിച്ചത് വർഗീയമായി ചിന്തിക്കുന്ന ചിലർക്ക് ശരിയായി തോന്നിയില്ല എന്നതിെൻറ പേരിൽ. അതാണ് നാം ജീവിക്കുന്ന കാലം എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയുടെ യഥാർഥ ചിത്രം. ഒരു ഉർദു വാക്കോ പ്രയോഗമോ പോലും സമ്മതിക്കാൻ മനസ്സില്ലാത്ത വിധം വർഗീയവിഷം നിറഞ്ഞിരിക്കുന്നു വലതുപക്ഷക്കാരുടെയും അവരെ പിൻപറ്റുന്ന ആളുകളുടെയും ഉള്ളകങ്ങൾ.
2005ൽ ജാമിഅ മില്ലിയ്യ ഇസ്ലാമിയയിൽ വെച്ച് വലേറിയോ പിറ്ററാഞ്ചലോ എന്നൊരു ഗവേഷകനെ കണ്ടു. റോം യൂനിവേഴ്സിറ്റിയിൽ അറബി- ഉർദു പഠനം നടത്തി വരുന്ന അദ്ദേഹം ഗവേഷണത്തിെൻറ ഭാഗമായി ഡൽഹിയിൽ വന്നതാണ്. ഉർദുവിലെ വിഭജനകാല പെണ്ണെഴുത്തുകൾ എന്നതാണ് ഗവേഷണ വിഷയം. എെൻറ ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്: ഉർദു മാതൃഭാഷയായിട്ടുള്ളവർ അതിവേഗത്തിൽ അതു ൈകയൊഴിഞ്ഞ് ഹിന്ദിയിലേക്കോ മറ്റേതെങ്കിലും പ്രാദേശിക ഭാഷകളിലേക്കോ മാറുന്നുവെന്നാണ്. സർക്കാർ ഈ ഭാഷയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുന്നില്ല. ഒരു സാമൂഹിക സ്വത്വത്തിെൻറ പ്രധാന ഘടകമാണ് ഭാഷ. ഉർദുവിന് ഭീഷണി നേരിടുന്നുവെന്നാൽ അത് പ്രതിനിധാനം ചെയ്യുന്ന സമൂഹം ഭീഷണിയിലാണ് എന്നാണ്.
ഖുശ്വന്ത് സിങ് എന്നും പറയുമായിരുന്നു- രൂപമെടുക്കുകയും വികസിക്കുകയും ചെയ്ത അേത നാട്ടിൽ ഉർദുഭാഷ പതിയപ്പതിയെ മരണപ്പെട്ടുകൊണ്ടിരിക്കുന്നുവെന്ന്. പ്രൈമറി തലംമുതൽ ബിരുദാനന്തര ബിരുദം വരെ ഉർദു പഠിപ്പിക്കുന്ന കശ്മീരിലൊഴികെ ഉർദു പഠിക്കുന്ന വിദ്യാർഥികളുടെ എണ്ണം രാജ്യത്ത് വല്ലാതെ ചുരുങ്ങിവരുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത് മുസ്ലിംകളുടെ ഭാഷയായി ചിത്രീകരിക്കപ്പെടും. അതാകട്ടെ, തീർത്തും വാസ്തവ വിരുദ്ധമാണു താനും.ഉർദുവിെൻറ മരണം പ്രവചിക്കവെ റാഷിദ്, ഖുർഷിദ് അഫ്സർ ബിസ്റാനി എന്നീ കവികളുടെ വരികളും ഖുശ്വന്ത് ഉദ്ധരിക്കാറുണ്ടായിരുന്നു.
മാംഗേ അല്ലാഹ് സേ ബസ്
ഇത്നി ദുആ ഹെ റാഷിദ്
മേം ജോ ഉർദു മേ വസിയ്യത്ത് ലിഖൂൻ
ബേഠാ പഡ് ലേ (റാഷിദിന് പടച്ചവനോട് ഒരു പ്രാർഥന മാത്രം, ഉർദുവിലെഴുതിയ വിൽപത്രം മകന് വായിക്കാൻ കഴിയണമെന്ന്) എന്നതായിരുന്നു റാഷിദിെൻറ വരികൾ.
ഇന്ന് ഇന്ത്യയിൽ ഉർദു അറിയുന്നതിെൻറ പേരിൽ ജോലി ഉറപ്പാക്കാനാവില്ല. മനസ്സിെൻറ മുറിവുണക്കാനും വികാരങ്ങളെ സ്വാധീനിക്കാനുമെല്ലാം കഴിവുള്ള വരികൾ വിരചിതമായ ഒരു ഹൃദ്യമായ ഭാഷയുടെ അവസ്ഥയാണിത്. ലഖ്നോവിലെ സെൻറർ ഫോർ ബയോ മെഡിക്കൽ റിസർേചഴ്സ് നടത്തിയ ഒരു പഠനം സംബന്ധിച്ച പ്രബന്ധം അന്താരാഷ്ട്ര ജേണലായ ന്യൂറോ സയൻസ് ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ചിരുന്നു. അതിൻ പ്രകാരം ഉർദു അക്ഷരമാല വായിക്കുന്നതും മസ്തിഷ്ക വളർച്ചക്കും ആരോഗ്യത്തിനും സഹായകമാണെന്ന് നിരീക്ഷിക്കുന്നു. ഓർമക്ഷയം തടയുന്നതിനും സമ്മർദങ്ങളെ നേരിടുന്നതിനും പഠന വൈകല്യമുള്ള കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനുമെല്ലാം ഈ അക്ഷരമാലകൾ സഹായകമാകുമെന്നാണ് ആ ഗവേഷണത്തിൽ പറയുന്നത്.
പ്രണയത്തിൽ മുങ്ങിയ ഉർദു ഈരടികൾ കേൾക്കുന്നത് ഇന്നിെൻറ പല പ്രയാസങ്ങളിൽ നിന്നും താൽക്കാലികമായെങ്കിലും ശ്രദ്ധ മാറാൻ സഹായിക്കുമെന്ന കാര്യം എനിക്ക് ഉറപ്പിച്ച് പറയാനുമാവും. നമ്മളീ ജീവിക്കുന്ന കാലത്ത് ഉർദു ഭാഷ നേരിടുന്ന അവസ്ഥയെക്കുറിച്ച് വിശ്രുത കവി സാഹിർ ലുധിയാൻവി എന്നേ എഴുതിവെച്ചിരിക്കുന്നു. സാഹിറിെൻറ വരികൾ ഇങ്ങനെ:
ഗാലിബിെൻറ വാക്കുകൾ മുഴങ്ങിയ
അതേ തെരുവുകൾ
ഉർദുവിനെ കൈയൊഴിഞ്ഞ്
ഭവനരഹിതമാക്കിയിരിക്കുന്നു
സ്വാതന്ത്ര്യത്തിെൻറ വരവറിയിച്ച
അേത ദിവസം തന്നെ
ഉർദുവിനെ ശപ്ത ഭാഷയായും
വിധിച്ചിരുന്നല്ലോ
ഗാലിബ് എന്ന് നിങ്ങളൂറ്റം കൊള്ളുന്നയാ
മനുഷ്യനൊരു ഉർദു കവിയായിരുന്നു
ഭാഷയെ ചവിട്ടിമെതിച്ച് ഗാലിബിനെ
പുകഴ്ത്തിയിട്ട് എന്തു കാര്യം?
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.