ബാലറ്റും ബംഗാളും

അതിസുരക്ഷയോടെ, അതിലേറെ സൂക്ഷ്​മതയോടെ തെരഞ്ഞെടുപ്പ്​ ഉദ്യോഗസ്​ഥർ മാത്രം കൈകാര്യംചെയ്യേണ്ട ഇലക്​ട്രോണിക്​ വോട്ടിങ്​ മെഷീനുകൾ (ഇ.വി.എം) രാഷ്​ട്രീയനേതാക്കളുടെ കാറിൽനിന്നും വീട്ടിൽനിന്നുമെല്ലാം കണ്ടെടുത്തുവെന്ന വാർത്തകൾ പലപല കോണുകളിൽനിന്ന്​ കേൾക്കു​േമ്പാൾ ആ പഴയ ബാലറ്റ്​ പേപ്പർ വോട്ടിങ്​ സ​മ്പ്രദായത്തിലേക്ക്​ മടങ്ങിപ്പോകണമെന്ന്​ മു​​െമ്പന്നത്തേക്കാളേറെ ആഗ്രഹിച്ചുപോരുന്നു. അത്​ കൂടുതൽ സുതാര്യവും സുരക്ഷിതവുമായ വോട്ടിങ്​ പ്രക്രിയയായിരുന്നു. സത്യം പറഞ്ഞാൽ നിലവിലെ ഭരണക്കാരിലും അവരുടെ നിയന്ത്രണത്തിലുള്ള തെരഞ്ഞെടുപ്പ്​ നടത്തിപ്പിലും ജനങ്ങളുടെ വിശ്വാസം നേർത്തുനേർത്ത്​ ഇല്ലാതായിത്തുടങ്ങി. 2017ലെ ഉത്തർപ്രദേശ്​ നിയമസഭ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നയുടനെ ഒരുപാട്​ ആളുകളുടെ പരാതി ഞാൻ കേട്ടിരുന്നു. ദലിത്​-മുസ്​ലിം വോട്ടുകൾ വിധി നിർണയിച്ചിരുന്ന മണ്ഡലങ്ങളിൽ കൂട്ടമായി ബി.ജെ.പിക്കെതിരെ വോട്ട്​ ചെയ്​തിട്ടും ബി.ജെ.പി സ്​ഥാനാർഥി വിജയിയായി പ്രഖ്യാപിക്കപ്പെടുന്ന വിവരം ഞെട്ടലോടെ കേൾക്കേണ്ടിവന്നു അവർക്ക്​.

മധ്യപ്രദേശിലെ ഭിണ്ഡ്​​ ജില്ലയിൽ കേടായ യന്ത്രങ്ങൾ പ്രത്യക്ഷപ്പെട്ട വേളയിൽ മുസ്​ലിംകളും ദലിതുകളും ​വോട്ടുയന്ത്രത്തെക്കുറിച്ച്​ അവരുടെ 'സംശയങ്ങളും' ഉന്നയിച്ചിരുന്നു. മധ്യപ്രദേശിൽ മാത്രമല്ലല്ലോ ഉത്തർപ്രദേശിലും യന്ത്രത്തിന്​ കേടുപറ്റാൻ സാധ്യതയുണ്ടല്ലോ. തെരഞ്ഞെടുപ്പ്​ കമീഷ​െൻറ ഉറപ്പ്​ എങ്ങനെ വിശ്വസിക്കാനാവും? ഇതേ ഭരണകൂടത്തിലെ ഉന്നതർ തിര​ഞ്ഞുപിടിച്ച്​ നിശ്ചയിച്ചുവെച്ച കുറെ ഉദ്യോഗസ്​ഥര​​േല്ല ആ കമീഷൻ കൈയാളുന്നത്​? ഇലക്​ട്രോണിക്​ വോട്ടുയന്ത്രം നൂറു ശതമാനം കുറ്റരഹിതമാണെന്നും തെരഞ്ഞെടുപ്പ്​ സ്വതന്ത്രവും സത്യസന്ധവുമായാണ്​ നടക്കുന്നതെന്നും ആരാണ്​ ബോധ്യപ്പെടുത്തിത്തരുക?

ഇത്​ ഏതാനും വർഷം മുമ്പ്​​ ഉന്നയിച്ച ചോദ്യങ്ങളാണെങ്കിൽ 2021 ആയപ്പോഴേക്ക്​ ആളുകൾക്ക്​ രാഷ്​ട്രീയ ഭരണാധികാരികളിലുള്ള വിശ്വാസം കുറഞ്ഞിരിക്കുന്നു എന്നു മാത്രമല്ല, പ്രതീക്ഷകൾ അപ്പാടെ നഷ്​ടമായിരിക്കുന്നു. ഭീതിയുടെ ചുറ്റുപാടിൽ രാഷ്​ട്രീയ മാഫിയക്കു​ മുന്നിൽ കീഴടങ്ങാനുള്ള ബലാൽക്കാരം ഏറിവരുകയും ചെയ്യുന്നു. രാഷ്​ട്രീയ മാഫിയയെ മാത്രം പറഞ്ഞാൽ തീരില്ല. കഴിഞ്ഞ ഒരു ദിവസം മധ്യപ്രദേശിലെ ഇന്ദോറിൽനിന്ന്​ അലോസരപ്പെടുത്തുന്ന ഒരു ദൃശ്യം നമ്മൾ കണ്ടതല്ലേ? സാധുവായ ഒരു ഓ​ട്ടോ​ഡ്രൈവറെ രണ്ടു​ പൊലീസുകാർ ചേർന്ന്​ ക്രൂരമായി ഇടിക്കുകയും തൊഴിക്കുകയുമെല്ലാം ചെയ്യുന്നു. അയാൾ മൂക്ക്​ മുഴുവനായി മറയ്​ക്കാതെ മാസ്​ക്​ ധരിച്ചു എന്നാരോപിച്ചായിരുന്നു ഈ അതിക്രമം. ആ പാവം മരിച്ചത്​ കോവിഡ്​ വൈറസ്​ മൂലമല്ല, മറിച്ച്​ കുറ്റവാളികളും തെമ്മാടികളുമായ രണ്ടു​ ​പൊലീസുകാരുടെ കോപം മൂലമായിരുന്നു. ഒരു നിമിഷം കളയാതെ അവ​െര സർവിസിൽനിന്ന്​ പിടിച്ചു പുറത്താക്കുകയാണ്​ വേണ്ടത്​.

നിത്യജീവിതത്തി​െൻറ ഭാഗമായി മാറിയതുപോലെ അക്രമം പടർന്നുപിടിക്കുകയാണ്​. രാഷ്​ട്രീയ റാലികളിലെ പ്രസംഗങ്ങളിലെല്ലാം അത്​ തീർത്തും പ്രകടം. പേടിപ്പെടുത്തുന്ന സ്​ഥിതിവിശേഷമാണ്​ ഇതെന്ന്​ പറയാതെവയ്യ. ഹാംലിൻ നഗരത്തിലെ കുട്ടികളെ ഒരു കുഴലൂത്തുകാരൻ ഇരുൾഗുഹയിലേക്ക്​ നയിച്ചു കൊണ്ടുപോയതു​പോലെ അഭിനവ രാഷ്​ട്രീയ കുഴലൂത്തുകാരുടെ വാക്കുകളിൽ മയങ്ങി അക്രമത്തിലേക്കും നാശത്തിലേക്കും വീണുപോവുകയാണോ നമ്മൾ?

ബംഗാൾ എന്താണ്​ കരുതിവെച്ചിരിക്കുന്നത്?

​നിയമസഭ തെരഞ്ഞെടുപ്പ്​ റിപ്പോർട്ട്​ ചെയ്യാൻ ബംഗാളിലേക്ക്​ പോകാമെന്ന്​ ഒരുപാട്​ ആഗ്രഹിച്ചിരുന്നു. എനിക്ക്​ അതിനു കഴിഞ്ഞില്ലെങ്കിലും നിരവധി ധീരരും ചങ്കുറപ്പുള്ളവരുമായ മാധ്യമപ്രവർത്തകർ അവിടെയും അസമിലും ചുറ്റിസഞ്ചരിച്ച്​ വാർത്തകൾ പുറത്തുവിടുന്നുണ്ട്​. ഡൽഹിയിൽനിന്നു പോയ ഭാഷ സിങ്​ എന്ന ഗംഭീര മാധ്യമപ്രവർത്തകയുടെ റിപ്പോർട്ടുകളും വാർത്താ വിഡിയോകളും ഞാൻ നിരന്തരം ശ്രദ്ധിച്ചിരുന്നു. അവിടത്തെ എല്ലാതരം ജനങ്ങളുമായും ആശയവിനിമയം നടത്തി 'യഥാർഥ ഇന്ത്യ'യുടെ നേർചിത്രമെന്തെന്ന്​ വായനക്കാരോടും പ്രേക്ഷകരോടും പങ്കുവെക്കുകയാണവർ.

ബംഗാൾ തെരഞ്ഞെടുപ്പി​െൻറ അന്തരീക്ഷത്തിൽ ശുതാപ പോൾ എഴുതി പെൻഗ്വിൻ പ്രസിദ്ധീകരിച്ച 'ദീദി-പറയപ്പെടാത്ത മമത ബാനർജി' എന്ന ജീവചരിത്ര പുസ്​തകവും ഒരു വട്ടംകൂടി വായിച്ചു ഞാൻ. മമത ബാനർജിയുടെ രാഷ്​ട്രീയ ഉയർച്ചതാഴ്​ചകളെക്കുറിച്ച്​ വ്യക്തമായി പ്രതിപാദിക്കുന്നതാണ്​ പുസ്​തകം. ചെറുപ്പകാലത്തെ അനുഭവങ്ങളാവാം അവരെ രാഷ്​ട്രീയത്തിലേക്ക്​ വഴിനടത്തിയത്​. പിതാവ്​ പ്രോമിലേശ്വർ ഒരു അടിയുറച്ച കോൺഗ്രസുകാരനായിരുന്നു. അദ്ദേഹത്തി​െൻറ ഓഫിസ്​ പാർട്ടി യോഗങ്ങൾ നടത്താൻ വിട്ടുനൽകിയിരുന്നതായി പുസ്​തകത്തിലുണ്ട്​. പ്രാദേശിക കോൺഗ്രസ്​ നേതാക്കൾ അവിടെ നിത്യസന്ദർശകരുമായിരുന്നു. യോഗത്തിനിടയിൽ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെയും വിപ്ലവങ്ങളുടെയും അനുഭവകഥകൾ പലരും പങ്കുവെക്കുന്നത്​ ബാല്യകാലത്തുതന്നെ കേട്ടുവളർന്ന മമത കോൺഗ്രസും കമ്യൂണിസവും എന്താണെന്നെല്ലാം അക്കാലം മുതൽക്കേ അറിഞ്ഞുവന്നു. പോസ്​റ്ററുകൾ പതിക്കാനാവശ്യമായ പശയും രാഷ്​ട്രീയപ്രവർത്തകർക്കായി അവർ തയാറാക്കിക്കൊടുത്തിരുന്നു. അതായത്,​ ഒരു പോരാളിയും പ്രവർത്തകയും ആയിത്തീരാനുള്ള തീരുമാനവും ഊർജവുമെല്ലാം അക്കാലത്തുതന്നെ അവരിൽ ഉരുവപ്പെട്ടിരുന്നു. ആ പുസ്​തകത്തിൽ ചെറുപ്പകാലത്തെ ഒരു സന്ദർഭം വിവരിക്കുന്നുണ്ട്. ഒരു ദിവസം സാധനങ്ങൾ വാങ്ങാൻ നിൽക്കുന്നതിനിടെ ഒരു അയൽക്കാരൻ അശ്രദ്ധമായി ബീഡി കൊളുത്തി വലിച്ചെറിഞ്ഞ തീക്കമ്പ്​ വീണ്​ വഴിയേ പോയ ഒരാളുടെ കുപ്പായത്തിൽ കത്തിപ്പിടിച്ചു. ഈ സംഭവം ആ പ്രദേശത്താകെ സംഘർഷത്തിന്​ വഴിവെക്കുംവിധം ആളിക്കത്താനും തുടങ്ങി. സംഭവത്തിന്​ സാക്ഷിയായ മറ്റെല്ലാ ആളുകളും ഒന്നും കണ്ടിട്ടും കേട്ടിട്ടുമില്ലെന്ന മട്ടിൽ നിൽക്കവെ മമത മുന്നോട്ടുവന്ന്​ ഉണ്ടായ കാര്യങ്ങളെല്ലാം പിതാവിനോട്​ വിവരിക്കുകയും തെറ്റുകാരനെ ചൂണ്ടിക്കാണിക്കുകയും ചെയ്​തു.

വിദ്യാർഥി കാലഘട്ടത്തിൽതന്നെ മമതയുടെ പ്രവർത്തനങ്ങൾ രാഷ്​ട്രീയയുദ്ധങ്ങളിലേക്കുള്ള തുടക്കവുമായിത്തീർന്നു. സമരനഗരിയിലേക്ക്​ പുസ്​തകങ്ങളെടുത്താണ്​ അവർ പോയിരുന്നത്​. അറസ്​റ്റ്​ ചെയ്യപ്പെട്ടാൽ പൊലീസ്​ ലോക്കപ്പിനുള്ളിലിരുന്നും വായിച്ചുപഠിച്ചുകൊണ്ടേയിരിക്കും. തെരുവുപോരാളി എന്ന വിശേഷണം അവർക്ക്​ തീർത്തും യോജിക്കുന്നതുതന്നെയായിരുന്നു. ''വർഷത്തിലെ 365ൽ 330 ദിവസവും ജീവിക്കാൻ വേണ്ടിയുള്ള അവകാശത്തിനായി ​െകാൽക്കത്ത തെരുവുകളിൽ പൊരുതിക്കൊണ്ടിരുന്നു. എല്ലാ ദിവസവും സമരവും മുദ്രാവാക്യംവിളിയും പ്രതിഷേധങ്ങളുമുണ്ടായിരുന്നു, ഏതാണ്ടെല്ലാ ദിവസങ്ങളിലും അതിക്രമങ്ങളും'' -അവർ ഓർത്തുപറയുന്നു. 1978 മുതൽ 83 വരെ കാലഘട്ടത്തിൽ സുബ്രത മുഖർജിയുടെ നേതൃത്വത്തിൽ ഛാത്ര പരിഷദ്​ പ്രതിഷേധസമരങ്ങളുടെ ഒരു നിരതന്നെ അഴിച്ചുവിട്ടിരുന്നു. പലപ്പോഴും പല കാരണങ്ങളിൽ, പല നേതാക്കളുടെ നിലപാടുകൾക്കും നയങ്ങൾക്കുമെതിരെ. സമരം ജയപ്രകാശ്​ നാരായണനെതിരെയാവ​ട്ടെ, അതല്ല ഫാറൂഖ്​ അബ്​ദുല്ലക്കെതിരാവ​ട്ടെ, എല്ലാത്തിലും കേന്ദ്ര കഥാപാത്രമായി മമതയുണ്ടായിരുന്നു. മമതയുടെ രാഷ്​ട്രീയ പോരാട്ടങ്ങൾക്ക്​ രണ്ടു​ ഘടകങ്ങളുണ്ട്. ഒന്ന്,​ എന്തു വന്നാലും പിന്നാക്കംപോവില്ലെന്ന്​ നിശ്ചയിച്ചുറപ്പിച്ച പോരാളിയാണ്​ അവർ. മറ്റൊന്ന്​ മതേതരത്വ​ത്തിൽ അടിയുറച്ചുനിൽക്കാനും വലതുപക്ഷ വർഗീയ ശക്തികളെ ആട്ടിപ്പായിക്കാനും പുലർത്തുന്ന ജാഗ്രത. സമകാലിക ഭരണാധികാരികളുടെ വലതുപക്ഷ വർഗീയഹുങ്കിനും ഭീഷണികൾക്കും മുന്നിൽ കുനിഞ്ഞു വണങ്ങാതെ നിൽക്കുന്നതുതന്നെയാണ്​ ഈ കാലഘട്ടത്തിൽ അവർ നടത്തുന്ന ഏറ്റവും ധീരമായ പോരാട്ടം. വർഗീയശക്തികളെ ബംഗാളി​ൽനിന്ന്​ ആട്ടിപ്പായിക്കുകയാണ്​ അവരിൽനിന്ന്​ കാലഘട്ടം ​പ്രതീക്ഷിക്കുന്ന തേട്ടവും.

നായുണ്ട്​, സൂക്ഷിക്കുക

രാഘവ്​ അറോറയുടെ ദൈ ഗ്രേസ്​ (വെർമ സിയാഹി) എന്ന കവിതാപുസ്​തകത്തിലെ ചില വരികൾ ഇക്കാലത്ത്​ ഇന്ത്യയുടെ ഏതാണ്ടെല്ലാ ഭാഗങ്ങളിലുള്ളവർക്കും ഏറ്റവും പെ​ട്ടെന്ന്​ മനസ്സിലാവുന്ന സന്ദർഭമാണ്​ വിശദീകരിക്കുന്നത്​. അനുദിനം ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും പേടിപ്പെടുത്തി പെരുകിവരുന്നുണ്ട്​ തെരുവുനായ്​ക്കളുടെ വിളയാട്ടം. മനുഷ്യജീവിതം ദുരിതപൂർണമാകു​േമ്പാഴും നഗരസഭാധികാരികൾ ചെറുവിരലനക്കാൻപോലും തയാറല്ല താനും. ഈ കവിതാശകലം വായിച്ചാലെങ്കിലും അധികാരികൾക്ക്​ ഈ വിഷയത്തി​െൻറ ഗൗരവം മനസ്സിലായെങ്കിൽ എന്നാശിക്കുന്നു.

നായ്​പ്പേടി

ഞാനെ​െൻറ സുരക്ഷാവലയത്തിൽനിന്ന്​ കാലെടുത്തുവെച്ചതും

ആ ജന്തു കുരച്ചുചാടി നമിച്ചു കളഞ്ഞു. പലചരക്കുപീടികയിലേക്കു​ നീങ്ങവെ

അവ​െൻറ കൂട്ടാളികൾ മുരടൻ പൊലീസുകാരെപ്പോലെ എന്നെ പിന്തുടരുന്നു

എ​െൻറ ഹൃദയമിടിപ്പ്​ നിലച്ചുപോകാറുണ്ട്​,

സകല ഞരമ്പും തളർന്നുപോകാറുമുണ്ട്​

ചിലപ്പോഴൊക്കെ വഴിമാറി നടന്നുനോക്കും,

അല്ലെങ്കിൽ അപര​െൻറ വീടുകളിലേക്ക്​ ഓടിക്കയറും

അടുത്തുള്ള ആശുപത്രിക്കു​ മുന്നിലൂടെ പോകു​േമ്പാഴാണ്​ പേടി കടുക്കുന്നത്​

വലിയ സൂചികൊണ്ടുള്ള 14 കുത്തുകളോർത്ത്​

തലച്ചോർതന്നെ പൊടിഞ്ഞുപോകാറാണ്​.

തെരുവിൽവെച്ച്​ രണ്ടു​ തവണ അവരെ​െൻറ പിന്നാലെ കൂടി

ഒരിക്കൽ സൈക്കിളോടിക്കവെ, മറ്റൊരിക്കൽ നടന്നുപോകവെ

ആ കൂർത്ത പല്ലുകൾകൊണ്ട്​ കാലിൽ കടിച്ചിറക്കാൻ

അവസരം കൊടുത്തിട്ടില്ല ഞാൻ

പക്ഷേ, അവറ്റയെ പേടിച്ച്​ ഓടിച്ച ബൈക്ക്​

അയൽക്കാര​െൻറ കാറിൽ കുത്തിക്കയറ്റിയിട്ടുണ്ട്​

ചില വീട്ടുപടിക്കൽ എഴുതിക്കാണാം: നായുണ്ട്​ സൂക്ഷിക്കണമെന്ന്​

ഏയ്​, പേടിക്കണ്ടാ അത്​ കടിക്കില്ല എന്ന്​ ആ​ശ്വസിപ്പിക്കുന്നത്​ നിർത്തി

അവർക്ക്​ ആ ജന്തുവിനെ മര്യാദക്ക്​ കെട്ടിയിട്ടാലെന്താണ്​​?

Tags:    
News Summary - ballot and Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.