സകലരും സകലയിടത്തും ചർച്ചയാണ്- ഇത്രയേറെ രാജ്യത്ത് പ്രയാസങ്ങൾ വരുത്തിവെച്ച ശേഷവും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളിൽ വലതുപക്ഷ മതാധിപത്യ പാർട്ടി ഇത്രയധികം വോട്ടുകൾ നേടി അധികാരം ഊട്ടിയുറപ്പിച്ചത് എങ്ങനെയെന്ന് ചോദിച്ചു കൊണ്ടുള്ള ചർച്ചകൾ. അതിനുള്ള മറുപടിയായി വലതുപക്ഷ പാർട്ടി ഘടനയിലേക്ക് ഞാൻ ശ്രദ്ധക്ഷണിക്കട്ടെ.
വലതുപക്ഷ ഹിന്ദുത്വ കേഡറുകളും അവരുടെ സ്വകാര്യ സേനകളും രാജ്യത്തുടനീളം മേൽത്തട്ട് മുതൽ അടിത്തട്ട് വരെ വ്യാപിച്ചു പടർന്നു നിൽക്കുകയാണ്. ഇത് ഒറ്റരാത്രി കൊണ്ട് നിർമിച്ച് വ്യാപിപ്പിച്ചെടുത്തതല്ല. വർഷങ്ങളായി ആസൂത്രിതമായി നടപ്പാക്കിയെടുത്തതാണ്.
ഞാൻ ഖുശ്വന്ത് സിങ്ങുമായി ചേർന്ന് അബ്സല്യൂട്ട് ഖുശ്വന്ത് (Absolute Khushwant- The Low-Down on Life, Death & Most Things In-Between Penguin) എന്ന പുസ്തകം തയാറാക്കുന്നതിനിടെ അദ്ദേഹമാണ് ഹിന്ദുത്വ ശക്തികളുടെ അപകടകരമായ ഘടനയെയും വ്യാപനത്തെയും കുറിച്ച് ധാരണ ആദ്യമായി പകർന്നു തന്നത്. വലതുപക്ഷത്തെയും രാഷ്ട്രീയ സാഹചര്യങ്ങളെയും കുറിച്ചുമെല്ലാം അദ്ദേഹം പുസ്തകത്തിൽ വിശദമായി പറഞ്ഞുവെക്കുകയും ചെയ്തു.
2009 - 2010 കാലത്ത് ഞാനും ഖുശ്വന്തും സകല കാര്യങ്ങളെക്കുറിച്ചും നിരന്തരമായി ചർച്ച ചെയ്യുമായിരുന്നു. എന്നാൽ, അത്തരം ചർച്ചകൾക്ക് ശേഷം രാജ്യത്തെ വലതുപക്ഷ വളർച്ചയെക്കുറിച്ച് വളരെയേറെ ആശങ്കാകുലനാവും. 2010ൽ പുറത്തിറങ്ങിയ പുസ്തകത്തിൽ നിന്ന് അദ്ദേഹത്തെ ഉദ്ധരിക്കട്ടെ: എന്റെ മനസ്സിൽ ഇന്നുള്ള ഒരേയൊരു ആശങ്ക രാജ്യത്തെ വലതുപക്ഷ ഫാഷിസ്റ്റ് പാർട്ടികളുടെ വളർച്ചയാണ്. നമ്മുടെ മുറ്റത്ത് കാലൂന്നാൻ നാം ഫാഷിസത്തെ അനുവദിച്ചു. ഓരോരോ അടിവെച്ച് മുന്നോട്ടു നീങ്ങാനും ഒരു എതിർപ്പും പ്രതിഷേധവുമില്ലാതെ നമ്മൾ അനുവദിച്ചു. തിരിച്ചടിക്കുന്നതിൽ നാം പരാജിതരായി, കാരണം നമ്മൾ ഒരിക്കലും ഒരു ഐക്യശക്തിയായിരുന്നില്ല, അവരുടെ കൈകളിൽ രാജ്യം എത്തിപ്പെട്ടാൽ സംഭവിക്കുന്ന ഭയാനകതകളെക്കുറിച്ചും നമ്മൾ തിരിച്ചറിഞ്ഞില്ല.
ബാബരി മസ്ജിദിന്റെ ധ്വംസനം, ഗ്രഹാം സ്റ്റൈൻസിനെയും കുഞ്ഞുങ്ങളെയും ചുട്ടെരിച്ച സംഭവം, കിരാതവും ബുദ്ധിരഹിതവുമായ ഗുജറാത്ത് വംശഹത്യ എന്നിവയിലെല്ലാം ദുർഗന്ധം വമിക്കുന്ന രാഷ്ട്രീയവും മതവും കൂട്ടിച്ചേർക്കപ്പെട്ടു. രാഷ്ട്രീയവും മതവും ഒരിക്കലും ഒരുമിച്ചുപോകില്ലെന്ന് തന്നെയാണ് എക്കാലത്തും എന്റെ കാഴ്ചപ്പാട്, എന്തുവിലകൊടുത്തും അവയെ വേർപെടുത്തിത്തന്നെ നിർത്തണം. നമ്മൾ ഇന്ത്യക്കാർ എത്രമാത്രം ഇടുങ്ങിയ ചിന്താഗതിക്കാരും അസഹിഷ്ണാലുക്കളുമായി തീർന്നിരിക്കുന്നു എന്നതാണ് എന്റെ ഏറ്റവും വലിയ ആകുലത. നെഹ്റുവിന്റെ കാലത്ത് തീരെ ശുഷ്കിച്ച പ്രാധാന്യം മാത്രമുണ്ടായിരുന്ന പാർട്ടികൾ- ആർ.എസ്.എസ്, ഹിന്ദുമഹാസഭ, ജനസംഘം, ശിവസേന, ബജ് റംഗ് ദൾ എന്നിവരെല്ലാം അതീവ ശക്തരായി മതേതര ശക്തികളുടെ മുഖ്യഎതിരാളികളായിത്തീർന്നിരിക്കുന്നു.
രാഹുൽ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും ഖുശ്വന്ത് പറഞ്ഞു: കഴിഞ്ഞ വർഷം രാഹുൽ ഫോണിൽ വിളിച്ച് തനിക്കൊന്ന് കാണാൻ വരണമെന്ന് പറഞ്ഞു. നിശ്ചയിച്ചുറപ്പിച്ച നാലു മണിക്ക് തന്നെയെത്തി, ഒരു മണിക്കൂറോളം എന്റെ വീട്ടിൽ ചെലവിട്ടു. ചായ കുടിച്ച് ഞങ്ങൾ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും സമകാലിക സംഭവങ്ങളെക്കുറിച്ചുമെല്ലാം സംസാരിച്ചു. ഞാനയാളോട് പറഞ്ഞു: നിങ്ങളുടെ അണികൾ വളരെ ദുർബലമാണ്, മറുവശത്ത് ബി.ജെ.പിയും ആർ.എസ്.എസും വി.എച്ച്.പിയും അടിത്തട്ടു മുതൽ ശക്തിപ്പെടുത്തുകയാണ്. കോൺഗ്രസിന് ആ ശക്തി നഷ്ടപ്പെടുന്നു. ആ അഭിപ്രായം രാഹുൽ ശരിവെക്കുകയും ചെയ്തു.
ജാതി- വർഗപരമായ മുൻവിധികളില്ലാത്തൊരാളായി തോന്നിച്ചു എന്നായിരുന്നു രാഹുലിനെക്കുറിച്ച് ഖുശ് വന്ത് അന്ന് അഭിപ്രായപ്പെട്ടത്.
ഇന്നത്തെ കടുത്ത യാഥാർഥ്യമെന്തെന്നാൽ വർഗീയ ഹിന്ദുത്വ ശക്തികൾ നിയന്ത്രണത്തിലാണെന്ന് തോന്നിപ്പിച്ചു കൊണ്ടുതന്നെ വേട്ടയാടലിന്റെയും അതിക്രമങ്ങളുടെയും പുതിയ രൂപങ്ങൾ പുറത്തു വിടുന്നു. മതത്തിനതീതമായി ഒരു കേഡർ പരിശീലിപ്പിക്കപ്പെടുകയും താഴെത്തട്ടിൽ വ്യാപിക്കപ്പെടുകയും ചെയ്യുംവരെ ഈ രാജ്യത്തെ ശരാശരി പൗരരെ സംബന്ധിച്ചിടത്തോളം ജീവിതം ദുഷ്കരമായിരിക്കും. ഇത് ഇന്ന് ഹിന്ദു-മുസ്ലിം-ദലിത്- ക്രൈസ്തവ വിഷയമല്ല, മറിച്ച് നമ്മുടെ നിലനിൽപ്പിന്റെ അടിവേരുകളിൽ തന്നെ ആഘാതമേൽപിക്കുന്ന അപകടാവസ്ഥയാണ് നമ്മെ വിഴുങ്ങാൻ തയാറെടുക്കുന്നത്.
ഗ്രാമങ്ങളിലും നഗര പരിസരങ്ങളിലുമെല്ലാം അസ്വസ്ഥപ്പെടുത്തുന്ന ഒരുതരം നിശ്ശബ്ദത പരന്നുകിടക്കുന്നു. ജനസമൂഹത്തിന് ഭരണാധികാരികളെ ചോദ്യം ചെയ്യാൻ മാർഗമില്ലാതാവുന്നു. ധ്രുവീകരണവും വിഭാഗീയതയും ഒട്ടനവധി ജീർണതകളും വ്യാപിക്കുന്നു.
ഭരണകൂടത്തെപ്പറ്റിയും അവരുടെ സ്വകാര്യ സേനകളെക്കുറിച്ചും ന്യൂനപക്ഷ സമുദായങ്ങളിൽ വല്ലാത്ത ഭീതിപടർന്നു കയറുന്നു. അവർ കാണിച്ചു കൂട്ടിയ, അതിക്രമത്തിന്റെ ചെറുദൃശ്യങ്ങൾ പൗരത്വസമരത്തെ എതിരിട്ട രീതിയിൽ പ്രകടമായതാണ്. പൊലീസുകാർ വീടുകളിലേക്ക് പാഞ്ഞുകയറുകയും അഴിഞ്ഞാട്ടം നടത്തുകയും ചെയ്യുന്ന അലോസരപ്പെടുത്തുന്ന ദൃശ്യങ്ങൾ കാണുന്നതു പോലും സഹിക്കാവുന്നതിലപ്പുറമായിരുന്നു. ആരാധനാലയങ്ങൾ പോലും അന്ന് ഉന്നം വെക്കപ്പെട്ടു.
പല പ്രബല രാഷ്ട്രീയക്കാർക്കെതിരെയും ഗുരുതര ക്രിമിനൽ കേസുകൾ ഉണ്ടായിട്ടു പോലും അവർ ഭരണത്തിൽ വീണ്ടും വീണ്ടുമെത്തുന്നു എന്നതാണ് രാഷ്ട്രീയ നിരൂപകരെ അമ്പരപ്പിക്കുന്നത്. അവർ വീണ്ടും നിയോഗിക്കപ്പെടുന്നതിനെച്ചൊല്ലി എതിർപ്പോ മുറവിളിയോ ഉയരുന്നില്ല. ജീർണതയും നിരാശയും പടർന്ന് നാം അത്രമാത്രം ദുർബലരായിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.