നിഖിൽ ചക്രവർത്തി, അജിത്​ ഭട്ടാചാര്യ, ദിലീപ്​ ഘോഷ്​

ഭയലേശമില്ലാത്ത മാധ്യമപ്രവർത്തനം

കേന്ദ്രസർക്കാറും കശ്മീരി നേതാക്കളും തമ്മിലുള്ള സംഘർഷം മൂർച്ഛിച്ചുനിൽക്കുന്ന വേളയിൽ മുതിർന്ന മാധ്യമപ്രവർത്തകരായ നിഖിൽ ചക്രവർത്തിയും അജിത് ഭട്ടാചാര്യയും നമുക്കിടയിൽ ഉണ്ടായിരുന്നെങ്കിലെന്ന് ആശിച്ചുപോയി. താഴ്വരയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും തുടർന്നുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചും അധികമൊന്നും സംസാരിക്കാത്ത അവരിരുവരും എഴുതിക്കൊണ്ടേയിരുന്നു. ഈ മാസാദ്യം നിഖിൽ ചക്രവർത്തിയുടെ ജന്മവാർഷികത്തിൽ -അദ്ദേഹം 1913 നവംബർ മൂന്നിനാണ് ജനിച്ചത്, ജമ്മു-കശ്മീരിലെ ഒടുങ്ങാത്ത കുഴപ്പങ്ങളെക്കുറിച്ച് അദ്ദേഹം എഴുതിയത് വായിക്കുകയായിരുന്നു ഞാൻ. കശ്മീരിലെ രാഷ്​ട്രീയ ദുർഭരണത്തെക്കുറിച്ച് ഭയലേശമില്ലാതെ അദ്ദേഹം എഴുതിക്കൊണ്ടേയിരുന്നു. താഴ്വരയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള നിഖിൽ ചക്രവർത്തിയുടെ ലേഖനങ്ങളും ഫീച്ചറുകളും വിശകലനങ്ങളും ഒക്കെ തീർത്തും വസ്തുതാപരമായിരുന്നു. കശ്മീരിലേക്ക് നിരന്തരം യാത്രചെയ്ത് അദ്ദേഹം വസ്തുതകൾ നേരിട്ട് ഗ്രഹിച്ചു. വാസ്തവത്തിൽ, താഴ്‌വരയുടെ അന്നത്തെ യഥാർഥ അവസ്ഥയെക്കുറിച്ചുള്ള വിവരണങ്ങൾ വസ്തുതാപരമായി ലഭിക്കുന്നത് അദ്ദേഹത്തിെൻറ രചനകളിൽ നിന്നായിരുന്നു.

അദ്ദേഹവുമായുള്ള എെൻറ ആദ്യ കൂടിക്കാഴ്ചയുടെ ഓർമകൾ ഇന്നും ഗൃഹാതുരതയുണർത്തുന്നതാണ്​. 1987ലെ ഒരു വസന്തകാലത്താണ് അദ്ദേഹത്തെ ആദ്യമായി കണ്ടത്. അന്ന് ഞാൻ ഒരു മാസികയിൽ ഫീച്ചർ എഡിറ്ററായി ജോലി നോക്കുകയായിരുന്നു. വയോജനങ്ങൾ എന്ന വിഷയത്തിൽ ഫീച്ചർചെയ്യാൻ ആയിടക്കാണ് അസൈൻമെൻറ് ലഭിക്കുന്നത്. ന്യൂഡൽഹിയിലെ കക്ക നഗറിലുള്ള ഒരു സർക്കാർ അപ്പാർട്മെൻറിലായിരുന്നു അദ്ദേഹം താമസിച്ചിരു​ന്നത്. അദ്ദേഹത്തിെൻറ ഡി-11 അപ്പാർട്മെൻറ് മറ്റുള്ളവയിൽനിന്നു ഏറെ വ്യത്യസ്തമായിരുന്നു. പോസ്​റ്റ്​ ഒാഫിസിെൻറ നിറമായ ചുവന്ന ചായം പൂശിയതായിരുന്നു വീടിെൻറ േഗറ്റുകൾ. അതു മറ്റുള്ളവയിൽനിന്നു തികച്ചും വേറിട്ടുനിന്നു. ആ കാഴ്ച എന്നെ വല്ലാതെ ആകർഷിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തു. ചുവപ്പ് പെയിൻറ് വാങ്ങുന്നതിനായി ഞാൻ അടുത്ത ദിവസംതന്നെ ഖാൻ മാർക്കറ്റിലെത്തി. അങ്ങനെ എെൻറ വീടിെൻറ സാധ്യമായ എല്ലാ വാതിലുകളും ചുവപ്പ് ചായമണിഞ്ഞു.

സുദീർഘവും വിശദവുമായ ഒരു അഭിമുഖമായിരുന്നു അത്. സ്ഥലദൗർലഭ്യത്താൽ അതൊക്കെയും ഇവിടെ ഉദ്ധരിക്കാൻ സാധ്യമല്ല. മനുഷ്യനെക്കുറിച്ചും അവ​െൻറ സഞ്ചാരത്തെക്കുറിച്ചും സംസാരിക്കവേ അദ്ദേഹത്തിെൻറ ചില വാക്യങ്ങൾ ഉദ്ധരിക്കാതെയും തരമില്ല.

''ഞാൻ എങ്ങനെ യാത്ര ചെയ്യുന്നു? ഒരു ബസ് പിടിക്കും. അല്ലാതെ മറ്റെന്ത് മാർഗം? ഞാൻ ഒറ്റക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നു. എെൻറ തൊഴിലിൽ യാത്ര ചെയ്ത് കാര്യങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെടുക എന്നത് വളരെ അനിവാര്യമാണ്. അതിനി നമ്മുടെ രാജ്യത്തായാലും ഇറാനിലോ പോളണ്ടിലോ അഫ്ഗാനിസ്താനിലോ ആണെങ്കിലും ശരി.''

''കൂടുതൽ പണിയെടുക്കുക എന്നതു തന്നെയാണ് എെൻറ മുദ്രാവാക്യം. ഒരു പഴയ കാർ ഗാരേജിൽ കൂടുതൽ കാലം സൂക്ഷിച്ചാൽ അതിെൻറ പ്രവർത്തനം നിലക്കും''- നമ്മുടെ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന അപചയത്തിെൻറ ഈ കാലത്തും അദ്ദേഹത്തിെൻറ അഭിപ്രായം ഉയർന്നുനിൽക്കുന്നു.

''ആധുനിക ഇന്ത്യൻസമൂഹത്തിൽ വ്യക്തിസ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്നത്​ വല്ലാതെ പ്രോത്സാഹിപ്പിക്കപ്പെടുന്നു. അതോടൊപ്പം ഒരു കാര്യം ഊന്നിപ്പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ ആധുനികജീവിതത്തിൽ വലിയൊരളവ് അപചയം ബാധിച്ചിരിക്കുന്നു. എല്ലാ മാനദണ്ഡങ്ങളും തകർത്തെറിഞ്ഞിരിക്കുന്നു. ഇന്ത്യൻ സവിശേഷത എന്ന ആശയംതന്നെ ഇല്ലാതായിരിക്കുന്നു. ആർ‌.എസ്‌.എസിെൻറയും അരുൺ ഷൂരിയുടെയും കാഴ്ചപ്പാടുകൾ‌ ആധുനിക ഇന്ത്യയിൽ മേൽക്കൈ നേടുന്നു. സാംസ്കാരികമായി നാം വേണ്ടത്ര വികസിച്ചില്ല എന്നതാണ് ഈ കാലത്ത് നാം നേരിടുന്ന അപചയത്തിെൻറ മൂലകാരണം.''

.......

എഴുത്തുകാരനും പത്രപ്രവർത്തകനുമായ അജിത് ഭട്ടാചാര്യ കശ്മീർ താഴ്വരകളിൽ അങ്ങോളമിങ്ങോളം നടന്ന് വാർത്തകൾ റിപ്പോർട്ട് ചെയ്തു. 1947 മുതൽ അദ്ദേഹം കശ്മീരിെൻറ അവസ്ഥയെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുന്നു. ശൈഖ് അബ്​ദുല്ലയുടെ ജീവചരിത്രമടക്കം നിരവധി പുസ്തകങ്ങൾ രചിച്ചു. അധികവും ന്യൂഡൽഹിയിൽ വെച്ചാണ് ഞാൻ അദ്ദേഹത്തെ കണ്ടുമുട്ടിയിട്ടുള്ളത്. കശ്മീരിലെ മാധ്യമപ്രവർത്തനകാലത്തും ശ്രീനഗറിൽവെച്ച് അദ്ദേഹവുമായി കൂടിക്കാഴ്ചക്ക് അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു അഭിമുഖത്തിനിടെ അദ്ദേഹം എന്നോടു പറഞ്ഞു: ''ഞാൻ ആദ്യമായി ശ്രീനഗറിൽ എത്തിയത് 1947ലാണ്. ഇന്ത്യൻ സൈന്യം അവിടെ എത്തിയതിനു തൊട്ടുപിറകെ. പാകിസ്താൻ അയച്ച പഠാൻ ഗോത്രവർഗക്കാരുടെ ആക്രമണത്തെ ചെറുക്കുന്നതിന് നമ്മുടെ സൈന്യത്തിന് കശ്മീരികൾ നൽകിയ സഹായത്തിന് ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. 1940കളുടെ അവസാനത്തിലെ കാഴ്ചയും ഇന്നത്തെ കശ്മീരിലെ കാഴ്ചയും തമ്മിൽ എത്ര അന്തരമാണുള്ളത്.

പാകിസ്​താൻ അയച്ച പഠാൻഗോത്രക്കാരെ തുരത്താൻ സൈന്യത്തെ സഹായിച്ച അതേ കശ്മീരിൽനിന്ന് ഇന്ന് 'ഇന്ത്യയിൽനിന്ന് സ്വാതന്ത്ര്യം' എന്ന മുദ്രാവാക്യം ഉയരുന്നു. മാറിയ സാഹചര്യം എന്തെന്നും അദ്ദേഹം എനിക്ക് വിശദീകരിച്ചുതന്നു. താഴ്വരയിലെ ജനങ്ങൾക്ക് ശൈഖ് അബ്​ദുല്ലയുമായും പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവുമായും ഒരു ബന്ധമുണ്ടായിരുന്നു. ആ ബന്ധം സോഷ്യലിസത്തിെൻറയും മതേതരത്വത്തിെൻറയും ആയിരുന്നുവെന്ന് ഓർക്കണം. ഈ രണ്ടു നേതാക്കളും സോഷ്യലിസത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നവരായിരുന്നു. അതിനാൽ, കശ്മീരികൾ ഇന്ത്യയോടൊപ്പമുണ്ടായിരുന്നു. അവർ പാകിസ്താനെ നിരസിച്ചു. ആ രാജ്യം സോഷ്യലിസത്തിനോ മതേതരത്വത്തിനോ വേണ്ടി നിലകൊള്ളുന്നില്ല എന്നതായിരുന്നു കാരണം. ഇന്ത്യയിൽ കുറച്ചുകാലമായി ഹിന്ദുത്വപാർട്ടികളുടെ സ്വാധീനവലയത്തിലാണ് സർക്കാർ. ശൈഖ് അബ്​ദുല്ലക്ക് നൽകിയ ഉറപ്പ് പാലിച്ചില്ല. കശ്മീരിെൻറ പ്രത്യേക സ്വയംഭരണാവകാശം എടുത്തുകളഞ്ഞു. ഇതെല്ലാം കശ്മീരികളെ അങ്ങേയറ്റം നിരാശയിലാക്കി.

കശ്മീരികൾക്കിടയിൽ അന്യവത്കരണത്തിെൻറ ഒരു വികാരമുണ്ട്. അതെല്ലായ്പ്പോഴും ഉണ്ടായിട്ടുണ്ട്. നമ്മൾ കൂടുതൽ വിഷയങ്ങൾ സങ്കീർണമാക്കിയതിലൂടെ അതു കൂടുതൽ വളർന്നു. അടിച്ചമർത്തിക്കൊണ്ടുള്ള ക്രമസമാധാന പാലനം നമ്മുടെ സ്ഥിരം പരിപാടിയാണല്ലോ. കൃത്യമായ സമയക്രമം പാലിച്ച് എല്ലാവരെയും ഉൾ​െപ്പടുത്തിക്കൊണ്ടുള്ള സംവാദങ്ങൾ തന്നെയാണ് ഏക പോംവഴി. ആ സംസ്ഥാനം അനുഭവിച്ച സ്വയംഭരണാവകാശമായിരുന്നു അവരെ ഇന്ത്യൻ യൂനിയനിൽ നിലനിർത്തിപ്പോന്നിരുന്നത്- അദ്ദേഹം പറഞ്ഞു നിർത്തി.

വെറുപ്പൊലികൾ ഇക്കുറി ബംഗാളിൽനിന്നാണ്

രണ്ടാഴ്ച മുമ്പ് പശ്ചിമബംഗാളിലെ ഹാൽദിയയിൽ നടന്ന റാലിയിൽ ബംഗാൾ ബി.ജെ.പി അധ്യക്ഷൻ ദിലീപ് ഘോഷ് മുഖ്യമന്ത്രി മമത ബാനർജിയുടെ അനുയായികൾക്ക് ഒരു മുന്നറിയിപ്പ് നൽകി. അദ്ദേഹത്തിെൻറ ഭീഷണി വാർത്താ റിപ്പോർട്ടുകളിൽ നിന്ന് ഇങ്ങനെ വായിക്കാം:

"പ്രശ്‌നമുണ്ടാക്കുന്ന ദീദിയും അവരുടെ സഹോദരന്മാരും അടുത്ത ആറുമാസത്തിനുള്ളിൽ അവരുടെ ശീലങ്ങളിൽ മാറ്റം വരുത്തണം. അല്ലാത്തപക്ഷം നിങ്ങളുടെ കാലുകളും വാരിയെല്ലുകളും തലയും തല്ലിപ്പൊളിക്കും. എല്ലാവരെയും ആശുപത്രിയിലേക്ക് എടുക്കേണ്ടി വരും. ഇനിയും വല്ലാതെ കളിച്ചാൽ ശ്മശാനത്തിലേക്കയക്കേണ്ടി വരും.''

Tags:    
News Summary - fearless journalism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.