കൊറോണ വൈറസിെൻറ വരവ് നാമേവരുടെയും ജീവിതത്തെ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു രീതിയിൽ താളംതെറ്റിക്കുന്നുണ്ട്. പക്ഷേ, ഈ വൈറസ് മാത്രമല്ല ഇന്ന് നമ്മുടെ ജീവിതത്തെ ഇത്രയേറെ ക്ലേശകരമാക്കുന്നത്? അസ്വസ്ഥപ്പെടുത്തുന്ന മറ്റു പല യാഥാർഥ്യങ്ങളും നമ്മുടെ ജീവിതത്തിലേക്ക് നുഴഞ്ഞുകയറുന്നുണ്ട്. ഇപ്പോഴിതാ ഒരു കാര്യംകൂടി വെളിപ്പെട്ടിരിക്കുന്നു. നമ്മൾ നിരീക്ഷണത്തിലാണെന്ന, ഒട്ടും സ്വതന്ത്രരല്ലെന്ന സത്യം. ഭരണകൂടവും അവരുടെ വാലായി പ്രവർത്തിക്കുന്ന സംവിധാനങ്ങളും നിരന്തരം ഒളിഞ്ഞുനോക്കുന്നതോടെ നമ്മുടെ ജീവിതത്തിലെ ചെറുതും വലുതുമായ ഒരു കാര്യവും സ്വകാര്യമോ വ്യക്തിപരമോ അല്ലാതായിക്കഴിഞ്ഞിരിക്കുന്നു. ചാരപ്പണിക്കാരും ചാര ഉപകരണങ്ങളും നമ്മുടെ സ്വകാര്യതയെ പൂർണമായി ഇല്ലാതാക്കുന്നു.
വഞ്ചകരും ഒറ്റുകാരും നമ്മുടെ സ്വാതന്ത്ര്യത്തിനുമേൽ കോമ്പല്ലുകളാഴ്ത്തി അടിമപ്പെടുത്താൻ ശ്രമിക്കുന്ന, ശ്വാസംമുട്ടിക്കുന്ന ഈ സാഹചര്യത്തിൽ എങ്ങനെയാണ് സമാധാനത്തോടെ ജീവിക്കാൻ കഴിയുക? ചാര ഉപകരണങ്ങൾ, വ്യാജകുറ്റങ്ങൾ, കെട്ടിച്ചമച്ച ആരോപണങ്ങൾ- എതിർശബ്ദമുയർത്തുന്നവരുടെ വാ മൂടിക്കെട്ടാൻ ഇത്രയും മതിയെന്നു വന്നിരിക്കുന്നു.
നമ്മൾ സാക്ഷ്യംവഹിക്കുന്നത് പടിപടിയായി നടക്കുന്ന കൂട്ടക്കുരുതികൾക്കാണ്. നമ്മുടെ ആത്മാവും ചേതനയുമെല്ലാം ഞെരിക്കപ്പെടുന്നു. എല്ലാം ശരിയാകാൻ പോകുന്നുവെന്ന പ്രചാരവേലകൾകൊണ്ട് മറച്ചുപിടിക്കുകയാണ് സർക്കാർ ഇതെല്ലാം. പക്ഷേ, അതിൽ തരിമ്പ് യാഥാർഥ്യമില്ല.
ഏറ്റവും സങ്കടകരമായ ഒരു വശമെന്തെന്നുവെച്ചാൽ, രാഷ്ട്രീയമായ കൊടുംവഞ്ചന നടമാടുന്ന കാര്യം, അത് നമ്മുടെ അടിത്തട്ടുകളെപ്പോലും നശിപ്പിക്കുന്ന വിവരം തിരിച്ചറിഞ്ഞിട്ടും ഒച്ചവെക്കാനാവാത്തവിധം ചകിതരാണ് നമ്മുടെ സഹപൗരജനങ്ങളിൽ ബഹുഭൂരിപക്ഷവും. ശബ്ദിക്കാൻ മുതിർന്നാൽ അവരെയോ അവരുടെ മക്കളെയോ പിടിച്ചുകൊണ്ടുേപായി, ആരോപണങ്ങളിൽ കുരുക്കി തടങ്കൽപാളയത്തിലേക്ക് തള്ളുന്നതാണല്ലോ ഇപ്പോഴത്തെ പതിവ്.
നുണകളാൽ അതിര് ഭേദിക്കുന്ന വലതുപക്ഷം
അതുപോലെത്തന്നെ നമ്മുടെ നിലനിൽപിലേക്ക് വലതുപക്ഷം നടത്തുന്ന കടന്നുകയറ്റത്തെക്കുറിച്ച് അറിയുന്നവരും അവരുടെ തീട്ടൂരങ്ങൾക്കെതിരെ സംസാരിക്കാൻ ധൈര്യപ്പെടുന്നില്ല. പല വിദ്യാർഥികളും ആർ.എസ്.എസിെൻറ വിചാരധാരയും അതിലെ പെരുംനുണകളുമെല്ലാം വായിച്ചറിഞ്ഞിട്ടും, ശംസുൽ ഇസ്ലാമിെൻറ രാഷ്ട്രീയ സ്വയം സേവക് സംഘ് ഡോക്യുമെൻറ്സ്, ഖുശ്വന്ത് സിങ് എഴുതിയ ദി എൻഡ് ഒാഫ് ഇന്ത്യ, ജ്യോതിർമയ ശർമയുടെ ടെറിഫെയിങ് വിഷൻ-എം.എസ്. ഗോൾവാൾക്കർ, ആർ.എസ്.എസ് ആൻഡ് ഇന്ത്യ, എ.ജി. നൂറാനിയുടെ ദി ആർ.എസ്.എസ്-എ മെനസ് ടു ഇന്ത്യ, വലതുപക്ഷത്തെക്കുറിച്ച് പ്രഫ. രാം പുനിയാനി എഴുതിയ നിരവധി പുസ്തകങ്ങൾ, മഹാരാഷ്ട്രയിലെ മുൻ പൊലീസ് ഐ.ജി എസ്.എം. മുശ്രിഫിെൻറ ഗവേഷണാത്മകമായ രചനകൾ എന്നിവയിൽനിന്നെല്ലാം ഉദ്ധരിക്കുമെന്നല്ലാതെ ചോദ്യങ്ങളുയർത്താൻ മുന്നോട്ടുവരുന്നില്ല.
രാമജന്മഭൂമി പ്രസ്ഥാനം, ബാബരി മസ്ജിദ് ധ്വംസനം, 2020ലെ ഗുജറാത്ത് വംശഹത്യ ഇവയെല്ലാം ഹിന്ദുരാഷ്ട്രവാദത്തിലേക്ക്
ഗോൾവാൾക്കർ വരച്ചിട്ട പൈതൃകവീഥികളിൽ ചിലതു മാത്രമാണെന്ന് േജ്യാതിർമയ ശർമ തെൻറ പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു. ഗോൾവാൾക്കറുടെ ബൗദ്ധിക മണ്ഡലത്തിൽ രണ്ടു സ്ഥിരം ശത്രുക്കളാണുള്ളത്; മുസ്ലിംകളും രാഷ്ട്രീയവും. ഹിന്ദുരാഷ്ട്രത്തിന് അധികാരവും പൊലിമയും വീണ്ടെടുക്കുന്നതിന് ഏറ്റവും വലിയ വിഘാതമാണ് അവ രണ്ടും.
ഗോൾവാൾക്കറുടെ ചില വാദങ്ങളും പുസ്തകത്തിൽ എടുത്തെഴുതിയിട്ടുണ്ട്. '' രാജ്യത്തിനുള്ളിൽ കുറെയേറെ മുസ്ലിം കേന്ദ്രങ്ങളുണ്ട്. അതായത്, കുറച്ചധികം കുട്ടിപാകിസ്താനുകൾ. അത്തരം കേന്ദ്രങ്ങൾ രാജ്യത്തിനുള്ളിലെ പാക് അനുകൂല ശക്തികളുടെ ഇടങ്ങളാണ്. അതായത്, ഡൽഹിയോ രാംപുരോ ലഖ്േനാവോ ആവട്ടെ ഈ കേന്ദ്രങ്ങളിലെ മുസ്ലിംകൾ പാകിസ്താൻ ഇന്ത്യയുമായി ഒരു സായുധസംഘർഷത്തിലേക്കു നീങ്ങിയാൽ പ്രയോഗിക്കുന്നതിനായി ആയുധങ്ങൾ സ്വരുക്കൂട്ടിയും ആളുകളെ ഒരുക്കിയും തക്കംപാർത്തിരിക്കുകയാണ്.''
സ്വന്തമായ സേനയും ചോദ്യംചെയ്യപ്പെടാത്ത നേതൃത്വവുമുള്ള ആർ.എസ്.എസ് ഇന്ത്യയുടെ ഭൂതകാലവുമായി യുദ്ധത്തിലേർപ്പെട്ടിരിക്കുകയാണെന്ന് എ.ജി. നൂറാനി തെൻറ പുസ്തകത്തിൽ സമർഥിക്കുന്നു. ''ഇന്ത്യയുടെ അത്യന്തം മഹാന്മാരായ മൂന്നു ഭരണാധികാരികൾ ബുദ്ധമത വിശ്വാസിയായ അശോകൻ, മുസ്ലിംമായ അക്ബർ, പ്രബുദ്ധ ഹിന്ദുമത വിശ്വാസിയായിരുന്ന നെഹ്റു എന്നിവരെ അവമതിക്കുകയാണവർ. ലോകം ഇന്ത്യയെ എന്തിെൻറയെല്ലാം പേരിൽ വിലമതിക്കുന്നുവോ ആ നേട്ടങ്ങളെയെല്ലാം തുടച്ചുനീക്കി തങ്ങളുടെ ഇടുങ്ങിയ, ഛിദ്രതയുടെ വിചാരധാര പ്രതിഷ്ഠിക്കാനാണ് അവരുടെ നീക്കം.''
ഹിന്ദുത്വ അജണ്ട ഇത്ര ത്വരിതപ്പെടുത്തുന്നതിനു പിന്നിലെ ചേതോവികാരവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ പകുതിയോളം ജനങ്ങൾ ദാരിദ്ര്യരേഖക്കു കീഴിൽ അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളുംപോലും നിഷേധിക്കപ്പെട്ട് ജീവിച്ചുപോവുകയാണ്. ദലിതുകൾക്കും ആദിവാസി സമൂഹങ്ങൾക്കും ആ അവകാശങ്ങൾ ഒരുക്കിക്കൊടുക്കുന്നതിനു പകരം മതംമാറ്റ അവകാശത്തിലേക്ക് ചർച്ച വഴിതിരിച്ചുവിടാനാണ് അവർക്ക് താൽപര്യം.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.