കടപ്പാട്: Mir Suhail

നിയാസ് ഖാൻ പറഞ്ഞതാണോ തെറ്റ് ?

നിയാസ് ഖാന് കാരണം കാണിക്കൽ നോട്ടീസ് കിട്ടിയിരിക്കുന്നു, മധ്യപ്രദേശ് പൊതുമരാമത്ത് വകുപ്പിലെ ജോയന്റ് സെക്രട്ടറിയായ ഈ സിവിൽ സർവിസ് ഉദ്യോഗസ്ഥൻ തൊഴിലിൽ എന്തെങ്കിലും വീഴ്ചയോ ക്രമക്കേടോ വരുത്തിയതിന്റെ പേരിലല്ല, ലക്ഷ്മണ രേഖ ലംഘിച്ചിരിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രി നരോട്ടം മിശ്ര അഭിപ്രായപ്പെട്ടത്. കശ്മീര്‍ ഫയല്‍സ് എന്ന വിവാദ ചിത്രം രാജ്യത്തെ പ്രധാനമന്ത്രി മുതൽ ഉന്നതർ അപകടകരമാംവിധം ആഘോഷിക്കവെ രാജ്യത്തെ മുസ്‍ലിം സമുദായം നേരിടുന്ന ദുരന്തങ്ങളെക്കുറിച്ച് അദ്ദേഹം ചില സത്യങ്ങൾ വിളിച്ചുപറഞ്ഞതിന്റെ പേരിലാണ് സർക്കാർ കാരണം തേടുന്നത്. ഒട്ടും മയമില്ലാതെ, എന്നാല്‍ അങ്ങേയറ്റം സത്യസന്ധതയോടെ തന്നെയാണ് നിയാസ് ഖാന്‍ സമൂഹമാധ്യമങ്ങളിൽ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. സാധാരണഗതിയിൽ ഏതെങ്കിലും സിവിൽസർവിസ് ഉദ്യോഗസ്ഥനെതിരെ സമാന രീതിയിൽ നീക്കങ്ങളുണ്ടാകുമ്പോൾ ഐ.എ.എസ് ഓഫിസർമാരുടെ സംഘടനയും മുതിർന്നവരും ഇളമുറക്കാരും വിരമിച്ചവരുമായ ഉദ്യോഗസ്ഥരും രംഗത്തുവരാറുണ്ട്. ഇനി നമുക്കറിയേണ്ടത് നിയാസ് ഖാനു വേണ്ടി പക്ഷംപിടിക്കാന്‍ ഇവരാരെങ്കിലും രംഗത്തിറങ്ങുമോ എന്നതാണ്.

പദവികളിലിരിക്കെ ചുരുക്കം ചില ഉദ്യോഗസ്ഥര്‍ മാത്രമാണ് സത്യം തുറന്നുപറയാൻ ആര്‍ജവം കാണിക്കാറുള്ളത്. ഏതെങ്കിലും ഉദ്യോഗസ്ഥർ എപ്പോഴൊക്കെ സധൈര്യം സത്യം പറഞ്ഞിട്ടുണ്ടോ അപ്പോഴൊക്കെ രാഷ്ട്രീയ കഴുകന്മാര്‍ നഖങ്ങള്‍ നീട്ടി അവര്‍ക്കു മീതെ പറന്നിറങ്ങിയിട്ടുണ്ട്. സര്‍വിസിലിരിക്കെ സംഘ്പരിവാര്‍ ബ്രിഗേഡിനെതിരെ തുറന്നുപറഞ്ഞ ഒരു ഉദ്യോഗസ്ഥന്‍ നേരിട്ട ദുരനുഭവങ്ങള്‍ ഇതിന്റെ നേര്‍സാക്ഷ്യമാണ്. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിൽ 2018ല്‍ നടന്ന വര്‍ഗീയ കലാപത്തെക്കുറിച്ചുതന്നെയാണ് പറഞ്ഞുവരുന്നത്. ബി.ജെ.പിയുടെ കാവിക്കൊടികളുമായി എത്തിയ അക്രമികള്‍ മുസ്ലിംകളെ നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും ഹിന്ദുത്വ മുദ്രാവാക്യങ്ങള്‍ വിളിപ്പിച്ചു.

നിയാസ് ഖാൻ പറഞ്ഞതാണോ തെറ്റ് ?അന്നേരം ബറേലി ജില്ല മജിസ്‌ട്രേറ്റായിരുന്ന രാഘവേന്ദ്ര വിക്രംസിങ് തന്റെ ഫേസ്ബുക്ക് പേജില്‍ ഇങ്ങനെ എഴുതി: മുമ്പെങ്ങുമില്ലാതിരുന്ന ഒരു രീതിയാണിപ്പോൾ നടമാടുന്നത്. ചിലർ മുസ്‍ലിം താമസകേന്ദ്രങ്ങളിൽ പോയി പാകിസ്താന്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കുന്നു. എന്തു കൊണ്ടാണ് മുസ്‍ലിംകള്‍ പാകിസ്താനികള്‍ ആകുന്നത്? സിങ് മാത്രമല്ല, കാസ്ഗഞ്ചിൽ നിയോഗിക്കപ്പെട്ട മറ്റു രണ്ട് ഉദ്യോഗസ്ഥരും തുറന്നുപറഞ്ഞ ഒരു സംഭവമുണ്ട്: മുസ്‍ലിം ഭൂരിപക്ഷ പ്രദേശത്തെ ആളുകള്‍ ദേശീയ പതാകകള്‍ ഉയര്‍ത്താന്‍ തയാറെടുത്തപ്പോള്‍ വി.എച്ച്.പിയുടെയും മറ്റു വലതുപക്ഷ സംഘങ്ങളുടെയും പ്രവര്‍ത്തകര്‍ ബൈക്കുകളില്‍ പാഞ്ഞെത്തി. അവര്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് അലങ്കോലമാക്കുകയും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു.

നിയാസ് ഖാൻ, രാഘവേന്ദ്ര വിക്രംസിങ്

നമുക്ക് നിയാസ് ഖാനിലേക്കും അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനങ്ങളിലേക്കും മടങ്ങി വരാം. വര്‍ത്തമാനകാല രാഷ്ട്രീയ സംവിധാനത്തില്‍ ഇന്ത്യൻ മുസ്‍ലിംകള്‍ നേരിടുന്ന വിധിയെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞതില്‍ എന്ത് അപാകതയാണ് ഉള്ളത്? അതില്‍ എന്ത് അധാര്‍മികതയാണുള്ളത്. അദ്ദേഹം ഒരു സിവില്‍ െസര്‍വന്റാണ്- രാജ്യത്തെ പൗരന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ യഥാര്‍ഥരവശങ്ങള്‍ ഉന്നയിക്കുക എന്നത് അവരുടെ കര്‍ത്തവ്യം തന്നെയാണ്. സിവില്‍ െസര്‍വന്റ് എന്നതിന്റെ നിര്‍വചനത്തില്‍ ജനസേവകർ എന്നു കൂടി ഉള്‍പ്പെടുന്നില്ലേ. ഈ പറയുന്ന ജനക്കൂട്ടത്തിൽ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുമുണ്ടല്ലോ.

എന്തുകൊണ്ട് നിയാസ് ഖാന്‍ എന്നതൊരു ചോദ്യമാണ്. മറ്റേതെങ്കിലും ഒരു യഥാര്‍ഥ രാജ്യസ്‌നേഹിയോട് ചോദിച്ചാലും അവര്‍ക്കും ഇതേ തരത്തിലുള്ള സമാന അഭിപ്രായങ്ങള്‍ തന്നെയായിരിക്കും പ്രകടിപ്പിക്കാനുള്ളത്. എന്തെന്നാല്‍ ഓരോ ദിവസവും ഈ രാജ്യത്തെ മുസ്‍ലിംകള്‍ ആള്‍ക്കൂട്ട കൊലയ്ക്കും തീവ്ര വലതു സംഘടന പ്രവര്‍ത്തകരുടെ ക്രൂരമായ ആക്രമണങ്ങള്‍ക്കും വിധേയരാകുന്നുണ്ട്. കഴിഞ്ഞ ദിവസംപോലും ഉത്തര്‍പ്രദേശില്‍ രണ്ടു മുസ്‍ലിം ചെറുപ്പക്കാരാണ് ഈ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിനിരയായത്. ഒരാള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്കു അതിഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

ഇത്തരം സംഭവങ്ങളെക്കുറിച്ചൊക്കെ ഉദ്യോഗസ്ഥതലത്തില്‍നിന്ന് ആരെങ്കിലും പ്രതികരിക്കുമ്പോള്‍ ആ അക്രമങ്ങളെക്കുറിച്ച് അന്വേഷണം നടത്താതെ വിഷയം ഉന്നയിച്ചവരെ അടക്കിയിരുത്താന്‍ ഭീഷണികളും കൊലവിളികളും മുഴക്കുന്നതെന്തിനാണ്. രാഷ്ട്രീയ ഭരണകൂടങ്ങള്‍ നടത്തുന്ന രാഷ്ട്രീയ പ്രേരിത അക്രമങ്ങളെ ചോദ്യംചെയ്യാനുള്ള ഉദ്യോഗസ്ഥരുടെ അവകാശങ്ങള്‍ക്ക് മീതെ അടപ്പിട്ടു പൂട്ടുന്നതെന്തിനാണ്. ഭീഷണികള്‍ കൊണ്ടവരെ വീര്‍പ്പുമുട്ടിക്കുന്നതാണിവിടെ കാണുന്നത്.

ഓരോ ദിവസം കഴിയുന്തോറും രാജ്യത്ത് മുസല്‍മാന്റെ അതിജീവനം അതിഭീകരമാം വിധത്തില്‍ അസാധ്യമായി മാറുകയാണെന്നതാണ് യാഥാര്‍ഥ്യം. മുസ്‍ലിം സ്ത്രീകളെയും ഈ അക്രമികള്‍ വെറുതെ വിടുന്നില്ല. അവരെ വെര്‍ച്വല്‍ ഇടങ്ങളില്‍ ലേലത്തിനുവെച്ച സുള്ളി ഡീല്‍സിനും ബുള്ളിബായിക്കും പിന്നിലെ വെറുപ്പിന്റെ ആഴം ചിന്തിക്കാന്‍പോലും കഴിയുന്നതിന്റെ അപ്പുറമായിരുന്നു. ഹിജാബിനെ കോളജ് വിദ്യാഭ്യാസവും ഉന്നതവിദ്യാഭ്യാസവും മുടങ്ങുംവിധം ഒരു വലിയ വിവാദ വസ്തുവാക്കി മാറ്റുന്നതും ഇതാദ്യമായാണ് കാണുന്നത്. രണ്ടു വ്യത്യസ്ത സമുദായങ്ങളിലെ ആളുകള്‍ തമ്മിലെ ഇടപഴകലുകളിൽ വിലങ്ങിടുന്നതിനാണ് ഇന്ന് ഹിന്ദുത്വ ശക്തികള്‍ ശ്രമിക്കുന്നത്. അഥവാ, സമാധാനമായി കഴിയുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ അവര്‍ കരുതിക്കൂട്ടി അസ്വാരസ്യം വിതക്കുകയും ചെയ്യുന്നു. സത്യസന്ധമായ അഭിപ്രായ പ്രകടനം നടത്തുകയും നാടിന്റെ ഒരുമക്കായി ശ്രമിക്കുകയും ചെയ്യുന്ന നേതാക്കളെയും ഉദ്യോഗസ്ഥരെയും മാധ്യമങ്ങളെയും ആക്ടിവിസ്റ്റുകളെയും വേട്ടയാടുന്ന അതേസമയം വര്‍ഗീയ വിദ്വേഷവും വെറുപ്പും പരത്തുന്നവര്‍ക്ക് ഉന്നത രാഷ്ട്രീയതലങ്ങളില്‍നിന്നു താങ്ങും തണലും നിര്‍ലോഭം ലഭിക്കുകയും ചെയ്യുന്നു.

വിദ്വേഷത്തിന്റെ ഫയൽ

സാധ്യമായ എല്ലാ വഴികളിലൂടെയും നടത്തിവരുന്ന മുസ്‍ലിംവിരോധം പരത്തലില്‍ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അത് നികത്താന്‍ എന്ന വണ്ണം ബോധപൂർവം പടച്ചുവിട്ടതാണ് കശ്മീര്‍ ഫയല്‍സ് എന്ന സിനിമ. അയഥാര്‍ഥ്യങ്ങളുടെ ഈ ഘോഷയാത്രക്ക് അമ്പരപ്പിക്കുന്നവിധം പിന്തുണയും പ്രചാരണവുമാണ് സർക്കാർ മുൻകൈയെടുത്ത് നല്‍കിക്കൊണ്ടിരിക്കുന്നത്.

1990കളുടെ തുടക്കത്തില്‍ കശ്മീരില്‍ നടന്ന ദുഃഖ പരമ്പരകളുടെ യാഥാര്‍ഥ്യം നിരവധി പുസ്തകങ്ങൾക്കും ഗവേഷണ പ്രബന്ധങ്ങൾക്കും ഡോക്യുമെന്ററികൾക്കുമെല്ലാം നേരത്തേതന്നെ വിഷയമായിട്ടുണ്ട്. കശ്മീരി പണ്ഡിറ്റുകളും കശ്മീരി മുസ്‍ലിംകളും ഒരുപോലെ കടുത്ത ദുരന്തങ്ങളെ അഭിമുഖീകരിച്ചുവെന്നതാണ് യാഥാർഥ്യമെങ്കിലും ഒരു പ്രത്യേക അജണ്ട ലക്ഷ്യമിട്ട് ഒരു സമുദായത്തിനു നേര്‍ക്ക് വിരല്‍ചൂണ്ടി കെട്ടുകഥകൾ ചമച്ചിരിക്കുകയാണ് ഈ സിനിമയും അതിന്റെ പ്രചാരകരും.


ഇത്ര തീവ്രമായി വര്‍ഗീയ വിദ്വേഷം പരത്തുന്നതിന്റെ അനന്തരഫലം എന്തായിരിക്കും. ഒരു ആഭ്യന്തര കലഹം തന്നെ പൊട്ടിപ്പുറപ്പെട്ടാല്‍ എന്താകും ഫലം? അത്തരമൊരു അവസ്ഥ വന്നാൽ ഈ രാഷ്ട്രീയ കഴുകന്മാരും അവരുടെ അനുചരന്മാരുമെല്ലാം തന്നെ തങ്ങളുടെ സര്‍ക്കാര്‍ ബംഗ്ലാവുകള്‍ എന്ന മാളങ്ങളിലൊളിച്ചിരിക്കും. ഇടത്തരക്കാരും അവരില്‍ താഴേത്തട്ടിലുള്ളവരും ആ കലാപത്തിന്റെ തീയും പൊള്ളലുമേറ്റ് ദുരിതങ്ങളിലാണ്ടു പോകും.

പിന്നെയും ദശാബ്ദങ്ങള്‍ കഴിഞ്ഞായിരിക്കും തങ്ങള്‍ ഫാഷിസ്റ്റ് ആസൂത്രിത തന്ത്രത്തിന്റെ ഇരകളായി മാറുകയായിരുന്നുവെന്ന് പലരും തിരിച്ചറിയുക. അത് അങ്ങേയറ്റം വൈകിപ്പോയ ഒരു നേരത്തുമായിരിക്കും.

Tags:    
News Summary - Is what Niyaz Khan said wrong?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.