സ്റ്റാൻഡ്അപ് കൊമേഡിയൻ മുനവ്വർ ഫാറൂഖിയെ മിണ്ടാതെ മൂലക്കിരിക്കാൻ നിർബന്ധിതരാക്കി നമ്മൾ. ആ കലാകാരൻ നിശ്ശബ്ദനാകുമ്പോഴും ചുറ്റിനും ബഹളങ്ങൾക്ക് കുറവൊന്നുമില്ല. കലാപകാരികളായ വലതുപക്ഷ ഹിന്ദുത്വർ ഗര്ഹണീയമായ കൊലവിളികളും വിതണ്ഡാവാദങ്ങളും മുഴക്കി നിർഭയം നിർലജ്ജം ആർത്തട്ടഹസിച്ച് നടപ്പുണ്ട്, അവർക്ക് ആരെ പേടിക്കാൻ? പ്രത്യക്ഷമോ പരോക്ഷമോ ആയി ഭരണകൂടവുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്നതാണ് അവരുടെ കൊലവിളികളുടെ പിൻബലം.
എന്നാൽ, ഭീഷണി സഹിക്കവയ്യാതെ തോറ്റുപിന്മാറുന്ന മുനവ്വറിനെ സംരക്ഷിച്ചുനിർത്താൻ രാഷ്ട്രീയ ശക്തികളേതുമില്ലല്ലോ. നോക്കൂ, എത്ര വേഗത്തിലും എളുപ്പത്തിലുമാണ് കഴിവുറ്റ ഒരു കലാകാരനെ വേദി വിടാൻ നിർബന്ധിതനാക്കിയതെന്ന്. മുനവ്വർ ഫാറൂഖിയും അയാളുടെ പ്രാഗല്ഭ്യവും നിലനിൽക്കണമെന്ന് നമുക്കിടയിലെ സ്വബോധമുള്ള ആളുകളെങ്കിലും ആഗ്രഹിക്കേണ്ടതല്ലേ? അത്തരമൊരു ചിന്ത പോലും ഒരു കോണിൽനിന്നും ഉയർന്നു കേൾക്കുന്നതേയില്ല. ഒന്നു ചോദിക്കട്ടെ- ഫാഷിസത്തിന് ഇനിയും കീഴൊതുങ്ങിയിട്ടില്ലാത്ത കേരളത്തിലോ, ബംഗാളിലോ, പഞ്ചാബിലോ മുനവ്വറിന് ഒരു കലാപരിപാടി അവതരിപ്പിക്കാൻ 'അനുമതി' ലഭിക്കുമോ?
ഇരട്ടത്താപ്പിെൻറ, ഇരട്ടനീതിയുടെ കാലം
നമ്മുടെ സാമൂഹിക-രാഷ്ട്രീയ വ്യവഹാരങ്ങളിലെ ഇരട്ടനീതി ഇക്കഴിഞ്ഞ വർഷങ്ങളിൽ മാത്രം തുടങ്ങിയതല്ല. പക്ഷേ, അന്ന് ഇത്രമാത്രം ദൃശ്യവും നൃശംസനീയവുമായിട്ടില്ലായിരുന്നുവെന്ന് മാത്രം. 90കളുടെ ആദ്യ പകുതിയിൽ ബാബരി മസ്ജിദ് ധ്വംസനത്തിന് പിറകെയുണ്ടായ വർഗീയകലാപങ്ങളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ ഡൽഹിയിലെ സീലംപുർ മേഖലയിൽ പോയത് ഓർക്കുന്നു. പൊലീസുകാർ പരസ്യമായി വസ്ത്രമഴിപ്പിച്ച് ചേലാകർമം ചെയ്തവരെ കണ്ടെത്തി മാറ്റിനിർത്തി കൈകാര്യം ചെയ്ത കാര്യം അവിടത്തെ പുരുഷന്മാർ വിവരിച്ചിരുന്നു അന്ന്.
പൊലീസും ഭരണകൂടവും മാത്രമല്ല, മാധ്യമങ്ങൾ വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന രീതി ശ്രദ്ധിച്ചിട്ടില്ലേ? 2017 ജനുവരിയുടെ അവസാന ദിവസങ്ങളൊന്നിൽ മേഘാലയ ഗവർണർ വി. ഷൺമുഖനാഥന് പദവി വിട്ടൊഴിയേണ്ടിവന്നിരുന്നു. നിൽക്കക്കള്ളിയില്ലാതെ രാജിവെക്കേണ്ടിവന്നതാണ്. പദവിയുടെ അന്തസ്സ് തകർത്തുകളയുംവിധം അരുതായ്മകൾ ചെയ്തുകൂട്ടുന്നുവെന്ന് രാജ്ഭവനിലെ 98 ഉദ്യോഗസ്ഥർ പരാതി നൽകിയതിനെ തുടർന്നായിരുന്നു രാജി. ലൈംഗിക അപമര്യാദയുടെ ദുഷ്പേര് ആവോളം കേൾപ്പിച്ച മുൻഗവർണറുടെ ആർ.എസ്.എസ് ബന്ധങ്ങളൊന്നും രാജിയുടെ പശ്ചാത്തലത്തിൽ മാധ്യമങ്ങൾ ചർച്ചചെയ്തതേയില്ല. വിക്കിപീഡിയയിൽപോലും അത്തരം വിവരങ്ങളൊന്നും വരാതിരിക്കാൻ ശ്രദ്ധിക്കുന്നു ചിലർ. നിർഭാഗ്യത്തിന് ഒരു മുസ്ലിം പേരുകാരനോ ഇഷ്ടമില്ലാത്ത രാഷ്ട്രീയ പ്രത്യയശാസ്ത്രം പിൻപറ്റുന്ന മറ്റാരെങ്കിലുമോ ആയിരുന്നു അയാളുടെ സ്ഥാനത്തെങ്കിൽ മടിത്തട്ട് മാധ്യമങ്ങൾ ഇങ്ങനെയായിരുന്നുവോ ഈ വിഷയം കൈകാര്യം ചെയ്യുക? എത്ര ദിവസം നീളുന്ന ഗൂഢാലോചനാ ചർച്ചകളായിരുന്നേനെ, ന്യൂസ് ഡിബേറ്റുകളിൽ വാക്കുകൊണ്ടുള്ള ആൾക്കൂട്ട ആക്രമണം തന്നെ അരങ്ങേറിയേനെ.
പദ്മാവത് എന്ന സിനിമക്കെതിരെ കർണി സേന വലിയ കോലാഹലങ്ങൾ ഉയർത്തിയിരുന്നു. രജ്പുത്രരെ മോശമായി ചിത്രീകരിച്ചിരിക്കുന്നു എന്നതായിരുന്നു അവരുടെ പരാതി. അലാവുദ്ദീൻ ഖിൽജിയെ മാംസദാഹിയും വഷളനുമായി ചിത്രീകരിച്ചതായി മുസ്ലിംകൾക്കും ആക്ഷേപമുണ്ടായിരുന്നു- പക്ഷേ, പ്രതിഷേധമുയർത്താൻ അവർ മെനക്കെട്ടില്ല. അതിെൻറ പേരിൽ പൊലീസിെൻറ വേട്ടയും കേസുകളും കൂടി താങ്ങാനുള്ള ശേഷിയില്ലെന്ന നിസ്സഹായാവസ്ഥ പലരും അടക്കം പറയുക മാത്രം ചെയ്തു.
വലതുപക്ഷ രാഷ്ട്രീയ നേതാക്കൾ എത്ര പരസ്യമായാണ് മുസ്ലിംവിരുദ്ധ ഭീഷണികളും മുദ്രാവാക്യങ്ങളും മുഴക്കുന്നത്. ഒരാളും അറസ്റ്റ് ചെയ്യപ്പെടുന്നില്ല. 2020 ജനുവരിയിൽ തലസ്ഥാന നഗരിയിൽ മുസ്ലിംവിരുദ്ധ ഭീഷണി മുഴക്കിയ അനുരാഗ് ഠാകൂർ, കപിൽ മിശ്ര, പർവേശ് വർമ തുടങ്ങിയവർ നാളിതുവരെ എന്തെങ്കിലും നിയമനടപടി നേരിടേണ്ടിവന്നോ?
വിശ്വഹിന്ദു പരിഷത്തിെൻറയും ബജ്റംഗ്ദളിെൻറയും ആയുധ പരിശീലന ക്യാമ്പുകളിൽ (അത്തരം പരിശീലനം തന്നെ നിയമവിരുദ്ധമാണ്) തൊപ്പിയിട്ട തലകളുടെ മാതൃകയുണ്ടാക്കി തലയോട്ടി തുളയും വിധം ആക്രമിക്കാനാണ് പഠിപ്പിക്കുന്നത്. ഇക്കാര്യം സംഘാടകരിൽ ചിലർ തന്നെ മാധ്യമങ്ങൾക്കുമുന്നിൽ തുറന്നുപറഞ്ഞിട്ടും എന്തെങ്കിലും നടപടികളുണ്ടായതായി കേട്ടിട്ടുണ്ടോ?
ഉമാഭാരതിയും ജോഷിയും
ബാബരി മസ്ജിദ് തകർക്കാൻ അനുയായികളെ പ്രേരിപ്പിച്ച് പള്ളിയുടെ താഴികക്കുടങ്ങൾ തകർന്നുവീഴവെ ആനന്ദനൃത്തം ചവിട്ടി ആലിംഗനം ചെയ്യുന്ന അദ്വാനി-ജോഷി- ഉമാഭാരതിമാരുടെ നടുക്കുന്ന ചിത്രം മറന്നിട്ടില്ല ഇനിയുമാരും- ഈ മതേതര രാജ്യത്തെ ഇത്രമേൽ പങ്കിലമാക്കിയ നിഷ്ഠുരതയിൽ പങ്കുചേർന്ന മൂവരും പിന്നീട് രാജ്യത്തിെൻറ ഉത്തരവാദപ്പെട്ട പദവികളിൽ വിരാജിക്കുന്നതാണ് നാം കണ്ടത്.
വിദ്വേഷ പ്രചാരകരെയും അക്രമികളെയും തൊടാൻ മടിക്കുമ്പോൾ തന്നെ അക്കാദമീഷ്യന്മാരെയും പൗരാവകാശ പ്രവർത്തകരെയും വിദ്യാർഥികളെപ്പോലും രാജ്യദ്രോഹം ഉൾപ്പെടെ കുറ്റങ്ങൾ ചുമത്തി ജയിലിലടക്കുന്ന കാഴ്ചകൾക്ക് നാം സാക്ഷ്യം വഹിക്കുന്നു. കർണാടകയിലെ ബീദറിൽ സ്കൂൾ നാടകത്തിൽ പ്രധാനമന്ത്രിയെ വിമർശിച്ചുവെന്നാരോപിച്ച് കുട്ടികളെയും രക്ഷിതാക്കളെയും പൊലീസ് ഏറെ കഷ്ടപ്പെടുത്തിയ സംഭവവുമുണ്ടായി.
വലതുപക്ഷ സംഘടനകളുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളുടെ പാഠപുസ്തകങ്ങളൊന്നു തുറന്നു നോക്കിയാലറിയാം എത്രമാത്രം വിഷലിപ്തവും അബദ്ധജടിലവുമായ പാഠങ്ങളാണ് കുട്ടികളിലേക്ക് കൈമാറപ്പെടുന്നതെന്ന്. എന്നാൽ, തരംകിട്ടുമ്പോഴെല്ലാം മദ്റസകളെക്കുറിച്ച് അപഖ്യാതി പരത്തുന്നതിന് തങ്ങളിരിക്കുന്ന കസേരകളോ വഹിക്കുന്ന പദവികളോ അവരെ തടയുന്നുമില്ല. യോഗിമന്ത്രിസഭയിൽ തൊഴിൽവകുപ്പ് കൈകാര്യം ചെയ്യുന്ന രഘുരാജ് സിങ് ഈയിടെ പറഞ്ഞത് മദ്റസകളിൽനിന്ന് കുട്ടികൾ ഭീകരവാദികളായാണ് പഠിച്ചിറങ്ങുന്നത് എന്നാണ്.
ബി.ജെ.പിക്ക് നിയമസഭയിൽ നാമമാത്ര പ്രാതിനിധ്യം പോലുമില്ലാത്ത കേരളത്തിൽ പോലും പള്ളികൾ ഇല്ലാതാക്കുമെന്നും ബാങ്ക് വിളി മുടക്കുമെന്നും നഗരമധ്യത്തിൽ പ്രകടനം നടത്തി ഭീഷണി മുദ്രാവാക്യം വിളിക്കാനും നിരോധനാജ്ഞ ലംഘിച്ച് വീണ്ടും വിദ്വേഷ പ്രകടനം നടത്താനും സംഘ്പരിവാർ ഹുങ്ക് കാണിക്കുന്നു.
ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവരെ തടയാനും ഉത്തരം പറയിക്കാനും കമീഷനുകളും വ്യവസ്ഥാപിത സർക്കാർ സംവിധാനങ്ങളുമെല്ലാം ഭരണഘടനാനുസൃതമായി നിലനിൽക്കെയാണ് ഈ വിഷപ്പെയ്ത്തുകളെല്ലാം.
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.