നിരപരാധികളായ തടവുകാർ; 7/11ട്രെയിൻ സ്ഫോടനത്തിലും മറ്റു ഭീകരവാദകേസിലും കുടുക്കപ്പെട്ട മുസ്ലിം ചെറുപ്പക്കാർ (Innocent Prisoners- Begunah Qaidi) എന്ന പുസ്തകമാണ് ഇപ്പോൾ വായിക്കുന്നത്. ഡൽഹിയിലെ 'ഫാറോസ് മീഡിയ' പുറത്തിറക്കിയ പുസ്തകം എഴുതിയത് അബ്ദുൽ വാഹിദ് ശൈഖ് എന്ന ഒരു മുൻ സ്കൂൾ അധ്യാപകനാണ്. 2006 ജൂലൈ 11ന് മുംബൈയിൽ ട്രെയിനുകളിൽ നടന്ന സ്ഫോടനങ്ങളുടെ പേരിൽ ജയിലിലടക്കപ്പെട്ട നിരപരാധികളിൽ ഒരാൾ. ഒമ്പതു വർഷം കഴിഞ്ഞ് നിരപരാധിയെന്ന് വ്യക്തമായതിനെ തുടർന്ന് കോടതി വെറുതെ വിടുംവരെ ആ മനുഷ്യൻ ചീത്തപ്പേരും പേറി തടവറയിൽ കഴിഞ്ഞു. തനിക്കും സഹതടവുകാർക്കും പൊലീസിൽനിന്നും അന്വേഷണ ഏജൻസിയിൽനിന്നും ജയിൽ ജീവനക്കാരിൽനിന്നും നേരിടേണ്ടിവന്ന അനുഭവങ്ങളെല്ലാം ദിവസവും സമയവും സഹിതം പച്ചയായി വിവരിച്ചിട്ടുണ്ട് 500 പേജുകളുള്ള പുസ്തകത്തിൽ വാഹിദ് ശൈഖ്. അസാമാന്യ ധൈര്യത്തോടെ അദ്ദേഹം നടത്തിയ തുറന്നുപറച്ചിലുകളെ ആസ്പദമാക്കി തയാറാക്കിയ ഒരു മുഴുനീള ഫീച്ചർഫിലിമും അവസാനഘട്ടത്തിലാണ്.
അറസ്റ്റിലായ ആദ്യ ദിനങ്ങളിൽ എന്താണ് നടക്കുന്നതെന്ന് നിശ്ചയംതന്നെയുണ്ടായിരുന്നില്ല. പൊലീസ് എന്തോ അബദ്ധംപറ്റി പിടിച്ചതായിരിക്കുമെന്നും അത് മനസ്സിലാക്കി വിട്ടയക്കുമെന്നുമുള്ള ധാരണയിലായിരുന്നു. പക്ഷേ, പിന്നീട് ആ പ്രതീക്ഷ നേർത്തുനേർത്ത് മാഞ്ഞുപോവുകയായിരുന്നുവെന്ന് മുഖവുരയിൽ എഴുത്തുകാരൻ പറയുന്നു. ഇപ്പോൾ മാത്രമല്ല, എക്കാലത്തും പ്രസക്തമാണെന്നതിനാൽ പുസ്തകത്തിെൻറ ആദ്യ ഖണ്ഡികയിലെ വരികൾ ഇവിടെ എടുത്തെഴുതുന്നു: ''നാട്ടിലെ രാഷ്ട്രീയ യജമാനന്മാർ അവരുടെ കുടിലതാൽപര്യങ്ങൾക്കുവേണ്ടി പൊലീസിനെ നിരന്തരമായി ദുരുപയോഗം ചെയ്യുന്ന കാര്യം നമുക്കെല്ലാമറിയാം. നിയന്ത്രിക്കാനാവാത്തവിധം അതിരുവിട്ട ആ പൊലീസ് സംഘമാവട്ടെ ഇപ്പോൾ ചോദ്യംചെയ്യപ്പെടാത്ത അധികാരകേന്ദ്രവുമായിരിക്കുന്നു- ഇൗ രാജ്യം ഒരു പൊലീസ്രാജ് തന്നെയായി മാറിയിരിക്കുന്നു. പിന്നെ എങ്ങനെ ഭരണകൂട ഭീകരത അവസാനിക്കും? എപ്പോൾ അവസാനിക്കും? ഇതേക്കുറിച്ച് അതിഗൗരവമായി ആലോചിക്കേണ്ടിയിരിക്കുന്നു. ഭരണകൂട ഭീകരത ഇല്ലാതാക്കാത്തിടത്തോളം യഥാർഥ ശാന്തിയും പുരോഗതിയും ഒരു സ്വപ്നമായി അവശേഷിക്കും. ഇക്കാര്യം എത്രവേഗം സർക്കാർ തിരിച്ചറിയുമോ, അത്രയും രാജ്യത്തിന് നല്ലത്.''
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഡൽഹിയിൽ വിളിച്ചുകൂട്ടിയ ചർച്ചയിൽ തങ്ങളുടെ നേതാക്കൾ പങ്കെടുക്കുകതന്നെ വേണം എന്ന നിലപാടായിരുന്നു കശ്മീർ ജനതക്ക്. ചർച്ചയിലേക്കുള്ള ക്ഷണം നിരസിച്ചിരുന്നുവെന്നിരിക്കട്ടെ-കണ്ടോ പ്രശ്നങ്ങൾ പരിഹരിക്കാൻ അവർക്ക് തരിമ്പ് താൽപര്യമില്ലെന്ന കുത്തുവാക്കും വിമർശനങ്ങളും കുമിഞ്ഞുകൂടിയേനെ. ചർച്ചയിൽ പങ്കെടുത്താലും ഇല്ലെങ്കിലും കാര്യമായി ഒന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് കശ്മീരികൾക്ക് നന്നായി ബോധ്യമുണ്ടായിരുന്നു. ഇക്കഴിഞ്ഞ കാലങ്ങൾ നൽകിയ തിരിച്ചടികളും നിരാശയും അവർക്ക് നല്ല യാഥാർഥ്യബോധം വരുത്തിയിരിക്കുന്നു.
2016 ആഗസ്റ്റ് 10ന് പ്രധാനമന്ത്രി നേരന്ദ്ര മോദി നടത്തിയ ഒരു കശ്മീർ പ്രസംഗമുണ്ട്- ജമ്മു-കശ്മീരിലെ ജനങ്ങൾക്ക് മറ്റേതു ഇന്ത്യക്കാരെയുംപോലെ സ്വാതന്ത്ര്യമുണ്ടെന്നും കശ്മീരിലെ കുട്ടികൾ കൈകളിൽ ലാപ്ടോപ്പുകളും പുസ്തകങ്ങളും ക്രിക്കറ്റ് ബാറ്റുകളുമേന്തണമെന്നും പറഞ്ഞ അദ്ദേഹം മനുഷ്യത്വം, ജനാധിപത്യം, കശ്മീരിയത്ത് എന്നിവയെക്കുറിച്ചും വാചാലനായി. പെല്ലറ്റുകളും വെടിയുണ്ടകളും തറച്ച് കണ്ണുകൾ നഷ്ടപ്പെട്ട ഞങ്ങളുടെ മക്കളെങ്ങനെ ലാപ്ടോപ്പും ബുക്കും ബാറ്റും പിടിക്കാനാണെന്ന് കശ്മീരികൾ തിരിച്ചുചോദിച്ചു. ഏതു സമയവും കൊല്ലപ്പെട്ടേക്കാമെന്ന ഭീതി നിലനിൽക്കുന്ന അന്തരീക്ഷത്തിൽ ജനാധിപത്യവും സ്വാതന്ത്ര്യവുമൊക്കെ എങ്ങനെ കിനാ കാണാനാണ്?
അതിനുശേഷം ഏറെ ഘോഷിക്കപ്പെട്ട സർവകക്ഷി പ്രതിനിധിയാത്രകളായിരുന്നു ശ്രീനഗറിലേക്ക്. 2017ലെ വേനൽക്കാലത്ത് കശ്മീർ വിഷയത്തിൽ നാലു യോഗങ്ങളാണ് ഡൽഹിയിൽ അരങ്ങേറിയത്. പറയത്തക്ക പ്രയോജനങ്ങളൊന്നുമുണ്ടായില്ല.
2017ൽ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് 'സി (C)'യിൽ തുടങ്ങുന്ന അഞ്ചിന പദ്ധതിയുമായി വന്നു. സഹാനുഭൂതി (compassion), ആശയവിനിമയം (communication), സഹവർത്തിത്വം (coexistence), വിശ്വാസം കെട്ടിപ്പടുക്കൽ (confidence-building), ഉൾപ്പൊരുത്തം (consistency) എന്നിവകൊണ്ട് കശ്മീർ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്ന് പറഞ്ഞ മന്ത്രിയോട് ജനങ്ങൾ പറഞ്ഞു, 'സി'യിൽ തുടങ്ങുന്ന മറ്റൊന്ന് -ഭരണഘടന (Constitution) താങ്കൾ മറന്നുകളഞ്ഞിരിക്കുന്നു എന്ന്. ആ വർഷം നവംബറിൽ കേന്ദ്രം ഒരു സംവാദകനെ അവിടേക്കയച്ചു. മുൻ ഐ.ബി ഡയറക്ടർ ദിനേശ്വർ ശർമയെ. എന്തുകൊണ്ടാണ് ഒരു ഐ.ബിക്കാരനെത്തന്നെ അയച്ചത്? താഴ്വരയിലെ ജനങ്ങൾ ഇൻറലിജൻസ് ഏജൻസികളെ ഏതുവിധത്തിലാണ് കാണുന്നതെന്ന് കേന്ദ്രസർക്കാർ തിരിച്ചറിഞ്ഞിട്ടില്ലേ ഇതേവരെ?
മറ്റൊരു സംശയം: ഇതിനുമുമ്പ് എത്തിയ സംവാദക സംഘം സമർപ്പിച്ച റിപ്പോർട്ടുകൾക്ക് എന്തു സംഭവിച്ചു? ദിലീപ് പഡ്ഗോങ്കറും രാധാകുമാറും എം.എം. അൻസാരിയും ചേർന്ന് തയാറാക്കിയ വിശദ റിപ്പോർട്ട്, സിവിൽ സർവിസ് വിട്ട് രാഷ്ട്രീയത്തിലേക്ക് വന്ന യശ്വന്ത് സിൻഹ സമർപ്പിച്ച ശിപാർശകൾ...? 2011ൽ പഡ്ഗോങ്കറിെൻറ നേതൃത്വത്തിലെ സംഘം മേഖലയിൽ സമാധാനവും ജനങ്ങളുടെ വിശ്വാസവും സാധ്യമാക്കാൻ മികവുറ്റ നിർദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. സായുധസേന പ്രത്യേകാധികാര നിയമം (AFSPA) പുനഃപരിശോധിക്കണമെന്ന് പറഞ്ഞിരുന്നു. ഒന്നും നടത്തിയില്ല. എന്തുകൊണ്ടാണ് അതെല്ലാം?
ഈയടുത്ത കാലത്തു മാത്രം എത്രയധികം ആൾക്കൂട്ടക്കൊലകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്, എല്ലാം ഉന്നംവെച്ച് കരുതിക്കൂട്ടി നടപ്പാക്കപ്പെട്ടത്. ഭരണസംവിധാനം എന്തുകൊണ്ടാണ് ഇതിന് ഒരു അറുതിയുണ്ടാക്കാൻ ശ്രമിക്കാത്തത്? ബലിപെരുന്നാളിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ വർഗീയ അതിക്രമങ്ങളെക്കുറിച്ച് ആശങ്കകൾ വല്ലാതെയുണ്ട്. കഴിഞ്ഞ ബലിപെരുന്നാൾ സമയത്ത് യു.പിയിലെ ലോനിയിൽ നിന്നുള്ള കാവിപ്പടക്കാരൻ ജനപ്രതിനിധി ഉയർത്തിയ ഭീഷണി ഓർമവരുന്നു. തെൻറ മണ്ഡലത്തിൽ ആടുകളെ അറുക്കാൻ അനുവദിക്കില്ലെന്നും മുസ്ലിംകൾക്ക് അത്ര ആഗ്രഹമാണെങ്കിൽ പെരുന്നാൾ ദിവസം സ്വന്തം മക്കളെ ബലികഴിക്കട്ടെ എന്നുമായിരുന്നു ആ ഭീഷണി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.